മുസഫർ നഗർ: കേസുകൾ പിൻവലിക്കാൻ നിർദേശിച്ചു യോഗി സർക്കാർ

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ 2013 ൽ നടന്ന കലാപവുമായി ബന്ധപ്പെട്ട പതിനെട്ടോളം കേസുകൾ പിൻവലിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി യുപി സർക്കാർ.

“മൂന്നു ദിവസം മുമ്പ് മുസഫർ നഗർ കലാപവുമായി ബന്ധപ്പെട്ട പതിനെട്ടോളം കേസുകൾ പിൻവലിക്കാൻ സംസ്ഥാന നിയമ വകുപ്പിൽ നിന്നും നിർദേശം ലഭിക്കുകയായിരുന്നു. വകുപ്പുകൾ പരിശോധിച്ച ശേഷം അവ കോടതിയിലേക്കയക്കും”.

മുസഫർ നഗർ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് രാജീവ് ശർമ്മ പറഞ്ഞു.

കലാപമുണ്ടാക്കുന്നതും കൊള്ളയും കൊലയും നടത്തുന്നതുമായി ബന്ധപ്പെട്ട ഐപിസി 147 ,148 ,397 വകുപ്പുകളാണ് പിൻവലിക്കാൻ നിർദേശം ലഭിച്ചത് എന്നറിയിച്ച ശർമ്മ കുറ്റാരോപിതരൊന്നും രാഷ്ട്രീയക്കാരല്ലെന്നും അറിയിച്ചു.

ഒരു വർഷം മുമ്പ് കലാപവുമായി ബന്ധപ്പെട്ടു കോടതിയിലുള്ള 125 കേസുകളുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ നിർദേശം. കൂടാതെ 125 കേസുകളും പിൻവലിക്കാനുള്ള സാധ്യതയെക്കുറിച്ച സർക്കാർ ആരാഞ്ഞതായും ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് അറിയിച്ചു.

ബിജെപി എംപിമാരുടെയും MLA മാരുടെയും അടക്കം പേരുകൾ ഇവയിൽ ഉൾപ്പെടും. 2013 ൽ മുസഫർ നഗറിലും സമീപ പ്രദേശങ്ങളിലും നടന്ന കലാപത്തിൽ 60 ൽ അധികം പേർ കൊല്ലപ്പെടുകയും നാല്പത്തിനായിരത്തിലധികം പേർ അഭയാർത്ഥികളാവുകയും ചെയ്‌തിരുന്നു.

കലാപത്തെക്കുറിച്ച്‌ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം 175 കുറ്റാന്വേഷണ പത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

Be the first to comment on "മുസഫർ നഗർ: കേസുകൾ പിൻവലിക്കാൻ നിർദേശിച്ചു യോഗി സർക്കാർ"

Leave a comment

Your email address will not be published.


*