വയനാട്ടിലെ ‘കോണ്‍ഗ്രസ് വക്കീലാ’വാന്‍ ടി.സിദ്ധീഖ്

നസീൽ വോയിസി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിപ്പട്ടികയാണ് എല്ലായിടത്തും ചര്‍ച്ച. സാധ്യതാ പട്ടികയും രഹസ്യ ധാരണയിലെത്തിയതും ഉറപ്പിച്ചതുമെല്ലാം വാര്‍ത്തകളാവുന്നു, ചര്‍ച്ചയാവുന്നു. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് വയനാട്. കഴിഞ്ഞ രണ്ടു തവണയും ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംഐ ഷാനവാസ് മരണപ്പെട്ടു എന്നത് തന്നെയാണ് കാരണം.  മൂന്നാം സീറ്റായി വയനാട് വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടതായി കേള്‍ക്കുന്നുണ്ട്. യാതൊരു സൂചനകളോ സ്ഥിരീകരണങ്ങളോ ഇല്ലെങ്കിലും, സുരക്ഷിത മണ്ഡലമെന്ന നിലയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിച്ചേക്കുമെന്ന സംസാരവുമുണ്ട്. ഇടതുപക്ഷത്തിന്റെ പട്ടികയില്‍ സിപിഐക്ക് തന്നെയാവും വയനാടെന്ന് ഏകദേശം ഉറപ്പിച്ച മട്ടാണ്. പുതുതായി കൂടെക്കൂട്ടിയ ഐഎന്‍എല്ലിനോ ജനദാതളിനോ സീറ്റ് കിട്ടാനുള്ള സാധ്യതകള്‍ ഇല്ലെന്നു തന്നെ പറയാം.   

Image result for wayanad

സഖ്യകക്ഷി ബാലന്‍സിങ്ങിനും വീതംവയ്പ്പിനുമെല്ലാം മീതെ, വയനാടിനാരെയാണ് വേണ്ടത് എന്നതാണ് ഇരുമുന്നണികളും കാര്യമായി പരിഗണിക്കേണ്ടത്, അല്ലെങ്കില്‍ അതാണ് പ്രധാനപ്പെട്ട ചോദ്യം. രണ്ടായിരത്തിയൊന്‍പതില്‍, മണ്ഡലം രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ എംഐ ഷാനവാസ് തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നര ലക്ഷത്തിലേറെയായിരുന്നു ഭൂരിപക്ഷം. എന്‍സിപി സ്ഥാനാര്‍ഥിയായി കെ.മുരളീധരന്‍ ഉണ്ടായിരുന്നിട്ടു കൂടി റെക്കോര്‍ഡിനു പോറലേറ്റില്ല. സിപിഎമ്മിന്റെ അഡ്വ.എം റഹ്മത്തുള്ളയായിരുന്നു ഇടതുപക്ഷസ്ഥാനാര്‍ഥി. വലിയ പ്രതീക്ഷയോട് കൂടി ലോക്‌സഭയിലെത്തിയ എംഐ ഷാനവാസിനു പക്ഷേ കാര്യമായി പ്രവര്‍ത്തിക്കാനായില്ല. ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും അദ്ദേഹം അസുഖബാധിതനായി.
2014ല്‍ രണ്ടാം വട്ടവും എംഐ ഷാനവാസ് തന്നെയാണ് യുഡിഎഫിനായെത്തിയത്. എതിര്‍ സ്ഥാനാര്‍ഥി സിപിഐയുടെ സത്യന്‍ മൊകേരി. വിജയിച്ചെങ്കിലും ഷാനവാസിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. ഒന്നര ലക്ഷത്തില്‍ നിന്ന് വെറും ഇരുപതിനായിരത്തിലേക്ക്. തെക്കന്‍ ജില്ലക്കാരനായ ജനപ്രതിനിധി മലബാറിനെ മനസ്സിലാക്കുന്നില്ലെന്നും വേണ്ട ശ്രദ്ധ കൊടുക്കുന്നില്ലെന്നുമുള്ള ശക്തമായ ക്യാംപയിനുകളായിരുന്നു കാരണം, അതില്‍ കാര്യവുമുണ്ടായിരുന്നു. 

