താക്കറെ: ഹിറ്റ്ലർ ആരാധകനായ ഹിന്ദു ഹൃദയ സാമ്രാട്ട്

നൗഫൽ അറളട്ക്ക

ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിൽ ഏറ്റവും കരിഷ്‌മയുള്ള നേതാവായിരുന്നു ബാൽ താക്കറെ. പിൽക്കാലത്തു നരേന്ദ്ര മോദിയടക്കമുള്ള നേതാക്കൾ പബ്ലിക് റിലേഷൻസിന് കോടികൾ ചിലവഴിച്ചു മാർക്കറ്റിങ് ചെയ്‌തത്‌ കൊണ്ടാണ് അവരുടെ വ്യക്തി പ്രഭാവവും ആകർഷണ ശക്തിയും വർധിച്ചത്. എന്നാൽ ബാൽ താക്കറെയെന്ന നേതാവിൻ്റെ കരിഷ്‌മ അക്രമണാത്മക ഹിന്ദുത്വത്തിൻ്റെയും മണ്ണിൻ്റെ മക്കൾ രാഷ്ട്രീയത്തിലൂടെയും ആർജിച്ചെടുത്തതാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ഈറ്റില്ലമാണ് മഹാരാഷ്ട്ര. ഹിന്ദു മഹാസഭ നേതാവ് വീർ സവർക്കർ ആർ.എസ്.എസ്സിൻ്റെ സ്ഥാപകൻ ഹെഡ്ഗേവാർ, സർസംഘ്ചാലകൻമാരായ ഗോൾവാൾക്കർ, മധുക്കർ ദത്തത്രയഃ ദിയോറ തുടങ്ങി മോഹൻ ഭഗവത് വരെയുള്ള ആർ.എസ്.എസ് നേതാക്കന്മാരുടെ നാടായിരുന്നിട്ടും ആർ.എസ്.എസ്സിൻ്റെ ഏറ്റവും ശക്തമായ കേന്ദ്രമായിട്ടും മുഖ്യധാരാ ഹിന്ദുത്വ പാർട്ടികളിൽ നിന്ന് വ്യത്യസ്‌തമായി മറാത്താ വാദം പറയുന്ന ശിവസേനയ്ക്ക് മുംബൈയിലും മഹാരാഷ്ട്രയിലും കാലുറപ്പിക്കാൻ സാധിച്ചത് താക്കറെയുടെ കരിഷ്‌മ കൊണ്ടാണ്.

ബാൽ താക്കറെ ഒരു സീസണൽ ഹിന്ദുത്വ വാദിയായിരുന്നു എന്നാണ് ശിവസേനയുടെയും മറാത്താ പ്രക്ഷോഭത്തിൻ്റെയും രാഷ്ട്രീയ പരമായ സ്വാധീനങ്ങളെ വിലയിരുത്തിയ അക്കാദമീഷ്യൻമാർ പറയാറുള്ളത്. ബാൽ താക്കറെയുടെ രാഷ്ട്രീയപരമായ അതിജീവനത്തിനു എല്ലാ കാലത്തും ഒരു ശത്രുവിനെ ആവശ്യമായിരുന്നു. ആദ്യം ദക്ഷിണേന്ത്യക്കാരായിരുന്നു ശിവസേനയുടെ ശത്രു. പിന്നെ ഉത്തരേന്ത്യക്കാരായി. മുസ്ലിം ജനവിഭാഗങ്ങളുടെ അപരവൽക്കരണത്തിലൂടെ തൻ്റെ രാഷ്ട്രീയ അതിജീവനം എക്കാലത്തും സാധ്യമാവും എന്ന് മനസിലാക്കിയതിനു ശേഷമാണു മുസ്ലിം എന്ന സ്ഥായിയായ ശത്രുവിനെ ബാൽ താക്കറെ തെരഞ്ഞെടുക്കുന്നത്. സർക്കാരിൽ ഒരു ഔദ്യോഗിക പദവികളും വഹിക്കാതെ തന്നെ മുംബൈയും മഹാരാഷ്ട്രയും ഭരിച്ചിരുന്ന ഡി ഫാക്ടോ ചീഫ് മിനിസ്റ്റർ ആയിരുന്നു ബാൽ താക്കറെ.

