‘ഹലോ ചൈന ബൈബൈ ഇന്ത്യ’ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ച് മിസോറം

പൗരത്വ ബില്ലിന്റെ ഭേദഗതിക്കെതിരെ മിസോറാമിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച ആയിരക്കണക്കിന് യുവാക്കളുടെ കൈയിലുണ്ടായിരുന്ന ബാനറുകളിൽ ”ഹലോ ചൈന ,ബൈ ബൈ ഇന്ത്യ” മുദ്രാവാക്യങ്ങള്‍.

ജനുവരി 8 ന് ലോക്സഭയിൽ പാസാക്കിയ ബില്ല് പ്രകാരം ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, പാഴ്‌സി, ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളിൽ പെട്ട ഇന്ത്യയിലുള്ള അനധികൃത കുടിയേറ്റക്കാർക്ക് അവർ 6 വര്‍ഷം ഇന്ത്യയിൽ താമസിച്ചാൽ ഇന്ത്യൻ പൗരത്വം നൽകും .ബില്ലിനെതിരെ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
ബുധനാഴ്ച വിദ്യാർഥികളടക്കം 30000 ത്തിൽ പരം ആളുകൾ പങ്കുചേർന്ന പ്രക്ഷോഭത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെയും കോലം കത്തിക്കുകയും ചെയ്തു.

മിസോറാമിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായ മിസോ സ്റ്റുഡന്റസ് ഫെഡറേഷൻ, നോർത്ത് ഈസ്റ്റ് സ്റ്റുഡന്റസ് അസോസിയേഷൻ തുടങ്ങിയ പ്രസ്ഥാനങ്ങളാണ് ബുധനാഴ്ച അരങ്ങേറിയ ബന്ദിന് നേതൃത്വം നൽകിയത്.

“ഇന്ത്യ ഞങ്ങളെ കേൾക്കാനോ ഞങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ തയ്യാറാവുന്നില്ല എന്ന വികാരം മിസോകൾക്കിടയിലുണ്ട്. ഞങ്ങളേക്കാൾ ഇന്ത്യക്ക് മുഖ്യം അനധികൃത കുടിയേറ്റക്കാരാണ്. അത് കൊണ്ട് ഇന്ത്യയോട് ചോദിക്കുന്നതിനേക്കാൾ ചൈനയോട് ബന്ധമുണ്ടാക്കി അവരോട് സഹായം തേടുന്നതിനെക്കുറിച്ചാണ് ഞങ്ങൾ ചിന്തിക്കുന്നത്”

നോർത്ത് ഈസ്റ്റ് സ്റ്റുഡന്റസ് അസോസിയേഷൻ ഫൈനാൻസ് സെക്രട്ടറിയായ ലാൽബിയക്ക്മവിയ പറഞ്ഞു.

എന്തുകൊണ്ട് മിസോറം?

ബംഗ്ലാദേശ് കുടിയേറ്റം വലിയരീതിയിലുണ്ടായ ആസ്സാമിൽ ബില്ലിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ആസ്സാമിലെ ബിജെപി സഖ്യ കക്ഷിയായിരുന്ന അസം ഗണ പരിഷത് ബില്ലിനോടുള്ള പ്രതിഷേധ സൂചകമായി സഖ്യത്തിൽ നിന്നും പുറത്തുപോയി. എന്നാൽ മിസോറാമിൽ ഉയരുന്ന പ്രതിഷേധങ്ങളുടെ കാരണം വ്യത്യസ്തമാണ്‌. ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറുന്ന ബുദ്ധമതക്കാരായ ചക്മകളെയാണ് മിസോറാമിലെ ക്രിസ്ത്യാനികളടക്കമുള്ള മറ്റു വിഭാഗങ്ങൾ ഭീഷണിയായിക്കാണുന്നത്. നിലവിൽ ചക്മകൾ ജനസംഖ്യാപരമായി മിസോറാമിൽ 10 ശതമാനത്തോളം വരും.

“ചക്മകൾ മിസോറാമിൽ ധാരാളം ഉണ്ട്. ബില്ല് പാസായിക്കഴിഞ്ഞാൽ അവർക്കൊക്കെ ഇന്ത്യൻ പൗരത്വം ലഭിക്കും. ഈ ബില്ല് നിയമമമാവുന്നത് മിസോറാമിനും വടക്കുകിഴക്കൻ മേഖലക്കും ഭീഷണിയാണ്”

മിസോ സ്റ്റുഡന്റസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലാൽമച്യുതാന പറയുന്നു.

മിസോറാമിലെ വലിയ സമ്മർദ ശക്തികളിലൊന്നും 40 ശതമാനത്തോളം ജനങ്ങളുടെ പിന്തുണയുമുള്ള യങ് മിസോ അസോസിയേഷന്‍ ബില്ലിനോടുള്ള പ്രതിഷേധ സൂചകമായി റിപ്പബ്ലിക്ക് ദിനം ബഹിഷ്കരിച്ചു.

“ഞങ്ങളുടെ പ്രതിനിധികൾ പലതവണ ബില്ലിനോടുള്ള ഞങ്ങളുടെ പ്രതിഷേധം പ്രധാനമന്ത്രിയെയും ആഭന്തരമന്ത്രിയെയും കണ്ടു അവതരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ഞങ്ങളുടെ വികാരം അവർ മാനിക്കുന്നില്ല. മിസോറാമിലെ ജനതയുടെ കാര്യത്തിൽ ഇന്ത്യക്കു താല്പര്യം ഇല്ലെങ്കിൽ മംഗളോയ്‌ഡ്‌ വംശജരുള്ള ചൈനയുടെ ഒപ്പം നിൽക്കുന്നതാണ് ഞങ്ങൾക്ക് നല്ലത്”.

ലാൽഹ്മാച്യുതാന പറഞ്ഞു.

പൗരത്വബില്ല് ജനുവരി 30 നു തുടങ്ങുന്ന സെഷനിൽ രാജ്യസഭയിൽ അവതരിപ്പിക്കാനാണ് സാധ്യത

Be the first to comment on "‘ഹലോ ചൈന ബൈബൈ ഇന്ത്യ’ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ച് മിസോറം"

Leave a comment

Your email address will not be published.


*