Image result for celebration mi shanavas

2019ലെ പോരാട്ടം അടുത്തെത്തുമ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന ആവശ്യമതു തന്നെയാണ്. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികള്‍ വേണ്ട. മണ്ഡലത്തെ അറിയുന്ന, ഇവിടെ പ്രവര്‍ത്തിച്ചു പരിചയമുള്ള ഒരാള്‍ തന്നെ വേണം. യുഡിഎഫിന്റെ ശക്തമായ മണ്ഡലങ്ങളിലൊന്നായ ഇവിടേക്ക് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.ടി.സിദ്ധീഖിന്റെ പേരുയര്‍ന്നു കേള്‍ക്കുന്നതും അതുകൊണ്ടാണ്. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ പ്രധാനഭാഗങ്ങളെല്ലാം കോഴിക്കോട് ജില്ലയുടെ അതിരിനുള്ളിലാണ്. അവിടെ സിദ്ധീഖിനുള്ള ശക്തമായ പിന്തുണയും ശേഷമുള്ള മലപ്പുറം, വയനാട് ജില്ലകളിലെ പരിചയങ്ങളും സിദ്ധീഖിന്റെയും യുഡിഎഫിന്റെയും സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയിലുള്‍പ്പെട്ടതും രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരിലൊരാളായതുമെല്ലാം വ്യക്തിപരമായും സിദ്ധീഖിന് അനുകൂലമാവുന്നു. മൂന്നാമതൊരു സീറ്റ് എന്ന ആവശ്യത്തില്‍ വയനാട്ടിലേക്ക് കണ്ണുവക്കുന്ന മുസ്ലിം ലീഗും, സ്ഥാനാര്‍ഥി ടി.സിദ്ധീഖാണെങ്കില്‍ അയഞ്ഞേക്കും. പാണക്കാട് തങ്ങള്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായും യൂത്ത് ലീഗുമായുമെല്ലാമുള്ള സിദ്ധീഖിന്റെ സൗഹൃദമാണ് കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ടയായ കാസര്‍കോട്ട് പി.കരുണാകരനോട് മത്സരിക്കുമ്പോഴും ലീഗ് പിന്തുണ ശക്തമായി സിദ്ധീഖിനുണ്ടായിരുന്നു. ആറായിരത്തോളം വോട്ടിന്റെ  കുറഞ്ഞ മാര്‍ജിനിലാണ് കാസര്‍കോട്ട് സിദ്ധീഖ് പരാജയപ്പെട്ടത്.

Related image

വയനാട് മണ്ഡലത്തെ അടയാളപ്പെടുത്തുന്ന മറ്റു ചില പ്രധാന ഘടകങ്ങള്‍ കൂടിയുണ്ട്. കോണ്‍ഗ്രസിനായി ഒരു മുസ്ലിം സ്ഥാനാര്‍ഥിയെത്തിയാല്‍ വിജയിക്കുമെന്നുറപ്പുള്ള അപൂര്‍വം മണ്ഡലങ്ങളിലൊന്നാണിത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള കോണ്‍ഗ്രസ് പട്ടികയില്‍ (മുസ്ലിം ലീഗ് പേരുകളൊഴികെ) വേറൊരു മുസ്ലിം പ്രാതിനിധ്യം കണ്ടെത്തുക പ്രയാസകരമാവും. പാലക്കാട് ഷാഫി പറമ്പിലിന്റെ പേരുയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും വിജയസാധ്യത കുറവാണ്. ശബരിമല വിഷയത്തിലെ നിലപാടിന്റെ പേരിലും മറ്റും കോണ്‍ഗ്രസിനു നേരെയുയരുന്ന മൃതുഹിന്ദുത്വ ആരോപണങ്ങളെ നേരിടാന്‍ സ്ഥാനാര്‍ഥി പട്ടികയിലെ ന്യൂനപക്ഷപ്രാതിനിധ്യം ഏറെ നിര്‍ണായകവുമാണ്. 

മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിമര്‍ശനമുയരുമ്പോഴും ലോക്‌സഭയിലെ സാന്നിധ്യം കൊണ്ടും വിവിധ വിഷയങ്ങളിലെ മാധ്യമ രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടും എംഐ ഷാനവാസ് എല്ലാവരുമായി ചേര്‍ന്നു നിന്നിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ ചൂണ്ടിക്കാണിക്കാനും കൃത്യമായി അതിനെ പ്രതിരോധിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു. വയനാട് മണ്ഡലത്തെ കാര്യമായി ബാധിച്ച ഗെയില്‍ സമരം -മുസ്ലിം തീവ്രവാദികളാണ്- നടത്തുന്നതെന്ന  ഇടതു എംഎല്‍എ അടക്കമുള്ളവരുടെ ആരോപണങ്ങളെ മുന്നില്‍ നിന്നു നേരിട്ടത് അദ്ദേഹമായിരുന്നു. 
മണ്ഡലത്തിന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതോടൊപ്പം തന്നെ സംസ്ഥാന ദേശീയ രാഷ്ട്രീയരംഗത്ത് കൃത്യമായി അഭിപ്രായം രേഖപ്പെടുത്താനും ഇടപെടാനുമുള്ള യോഗ്യതയും പരിചയവും ടി.സിദ്ധീഖിനു കാര്യങ്ങള്‍ അനുകൂലമാക്കുന്നുണ്ട്. കാന്തപുരം സുന്നി വിഭാഗം, ഇകെ സമസ്ത, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങി വിവിധമുസ്ലിം ഗ്രൂപ്പുകള്‍ക്കിടയിലും, താമരശ്ശേരി രൂപതയടക്കമുള്ള കൃസ്ത്യന്‍ സമൂഹത്തിലും സ്വാധീനമുള്ളതും വോട്ടിങ്ങ് പാറ്റേണില്‍ സിദ്ധീഖിലൂടെ യുഡിഎഫിനു ഗുണം ചെയ്യും. സിദ്ധീഖിനെ സ്ഥാനാര്‍ഥിയായി വേണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ കെപിസിസിയെ അറിയിച്ചുകഴിഞ്ഞതായാണ് പിന്നണിസംസാരം.  