ഫ്രീ പ്രസ് ജേർണലിൽ കാർട്ടൂണിസ്റ്റ് ആയാണ് താക്കറെ തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1960 ൽ ഫ്രീ പ്രസ് ജേർണലിൽ നിന്ന് രാജിവെച്ചു മാർമറിക്ക് എന്ന പൊളിറ്റിക്കൽ വീക്കിലി ആരംഭിച്ചു. സംയുക്ത മഹാരാഷ്ട്ര പ്രക്ഷോഭത്തിൻ്റെ നേതാവായിരുന്ന കേശവ് സീതാറാം താക്കറെ എന്ന പിതാവിൻ്റെ പ്രത്യയശാസ്ത്രത്തിൽ നിന്നാണ് ബാൽ താക്കറേയുടെയും അതിലൂടെ ശിവസേനയുടെയും രാഷ്ട്രീയ അടിത്തറ വികസിക്കുന്നത്. ബാൽ താക്കറെ പുതുതായി ആരംഭിച്ച മാർമറിക്ക് പൊളിറ്റിക്കൽ വീക്കിലിയിലൂടെ മഹാരാഷ്ട്രയിലെ വർധിച്ചു വരുന്ന അന്യ സംസ്ഥാനക്കാർക്കെതിരെ പ്രചാരണം ആരംഭിച്ചു. അതിൻ്റെ തുടർച്ചയായി മഹാരാഷ്ട്ര ഉപദേശീയത അടിസ്ഥാനമാക്കി അദ്ദേഹം ശിവസേന എന്ന രാഷ്ട്രീയ പാർട്ടി രൂപികരിച്ചു. ആദ്യകാലങ്ങളിൽ എല്ലാ പാർട്ടികളുമായും അദ്ദേഹം സഖ്യം പ്രഖ്യാപിച്ചു. 1992 -1993 മുംബൈ കലാപത്തിന് ശേഷമാണു ബാൽ താക്കറെ തൻ്റെ ശക്തമായ രാഷ്ട്രീയ ആയുധമായി ഹിന്ദുത്വ ആശയങ്ങളെ സ്വീകരിക്കുന്നത്.

ഹിന്ദു ഹൃദയ സാമ്രാട്ട്

സംയുക്ത മഹാരാഷ്ട്ര പ്രക്ഷോഭത്തിൻ്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു ബാൽ താക്കറെയുടെ പിതാവായ കേശവ് സീതാറാം താക്കറെ. മറാത്തി സംസാരിക്കുന്ന പ്രദേശങ്ങളെ എല്ലാം കൂട്ടി ചേർത്ത് മുംബൈ തലസ്ഥാനമാക്കി മഹാരാഷ്ട്ര എന്ന സംസ്ഥാനം രൂപീകരിക്കണം എന്നായിരുന്നു സംയുക്ത മഹാരാഷ്ട്ര പ്രക്ഷോഭത്തിൻ്റെ ആവശ്യം.

17 ആം നൂറ്റാണ്ടിലെ മറാത്താ രാജാവായിരുന്ന ശിവജിയുടെ സേന എന്ന അർത്ഥത്തിലാണ് തൻ്റെ പാർട്ടിക്ക് ശിവസേന എന്ന് നാമകരണം ചെയ്‌തത്‌. 1960 കളിലാണ് മറാത്താ ഉപദേശീയതയെ അടിസ്ഥാനമാക്കി ശിവസേനയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. മുംബൈയിൽ അന്നുണ്ടായിരുന്ന ദക്ഷിണേന്ത്യക്കാർക്കും, പ്രധാനമായും തമിഴന്മാർക്കു എതിരെയും, ഗുജറാത്തികൾക്ക് എതിരെയും പ്രചാരണം നടത്തി കൊണ്ട് ശിവസേന വലിയ രീതിയിലുള്ള സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചു. കൂടുതലും തമിഴന്മാർക്കെതിരെയായിരുന്നു ബാൽ താക്കറെ സംസാരിച്ചത്.

