https://maktoobmedia.com/

എസ്‌പി-ബിഎസ്‌പി സഖ്യം ഉത്തർപ്രദേശ് ആഗ്രഹിച്ചത്: യുപിയിലെ വിദ്യാർഥികൾ പറയുന്നു

80 ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശ് എന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പുകളിൽ നിർണായകമായ പങ്കാണ് വഹിച്ചത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഗൗരവമായി നോക്കികാണുന്നവരുടെയും എല്ലാ കണ്ണുകളും യൂപിയിലേക്കാണ്. ബിജെപി നേതാവും അതിതീവ്ര ഹൈന്ദവതയുടെ പ്രചാരകനുമായ യോഗി ആദിത്യനാഥ്‌ നേതൃത്വം നൽകുന്ന യുപി ഗവൺമെൻറ്റിനെതിരെയും കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെയും ജനങ്ങൾ വിധിയെഴുതും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഉത്തർപ്രദേശിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷികളായ ബഹുജൻ സമാജ് പാർട്ടിയും സമാജ് വാദി പാർട്ടിയും ബിജെപിക്കെതിരെ സഖ്യവും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉത്തർപ്രദേശ് സ്വദേശികളായ വിദ്യാർത്ഥികളുമായി മക്തൂബ് മീഡിയ പ്രതിനിധികൾ നടത്തിയ സംഭാഷണത്തിൽ നിന്നും:

തൂലിക സിംഗ്, വിദ്യാർത്ഥി

എല്ലാവരും അധികാരത്തിലെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ വോട്ട് ബാങ്കും അടിത്തറയുമുള്ള പാർട്ടികൾ ബിഎസ്‌പിയും എസ്‌പിയുമാണ്. അവിടെ അധികാരത്തിലെത്തുക എന്നത് ഏറ്റവും നിർണായകവുമായത് ഈ രണ്ട് കക്ഷികൾക്കുമാണ്. എസ്‌പി – ബിഎസ്‌പി സഖ്യം തന്നെ യുപിയിൽ അധികാരത്തിലെത്തും എന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്. മറ്റു സാധ്യതകളില്ല.

മുൻസിർ , അലഹബാദ് (ഗവേഷകവിദ്യാർത്ഥി, Al Musthafa International University, Iran)

2019 ലെ തെരഞ്ഞെടുപ്പിൽ എന്താണ് ഉത്തർപ്രദേശിൽ സംഭവിക്കാൻ പോകുന്നത് എന്ന് പറയാൻ വളരെ വിഷമകരമാണ്. ഉത്തർപ്രദേശിൻ്റെ കാര്യം മാത്രമല്ല. മൊത്തം രാജ്യത്തു തന്നെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കാൻ വളരെ പ്രയാസമാണ്.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ പരാജയം നമ്മൾ കണ്ടതാണ്. അതുപോലെ തെലുങ്കാന, കർണാടക പോലുള്ള സംസ്ഥാനങ്ങളിലും ബി.ജെ.പി പരാജയം രുചിച്ചിരുന്നു.

എന്നാൽ കേന്ദ്രത്തിലും, ഉത്തർപ്രദേശിലും ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നത് ബി.ജെ.പിയാണ്. കഴിഞ്ഞ നാലു വർഷത്തിൽ കോൺഗ്രസ്സിൻ്റെ നില വളരെ മെച്ചപ്പെട്ടിരിക്കുന്നു. കോൺഗ്രസ്സ് വീണ്ടും വളർന്നു വരാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ ഉത്തർപ്രദേശിലേക്കു വരുമ്പോൾ അവിടെ പ്രധാനമായും രണ്ടു പ്രതിപക്ഷ കക്ഷികളാണ് ഉള്ളത്. സമാജ്‌വാദി പാർട്ടിയും, ബഹുജൻ സമാജ് പാർട്ടിയും. രണ്ടു വർഷങ്ങൾക്ക് മുൻപ് ബി.ജെ.പി ചരിത്ര വിജയം നേടിയാണ് അധികാരത്തിൽ എത്തിയത്.

മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ നോക്കുമ്പോൾ നമുക്ക് തീർച്ചയായും 2019 ൽ ഉത്തർപ്രദേശിൽ എന്താണ് നടക്കാൻ പോകുന്നത് എന്ന് പറയാൻ പറ്റും. എസ്.പിയും ബി.എസ്.പിയും നിരവധി തവണ ഉത്തർപ്രദേശ് ഭരിച്ച പാർട്ടികളാണ്. മൊത്തത്തിൽ ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ കക്ഷികളും ആഗ്രഹിക്കുന്നത് ബി.ജെ.പിയെ പരാജയപെടുത്താണ്. എന്തായാലും മഹാസഖ്യം അല്ലാതെ ഉത്തർ പ്രദേശിൽ നമുക്ക് വേറെ ഒരു ഓപ്ഷൻ ഇല്ല. സംസ്ഥാനത്തു ദിവസേന വർധിച്ചു വരുന്ന ആൾക്കൂട്ട കൊലപാതകവും, പശു ഭീകരതയും, കാവി ഭീകരതയും നമ്മൾ കാണുന്നതാണ്. മാത്രമല്ല ചരിത്രത്തെ വളച്ചൊടിക്കുക, വിദ്വേഷ പ്രസംഗങ്ങൾ നടത്തുക തുടങ്ങിയ വെറുപ്പിൻ്റെ രാഷ്ട്രീയമാണ് നാലു വർഷങ്ങളിലായി ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പി ഇനി ഭരണത്തിൽ വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന കാര്യം ഒരു മടിയുമില്ലാതെ പറയാം.

ഒരു മുസ്ലിം ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള വ്യക്തി എന്ന നിലയിൽ എന്തായാലും ബി.ജെ.പി ജയിക്കാൻ ആഗ്രഹിക്കുന്നില്ല. ബി.ജെ.പി സർക്കാരുകളുടെ കീഴിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ആൾക്കൂട്ട കൊലപാതകം, പശു ഭീകരത തുടങ്ങിയ കാര്യങ്ങൾ നമുക്ക് ബി.ജെ.പിയിതര സർക്കാരുകളുടെ കീഴിൽ കാണാൻ സാധിക്കില്ല. അതു കൊണ്ട് തന്നെ ബി.ജെ.പിക്കെതിരെ ഉയർന്നു വരുന്ന ഏതു സഖ്യത്തിനെയും ഞാൻ പിന്തുണക്കും. ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഒരു മഹാസഖ്യം ആവശ്യമാണ്.

കാർണിക ചിത്രാൻഷി , വിദ്യാർത്ഥി

ബി.ജെ.പിക്ക് ഉത്തർ പ്രദേശിൽ ചില സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെങ്കിലും അവർ തന്നെ ഭൂരിപക്ഷം നേടും. കേന്ദ്രത്തിൽ ബി.ജെ.പി വീണ്ടും ഭരണത്തിൽ കയറും.

ബി.ജെ.പിക്കെതിരെ ബി.എസ്.പിയും എസ്.പിയും സഖ്യം ഉണ്ടാക്കിയിരിക്കുന്നു. എന്നാൽ കോൺഗ്രസിനെ അവർ സഖ്യത്തിൻ്റെ ഭാഗമാക്കിയിട്ടില്ല. കോൺഗ്രസ്സിന് വർഗീയ കക്ഷികളല്ലാത്ത പാർട്ടികളുമായി സഖ്യം ആവശ്യം ഉള്ളത് കൊണ്ട് എസ്.പിയെയും ബി.എസ്.പിയെയും ഒഴിവാക്കി അവർ വേറൊരു സഖ്യത്തിന് തയ്യാറാകില്ല. കോൺഗ്രസ്സ് 80 സീറ്റുകളിലും മത്സരിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

പ്രിയാഞ്ജലി, വിദ്യാർത്ഥി

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശ് വളരെ പ്രധാനമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന മോഡി തരംഗം കെട്ടടങ്ങിയിരിക്കുന്നു. അന്ന് കോൺഗ്രസ് വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു. മോദിയെ വലിയ പ്രതീക്ഷയോടെ വിശ്വസിച്ചു എല്ലാ ജനങ്ങളും ബി.ജെ.പിക്ക് വോട്ട് നൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി വളരെ വ്യത്യസ്തമാണ്. നോട്ടു നിരോധനം ജി.എസ്.ടി പോലുള്ള നടപടികളിൽ ജനങ്ങൾ നീരസത്തിലാണ്. പ്രധാനമായും ചെറുകിട കച്ചവടക്കാർ.

