https://maktoobmedia.com/

‘ചോരക്ക് പകരം ചോര’. സിഖ് വംശഹത്യക്ക് ഊര്‍ജം പകര്‍ന്ന ബോളിവുഡ് ഇതിഹാസം

1984ല്‍ സിഖ് വംശഹത്യാ കാലത്തെ അമിതാഭ് ബച്ചന്റെ കലാപാഹ്വാനം വ്യത്യസ്ത സമയങ്ങളില്‍ ചര്‍ച്ചയാവാറുണ്ടെങ്കിലും ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളോ നിയമനടപടികളോ ഇതുവരെ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല.

സിഖ് വംശഹത്യയില്‍ നേരിട്ട് പങ്കാളിയായ കോണ്‍ഗ്രസ്സ് നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്ന സജ്ജൻ കുമാറിനെതിരെ വര്ഷങ്ങളായി നിയമപോരാട്ടം നടത്തിയ ജഗദീഷ് കൗർ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ സിഖ് വിരുദ്ധ കലാപാഹ്വാനത്തിനെതിരെ വ്യത്യസ്ത സമയങ്ങളില്‍ പ്രതികരിച്ചിട്ടുണ്ടെങ്കിലും വലിയ ചര്‍ച്ചയായിരുന്നില്ല അവ.

മുപ്പതിനായിരത്തോളം സിഖുകൾ കൊല്ലപ്പെട്ട വംശഹത്യയില്‍ ഡൽഹി ഹൈക്കോടതി സജ്ജന്‍ കുമാറിനെ കുറ്റക്കാരനാണെന്നു കണ്ടെത്തി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത് കഴിഞ്ഞ മാസമാണ്.

കലാപകാരികളുടെ ആക്രമണത്തിൽ മകനെയും, ഭർത്താവിനെയും സഹോദരനെയും നഷ്ട്ടപെട്ട ജഗദീഷ് കൗർ ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ അമിതാഭിനെതിരെ പറയുന്നുണ്ട്.

സിഖ് വംശഹത്യാ കാലത്ത് ഡൽഹിയിൽ കലാപകാരികളെ അഭിസംബോധന ചെയ്തു “ചോരക്കു ചോരയാണ് പരിഹാരം (കൂൻ കാ ബദ്‌ലാ കൂൻ) എന്ന് അമിതാഭ് ബച്ചൻ ആഹ്വാനം ചെയ്യുന്നത് അന്ന് ദൂരദര്‍ശനും, ഓൾ ഇന്ത്യ റേഡിയോയും സംപ്രേഷണം ചെയ്തിരുന്നു.

“ഇന്ദിര ഗാന്ധി ദേശത്തിൻ്റെ അമ്മയാണ്, അവരെ വധിച്ചവരോടുള്ള പ്രതികാരം അവരുടെ വീടുകളിൽ എത്തണം” എന്നാണ് ബച്ചൻ ആഹ്വാനം ചെയ്തത് എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സിഖ് സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് അമിതാഭ് ബച്ചന് എതിരെ ആസ്ട്രേലിയൻ കോടതിയിൽ ക്രിമിനൽ കോർട്ട് ആക്ട് 1995 പ്രകാരം മാനവികതക്ക് എതിരെയുള്ള കുറ്റം എന്ന വകുപ്പില്‍ പരാതി നൽകി. കൂടാതെ അമേരിക്കയിലെ ലോസ് ആഞ്ചൽസ് ഫെഡറൽ കോടതിയും സിഖ് സമുദായത്തിനെതിരെ 1984 ൽ വിദ്വേഷ പ്രസംഗം നടത്തി എന്ന പേരിൽ ബച്ചനെ സമ്മന്‍ ചെയ്തു.

2011 ൽ നടന്ന ഒരു സിഖ് സംഘടനയുടെ പരിപാടിയിൽ സംബന്ധിക്കുന്നതിനെതിരെ ബച്ചനെ വിലക്കി കൊണ്ട് അകാൽ തക്ത് രംഗത്ത് വന്നിരുന്നു. അതിനു വിശദീകരണമായി നല്‍കിയ കത്തില്‍ ബച്ചൻ എല്ലാ ആരോപണങ്ങളും പൂർണ്ണമായും നിഷേധിക്കുന്നുണ്ട്.

“ആസ്‌ട്രേലിയയിൽ അമിതാഭ് ബച്ചന് എതിരെ കേസ് കൊടുത്തിട്ടുണ്ടോ എന്നതല്ല, ഇന്ത്യയിൽ എന്തുകൊണ്ട് ആരും അമിതാഭ് ബച്ചനെതിരെ സംസാരിക്കുന്നില്ല എന്നതാണ് എൻ്റെ പ്രശ്നം” എന്നാണ് ജഗദീഷ് കൗർ പറഞ്ഞത്.

ഇന്ത്യയിൽ ഇതുവരെ അമിതാബ് ബച്ചന് എതിരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.

രാജീവ് ഗാന്ധി, നരേന്ദ്ര മോഡി, ബാൽ താക്കറെ തുടങ്ങിയ കോൺഗ്രസ്സ്, ബിജെപി നേതാക്കളുമായി കാലാകാലങ്ങളിൽ ബന്ധങ്ങളുണ്ടാക്കി നിലനിൽക്കാൻ ബോളിവുഡിലെ എവര്‍ഗ്രീന്‍ ഹീറോയായ അമിതാഭ് ബച്ചന് സാധിച്ചിട്ടുണ്ട്.

Be the first to comment on "‘ചോരക്ക് പകരം ചോര’. സിഖ് വംശഹത്യക്ക് ഊര്‍ജം പകര്‍ന്ന ബോളിവുഡ് ഇതിഹാസം"

Leave a comment

Your email address will not be published.


*