ബാൽ താക്കറെയുടെ മാതൃകാ പുരുഷന്മാരിൽ ഒരാളായിരുന്നു അഡോൾഫ് ഹിറ്റ്ലർ. അദ്ദേഹം നിരവധി തവണ ഞാൻ ഹിറ്റ്ലറിൻ്റെ ആരാധകനാണെന്നു പറഞ്ഞിട്ടുണ്ട്. ഏഷ്യവീക്ക് എന്ന ഇംഗ്ലീഷ് മാഗസിന് നൽകിയ അഭിമുഖത്തിൽ ബാൽ താക്കറെ ഹിറ്റ്ലറിനെ പുകഴ്ത്തുന്നുണ്ട്.

“ഞാൻ ഹിറ്റ്ലറിൻ്റെ വലിയ ഒരു ആരാധകനാണ്. അത് പറയാൻ എന്നിക്ക് യാതൊരു മടിയുമില്ല. ഹിറ്റ്ലർ നല്ലൊരു പ്രാസംഗികനും, സംഘാടകനും ആയിരുന്നു. എനിക്കും ഹിറ്റ്ലറിനും നിരവധി സാമ്യതകൾ ഉണ്ട്. ഇന്ത്യക്ക് ഇപ്പോൾ ആവശ്യം ഒരു ഏകധിപതിയെ ആണ്. ഉരുക്കു മുഷ്ട്ടികൾ കൊണ്ട് ഭരിക്കുന്ന ഭരണാധികാരിയെ.”

1993 ൽ മറ്റൊരു അഭിമുഖത്തിൽ ബാൽ താക്കറെ പറയുന്നുണ്ട്.
“ജർമനിയിൽ ജൂതന്മാരോട് പെരുമാറിയ അതേ രീതിയിൽ ഇന്ത്യയിൽ മുസ്ലീങ്ങളോട് പെരുമാറുന്നതിൽ യാതൊരു തെറ്റുമില്ല”.

1992 ലെ മറ്റൊരു അഭിമുഖത്തിൽ ബാൽ താക്കറെ പറയുന്നത് ഇങ്ങനെയാണ്.

“നിങ്ങൾ ഹിറ്റ്ലറിൻ്റെ ആത്മ കഥയായ മെയിൻ കാംഫ് എടുക്കു. അതിൽ ജൂതൻ എന്ന വാക്കിന് പകരം മുസ്ലിം എന്ന വാക്ക് ചേർത്ത് വെച്ച് നോക്കു. അതാണ് ഞാൻ ആഗ്രഹിക്കുന്നത്.”

ഇന്ത്യൻ എക്സ്പ്രസ്സിൽ 2017 ജനുവരി 29 ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ അദ്ദേഹം ഹിറ്റ്ലറിനെ കുറിച്ചു പറയുന്നത് “ഹിറ്റ്ലർ ഒരുപാട് ക്രൂരതകൾ ചെയ്തിരിക്കാം. എന്നാൽ അദ്ദേഹം ഒരു കലാകാരനായിരുന്നു. അത് കൊണ്ട് ഞാൻ അയാളെ ഇഷ്ട്ടപെടുന്നു” എന്നാണ്.

