https://maktoobmedia.com/

ലാലു പ്രസാദ് യാദവ്: ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ പേടിസ്വപ്‌നം

നൗഫൽ അറളട്ക്ക

ബീഹാറിലെ രാഷ്ട്രീയം എന്നും ജാതി സമവാക്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ അതിനെ ഇന്ത്യൻ പൊതുബോധം വികലമായ രീതിയിൽ വിലയിരുത്താൻ തുടങ്ങിയത് ലാലു പ്രസാദ് യാദവ് എന്ന ഒ.ബി.സി നേതാവ് ബീഹാർ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്താൻ തുടങ്ങിയതിനു ശേഷമാണ്. ഹിന്ദുത്വ- സംഘപരിവാർ ശക്തികളോട് വിട്ടുവീഴ്‌ചയില്ലാതെ പോരാടാനുള്ള അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ശക്തി ഉത്തരേന്ത്യയെ ഇളക്കിമറിച്ചു. ബിജെപി നേതാവ് എൽ.കെ അദ്വാനി നടത്തിയ രഥയാത്രയെ പിടിച്ചുകെട്ടുന്നതിലും അതിലൂടെ അയോദ്ധ്യ പ്രസ്ഥാനത്തെ ഒരു സമയത്തേക്ക് പരാജയപ്പെടുത്തുന്നതിനും സഹായിച്ചു.

മുഖ്യധാരാ മാധ്യമങ്ങളും, സവർണ്ണ പ്രസിദ്ധീകരണങ്ങളും ‘കാട്ടുഭരണം നടത്തുന്ന ഭരണാധികാരി’ എന്ന രീതിയിൽ അവതരിപ്പിച്ചിരുന്ന ലാലു പ്രസാദ് യാദവ് എങ്ങനെയാണ് ബീഹാറിലെ അധസ്ഥിത വിഭാഗത്തിൻ്റെയും, പിന്നാക്ക വിഭാഗങ്ങളുടെയും, മുസ്ലിം ന്യൂനപക്ഷത്തിൻ്റെയും പകരക്കാരനില്ലാത്ത നേതാവായി മാറിയത്?, ലാലു പ്രസാദിൻ്റെ അസാന്നിധ്യം മതേതര രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന ശൂന്യത എത്രത്തോളമാണ്?, തുടങ്ങിയ വിഷയങ്ങൾ വിശകലന വിധേയമാക്കുകയാണ് ഇവിടെ.

ബീഹാറിലെ ബഹുജൻ രാഷ്ട്രീയം

“Remapping India: New states and their political origins” എന്ന പഠനത്തിൽ 2000 ത്തിൽ നിലവിൽ വന്ന ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളുടെ രൂപീകരണത്തിന് കാരണമായ ഘടകങ്ങളെ പ്രമുഖ അക്കാദമീഷ്യ ലൂയീസ് ടില്ലിൻ വിശകലനം ചെയ്യുന്നുണ്ട്.

ജാർഖണ്ഡ് 2000 നു മുൻപ് ബീഹാറിൻ്റെ ഭാഗമായിരുന്നു. ജാർഖണ്ഡ് മുക്തി മോർച്ച പോലുള്ള സംഘടനകളുടെ നേതൃത്വത്തിൽ അവിടത്തെ ഗോത്ര വിഭാഗങ്ങൾ വളരെ കാലം മുൻപ് തന്നെ പരിസ്ഥിതി ചൂഷണത്തിനെതിരെ സമരം ചെയ്‌തിരുന്നു. മുന്നാക്ക സമുദായങ്ങളും, ഗോത്ര വിഭാഗങ്ങളുമാണ് ജാർഖണ്ഡ് ജനസംഖ്യയിൽ ഭൂരിഭാഗവും. ലാലു പ്രസാദ് യാദവ് ബിഹാറിൽ സംവരണം, പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പോളിസികൾ തുടങ്ങിയ ബഹുജൻ അനുകൂല നടപടികൾ ആരംഭിച്ചതോടുകൂടി ഈ പ്രദേശങ്ങളിലെ സവർണ്ണ സമുദായങ്ങൾ ഗോത്ര വിഭാഗങ്ങളുടെ സമരത്തിന് ഒപ്പം ചേർന്ന് പുതിയ ഒരു സംസ്ഥാനം എന്ന ആവശ്യം ഉയർത്തി. ഫെഡറൽ സംവിധാനത്തിനെയും, ഉപദേശിയത വികാരങ്ങളെയും ശക്തമായി എതിർക്കുന്ന ആർ.എസ്.എസും ബി.ജെ.പി യുടെ വാജ്പേയി സർക്കാരും പക്ഷെ സവർണ്ണ ജാതികളുടെ ഈ ആവശ്യം പരിഗണിച്ചു മൂന്ന് സംസ്ഥാനങ്ങളുടെ രൂപീകരണം നടത്തുകയായിരുന്നു.

