https://maktoobmedia.com/

പൗരത്വബില്ല്: ‘പാസ്‌പോർട്ടിൻ്റെ നിറത്തിനേക്കാൾ രക്തബന്ധത്തിനു വിലനൽകുന്ന’ പ്രധാനമന്ത്രി

അപൂർവ്വാനന്ദ്

ജനുവരി 8നു ലോക്‌സഭയിൽ പാസാക്കിയ, മുസ്ലിങ്ങളല്ലാത്ത അനധികൃത കുടിയേറ്റക്കാർക്ക് മാത്രം പൗരത്വം ലഭിക്കുന്ന ബിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധത്തിനാണ് വഴിവെക്കുന്നത്. അനധികൃത കുടിയേറ്റക്കാരാണെന്നു കാണിച്ചു ലക്ഷക്കണക്കിന് ആളുകൾക്ക് പൗരത്വം നഷ്ടപ്പെട്ട ആസ്സാമിലാണ് രൂക്ഷമായ പ്രതിഷേധം അരങ്ങേറുന്നത്.

രാജ്യസഭയിൽ ഇനിയും അവതരിപ്പിച്ചിട്ടില്ലാത്ത 2016 പൗരത്വ ഭേദഗതി ബിൽ ആണ് 1955 പൗരത്വ നിയമം ഭേദഗതി ചെയ്‌ത്‌ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ ബംഗ്ലാദേശ് ,പാകിസ്ഥാൻ ,അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്സി, ജൈന, ബുദ്ധ വിഭാഗത്തിൽ പെട്ട അനധികൃത കുടിയേറ്റക്കാരെ ഇന്ത്യൻ പൗരത്വത്തിനു അർഹരായി നിർവചിക്കുന്നത്. 2014നു മുമ്പ് നിശ്ചിത രേഖകളില്ലാതെ ഇന്ത്യയിലേക്ക് കുടിയേറിയ ഈ മതവിഭാഗങ്ങളിൽപെട്ടവരെ തടവിലാക്കുകയോ തിരിച്ചയക്കുകയോ ചെയ്യില്ലെന്ന് മാത്രമല്ല 6 വർഷം ഇന്ത്യയിൽ താമസിച്ചാൽ അവർക്ക് പൗരത്വം നൽകുന്നതാണ് പുതിയ ബിൽ.

സ്വന്തം മതവിശ്വാസത്തിൻ്റെ പേരിൽ വിവിധ രാജ്യങ്ങളിൽ വേട്ടയാടപ്പെടുന്നവർക്കു പോവാൻ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ലാത്തതുകൊണ്ടാണ് തങ്ങൾ അവർക്ക് അഭയം നൽകുന്നത് എന്നാണ് ഇന്ത്യൻ ഭരണകൂടത്തിൻ്റെ വാദം. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ മുസ്ലിങ്ങൾ സുരക്ഷിതരാണ് എന്ന് പറഞ്ഞുകൊണ്ടാണ് കൊണ്ടാണ് ബില്ലിൻ്റെ പരിധിയിൽ നിന്ന് മുസ്ലിം കുടിയേറ്റക്കാരെ ഒഴിവാക്കിയിരിക്കുന്നത്. ഇതിനാൽ അഹ്മദിയാ,ശിയാ,പോലെയുള്ള പാകിസ്ഥാനിലടക്കമുള്ള മുസ്ലിം ന്യുനപക്ഷങ്ങൾക്ക് ഇന്ത്യയിൽ അഭയം ലഭിക്കില്ല.

അടിസ്ഥാനപരമായി ഇന്ത്യയുടെ മതേതര സ്വഭാവത്തിന് കോട്ടം തട്ടുമെന്നതിനാൽ ഇന്ത്യൻ പൗരത്വത്തിനു മതം ഒരു മാനദണ്ഡം ആയത് വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ട്.