1993 മുംബൈ കലാപത്തിന് ശേഷമാണ് ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന രീതിയിൽ ബാൽ താക്കറെയെ ഹിന്ദുത്വവാദികൾ അവരോധിക്കുന്നത്. ശിവജി പാർക്കിൽ എല്ലാ വർഷവും നടത്തുന്ന അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ കേൾക്കാനായി ആയിരങ്ങൾ തടിച്ചു കൂടി. എല്ലാവരും അയാളെ ബാലാസാഹിബ് അല്ലെങ്കിൽ ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന് വിളിച്ചു.

സിനിമ ക്രിക്കറ്റ് തുടങ്ങിയ മേഖലകളിലും അദ്ദേഹത്തിന് ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. അങ്ങനെയാണ് റാം ഗോപാൽ വർമ്മ ‘സർക്കാർ’ എന്ന സിനിമ അമിതാഭ് ബച്ചനെ നായകനാക്കി നിർമിച്ചത്. അതിൽ അമിതാഭ് ബച്ചൻ്റെ കഥാപാത്രം ബാൽ താക്കറെയുമായി ഒരുപാട് സാമ്യം ഉള്ളതാണ്. ഇന്ത്യൻ ഇതിഹാസങ്ങളായ അമിതാഭ് ബച്ചൻ, രജനികാന്ത്, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയവർ ബാൽ താക്കറെയുമായി തങ്ങൾക്കുള്ള വ്യക്തി ബന്ധവും ആരാധനയും നിരവധി തവണ തുറന്നു പറഞ്ഞവരാണ്.

മുബൈയിൽ തദ്ദേശീയ വാസികളായ മറാത്തക്കാർക്ക് ലഭിക്കേണ്ട ജോലികൾ എല്ലാം തമിഴന്മാർ തട്ടിയെടുക്കുന്നു എന്ന് പറഞ്ഞു ആദ്യകാലങ്ങളിൽ വ്യാപകമായ ആക്രമണങ്ങൾ ശിവസേന അഴിച്ചു വിട്ടു. അതിനു ശേഷം ഗുജറാത്തി വ്യാപാരികൾ തങ്ങളുടെ സമ്പത്ത് കവർന്നു എടുക്കുന്നു എന്നാരോപിച്ചു ഗുജറാത്തി കച്ചവടക്കാർക്കെതിരെ തിരിഞ്ഞു.

തുടർന്ന് ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാങ്ങളിൽ നിന്നുള്ള തൊഴിലാളികളെ തെരഞ്ഞുപിടിച്ചു ആക്രമിക്കുക എന്ന രീതിയിൽ ശിവസേന അതിൻ്റെ അക്രമ രാഷ്ട്രീയം വിപുലമാക്കി. ഇടതുപക്ഷ സംഘടനകളുടെ തൊഴിലാളി സംഘടനകൾ വളരെ ശക്തമായിരുന്ന മുംബൈയിൽ സംഘടന നേതാക്കന്മാരെയെല്ലാം നിരന്തരം ആക്രമിച്ചു. ചില നേതാക്കന്മാരെ കൊലപ്പെടുത്തി. ഇടതു തൊഴിലാളി സംഘടനകളെ കായികപരമായി ഇല്ലാതാക്കി ആ ഇടത്തിലേക്ക് ശിവസേന കയറി വന്നു.

ബാൽ താക്കറെയും മുസ്ലിം വിരുദ്ധ ആക്രമണങ്ങളും

ഇന്ത്യ ടി.വിയിലെ രജത് ശർമ്മ നടത്തുന്ന ‘ആപ് കി അദാലത്’ എന്ന അഭിമുഖത്തിൽ അദ്ദേഹം ബാൽ താക്കറെയോട് ചോദിക്കുന്ന ചോദ്യമുണ്ട്. “ബാബരി മസ്‌ജിദ്‌ തകർത്തതിന് ശേഷം മുംബൈയിൽ നടന്ന കലാപത്തിൽ ശിവസേനയുടെ കൈകൾ ഉണ്ടെന്നു പറയുന്നു തങ്ങളുടെ അഭിപ്രായം എന്താണ്?” ബാൽ താക്കറെ ഒരു മടിയും കൂടാതെ ഉത്തരം പറയുന്നു. “ശിവസേനയുടെ കൈകൾ അല്ല കാലായിരുന്നു കലാപത്തിന് പിന്നിൽ ഉണ്ടായിരുന്നത്.” താൻ മുസ്ലിം വിരുദ്ധമാണെന്നും മുസ്ലിങ്ങളുടെ ശത്രുവാണെന്നും പറയുന്നതിൽ ഉന്മാദം കണ്ടെത്തിയ നേതാവായിരുന്നു ബാൽ താക്കറെ.