ബീഹാറിലെ സവർണ്ണ രാഷ്ട്രീയ അധികാരത്തെ തകർത്തു എന്നതാണ് ലാലു പ്രസാദ് യാദവിൻ്റെ ഒന്നാമത്തെ രാഷ്ട്രീയ വിജയം. ലാലു പ്രസാദ് യാദവ് വരുന്നതിനു മുൻപ് ഗ്രാമ മുഖ്യന്മാർക്കും, ജന്മിമാർക്കും പണം നൽകിയോ, ടിക്കറ്റ് നൽകിയോ ഒരു പ്രദേശത്തെ വോട്ടുകൾ മൊത്തം വിലക്കു വാങ്ങുക എന്നതായിരുന്നു കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ രീതി. തെരഞ്ഞെടുപ്പ് വിജയത്തിനായി ഫ്യൂഡല്‍ വ്യവസ്ഥയെ ഉപയോഗിച്ചുള്ള ഇത്തരം വോട്ടു കച്ചവടങ്ങൾക്ക് അറുതി വരുന്നത് ലാലു പ്രസാദ് ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരുടെ പ്രവേശനത്തോട് കൂടിയാണ്. ബഹുജൻ വിഭാഗങ്ങളുടെ രാഷ്ട്രീയമായ ഏകീകരണത്തിലൂടെ അധികാരം നേടാനും അതിലൂടെ സവർണ്ണ മേൽക്കോയ്‌മക്ക് കീഴിലുള്ള രാഷ്ട്രീയ വ്യവസ്ഥയെ തകർക്കാനുമുള്ള ഫലപ്രദമായ ശ്രമങ്ങൾ ബീഹാറിൽ ആദ്യമായി നടക്കുന്നത് ലാലു യാദവിൻ്റെ നേതൃത്വത്തിലാണ്.

1970 ൽ പാറ്റ്‌ന യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി ആയാണ് ലാലു പ്രസാദ് യാദവ് തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1973 ൽ അദ്ദേഹത്തെ പാറ്റ്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ അധ്യക്ഷനായി തിരഞ്ഞെടുത്തു. 74 ൽ ജയപ്രകാശ് നാരായണൻ്റെ ബീഹാർ പ്രസ്ഥാനത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചു. തൻ്റെ ഇരുപത്തൊമ്പതാം വയസ്സിൽ ചാപ്ര ലോകസഭാ മണ്ഡലത്തിൽനിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു.

ബീഹാർ ജനസംഖ്യയിൽ 11 കൂടുതൽ ശതമാനം വരുന്ന യാദവ വിഭാഗത്തിൻ്റെ നേതാവായി ഉയർത്തി കാട്ടിയാണ് ലാലു പ്രസാദ് ആദ്യമായി തൻ്റെ സോഷ്യൽ എൻജിനിയറിങ് ആരംഭിക്കുന്നത്. അതിനു ശേഷം യാദവ വിഭാഗത്തിന് പുറത്തുള്ള മറ്റു പിന്നാക്ക സമുദായങ്ങളെയും, ദലിത് വിഭാഗങ്ങളെയും തൻ്റെ പ്രസ്ഥാനത്തിൻ്റെ ഭാഗമാക്കാൻ ലാലു പ്രസാദിന് സാധിച്ചു. കോൺഗ്രസ് പാർട്ടിയുടെ സാമ്പ്രദായിക വോട്ട് ബാങ്കായിരുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങൾ 1989 ലെ ഭഗൽപൂർ കലാപത്തിന് ശേഷം തങ്ങളുടെ പിന്തുണ ലാലു പ്രസാദ് യാദവിന്‌ നൽകി. ആ പിന്തുണയ്ക്ക് നീതിപുലർത്താൻ ഇക്കാലം വരെയും ലാലു പ്രസാദിന് സാധിച്ചിട്ടുണ്ട്.

