കരീം മുസ്‌ലിയാർ: 10 ലക്ഷം രൂപ ധനസഹായവുമായി സമസ്‌ത. നിയമസഹായം പ്രഖ്യാപിച്ച് എസ്ഐഒ

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ജനുവരി മൂന്നിന് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനിടെ നടന്ന ആര്‍ എസ് എസ് ആക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ് ബായാര്‍ പള്ളിയിലെ ഇമാമായ കരീം മുസ്‌ലിയാർക്ക് ചികിത്സക്കും കേസ് നടത്തിപ്പിനും കുടുംബ സഹായത്തിനുമായി സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമാഹരിച്ച ഫണ്ടിന്റെ ആദ്യഘട്ടം 10 ലക്ഷം രൂപ അദ്ദേഹത്തിന് കൈമാറി.

നേരത്തെ സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോഡും SKSSF സഹചാരിയും പ്രാഥമിക ഫണ്ട് ചികിത്സാ ചെലവിനായി നൽകിയിരുന്നു.

കേസിലെ ഒന്നും രണ്ടും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടില്ല. കർണ്ണാടകയിൽ സംഘ്പരിവാർ സംഘത്തിൻ്റെ സംരക്ഷണത്തിലാണത്രെ പ്രതികൾ. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. പണ്ഡിതൻമാർക്ക് നിർഭയത്വത്തോടെ ജോലി ചെയ്യാൻ സുരക്ഷിതബോധം ഉറപ്പുവരുത്തണം. വർഗ്ഗീയ കലാപം വിതക്കാറുള്ള സംഘ്പരിവാർ ശ്രമത്തെ സർക്കാർ ചെറുക്കണം.

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.

ഒരാഴ്ചക്കകം പ്രതികളെ നിർബന്ധമായും പിടികൂടുമെന്നും പണ്ഡിതന്മാർക്ക് നിർഭയത്തത്തോടെ ജോലി ചെയ്യാൻ അവസരം സൃഷ്ടിക്കുമെന്നും എസ്.പി ഉറപ്പു നൽകിയതായും നാസർ ഫൈസി കൂടത്തായി പറഞ്ഞു.

നിയമസഹായവുമായി എസ്ഐഒ

കരീം മുസ്ല്യാര്‍ക്ക് നിയമ പോരാട്ടത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി പറഞ്ഞു.

ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് മംഗലാപുരം യൂനിറ്റി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കരീം മുസ്ലിയാരെ എസ്.ഐ.ഒ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു.

വ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും മുഖ്യ പ്രതികളക്കം മുഴുവന്‍ പേരേയും പിടികൂടാത്തത് അന്യേഷണ സംഘത്തിന്റെ അനാസ്ഥ കാരണമാണെന്ന് സാലിഹ് കോട്ടപ്പള്ളി പറഞ്ഞു.

ഒരുപാട് സംഘടനകളും വ്യക്തികളും ചികിത്സാ ചിലവിനുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ കൃത്യമായ നിയമ ഇടപെടലുകള്‍ നടത്താന്‍ കുടുംബത്തിന് നിയമസഹായങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ഈയൊരവസരത്തിലാണ് ലഭ്യമായ നിയമ സഹായങ്ങള്‍ നല്‍കാന്‍ എസ്.ഐ.ഒ മുന്നിട്ടിറങ്ങുന്നത്.

അദ്ദേഹം പറഞ്ഞു.

അപകടനില തരണം ചെയ്‌തു

കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തിലെ ബായാര്‍ പള്ളിയിലെ ഇമാമായി ജോലി ചെയ്യുന്ന കരീം മുസ്ലിയാര്‍ ബൈക്കില്‍ സഞ്ചരിക്കവേ ആര്‍.എസ്.എസുകാര്‍ ആണികള്‍ തറച്ച പട്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. നാല്‍പതോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പതിനൊന്ന് പേര്‍ മാത്രമാണ് ഇത് വരെ അറസ്റ്റ് ചെയ്യപ്പെട്ടത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കരീം മുസ്‌ലിയാർ അപകടനില തരണം ചെയ്‌തു സുഖം പ്രാപിച്ചു വരികയാണ്.

Be the first to comment on "കരീം മുസ്‌ലിയാർ: 10 ലക്ഷം രൂപ ധനസഹായവുമായി സമസ്‌ത. നിയമസഹായം പ്രഖ്യാപിച്ച് എസ്ഐഒ"

Leave a comment

Your email address will not be published.


*