ഇന്ത്യ ടുഡെയുമായി ബാൽ താക്കറെ നടത്തിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് “മുസ്ലിങ്ങൾ കാൻസർ പോലെ പടർന്നു പിടിക്കുകയാണ് അതിനെ ക്യാൻസറിനെ ചികിത്സിക്കുന്ന അതെ രൂപത്തിൽ ചികിത്സിക്കണം” എന്നാണ്.

2008 ൽ ബാൽ താക്കറെ എഴുതി “ഇസ്‍ലാമിക തീവ്രവാദം ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതിനെ തകർക്കാൻ ഹിന്ദു തീവ്രവാദം ശക്തിപ്പെടുത്തുക മാത്രമാണ് വഴി. ഹിന്ദു തീവ്രവാദികളും ചാവേറുകളെ സജ്ജമാക്കണം.”

ബാബരി മസ്‌ജിദ്‌ തകർക്കാനായി 1990 – 1992 കാലഘട്ടത്തിൽ ആയിരകണക്കിന് ശിവസേന പ്രവർത്തകരാണ് അയോധ്യയിലേക്ക് പുറപ്പെട്ടത്. 1992 ഡിസംബർ മുതൽ 1993 ജനുവരി വരെ നടന്ന കലാപത്തിൽ ഔദ്യോഗിക കണക്കു പ്രകാരം 700 പേരാണ് മരണപ്പെട്ടത്. എന്നാൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കണക്കു പ്രകാരം മരണസംഖ്യ ആയിരത്തിൽ കൂടുതലാണ്. കലാപത്തിൽ ഏറ്റവും കൂടുതലായി പങ്കെടുത്തത് ശിവസേന പ്രവർത്തകരാണ്. കലാപത്തിനെ കുറിച്ചു അന്വേഷിക്കാൻ നിയമിച്ച ശ്രീകൃഷ്ണ കമ്മീഷനെ പിന്നീട് വന്ന ശിവസേന സർക്കാർ പിരിച്ചു വിട്ടു.

ശിവസേന എം.പിയായിരുന്ന മധുക്കറിനെയും രണ്ടു കൂട്ടാളികളെയും 2008 ൽ മുംബൈ കോടതി കലാപത്തിൽ പങ്കാളികളാണെന്നു കണ്ടെത്തി ജയിലിൽ അടച്ചു. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം ജാമ്യം സമ്പാദിച്ചു പുറത്തിറങ്ങി. നിരവധി മുസ്ലിം വിരുദ്ധ ആക്രമണങ്ങൾക്ക് വഴിയൊരുക്കിയ ശിവസേന മുംബൈയിൽ ഉണ്ടായിരുന്ന മുസ്ലിം വിഭാഗത്തിൻ്റെ സമ്പാദ്യങ്ങൾ നശിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നിരവധി തവണ മുസ്ലിം വിരുദ്ധ ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത് ശിവസേനയുടെ മുഖ പത്രത്തിൽ മുസ്‌ലിംകൾക്കെതിരെ വരുന്ന വ്യാജ വാർത്തകളുടെ അടിസ്ഥാനത്തിലാണ്. 1993 ലെ കലാപം തുടങ്ങാൻ കാരണവും ശിവസേന മുഖപത്രമായ സാമ്‌നയിൽ വന്ന വ്യാജ വാർത്തകളായിരുന്നു.