ബീഹാറിലെ സവർണ്ണ അധികാര ഘടനയെ പിന്നാക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിലൂടെ തകർക്കാൻ സാധിച്ചു എന്നുള്ളതിനപ്പുറം സംഘപരിവാറിൻ്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ അകറ്റി നിർത്താൻ ഏതറ്റംവരെയും പോകുന്ന ശക്തനും കൗശലക്കാരനുമായ രാഷ്ട്രീയക്കാരൻ എന്ന ഇമേജാണ് ലാലു പ്രസാദ് യാദവിന്‌ കൂടുതൽ യോജിക്കുക. 1989 ലെ ഭഗൽപൂർ കലാപത്തിന് ശേഷം ബീഹാറിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് കോൺഗ്രസിൽ ഉണ്ടായിരുന്ന വിശ്വാസം നഷ്ടമായി. അവിടെയാണ് ലാലു യാദവ് ശക്തനായ മതേതര, ബഹുജൻ ബദൽ രാഷ്ട്രീയം രൂപപ്പെടുത്തിയത്. സ്വത്വസിദ്ധമായ ശൈലിയിൽ സാധാരണ ജനസാമാന്യത്തിൻ്റെ മതവിശ്വാസത്തെ അംഗീകരിച്ചു കൊണ്ടുതന്നെ ഹിന്ദുത്വ വിരുദ്ധമായ ബദൽ ബഹുജൻ മുന്നേറ്റം സാധ്യമാക്കാൻ ലാലു പ്രസാദിന് കഴിഞ്ഞു.

ലാൽ കൃഷ്ണ അദ്വാനി ബാബരി മസ്‌ജിദ്‌ തകർക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് നടത്തിയ രഥയാത്രയുടെ ഭാഗമായി ആയിരകണക്കിന് ആളുകളാണ് വിവിധ സംസ്ഥാനങ്ങളിൽ നടന്ന വർഗീയ കലാപങ്ങളിൽ കൊല്ലപ്പെട്ടത്. രഥയാത്ര തടഞ്ഞു അദ്വാനിയെ അറസ്റ്റ് ചെയ്‌തതിലൂടെ ഒരു പരിധി വരെ അന്ന് നിലനിന്നിരുന്ന സംഘർഷാവസ്ഥയ്ക്ക് തടയിടാൻ ലാലു പ്രസാദ് സർക്കാറിന് സാധിച്ചിട്ടുണ്ട്.

രഥയാത്ര തടയുന്നതിന് മുൻപ് ലാലു പ്രസാദ് നടത്തിയ പ്രസംഗം വളരെ പ്രസിദ്ധമാണ്. “എൻ്റെ കയ്യിൽ നിന്ന് അധികാരം നഷ്ട്ടപെട്ടു പോകുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല, പക്ഷെ ഞാൻ അധികാരത്തിൽ തുടരുന്ന കാലത്തോളം ഇവിടെ വർഗീയത പടർത്താൻ ഞാൻ അനുവദിക്കില്ല. നമ്മുടെ രാജ്യത്ത് മനുഷ്യർ അവശേഷിച്ചാൽ മാത്രമേ നമുക്ക് ക്ഷേത്രങ്ങളിൽ പോയി മണിയടിക്കാനും, മസ്‌ജിദിൽ പോയി നമസ്ക്കരിക്കാനും സാധിക്കുകയുള്ളു. അത് കൊണ്ട് ഞാൻ അദ്വാനിയോട് പറയുകയാണ് നിങ്ങളുടെ ഈ യാത്ര അവസാനിപ്പിക്കുക, ഡൽഹിയിലേക്ക് തിരിച്ചു പോകുക”. ആ മുന്നറിയിപ്പിനെ വെല്ലുവിളിച്ചു അദ്വാനി രഥയാത്ര തുടർന്നു. 24 മണിക്കൂറിനുള്ളിൽ ലാലു പ്രസാദ് യാദവിൻ്റെ സർക്കാർ അദ്വാനിയെ അറസ്റ്റു ചെയ്‌തു ജയിലിൽ അടച്ചു.

