ഇന്ത്യ തങ്ങളെ കാണുന്നത് സംശയത്തോടെ: റോഹിങ്ക്യൻ അഭയാർത്ഥികൾ

ഇന്ത്യയിൽ ഇനിയും ജീവിക്കുന്നത് തങ്ങളുടെ ജീവിതത്തിനു ഭീഷണിയെന്ന് റോഹിങ്ക്യൻ അഭയാർത്ഥികൾ. 2012 മുതൽ മ്യാന്മർ പട്ടാളവും തീവ്രബുദ്ധിസ്റ്റ് വിഭാഗങ്ങളും തുടരുന്ന വംശഹത്യയിൽ നിന്നും രക്ഷ നേടാൻ 10 ലക്ഷത്തിലധികം വരുന്ന റോഹിങ്ക്യകളാണ് ജന്മദേശം ഉപേക്ഷിച്ചു അഭയാർത്ഥികളായത്. ഭൂരിപക്ഷവും മുസ്‌ലിംകളായ റോഹിങ്ക്യകൾ കോൺസെൻട്രേഷൻ ക്യാമ്പുകൾക്കു സമാനമായ വൃത്തിഹീനമായ അന്തരീക്ഷമുള്ള ക്യാമ്പുകളിലാണ് പലയിടത്തും താമസിക്കുന്നത്.

കണക്കുകൾ പ്രകാരം 40000 ത്തോളം അഭയാർത്ഥികളാണ് ഇന്ത്യയിൽ താമസിക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകൾ പ്രകാരം ഇവരിൽ 18000 ത്തോളം പേർ ഔദ്യോഗികമായി അഭയാർഥികളായി രേഖപ്പെടുത്തപ്പെട്ടവരാണ്.

മ്യാന്മറിൽ നിന്നും ബംഗ്ലാദേശ് വഴി ഇന്ത്യയിൽ എത്തിയ ഹുസൈൻ ഹൈദരാബാദിലെ ബാലപുരിലെ റോഹിങ്ക്യൻ ക്യാമ്പിലാണ് താമസം.

റാഖൈനിൽ ഞങ്ങൾ അനുഭവിച്ചത് വെച്ചു നോക്കുമ്പോൾ അഭയാർത്ഥി ക്യാമ്പിലെ അവസ്ഥ എത്രയോ ഭേദമാണ്. എന്നാൽ കഴിഞ്ഞ ഏപ്രിൽ മുതൽ പോലീസ് ഞങ്ങളുടെ ക്യാമ്പ് നിരന്തരം സന്ദർശിക്കാറുണ്ട്. ഞങ്ങളോട് വിവിധ ഫോമുകൾ പൂരിപ്പിച്ചു വാങ്ങുകയും ഞങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യാറുണ്ട്. ഇത് ചെയ്യുന്നത് ഞങ്ങളെ തിരിച്ചു മ്യാന്മറിലേക്കു കയറ്റി അയക്കാനാണെന്നാണ് പലർക്കും ആശങ്ക

ഹുസൈൻ പറയുന്നു

ഇന്ത്യയിലെ സാഹചര്യം മോശമാവുന്നതിനു മുമ്പ് ബംഗ്ലാദേശിലേക്ക് കുടിയേറാനാണ് ഹുസ്സൈന്റെ തീരുമാനം.

സമാനമാണ് ഫായിസ് അഹമ്മദിൻ്റെ കഥ.

ജമ്മുവിലെ ഒരു റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ ആറു വർഷത്തോളം താമസിച്ച ഫായിസ് അഹമ്മദ് ഈയിടെയാണ് ബംഗ്ലാദേശിലെ ഒരു അഭയാർത്ഥി ക്യാമ്പിലേക്ക് കുടിയേറിയത്

ബംഗ്ലാദേശ് ആണ് ഇന്ത്യയേക്കാൾ സുരക്ഷിതം എന്ന് തോന്നുന്നു, മാത്രമല്ല ഞങ്ങളുടെ ബന്ധുക്കളും ഇവിടെ വിവിധ ക്യാമ്പുകളിലായിട്ടുണ്ട്. ജമ്മുവിലെ ക്യാമ്പിൽ വെച്ച് പല പ്രദേശിക നേതാക്കളും ഇന്ത്യ വിട്ടു പോയില്ലെങ്കിൽ കൊന്നു കളയുമെന്ന് പറഞ്ഞു ഞങ്ങളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.

ഫായിസ് അൽജസീറയോട് പറയുന്നു.

2012 ൽ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചു ആസ്സാമിലെ ജയിലിലായ 7 റോഹിങ്ക്യൻ അഭയാർത്ഥികളെ 2018 ഒക്ടോബര് നാലിന് ഇന്ത്യ മ്യാന്മറിലേക്കു കയറ്റിഅയച്ചതോടു കൂടിയാണ് അഭയാർത്ഥികൾക്കിടയിൽ ഭീതി പടർന്നത്.

അഭയാർത്ഥികളെ മ്യാന്മറിലേക്കു കയറ്റിഅയക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പല മനുഷ്യാവകാശ സംഘടനകളും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ഒരു അഭയാർഥിയെ തൻ്റെ ജീവനും സ്വാതന്ത്രത്തിനും ഭീഷണി ഉള്ള സ്ഥലത്തേക്ക് കയറ്റിയയക്കുന്നത് അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധവുമാണ്.

ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാരം ലോകത്തു ഏറ്റവും കൂടുതൽ വേട്ടയാടലിനു വിധേയമായ സമൂഹങ്ങളിൽ ഒന്നാം സ്ഥാനത്താണ് റോഹിങ്ക്യകൾ.


സഫർ മഹമൂദ്

സകാത്ത് ഫൗണ്ടേഷൻ റോഹിങ്ക്യർക്കായി താമസസൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാണ്. എന്നാൽ ഗവൺമെന്റ് അതിനു അനുവാദം നൽകുന്നില്ല

സകാത്ത് ഫൗണ്ടേഷൻ ചെയർമാനും മനുഷ്യാവകാശ പ്രവർത്തകനുമായ സഫർ മഹമൂദ് പറയുന്നു. സകാത്ത് ഫൗണ്ടേഷൻ നേരത്തെ റോഹിങ്ക്യർക്ക് നിരന്തരം സഹായങ്ങൾ നൽകിയിരുന്നു. എന്നാൽ പിന്നീട് യുപി ഗവൺമെന്റ് സകാത്ത് ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ നിരന്തരം നിയന്ത്രിക്കുകയായിരുന്നു.

ഭരണത്തിലിരിക്കുന്ന ഹിന്ദുത്വശക്തികളുടെ മുസ്‌ലിം വിരുദ്ധത റോഹിങ്ക്യരോടുള്ള സമീപനത്തിലും കാണാൻ കഴിയുമെന്നും സഫർ മഹമൂദ് പറയുന്നു.

Be the first to comment on "ഇന്ത്യ തങ്ങളെ കാണുന്നത് സംശയത്തോടെ: റോഹിങ്ക്യൻ അഭയാർത്ഥികൾ"

Leave a comment

Your email address will not be published.


*