മുസ്ലിമേതര രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ

ബില്ലിൽ പരാമർശിക്കുന്ന കുടിയേറ്റ വിഭാഗങ്ങൾ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നുള്ളവർ മാത്രമാവുന്നതിൻ്റെ കാരണത്തെ വിമർശകർ ചോദ്യം ചെയ്‌തിട്ടുണ്ട്‌. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ മാത്രമേ ഇന്ത്യക്ക് സഹായിക്കാൻ താല്പര്യമുള്ളുവെന്ന് ശ്രീലങ്ക, നേപ്പാൾ, മ്യാന്മർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ ബില്ലിൻ്റെ പരിധിയിൽ കൊണ്ടുവരാത്തത് ചൂണ്ടിക്കാട്ടി ആരോപണം ഉയർന്നിട്ടുണ്ട്.

മ്യാൻമറിലെ ന്യൂനപക്ഷമായ റോഹിംഗ്യൻ മുസ്ലിംകൾ സ്വന്തം മതവിശ്വാസത്തിൻ്റെ പേരിൽ വേട്ടയാടപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയപ്പോൾ അവരെ നിയമപരമായി സംരക്ഷിക്കാനുള്ള യാതൊരു നടപടിയും ഇന്ത്യ ഗവൺമെന്റ് കൈക്കൊണ്ടിരുന്നില്ല. കൂടാതെ സർക്കാരിൻ്റെ ഭാഗത്തു നിന്നും റോഹിംഗ്യൻ മുസ്ലിങ്ങളെ രാജ്യത്തിന് ഭീഷണിയായി ചിത്രീകരിക്കാനും, അവരെ നിർബന്ധിച്ച രാജ്യത്ത് നിന്ന് പുറത്താക്കാനും ശ്രമങ്ങളുണ്ടായി. ഈയൊരു സാഹചര്യത്തിൽ ബില്ല് മാനുഷിക പരിഗണനയുടെ പുറത്തു നിർമിച്ചതാണന്ന സർക്കാർ വാദം നിലനിൽക്കുന്നില്ല. പിന്നെ എന്തു കൊണ്ട് സർക്കാർ ഈ ബില്ലിനെ പിന്തുണച്ചു?

ഹിന്ദു സ്വത്വം സംരക്ഷിക്കപ്പെടുമ്പോൾ

ബിജെപിയുടെ വടക്കുകിഴക്കൻ മേഖലയിലെ നേതാവായ ഹിമന്ത ബിശ്വ ശർമ്മ ഈയിടെ ബില്ലിൻ്റെ യഥാർത്ഥ ഉദ്ദേശം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ഹിന്ദു സ്വത്വത്തിൻ്റെ സംരക്ഷണം. ആസ്സാമിലെ ബിജെപി ധനകാര്യവകുപ്പ് മന്ത്രി കൂടി ആയ ശർമ്മ, ബില്ല് ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിനു മുമ്പ് പറഞ്ഞത് ഈ ബില്ല് പാസാവാത്ത പക്ഷം അടുത്ത 5 വർഷം കൊണ്ട് ആസ്സാമിൽ ഹിന്ദുക്കൾ ന്യുനപക്ഷമാവുമെന്നും അതുവഴി ആസ്സാം മറ്റൊരു കാശ്മീരാകണമെന്നു ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യം ഉണ്ടാവുമെന്നാണ്.

ബില്ല് സഭയിൽ പാസായ ഉടൻ മന്ത്രി പ്രതികരിച്ചത് ഈ തീരുമാനം ആസ്സാമിലെ 17 നിയമസഭാ മണ്ഡലങ്ങൾ മുസ്ലിങ്ങളുടെ നിയന്ത്രണത്തിലാവുന്നതും അതുവഴി AIUDF ൻ്റെ(ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക്‌ ഫ്രണ്ട് ) മുസ്ലിം നേതാവായ ബദറുദീൻ അജ്മൽ മുഖ്യമന്ത്രിയാവുന്നതിനെയും തടഞ്ഞുവെന്നും കൂടിയാണ്.

തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും വിജയിക്കാനും ഔദ്യോഗിക സ്ഥാനങ്ങളിൽ എത്താനുമുള്ള ഇന്ത്യയിലെ മുസ്ലിങ്ങൾ നടത്തുന്ന ശ്രമങ്ങളെ പൗരത്വ ബില്ലിനെ സാധൂകരിക്കാൻ ഉപയോഗിച്ചതിലൂടെ വ്യക്തമാവുന്ന ഒരു കാര്യം, ബില്ലിൻ്റെ ലക്‌ഷ്യം അത് പറയുന്ന പോലെ എല്ലാവരെയും സഹായിക്കുകയല്ല, മറിച്ചു ഇന്ത്യയുടെ ഹിന്ദു സ്വത്വം ഉറപ്പിക്കാനും ഹിന്ദു മേൽക്കോയ്മ നിലനിർത്താനും വേണ്ടിയുള്ളതാണ് എന്നാണ്.

പുതിയ ബില്ല് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനും അതുവഴി പൗരത്വത്തിനതീതമായി ഹിന്ദുക്കൾക്ക് പ്രത്യേക അവകാശങ്ങൾ നൽകാനുമുള്ള തൻ്റെ പാർട്ടിയുടെ അജണ്ടയുടെ ഭാഗമാണെന്നു പ്രധാനമന്ത്രി മോദിയും നേരത്തെ സമ്മതിച്ചിരുന്നു. ആസ്സാമിലെ ബംഗാളി ഹിന്ദു ഭൂരിപക്ഷപ്രദേശമായ സിൽച്ചാരിൽ നടന്ന റാലിയിലാണ് പൗരത്വ ബില്ല് വിഭജനത്തിൽ സംഭവിച്ച തെറ്റുകൾക്കുള്ള പ്രായശ്ചിത്തമാണെന്ന് മോദി പറഞ്ഞത്. രക്തബന്ധത്തിനാണ് പാസ്‌പോർട്ടിൻ്റെ നിറത്തേക്കാൾ താൻ പ്രാധാന്യം കല്പിക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി, ബില്ല് പാസാവുന്നതിലൂടെ ബംഗാളി ഹിന്ദുക്കൾ ഇന്ത്യയാവുന്ന തങ്ങളുടെ മാതൃരാജ്യത്ത് സ്വീകരിക്കപ്പെടുമെന്നു ഉറപ്പു നൽകുകയും ചെയ്‌തു.

അപരവത്ക്കരിക്കപ്പെടുന്ന ആസ്സാം ജനത

ഇന്ന് പൗരത്വ ബില്ല് ഭേദഗതിക്കെതിരെ രാജ്യമൊട്ടുക്കും നടക്കുന്ന പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവാണ്‌ ആസ്സാം. അതിനു ചരിത്രപരമായ കാരണങ്ങളുമുണ്ട് .

പാകിസ്ഥാനിൽ നിന്നുമുള്ള വിമോചനത്തിന് വേണ്ടി 1970 കളിൽ രക്തരൂക്ഷിതമായ പോരാട്ടം നടന്ന സമയത്തു നിരവധി ബംഗാളികൾ ആസ്സാമിലേക്കു കുടിയേറിയിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ആസ്സാമിൽ വർധിച്ചുവരുന്ന ബംഗാളി ജനസംഖ്യ തദ്ദേശീയർക്കിടയിൽ ഉത്ക്കണ്ഠ ഉണ്ടാക്കുകയും തങ്ങളുടെ തനതായ സംസ്ക്കാരവും ഭൂവുടമസ്ഥതയും നഷ്ടപ്പെടുമെന്ന ഭയം അവരിൽ രൂപപ്പെടുകയും ചെയ്‌തു. ഇതിൻ്റെ ഫലമായി ബംഗാളികുടിയേറ്റക്കാരെ പുറത്താക്കാൻ നിരവധി പ്രക്ഷോഭങ്ങൾ 1979 -1985 കാലഘട്ടത്തിൽ ആസ്സാമിൽ നടന്നു. പിന്നീട് അത് ആസ്സാം മൂവ്മെന്റ് എന്ന് അറിയപ്പെട്ടു.