വളരെ സമർത്ഥമായാണ് ബീഹാറിലെ സംഘർഷാവസ്ഥയെ അദ്ദേഹം കൈകാര്യം ചെയ്‌തത്‌. എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകൾക്കും, പോലീസ് ജില്ലാ മേധാവികൾക്കും നേരിട്ട് സംഘർഷാവസ്ഥ കൈകാര്യം ചെയ്യേണ്ട രീതികളെ കുറിച്ചു നിർദ്ദേശം നൽകി. പാറ്റ്നയിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ടെന്നു മനസ്സിലായപ്പോൾ പോലീസിനെക്കാളും മുൻപ് അവിടെ പാഞ്ഞെത്തി ജനങ്ങളെ പിന്തിരിപ്പിച്ചു. ആർ.എസ്.എസിൻ്റെ ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങളെ ചെറുക്കാനും, മുസ്‌ലിം വിഭാഗത്തിന് സംരക്ഷണം നൽകാനും പാർട്ടി കേഡർമാരെ സജ്ജമാക്കി. ഇങ്ങനെ വളരെ സമർത്ഥമായ രീതിയിൽ ബിഹാറിലെ രാഷ്ട്രീയ അന്തരീക്ഷം സംഘപരിവാറിന് അനുകൂലമായി മാറുന്നതിനു തടയിടാൻ ലാലുവിന് സാധിച്ചു.

നിതീഷ് കുമാറുമായി വർഷങ്ങളായുള്ള രാഷ്ട്രീയ ശത്രുത മറന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ കൈകോർത്തതും, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആർ.ജെ.ഡി മാറിയിട്ടും മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നൽകിയതും അത്തരം കരുതലിൻ്റെ ഭാഗമാണ്.

രാഷ്ട്രീയ ജനതാദളിൻ്റെ രൂപീകരണം

1997 ൽ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപെട്ടു ഉയർന്നു വന്ന ആരോപണങ്ങൾ ജനതാദള്ളിനകത്ത് ലാലു പ്രസാദിനെതിരെ പടയൊരുക്കത്തിന് ആക്കം കൂട്ടി. അങ്ങനെയാണ് രാഷ്ട്രീയ ജനതാദൾ എന്ന പുതിയ പാർട്ടിക്ക് ലാലു പ്രസാദ് യാദവ് രൂപം നൽകുന്നത്.

ജനതാദള്ളിനുണ്ടായിരുന്ന ജനപിന്തുണ ആർ.ജെ.ഡിക്ക് ലഭിക്കാൻ അധികം സമയം വേണ്ടിവന്നില്ല. ലാലു യാദവ് എന്ന മാസ്സ് ലീഡറിൻ്റെ കരിസ്‌മ കൊണ്ടുമാത്രം നിലനിന്നു പോകുന്ന ഒരു പാർട്ടിയായി ആർ.ജെ.ഡി മാറാൻ ലാലു പ്രസാദ് ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു അർദ്ധ കേഡർ സ്വഭാവമുള്ള മൂവ്മെന്റ് പാർട്ടിയുടെ ഘടനയിൽ സംഘടനയെ കെട്ടിപ്പടുക്കാൻ ലാലു പ്രസാദ് ആദ്യമേ ശ്രദ്ധിച്ചിരുന്നു. ദലിത്, ഒ.ബി.സി, മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളിലെ നേതാക്കന്മാർക്ക് പദവികൾ വീതിച്ചു നൽകി അടിത്തത്തിൽ ശക്തമായ ഒരു സംഘടന സംവിധാനം ഉണ്ടാക്കുന്നതിനു ആർ.ജെ.ഡിക്ക് സാധിച്ചിട്ടുണ്ട്. ആർ.എസ്.എസ്, ഹിന്ദുത്വ ശക്തികളുടെ സ്വാധീനത്തെ ചെറുക്കാനായി ചെറിയ ഗ്രൂപ്പുകളായി തിരിച്ചു വിവിധ വിഷയങ്ങളെ ഏകോപിപ്പിച്ചു വീടുകൾ തോറും കയറി ഇറങ്ങുന്ന പ്രചാരണ സംഘങ്ങൾക്കും ആർ.ജെ.ഡി രൂപം നൽകിയിരുന്നു.

