മാൽഡ എംപി കോൺഗ്രസ്സ് വിട്ടു തൃണമൂലിലേക്ക്. ബംഗാളിൽ കോൺഗ്രസ്സിന് മരണമണി

പശ്ചിമബംഗാളിൽ ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസ്സും ശക്തമായി നിൽക്കുന്ന സമയത്തും കോൺഗ്രസിനെ കൈവിടാത്ത കോൺഗ്രസ്സ് കോട്ടയാണ് മാൽഡ. മാൽഡ നോര്‍ത്തില്‍ നിന്നുള്ള ലോക്‌സഭാംഗവും കോൺഗ്രസ്സ് നേതാവുമായ മൗസം ബേനസീര്‍ നൂര്‍ കോൺഗ്രസ്സ് പാളയം വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ബംഗാളിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മാൽഡയിൽ കോൺഗ്രസിൻ്റെ ശക്തി തകർത്തു സ്വാധീനം ഉണ്ടാക്കാൻ ഇതുവരെ തൃണമൂൽ കോൺഗ്രസ്സ് അടക്കമുള്ള പാർട്ടികൾക്ക് സാധിച്ചിരുന്നില്ല. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ആ മേഖലയിൽ വലിയ സ്വാധീനം ഉള്ള ലോകസഭാ എം.പി പാർട്ടി വിട്ടത് കോൺഗ്രസ്സിൻ്റെ ജനസ്വാധീനത്തെ വലിയതോതിൽ ബാധിക്കും.

പശ്ചിമബംഗാള്‍ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട്, എം.എൽ.എ എന്നീ നിലകളിൽ പ്രവർത്തിച്ച മൗസം നൂര്‍ 2009 ലാണ് മാൽഡ നോർത്ത് ലോകസഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടി എം.പിയാകുന്നത്.

മൗസം നൂറിനെ മുൻനിർത്തി മാൽഡയിൽ സ്വാധീനം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. കോൺഗ്രസിന് സ്വാധീനമുള്ള മാൽഡ കൂടി നഷ്ടപ്പെട്ടാൽ പശ്ചിമബംഗാളിൽ പാർട്ടി നാമാവശേഷമാകും.

മൗസം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാല്‍ഡ നോര്‍ത്തില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. മുര്‍ശിദാബാദ് അടക്കമുള്ള ജില്ലകളിലെ പ്രചാരണ ചുമതലയും മൗസത്തിന് ആയിരിക്കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് മൗസം തൃണമൂല്‍ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പിയെ നേരിടാനായി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മൗസം നൂര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കണമെന്ന നിലപാടുള്ള എം.പിയായിരുന്നു മൗസം നൂര്‍. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന എ.ബി.എ ഗനിഘാന്‍ ചൗധരിയുടെ മരുമകളാണ് മൗസം.

Be the first to comment on "മാൽഡ എംപി കോൺഗ്രസ്സ് വിട്ടു തൃണമൂലിലേക്ക്. ബംഗാളിൽ കോൺഗ്രസ്സിന് മരണമണി"

Leave a comment

Your email address will not be published.


*