എസ്.പിയും ബി.എസ്.പിയും സഖ്യത്തിൽ ഏർപ്പെട്ടിരിക്കുന്നു. ദലിത്, ഒ.ബി.സി പിന്നാക്ക സമുദായങ്ങളും ബി.ജെ.പിക്ക് എതിരാണ്. ഇപ്പോൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ മുന്നാക്ക സമുദായങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിന് അവർ എതിരാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ പിന്നാക്ക സമുദായങ്ങൾക്കുള്ള സംവരണം പതിയെ നിർത്തലാക്കും എന്ന ഭയം പിന്നാക്ക വിഭാഗങ്ങളുടെ ഇടയിൽ ഉണ്ട്. അത് കൊണ്ട് അവർ മഹാസഖ്യത്തിനു അനുകൂലമായി വോട്ട് ചെയ്യും. മുസ്‌ലിം സമുദായത്തിന്റെ വോട്ടുകൾ എന്തായാലും മഹാസഖ്യത്തിനാണ് ലഭിക്കുക. അത് കൊണ്ട് ഉത്തർ പ്രദേശിൽ ബി.ജെ.പി വലിയ പരാജയം നേരിടാൻ സാധ്യതയുണ്ട്.

മുഹമ്മദ് ബിലാൽ, ലക്ക്‌നൗ (ഐടി)

ബി.ജെ.പിയുടെ ഈ വൃത്തികെട്ട രാഷ്ട്രീയം കാണുമ്പോൾ ഞാൻ പ്രതിപക്ഷ കക്ഷികളുടെ സഖ്യം ആഗ്രഹിക്കുന്നു. ബി.ജെ.പിയെന്ന വലിയ ശക്തിക്കെതിരെ പോരാടാൻ എസ്‌പി. ബിഎസ്‌പി, കോൺഗ്രസ്സ് സഖ്യം അനിവാര്യമാണ്. ബി.ജെ.പി കളിക്കുന്ന വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ചരിത്രം അറിയുന്നത് കൊണ്ട് മഹാസഖ്യം തന്നെയാണ് എൻ്റെ മുന്നിലുള്ള ഏക ഓപ്ഷൻ. മഹാസഖ്യം ഉത്തർ പ്രദേശിലെ വലിയ ഒരു ജനവിഭാഗത്തിനോട് നീതി കാണിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. സർക്കാരിൽ നിന്ന് നല്ല കാര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് മഹാസഖ്യം നീതി കാണിക്കുമായിരിക്കും.

ഹസ്സൻ നഖ്‌വി (ഫോട്ടോഗ്രാഫർ)

കഴിഞ്ഞ ഇരുപത് വർഷമായി ഉത്തർപ്രദേശ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് മായാവതിയുടെ ബി.എസ്.പിയും അഖിലേഷ് യാദവിൻ്റെ എസ്.പിയുമാണ്. എന്നാൽ 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ അവരുടെ തിരിച്ചു വരവ് ഞാൻ പ്രതീക്ഷിക്കുന്നില്ല. വ്യക്തിപരമായി കോൺഗ്രസ് അടക്കമുള്ള മൂന്നു പാർട്ടികളുടെയും സഖ്യ സർക്കാർ എന്ന ആശയത്തെ ഞാൻ ഇഷ്ട്ടപെടുന്നില്ല.

ഞാൻ ബി.ജെ.പി അധികാരത്തിൽ തിരിച്ചു വരുമെന്ന് കരുതുന്നു. കന്നി വോട്ടർമാരുടെ അഭിപ്രായം എന്തായിരിക്കും എന്നത് എന്നെ കൗതുകപ്പെടുത്തുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കാണ് കന്നി വോട്ടർമാരുടെ പിന്തുണ കൂടുതലായി ലഭിച്ചത്.

സാമൂഹിക മാധ്യമങ്ങളിൽ ബി.ജെ.പിക്കെതിരെയുള്ള ഒരു അഭിപ്രായ രൂപീകരണം നമുക്ക് കാണാം. എന്നാൽ ഗ്രാസ് റൂട്ട്ലെവലിൽ നോക്കുമ്പോൾ ഗ്രാമീണ മേഖലയിലും, നഗരങ്ങളിലും ബി.ജെ.പി തന്നെയാണ് കൂടുതൽ വോട്ടർമാരുടെ പ്രഥമ പരിഗണന.

ബി.എസ്.പിയും, എസ്.പിയും സഖ്യം ഉണ്ടാക്കും. കോൺഗ്രസ്സും അവരോടൊപ്പം ചേരും.