കോടതി വിധിയോട് കൂടി ലാലു പ്രസാദ് ജയിലിൽ ആയപ്പോളും, അദ്ദേഹത്തിൻ്റെ വിവിധ സമയങ്ങളിലെ അഭാവത്തിലും ആർ.ജെ.ഡി ശക്തമായി നിലനിൽക്കുന്നതും, കഠിനമായ മത്സരങ്ങൾ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ അടക്കം വിജയിക്കുന്നതും ഈ സംഘടനാ സംവിധാനത്തിൻ്റെ ശക്തി കൊണ്ടാണ്.

മകൻ തേജസ്വി യാദവിന്‌ ചുരുങ്ങിയ സമയം കൊണ്ടു പാർട്ടിയെ നിലനിർത്താനും, നേതാക്കന്മാരെ ഏകോപിപ്പിച്ചു കൊണ്ടു പോവാനും കഴിയുന്നു എന്നത് ആർ.ജെ.ഡി ലാലു പ്രസാദിൻ്റെ കരിസ്മയിൽ മാത്രം നിലനിൽക്കുന്ന പാർട്ടിയല്ല എന്നുള്ളതിനുള്ള തെളിവാണ്.

ലാലു പ്രസാദ് യാദവും ബി.ജെ.പി വിരുദ്ധ സഖ്യവും

ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്തു നിർത്താൻ എല്ലാ തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന രാഷ്ട്രീയ നേതാവാണ് ലാലു പ്രസാദ്. അദ്വാനിയുടെ രഥയാത്ര തടഞ്ഞു അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തതും, മുഖ്യരാഷ്ട്രീയ ശത്രുവായ നിതീഷ് കുമാറുമായി കൈകോർത്തതും, ആർ.ജെ.ഡി വലിയ ഒറ്റകക്ഷിയായിട്ടും നിതീഷ് കുമാറിന് മുഖ്യമന്ത്രി പദം നൽകിയതുമൊക്കെ അതിനുള്ള ഉദാഹരണങ്ങളാണ്.

ഒപ്പം, ഇതിനെല്ലാം പുറമെ ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിയിതര മതേതര കക്ഷികളുടെ രാഷ്ട്രീയ സഖ്യം നിലവിൽ വരുന്നതിനു ആത്മാർഥമായി ആഗ്രഹിച്ചതും, മോദിയുടെ വിജയത്തിന് ശേഷം ബി.ജെ.പിയിതര കക്ഷികളുടെ സഖ്യത്തിനുള്ള ആദ്യ ശ്രമങ്ങൾ ആരംഭിച്ചതും ലാലു പ്രസാദ് യാദവ് തന്നെയാണ്. മായാവതി, മുലായം സിംഗ് യാദവ്, സോണിയ ഗാന്ധി, ശരത് പവാർ, മമത ബാനർജി തുടങ്ങിയ മുതിർന്ന നേതാക്കന്മാരുമായി ലാലു പ്രസാദിനുള്ള വ്യക്തി ബന്ധവും സഖ്യശ്രമങ്ങളെ വളരെയധികം സഹായിക്കുമായിരുന്നു.

ലാലു പ്രസാദിൻ്റെ രാഷ്ട്രീയ അടിത്തറ ഹിന്ദുത്വ വിരുദ്ധമായ ബഹുജൻ മുന്നേറ്റമാണ്. സ്വതസിദ്ധമായ ശൈലിയിൽ ഉള്ള നർമവും, തൻ്റെ വ്യക്തി പ്രഭാവവും ഉപയോഗിച്ചു ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ അപകടത്തെ സാമാന്യ ജനവിഭാഗത്തിന് പറഞ്ഞുകൊടുക്കുന്നതിൽ ലാലു പ്രസാദിനെ പോലെ കഴിവുള്ള രാഷ്ട്രീയ നേതാവ് ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇല്ല. അദ്ദേഹത്തിൻ്റെ അസാന്നിധ്യം ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന ശൂന്യത വളരെ വലുതാണ്.

സവർണ്ണ ഗൂഢാലോചനയുടെ ഇര

ബീഹാറിലെ സവർണ്ണ രാഷ്ട്രീയ അധികാരത്തെ വളരെ സമർത്ഥമായി തകർത്ത രാഷ്ട്രീയ നേതാവാണ് ലാലു പ്രസാദ് യാദവ്. “Democracy against development: Lower caste politics and political modernity in post-colonial India” എന്ന പഠനത്തിൽ ജോൺ ഹാരിസ് എങ്ങനെയാണ് ലാലു പ്രസാദ് യാദവ് ബീഹാറിൽ ബഹുജൻ രാഷ്ട്രീയത്തിന് അടിത്തറ പാകിയത് എന്ന് വിശകലനം ചെയ്യുന്നുണ്ട്.