ശിവസേന

മുബൈയിൽ ഇടതുപക്ഷ സംഘടനകൾക്ക് ഉണ്ടായിരുന്ന സ്വാധീനം മസിൽ പവർ കൊണ്ട് അടിച്ചമർത്തിയാണ് ശിവസേന മുബൈയിൽ സ്വാധീനം ഉണ്ടാക്കിയത്. മറാത്ത വാദം പറഞ്ഞു ദക്ഷിണേന്ത്യക്കാർക്ക് എതിരെയും മുസ്ലിങ്ങൾക്കെതിരെയും വ്യാപകമായ ആക്രമങ്ങൾ അഴിച്ചുവിട്ട് മറാത്തകൾക്കിടയിൽ ജനകീയ അടിത്തറ ശക്തമാക്കി.

ബാൽ താക്കറെയുടെ കരിഷ്‌മ കൊണ്ട് വളർന്നു വന്ന പാർട്ടി ശക്തമായ സംഘടന സംവിധാനം ഉണ്ടാക്കിയെടുക്കുന്നതിൽ വളരെ അധികം ശ്രദ്ധിച്ചിരുന്നു. 1970 കളോടെ മഹാരാഷ്ട്രയിൽ നിന്ന് പുറത്തുള്ള മറാത്ത സമുദായങ്ങളുടെ ഇടയിൽ സ്വാധീനം ഉണ്ടാക്കാൻ ശിവസേന ശ്രമിച്ചിരുന്നു. എന്നാൽ 1990 കളോടെ മറാത്ത വാദത്തിൽ ഒതുങ്ങി നിൽക്കാതെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പറഞ്ഞുകൊണ്ട് മഹാരാഷ്ട്രക്ക് പുറത്തുള്ള സംസ്ഥാനങ്ങളിൽ ശക്തി വ്യാപിപ്പിക്കാൻ ശിവസേനയ്ക്ക് കഴിഞ്ഞു. ഇന്ത്യയിലെ വർഗീയ കലാപങ്ങളെ കുറിച്ചു പഠനം നടത്തിയ അമൃത ബസുവിൻ്റെ Violent Conjunctures in Democratic India എന്ന പഠനത്തിൽ ഉത്തർപ്രദേശിലെ കുർജ കലാപത്തിൽ ശിവസേനയ്ക്ക് ഉണ്ടായിരുന്ന പങ്കിനെ ചൂണ്ടിക്കാട്ടുന്നുണ്ട്.

1970 ൽ നടന്ന ബിവണ്ടി കലാപത്തിലും 1984 ൽ നടന്ന ബിവണ്ടി കലാപത്തിലും 1992 -1993 മുബൈ കലാപത്തിലും ശിവസേന അതിൻ്റെ ശക്തി തെളിയിച്ചിരുന്നു. നിരവധി തവണ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ഭരണത്തിൽ പങ്കാളികളായ ശിവസേന ബി.ജെ.പി മഹാരാഷ്ട്രയിൽ ശക്തി പ്രാപിച്ചതോടെ ചെറിയ രീതിയിൽ ഉള്ള തകർച്ചകൾ നേരിടാൻ തുടങ്ങിയിരുന്നു. രാജ് താക്കറെ ശിവസേന വിട്ട് നവ നിർമ്മാൺ സേന ഉണ്ടാക്കിയപ്പോഴും ശിവസേന കാര്യമായ തകർച്ച നേരിടാതെ നിലനിന്നു.

