മുന്നോക്ക സംവരണത്തിനെതിരെ 92 പിന്നാക്ക സംഘടനകളുടെ കൂട്ടായ്മ

നരേന്ദ്ര മോഡി സർക്കാർ പാസ്സാക്കിയ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്ന ബില്ലിനെതിരെ 92 പിന്നാക്ക സമുദായ സംഘടനകള്‍. വെള്ളിയാഴ്ച ഹൈദരാബാദിൽ വെച്ചാണ് സാമ്പത്തിക സംവരണത്തിനെതിരെ സംഘടനകള്‍ യോഗം ചേര്‍ന്നത്.

നാഷണൽ ബാക്ക് വേഡ് ക്ലാസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ആർ.കൃഷ്ണയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര സർക്കാർ തീരുമാനത്തെ ഒട്ടും സൂക്ഷ്മതയില്ലാത്തതും നീതി നിഷേധിക്കപ്പെടുന്നതുമായ പ്രവൃത്തിയാണെന്നു വിശേഷിപ്പിച്ചു.

സംവരണത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ വഴിതിരിച്ചു വിടുന്ന രാഷ്ട്രീയമാണ് കേന്ദ്ര സർക്കാർ നടത്തുന്നതും സംഘടന പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

ദലിതരും, പിന്നാക്ക ജാതിക്കാരും ആനുപാതിക പ്രാതിനിധ്യം പോലും ഇല്ലാതെ തഴയപ്പെടുന്ന സമയത്താണ് സവർണ്ണ വിഭാഗങ്ങൾക്ക് സംവരണം നൽകുന്നത്. ജനസംഖ്യയുടെ 54 ശതമാനമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം മാത്രമേ സംവരണം ഉള്ളു. എന്നാൽ ഈ വിഭാഗങ്ങൾക്ക് ആനുപാതിക പ്രാതിനിധ്യം ആവശ്യപെടുമ്പോൾ സർക്കാർ അതൊക്കെ തള്ളിക്കളയുകയാണ് ചെയ്യുന്നതെന്ന് ആർ.കൃഷ്ണയ്യ യോഗത്തിൽ പറഞ്ഞു.

പിന്നാക്ക സമുദായങ്ങളിൽ എസ്.ടി 7 %, എസ്.സി 15 %, ഒ.ബി.സി 14 ശതമാനം മാത്രമാണ് പ്രാതിനിധ്യമുള്ളത്. നിലവിൽ കേന്ദ്ര സർക്കാർ ജോലികളിൽ 64 ശതമാനം സവർണ്ണ ജാതികളാണ് ഉള്ളത്. ഇനിയും അവർക്ക് തന്നെ സർക്കാർ സംവരണം നൽകുന്നത് നീതിയല്ല
എന്നും വ്യത്യസ്ത സമുദായങ്ങളെ പ്രതിനിധീകരിച്ചെത്തിയ നേതാക്കള്‍ കുറ്റപ്പെടുത്തി.

രാഷ്ട്രീയക്കാർക്ക് പുറമെ രാജ്യത്തെ എല്ലാ ഉന്നതാധികാര സ്ഥാനങ്ങളും കയ്യടക്കി വച്ചിരിക്കുന്നത് സവർണ്ണ ജാതികളാണ്. നിലവിൽ 20 ഗവർണ്ണർ സ്ഥാനങ്ങളും 21 വാണിജ്യ ബാങ്കുകളുടെ മനോജിങ് ഡയറക്ടർ പോസ്റ്റുകളും അടക്കി വെച്ചിരിക്കുന്നത് മുന്നോക്ക ജാതികളാണ്.

പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട 97 ശതമാനം പോസ്റ്റുകളിലും കേന്ദ്ര സെക്രടറിയേറ്റിലെ 80 ശതമാനം ഉന്നത അധികാര സ്ഥാനങ്ങളിലും സവർണ്ണ വിഭാഗങ്ങളാണ് ഇരിക്കുന്നത്. അത് കൂടാതെ സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും ഹൈകോടതികളിലെ 749 ജഡ്ജിമാരിൽ 687 ജഡ്ജിമാരും കേന്ദ്ര മന്ത്രിസഭയിലെ 70 ശതമാനം അംഗങ്ങളും ഉന്നത ജാതിക്കാരാണെന്നും കണക്കുകൾ ഉദ്ധരിച്ചു ആർ.കൃഷ്ണയ്യ ചൂണ്ടിക്കാട്ടി.

പിന്നാക്ക സമുദായ സംഘടനകളുടെ നേതാക്കന്മാരായ ജി.കൃഷ്ണയ്യ, ഡി. നരേഷ്, ജി. മല്ലേഷ് യാദവ്, എൻ. വെങ്കടേഷ്, കെ. ജനാർദ്ദൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംവരണമല്ല നൽകേണ്ടതെന്നും സ്വയം തൊഴിൽ കണ്ടത്താനുള്ള പരിശീലനം, വായ്‌പ തുടങ്ങിയ സർക്കാർ പദ്ധതികൾ അവര്‍ക്കിടയില്‍ നടപ്പിലാക്കിയാൽ മതിയെന്നും നേതാക്കൾ പറഞ്ഞു.

Be the first to comment on "മുന്നോക്ക സംവരണത്തിനെതിരെ 92 പിന്നാക്ക സംഘടനകളുടെ കൂട്ടായ്മ"

Leave a comment

Your email address will not be published.


*