അടിയന്തിരാവസ്ഥ, ജെ.പി മൂവ്മെന്റ് തുടങ്ങിയവയൊക്കെയാണ് ലാലു പ്രസാദ് യാദവിൻ്റെ ആദ്യത്തെ രാഷ്ട്രീയ വേദികളെങ്കിലും യാദവ, പിന്നാക്ക, മുസ്‌ലിം സമുദായങ്ങളുടെ ഏകീകരണത്തിലൂടെയും, രാഷ്ട്രീയ അധികാരത്തിലൂടെയുമാണ് ബീഹാറിലെ പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ ലാലു യാദവിന്‌ സാധിച്ചത്. ഗ്രാമമുഖ്യനും, ജന്മിയും പറഞ്ഞത് അനുസരിച്ച വോട്ട് വിനിയോഗിച്ചിരുന്ന ഒരു ജനവിഭാഗത്തിൻ്റെ അധികാരങ്ങളെ അവർക്കു ബോധ്യപ്പെടുത്തി കൊടുത്തത് ലാലു പ്രസാദ് യാദവ് ഉയർത്തി കൊണ്ടു വന്ന ബഹുജൻ രാഷ്ട്രീയത്തിലൂടെയാണ്.

ലാലു പ്രസാദിൻ്റെ ബഹുജൻ രാഷ്ട്രീയത്തിനെതിരെ ആദ്യമായി ഗൂഢാലോചന ഉണ്ടാകുന്നത് ഉദ്യോഗസ്ഥ തലങ്ങളിൽനിന്നാണ്. ബീഹാർ സർക്കാരിലെ ഉദ്യാഗസ്ഥരുടെ സവർണ്ണ അപ്രമാദിത്യം അവസാനിപ്പിച്ചു പിന്നാക്കക്കാരായ വിഭാഗങ്ങൾക്ക് കർക്കശമായ രീതിയിൽ സംവരണം ഏർപ്പെടുത്തിയത് ലാലു പ്രസാദ് യാദവിനെതിരെ ശക്തമായി പ്രചാരണം നടത്താൻ അവരെ പ്രേരിപ്പിച്ചു.

അത്തരം ഗൂഢാലോചനയുടെ ഫലമായാണ് ‘കാട്ടു ഭരണം’ (ജംഗിൾ രാജ്) എന്ന വിശേഷണം ലാലു ഭരണത്തിന് ലഭിക്കുന്നത്. ചരിത്രപരമായി തന്നെ ബീഹാർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനമാണ്. പൊളിറ്റിക്കൽ ഇകണോമിസ്റ്റുകൾ അതിനു നിരവധി കാരണങ്ങൾ പറയുന്നുണ്ട്. കാർഷിക സംസ്ഥാനമായ ബീഹാറിൽ തുടർച്ചയായി ഉണ്ടാകുന്ന വെള്ളപൊക്കം, വരൾച്ച തുടങ്ങിയവയാണ് അതിൽ പ്രധാനം. എന്നാൽ ബീഹാറിലെ എല്ലാ സാമ്പത്തിക തകർച്ചയ്ക്കും കാരണം ലാലു പ്രസാദ് യാദവിൻ്റെ ചുരുങ്ങിയ കാലത്തെ ഭരണമാണെന്നുള്ള പ്രചാരണം, ദേശീയ തലത്തിൽ തന്നെ സവർണ്ണ ലോബിയും മാധ്യമങ്ങളും നടത്തി.

ക്രമസമാധാന സംവിധാനത്തിൻ്റെ തകർച്ച ലാലു പ്രസാദ് യാദവിൻ്റെ വലിയ പരാജയമായി ഇത്തരം മാധ്യമങ്ങൾ വലിയ രീതിയിൽ ക്യാമ്പയിൻ നടത്തി. എന്നാൽ ബീഹാർ വർഗീയ സംഘർഷങ്ങളിലേക്ക് പോയ സമയത്തെല്ലാം പോലീസ് സംവിധാനത്തെയും, പാർട്ടി സംവിധാനത്തെയും കൃത്യമായ രീതിയിൽ ഏകോപനം നടത്തി ക്രമസമാധാനം നടപ്പിൽ വരുത്തിയത് ലാലു പ്രസാദ് ആയിരുന്നു.

