യുപിയിൽ മത്സരിക്കാനൊരുങ്ങി ഉവൈസി. 50 സീറ്റുകളിൽ എംഐഎം ഒറ്റക്ക് മത്സരിക്കും

ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പ്രസിഡണ്ട് അസദുദീൻ ഉവൈസി തൻ്റെ സ്ഥിരം ലോകസഭാ മണ്ഡലമായ ഹൈദരാബാദിന് പുറമെ ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കാൻ സാധ്യത.

ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ ഉത്തർ പ്രദേശിലെ 80 ലോകസഭാ മണ്ഡലങ്ങളിൽ നിന്ന് 50 സീറ്റുകളിൽ ഒറ്റക്ക് മത്സരിക്കാൻ പദ്ധതിയുണ്ടെന്ന് പാർട്ടിയുടെ ഉത്തർ പ്രദേശ് പ്രസിഡണ്ട് ഷൗക്കത്തലി പറഞ്ഞു.

ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും മുസ്ലിം നേതൃത്വത്തെ കാണുന്നത് തൊട്ടുകൂടായ്‌മയുടെ രീതിയിലാണെന്നും അവരുടെ ഭരണത്തിന് കീഴിൽ മുസ്‌ലിം സമുദായം ഒരുപാട് കഷ്ടതകൾ അനുഭവിച്ചിട്ടുണ്ടെന്നും ഷൗക്കത്തലി വിമർശിച്ചു.

ബി.എസ്.പി-എസ്.പി സഖ്യം മുസ്‌ലിം സമുദായത്തിനെ പരിഗണിക്കുന്നില്ല. 22 ശതമാനം മുസ്‌ലിംകൾ ഉള്ള ഉത്തർപ്രദേശിൽ മുസ്‌ലിം പാർട്ടികളെ ഒഴിവാക്കി 4 ശതമാനം മാത്രമുള്ള ജാട്ട് സമുദായത്തിൻ്റെ പാർട്ടിയായ ആർ.എൽ.ഡിക്കു രണ്ടു ലോകസഭാ സീറ്റുകൾ നൽകുന്നതിനെയും ഷൗക്കത്തലി ചോദ്യം ചെയ്‌തു.

ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുന്നു എന്ന ആരോപണത്തെ അദ്ദേഹം തള്ളി കളഞ്ഞു. മായാവതി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ഉത്തർ പ്രദേശിൽ സർക്കാർ ഉണ്ടാക്കിയിരുന്നു. എന്നാൽ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ തെലങ്കാനയിൽ ബി.ജെ.പിക്ക് എതിരായാണ് മത്സരിക്കുന്നത്. പിന്നെ നിങ്ങൾ ഏത് ബി ടീമിനെ കുറിച്ചാണ് പറയുന്നത് ഷൗക്കത്തലി ചോദിച്ചു.

Be the first to comment on "യുപിയിൽ മത്സരിക്കാനൊരുങ്ങി ഉവൈസി. 50 സീറ്റുകളിൽ എംഐഎം ഒറ്റക്ക് മത്സരിക്കും"

Leave a comment

Your email address will not be published.


*