പക്ഷെ ഞാൻ ആഗ്രഹിക്കുന്നത് ഉത്തർ പ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ തിരിച്ചു വരവാണ്. ഞാൻ സഖ്യത്തിനെ അനുകൂലിക്കുന്നില്ല. വേണമെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം രണ്ടു പാർട്ടികൾ തമ്മിൽ സഖ്യമാവാമല്ലോ.

ആബിദ്, വാരാണസി, (വിദ്യാർത്ഥി, ജാമിഅ മില്ലിയ ഇസ്‌ലാമിയ, ഡൽഹി)

ഉത്തർ പ്രദേശിലെ വാരാണസിയാണ് എൻ്റെ സ്വദേശം. അവിടെ സർക്കാർ ഒരു വികസന പ്രവർത്തനവും ചെയ്‌തിട്ടില്ല. ഞാൻ കരുതുന്നത് ബി.എസ്.പിയും എസ്.പിയും ഒന്നിച്ചു മത്സരിക്കുകയാണെങ്കിൽ 2019 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടും എന്നാണ്. ഉത്തർ പ്രദേശിലും, കേന്ദ്രത്തിലും ഇന്ന് നിലവിലുള്ളത് സാധാരണ ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാത്ത പാർട്ടിയാണ്. അതു കൊണ്ടുതന്നെ ഞാൻ ഉത്തർ പ്രദേശിൽ മായാവതിയുടെ ബി.എസ്.പിയും അഖിലേഷ് യാദവിൻ്റെ എസ്.പിയും തമ്മിൽ സഖ്യം പ്രഖ്യാപിച്ചതിൽ ഏറെ സന്തോഷിക്കുന്നു.

ഫർഹീൻ ഫാത്തിമ (വിദ്യാർത്ഥി, ജാമിഅ മില്ലിയ ഇസ്‌ലാമിയ, ഡൽഹി)

കഴിഞ്ഞ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാനു എതിരെയുള്ള സർജിക്കൽ സ്ട്രൈക്ക്, നോട്ടു നിരോധനം പോലെയുള്ള നടപടികളിലൂടെ കൃത്യമായ ഭൂരിപക്ഷത്തിൽ വിജയിക്കാൻ ബി.ജെ.പിക്ക് സാധിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ യോഗി ആദിത്യനാഥ് സർക്കാരിൻ്റെ ഭരണത്തിൽ ജനം അസംതൃപ്തരാണ്. കൂടാതെ വികസനത്തിൻ്റെ പേരിൽ അവർ നഗരങ്ങളുടെ പേരുകൾ മാറ്റികൊണ്ടിരിക്കുകയാണ്.

വർധിച്ചു വരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ ന്യൂനപക്ഷങ്ങളുടെ ഇടയിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്‌. ആക്രമണങ്ങൾക്കും കലാപങ്ങൾക്കും കേളി കേട്ട ഉത്തർ പ്രദേശിൽ അഖ്‌ലാഖിന്റെയും മറ്റു മുസ്‌ലിംകൾക്ക് നേരെയുള്ള ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ശേഷം അടുത്തിടെ ബുലന്ത് ഷഹരിലും കലാപം ഉണ്ടായി. സംസ്ഥാനത്തു സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങളും, ബലാത്സംഗങ്ങളും ഈയിടെയായി വർധിച്ചു വരുന്നുണ്ട്. ഗോരഖ്‌പൂരിലെ ആശുപത്രിയിൽ ഓക്സിജൻ അഭാവം മൂലം നിരവധി കുട്ടികൾ മരിച്ചത് അടക്കമുള്ള നിരവധി സംഭവങ്ങൾ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

ഇത്തവണ ജനങ്ങൾ ബി.ജെ.പിയെ തിരസ്ക്കരിക്കാൻ സാധ്യത ഏറെയാണ്. വസ്തുതകൾ ഇങ്ങനെയാണെങ്കിലും ബി.ജെ.പി വിജയിക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർ പ്രദേശ്. പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ശക്തരായ സംസ്ഥാനമാണ് ഉത്തർ പ്രദേശ് എന്നതുകൊണ്ട് തന്നെ നിലവിലുള്ള സഖ്യം ബി.ജെ.പിയുടെ ഉറക്കം കെടുത്തും. തീർച്ച.