അദ്ദേഹം റെയിൽവേ മന്ത്രി ആയിരുന്ന സമയത്താണ് ഇന്ത്യൻ റെയിൽ സംവിധാനത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ സംഭവിച്ചത്. ഗ്രാമീണ തൊഴിൽ മേഖലയെ റെയിൽവേയുമായി ബന്ധിപ്പിച്ചതും ചരക്ക് കൈമാറ്റങ്ങൾക്ക് ഊന്നൽ നൽകിയതും അന്തർദേശീയ അംഗീകാരങ്ങൾ വരെ അദ്ദേഹത്തിന് നേടിക്കൊടുത്തു.

2019 ലെ ലാലു പ്രസാദ് യാദവ്

രാജ്യം ഒരു ലോകസഭാ തിരഞ്ഞെടുപ്പിനെ കൂടി നേരിടാൻ പോവുകയാണ്. വിവിധ അഴിമതി കേസുകളിൽ കുടുങ്ങികിടക്കുന്ന ലാലു പ്രസാദിൻ്റെ അഭാവം ബീഹാർ രാഷ്ട്രീയത്തിലും, ദേശീയ രാഷ്ട്രീയത്തിലും വലിയ ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബീഹാറിൽ ആർ.ജെ.ഡി യുടെ സംഘടനാ ശക്തികൊണ്ടും, തേജസ്വി യാദവിൻ്റെ നേതൃത്വപാഠവം കൊണ്ടും പിടിച്ചു നിൽക്കാൻ സാധിക്കുമെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ വിവിധ പ്രാദേശിക കക്ഷികളെ കോർത്തിണക്കുന്ന കണ്ണിയായി വർത്തിക്കാൻ സാധിക്കുമായിരുന്ന ലാലു യാദവിൻ്റെ വിടവ് നികത്താൻ നിലവിൽ ആരുമില്ല.

ബി.ജെ.പിയോട് ഒരു കാലത്തും സന്ധിചെയ്യാത്ത രാഷ്ട്രീയ നേതാവാണ് ലാലു. മായാവതിയും, മമത ബാനർജി അടക്കമുള്ള നേതാക്കന്മാർ പോലും വിവിധ സമയങ്ങളിൽ ബി.ജെ.പി സഖ്യസർക്കാറുകളുടെ ഭാഗമായിരുന്നു.

ബീഹാറിലെ മുസ്ലിങ്ങളുടെ ഏറ്റവും വിശ്വസ്തനായ നേതാവാണ് ലാലു പ്രസാദ് യാദവ്. ഉത്തരേന്ത്യൻ മുസ്‌ലിംകളുടെ സുപ്രധാനമായ ആവശ്യം ഹിന്ദുത്വ ആക്രമങ്ങളിൽ നിന്നുള്ള സംരക്ഷണമാണ്. അവരുടെ ആവശ്യങ്ങളോട് നൂറു ശതമാനം നീതി പുലർത്തിയ നേതാവാണ് ലാലു പ്രസാദ് യാദവ്. ബി.ജെ.പിയുടെ മുഖ്യ രാഷ്ട്രീയ പ്രതിയോഗിയായി തൻ്റെ രാഷ്ട്രീയ ജീവിതം മൊത്തം പോരാടിയ ലാലു പ്രസാദ് യാദവിൻ്റെ അഭാവത്തിലായിരിക്കും 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പ് അരങ്ങേറുന്നത്.

About the Author

നൗഫല്‍ അറളട്ക്ക
മക്തൂബ് മീഡിയ പൊളിറ്റിക്കൽ എഡിറ്ററാണ് ലേഖകൻ. കാസര്‍ഗോഡ് സ്വദേശിയായ നൗഫല്‍ അറളട്ക്ക ന്യൂഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ നിന്നും ഹ്യൂമണ്‍ റൈറ്റ്സ് & ഡ്യൂട്ടീസില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ആനുകാലികങ്ങളില്‍ എഴുതുന്നു

Be the first to comment on "ലാലു പ്രസാദ് യാദവ്: ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ പേടിസ്വപ്‌നം"

Leave a comment

Your email address will not be published.


*