അക്രമസംഭവങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യൻ ഭരണകൂടം 1985ൽ ആസ്സാം മൂവ്മെന്റ് നേതാക്കളുമായി ചർച്ച ചെയ്‌ത്‌ ആസ്സാം അക്കോർഡ്‌സ് എന്ന ഉടമ്പടിയിൽ ഒപ്പുവെച്ചു. ഉടമ്പടി പ്രകാരം 1971 മാർച്ചിന് മുമ്പ് ആസ്സാമിൽ ജീവിച്ചിരുന്നവരോ ആസ്സാമിൽ പ്രവേശിച്ചവരോ മാത്രമാണ് ഇന്ത്യൻ പൗരത്വത്തിനു അർഹർ . ആസ്സാമിൽ ജീവിക്കാനും നിയമപരമായി ഈ വ്യവസ്ഥ നിർബന്ധമാക്കി.

കഴിഞ്ഞ വർഷം അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാനായി 1985 ആസ്സാം അക്കോർഡ്‌സ് പ്രകാരം നിർമിച്ച ദേശീയ പൗരത്വ പട്ടിക ഉണ്ടാക്കിയിരുന്നു. ഈ പട്ടിക പ്രകാരം ആസ്സാമിൽ ജീവിക്കുന്ന 3 കോടിയിലധികം വരുന്ന ജനങ്ങളിൽ 10 ലക്ഷത്തോളം പേർ പട്ടികക്ക് പുറത്തായിരുന്നു.

ലക്ഷക്കണക്കിന് ആളുകളുടെ പൗരത്വം ഇല്ലാതാവുന്ന ഈ തീരുമാനത്തെ ,ഒരു ഭാഗത്തു ആസ്സാമിലെ തദ്ദേശീയ ജനത സ്വീകരിച്ചപ്പോൾ ഇന്ത്യയിലെ ബംഗാളി കുടിയേറ്റക്കാരിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും ബില്ലിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ബംഗാളി സംസാരിക്കുന്ന തങ്ങളുടെ അയൽ രാജ്യത്തു നിന്നുള്ള ബംഗാളികൾ അവരേതു മതസ്ഥരായിക്കൊള്ളട്ടെ, അവർ ആസ്സാമിൽ ആധിപത്യം സ്ഥാപിക്കും എന്നതാണ് ആസ്സാം ജനതയുടെ ആശങ്ക. അനധികൃത കുടിയേറ്റക്കാരെ സംസ്ഥാനത്തു നിന്നും പുറത്താക്കണമെന്ന കാര്യത്തിൽ ഹിന്ദുക്കളും മുസ്ലിങ്ങളുമായ ആസ്സാമികൾ ഒരേയഭിപ്രായക്കാരാണ്.

എന്നാൽ പുതിയ പൗരത്വ ബില്ലിലൂടെ ബിജെപി സർക്കാർ ആസ്സാമിലെ തദ്ദേശീയ ഹിന്ദുക്കളെ ഉണർത്താൻ ശ്രമിക്കുന്നത് തദ്ദേശീയരായ ആസ്സാമി മുസ്ലിങ്ങളേക്കാൾ അവർ സഖ്യമുണ്ടാക്കേണ്ടത് ബംഗാളി ഹിന്ദുക്കളുമായിട്ടാണ് എന്നാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ഹിന്ദു ദേശീയതയുടെ ഈ യുക്തി ആസ്സാമിലെ ഹിന്ദുക്കൾ സ്വീകരിച്ചിട്ടില്ല.