അജിൻക്യ മജുൻഡാർ , ജൂനിയർ അസോസിയേറ്റ്, ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി, ഹൈദരാബാദ്

ഉത്തർ പ്രദേശിൽ ബി.ജെ.പിക്ക് വലിയ ഒരു മാർജിനോളം സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ബഹുജൻ സമാജ്‌ പാർട്ടിയും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള സഖ്യം പ്രതിപക്ഷ കക്ഷികളുടെ വലിയ മുന്നേറ്റം ഉണ്ടാക്കും. എസ്.പി – ബി.എസ്.പി സഖ്യം കോൺഗ്രസിന് 2 സീറ്റുകൾ മാത്രമേ നൽകുന്നുള്ളൂ. ഉത്തർപ്രദേശിൽ കോൺഗ്രസിന് വലിയ ഒരു രാഷ്ട്രീയ അടിത്തറയോ വോട്ടോ ഇല്ല. അവരുടെ വോട്ട് ബാങ്ക് എന്ന് പറയുന്നത് മുന്നോക്ക സമുദായങ്ങളാണ്. അതേ വോട്ടു ബാങ്ക് തന്നെയാണ് ഇപ്പോൾ ബി.ജെ.പിക്കുള്ളത്. അതുകൊണ്ട് തന്നെ കോൺഗ്രസ്സിൻ്റെ സഹായം ഇല്ലാതെ എസ്.പി – ബി.എസ്.പി സഖ്യത്തിന് ഉത്തർ പ്രദേശിൽ വിജയിക്കാൻ സാധിക്കും.

അൻസാർ അഹ്‌മദ്‌ , മൗ ( സിവിൽ സർവീസ് ആസ്‌പിറന്റ്)

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പി ക്കു 30 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളു. സമാജ്‌വാദി പാർട്ടിയും , ബഹുജൻ സമാജ്‌ പാർട്ടിയും സഖ്യത്തിലാണ്. അത് കൊണ്ട് കോൺഗ്രസ് രണ്ടോ മൂന്നോ സീറ്റുകളിൽ മാത്രമേ വിജയിക്കാൻ മാത്രമാണ് സാധ്യത.

ബി.ജെ.പി വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് . അവർ ഗ്രാമീണ മേഖലയിൽ ഒരു വികസന പ്രവർത്തനവും നടത്തിയിട്ടില്ല. അസംഗഡ്, ഗാസിയാബാദ്, ഗാസിപൂർ, മൗ തുടങ്ങിയ പ്രദേശങ്ങൾ എടുക്കുകയാണെങ്കിൽ ഇവിടെയൊന്നും ബി.ജെ.പി ഒരു വികസനവും കൊണ്ട് വന്നിട്ടില്ല. വലിയ പ്രശ്നങ്ങളാണ് അവർ സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. അവർ മന്ദിർ രാഷ്ട്രീയം വീണ്ടും കളിക്കാൻ തുടങ്ങി. അത് കൊണ്ട് ബി.ജെ.പി 30 സീറ്റുകളിലേക്ക് ചുരുങ്ങും. എസ്. പി – ബി.എസ്.പി സഖ്യത്തിന് 50 ൽ കൂടുതൽ സീറ്റുകൾ ലഭിക്കും.

ബി.ജെ.പി വെറുതെ മനുഷ്യരെ വിഡ്ഢികളാക്കുകയാണ്. എല്ലാ സമയത്തും വർഗീയ രാഷ്ട്രീയമാണ് കളിച്ചിട്ടുള്ളത്. പ്രധാനമായും മുസ്‌ലിംകൾക്കെതിരെ. അവരുടെ അടിത്തറ അത് തന്നെയാണ്.

എങ്ങനെ മുസ്‌ലിംകളെ ബുദ്ധിമുട്ടിക്കാം എന്നതാണ് അവരുടെ പ്രധാന ആലോചനകൾ. നമ്മുടെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ നോക്കു, അയാൾക്ക്‌ ആ ജോലിയേ അറിയൂ. കേവലം മുസ്‌ലിംകൾ മാത്രം അനുഭവിക്കുന്ന പ്രശ്‌നമല്ല ഇത്. ദലിതുകളും, പിന്നാക്ക വിഭാഗങ്ങളും ഈ പ്രശ്‌നം അനുഭവിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ടാർഗറ്റ് ചെയ്യപ്പെടുന്നതും, അക്രമിക്കപ്പെടുന്നതും മുസ്‌ലിംകൾ ആണ് എന്ന് മാത്രം

Be the first to comment on "എസ്‌പി-ബിഎസ്‌പി സഖ്യം ഉത്തർപ്രദേശ് ആഗ്രഹിച്ചത്: യുപിയിലെ വിദ്യാർഥികൾ പറയുന്നു"

Leave a comment

Your email address will not be published.


*