Image result for t siddiq

മറുവശത്ത് ഇടതുപക്ഷത്തിനു വയനാട് ഒരിക്കലും പ്രധാനപ്പെട്ടൊരു മണ്ഡലമാണെന്ന തോന്നലുണ്ടാക്കാനായിട്ടില്ല. ആദ്യം അഡ്വ.എം. റഹ്മത്തുള്ള, പിന്നീട് സിപിഐയിലെ സത്യന്‍ മൊകേരി എന്നിവരെയാണ് സ്ഥാനാര്‍ഥികളാക്കിയത്. ശക്തമായ എതിര്‍പ്പുകളും കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിയോജിപ്പുണ്ടായിട്ടും ഷാനവാസിനെതിരെ 2014ല്‍ വിജയിക്കാന്‍ സാധിച്ചില്ല. സ്ഥാനാര്‍ഥിയുടെ ശക്തി, ക്യാംപയിന്‍ എന്നതിനപ്പുറം യുഡിഎഫിലെ അസ്വാരസ്യമായിരുന്നു ഭൂരിപക്ഷം കുറഞ്ഞതിന്റെ പ്രധാന കാരണം. തിരുവമ്പാടി എംഎല്‍എ ജോര്‍ജ് തോമസിനെ പോലുള്ള നേതാക്കള്‍ ഗെയില്‍ സമരത്തിലടക്കം കൈകൊണ്ട നിലപാടുകള്‍ വരുംതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ പ്രയാസം സൃഷ്ടിച്ചേക്കും.

മൂന്നു ജില്ലകളിലായി പരന്നു കിടക്കുന്ന, ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളില്‍ പെട്ട വലിയ ശതമാനം വോട്ടര്‍മാരുള്ള മണ്ഡലമാണ് വയനാട്. കുടിവെള്ള പ്രശ്നം തൊട്ട് അഭിമുഖീകരിക്കാന്‍ അടിസ്ഥാന പ്രശ്നങ്ങള്‍ ധാരാളമുണ്ട്. മാറിമാറിവന്ന സര്‍ക്കാരുകള്‍ കാര്യമായി പരിഗണിക്കാത്ത ആദിവാസി ദളിത് വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ദേശീയശ്രദ്ധ ആവശ്യമുള്ളതാണ്. അതുന്നയിക്കപ്പെടുകയും അവരുടെ ചരിത്രവും വര്‍ത്തമാനവും അര്‍ഹിക്കുന്ന തരത്തില്‍ അടയാളപ്പെടുത്തപ്പെടണം. കായികപാരമ്പര്യവും ആ മേഖലയിലുള്ള സാധ്യതകളും മണ്ഡലത്തിന്റെ മറ്റൊരു സവിശേഷതയാണ്. മണ്ഡലത്തിന്റെ ഇത്തരം ആവശ്യങ്ങള്‍ നേരിട്ടറിയുന്ന, അതോടൊപ്പം തന്നെ, ജാതീയവും മതപരവുമായ കടന്നുകയറ്റങ്ങളും ഫാസിസത്തിന്റെ ഇടപെടലുകളും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കൃത്യമായി അടയാളപ്പെടുത്താനും പ്രതിരോധിക്കാനും സാധിക്കുന്ന ഒരു ജനപ്രതിനിധിയെയാണ് മണ്ഡലം പ്രതീക്ഷിക്കുന്നത്. നിലവിലെ അഭിപ്രായങ്ങളും പ്രകടനവും വച്ചുനോക്കുമ്പോള്‍ കോണ്‍ഗ്രസ് വക്കീലിനെതിരെയുണ്ടായിരുന്ന ‘തെക്കന്‍ സ്വഭാവമെന്ന” വിമര്‍ശനെത്തെ ഇല്ലാതാക്കാനും, ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി നിലകൊള്ളാനും, മണ്ഡലത്തില്‍ പരിചിത മുഖമായ ടി.സിദ്ധീഖിനു സാധിച്ചേക്കും.

Be the first to comment on "വയനാട്ടിലെ ‘കോണ്‍ഗ്രസ് വക്കീലാ’വാന്‍ ടി.സിദ്ധീഖ്"

Leave a comment

Your email address will not be published.


*