ആസ്സാം മൂവ്മെന്റിൻ്റെ രാഷ്ട്രീയ പിൻഗാമിയായ ആസ്സാം ഗണ പരിഷത് (AGP ) കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചു സംസ്ഥാനത്തു ബിജെപിയുമായിട്ടുള്ള സഖ്യം പിൻവലിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗങ്ങളെ ആസ്സാമിലേക്ക് ആകർഷിക്കുന്ന ഒന്നായിട്ടാണ് ആസ്സാം ഗണപരിഷത് അടക്കമുള്ള ആസ്സാമി സംഘടനകൾ ബില്ലിനെ കാണുന്നത്.

ഹിന്ദുവത്ക്കരണത്തിലേക്ക് ഒരു ചുവടുകൂടി

ആശയപരമായും രാഷ്ട്രീയപരമായും ഇന്ത്യയെ ഒരു “ഹിന്ദു മാതൃഭൂമിയാക്കാനുള്ള” ബിജെപി യുടെ അജണ്ടയുടെ ഭാഗമായാണ് പൗരത്വബില്ലിനെ കാണേണ്ടത് . അവർ ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന് വിശ്വസിക്കുകയും മറ്റുള്ളവരെ അധിനിവേശകരോ , പിന്നീട് വന്നവരോ അതല്ലെങ്കിൽ കേവലം വിരുന്നുകാരുടെ മാത്രം സ്ഥാനം ഉള്ളവരായിട്ടാണ് കാണുന്നത്.

ഈ ബില്ലിലൂടെ ബിജെപി ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ ജീവിക്കുന്ന ഹിന്ദു വിഭാഗങ്ങൾക്ക് നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം തങ്ങളുടെ ഭരണത്തിന് കീഴിൽ ഹിന്ദുക്കൾക്കു പ്രഥമ പരിഗണന നൽകും എന്നതാണ്. തുടക്കം മുതൽ തന്നെ ബിജെപി ദേശീയ പൗരത്വ പട്ടികയെ കാണുന്നത് മുസ്ലിങ്ങളെ പുറത്തുള്ളവരായി മുദ്ര കുത്തി ഒഴിവാക്കാനുള്ള ഒരു വഴി എന്ന രീതിയിലാണ്. പുതിയ പൗരത്വ ബില്ലിലൂടെ, ഹിന്ദുക്കൾക്ക് ബുദ്ധിമുട്ടുണ്ടാവാതെ ദേശീയ പൗരത്വ പട്ടിക ഉപയോഗിച്ചു മുസ്ലിങ്ങളെ ഇന്ത്യയിൽ നിന്നും പുറത്താക്കുന്ന നടപടി നിർബാധം തുടരുക എന്നതാണ് ബിജെപി ലക്‌ഷ്യം വെക്കുന്നത്.

വരും ദിവസങ്ങളിൽ ഈ ബില്ല്‌ രാജ്യസഭയിൽ പാസ്സാവുന്ന പക്ഷം, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ രൂക്ഷമായ സംഘർഷങ്ങൾക്ക് വഴിവെക്കുന്നതോടൊപ്പം തന്നെ ഇന്ത്യയുടെ ഹിന്ദുവത്കരണത്തിലും അത് പ്രധാന പങ്കുവഹിക്കും.

അൽജസീറ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതാണീ ലേഖനം. വിവർത്തനം: മുഹമ്മദ് ഹിഷാം , ദൽഹി സർവകലാശാല

About the Author

അപൂർവ്വാനന്ദ്
ദൽഹി സർവകലാശാല അധ്യാപകനായ അപൂർവ്വാനന്ദ് അറിയപ്പെട്ട കോളമിസ്റ്റും എഴുത്തുകാരനുമാണ്.

Be the first to comment on "പൗരത്വബില്ല്: ‘പാസ്‌പോർട്ടിൻ്റെ നിറത്തിനേക്കാൾ രക്തബന്ധത്തിനു വിലനൽകുന്ന’ പ്രധാനമന്ത്രി"

Leave a comment

Your email address will not be published.


*