എന്നാൽ ബാൽ താക്കറെയുടെ മരണം ശിവസേനയുടെ ഏറ്റവും കരിഷ്‌മയുള്ള നേതാവിനെ നഷ്‌ടമാക്കി. ഉദ്ദവ് താക്കറെയ്ക്ക് ആ നഷ്‌ടം നികത്താൻ സാധിച്ചില്ല. ഇപ്പോൾ ബി.ജെ.പി മുബൈയിൽ ശിവസേനയ്ക്ക് ഉണ്ടായിരുന്ന സ്വാധീനം സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. അതിൽ ഭയന്നാണ് ഉദ്ദവ് താക്കറെ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം പോലെയുള്ള ആർ.എസ്.എസ് അജണ്ടകളെ കൂടുതൽ ശക്തമായി ഉപയോഗിക്കുന്നത്.

സിനിമ

ബാൽ താക്കറെ മരിച്ചു ആറു വർഷത്തിന് ശേഷമാണ് ബാൽ താക്കറെയുടെ ജീവിതം പറയുന്ന ചിത്രം പുറത്തിറങ്ങുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങളെ ജർമനിയിൽ ഹിറ്റ്ലർ ജൂതന്മാരോട് പെരുമാറിയ പോലെ പെരുമാറണം എന്ന് പറഞ്ഞ ബാൽ താക്കറെയുടെ ജീവിതം പറയുന്ന സിനിമയിൽ ബാൽ താക്കറെയായി അഭിനയിക്കുന്നത് ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു മുസ്ലിം നടനാണെന്നത് കാലത്തിൻ്റെ വിരോധാഭാസമാണ്.

ആ സിനിമ കാണാനും നവാസുദ്ധീൻ സിദ്ധീഖിയുടെ അഭിനയം കാണാനും കാത്തിരിക്കുന്നു എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്ന മലയാളത്തിലെ നവസിനിമയുടെ വക്താക്കളിൽ ഒരാളായ ഗീതു മോഹൻദാസ് അടക്കം തങ്ങൾ കാണാൻ പോകുന്നത് ഹിറ്റ്ലറിനെ ആരാധിച്ചിരുന്ന ഒരു വലതു പക്ഷ രാഷ്ട്രീയക്കാരനെ ഗ്ലോറിഫൈ ചെയ്യുന്ന ചിത്രമാണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.


മുംബൈയിലെ മറാത്താ ജനതയുടെ നേതാവ് എന്നതിൽ നിന്ന് മാറി മൊത്തം മുംബൈയുടെ കിരീടം വെക്കാത്ത രാജാവായി ബാൽ താക്കറെ വളർന്നത് തൻ്റെ പ്രസംഗ പാടവവും, വ്യക്തി പ്രഭാവവും കൊണ്ട് മാത്രമായിരുന്നില്ല. തമിഴ് ജനവിഭാഗത്തിന് എതിരെയും ഇടതു സംഘടനകൾക്ക് എതിരെയും മുസ്ലീങ്ങൾക്ക് എതിരെയും നിരന്തരം ആക്രമങ്ങൾ അഴിച്ചു വിട്ടു കൊണ്ടായിരുന്നു. മറാത്താ വാദം അടക്കമുള്ള ബാൽ താക്കറെയുടെ അടിസ്ഥാന രാഷ്ട്രീയ ആവശ്യങ്ങൾ നിരവധി തവണ അദ്ദേഹം ഒഴിവാക്കിയിരുന്നു. എന്നാൽ 1990 കളോടെ അതിതീവ്ര ഹിന്ദുത്വ ആശയങ്ങൾ തൻ്റെ രാഷ്ട്രീയത്തിൻ്റെ ഭാഗമാക്കിയതിലൂടെയാണ് മഹാരാഷ്ട്രയ്ക്കു പുറത്തുള്ള ഹിന്ദുത്വ വാദികളുടെ ഹൃദയ സാമ്രാട്ട് ആയി ബാൽ താക്കറെ മാറിയത്.

Be the first to comment on "താക്കറെ: ഹിറ്റ്ലർ ആരാധകനായ ഹിന്ദു ഹൃദയ സാമ്രാട്ട്"

Leave a comment

Your email address will not be published.


*