പൗരത്വനിയമ ഭേദഗതിക്കെതിരെ നോർത്ത് ഈസ്റ്റ്: 10 രാഷ്ട്രീയ പാർട്ടികളുടെ മുന്നണി

പൗരത്വനിയമ ദേദഗതി ബില്ലിനെ ഒരുമിച്ച് എതിർക്കാൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ 10 രാഷ്ട്രീയകക്ഷികൾ.

അസം ഗണപരിഷത് (എജിപി) അധ്യക്ഷൻ അതുൽ ബോറയുടെയുയും മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാങ്‌മയുടെയും നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണു തീരുമാനം.

ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡും (ജെഡിയു) യോഗത്തിനെത്തി.

ബില്ലിനെ ഒരുമിച്ചെതിർക്കുവാൻ യോഗം പ്രമേയം പാസാക്കിയതായി മിസോറം മുഖ്യമന്ത്രി സോറാംതാംഗ പറഞ്ഞു.

പുതിയ നിയമം നിലവിൽ വരുന്നതിലൂടെ ‘വിദേശികൾക്ക്’ പൗരത്വം ലഭിക്കും. അത് തങ്ങളുടെ തനതായ സംസ്ക്കാരം, ഭാഷ, തുടങ്ങിയവയെ നശിപ്പിക്കും, ആസ്സാമിൽ ഒരു ബംഗാളി രാജ്യം രൂപപ്പെടുന്നതിനു കാരണമാകും, തങ്ങളുടെ ജോലി, സാമ്പത്തികമായ വിഭവങ്ങൾ തട്ടിയെടുക്കും എന്നീ കാരണങ്ങൾ പറഞ്ഞാണ് പുതിയ നിയമ ഭേദഗതിക്കെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മൊത്തം പ്രതിഷേധം നടക്കുന്നത്

അതിനിടെ, നാഗാലാൻഡ് മന്ത്രിസഭാ യോഗം പൗരത്വ ബിൽ തള്ളി പ്രമേയം പാസാക്കി. ബിൽ സംസ്ഥാനത്തു ബാധകമായിരിക്കില്ലെന്നു യോഗം വ്യക്തമാക്കി. നാഷനൽ ഡെമോക്രാറ്റിക് പീപ്പിൾസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള നാഗാലാൻഡ് സർക്കാരിൽ ബിജെപിയും ജെഡിയുവും ഘടകകക്ഷികളാണ്.

പൗരത്വബില്ലിന്റെ പേരിൽ അസമിൽ എജിപി നേരത്തെ എൻഡിഎ വിട്ടിരുന്നു.

ഈ മാസാദ്യം ലോകസഭാ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിനു കാരണമാവുകയാണ്. ഇന്ത്യയിൽ 6 വർഷം സ്ഥിരതാമസമായ ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ മുസ്‌ലിം മതവിഭാഗങ്ങൾ ഒഴികെ ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണു ഭേദഗതി ബിൽ.

Be the first to comment on "പൗരത്വനിയമ ഭേദഗതിക്കെതിരെ നോർത്ത് ഈസ്റ്റ്: 10 രാഷ്ട്രീയ പാർട്ടികളുടെ മുന്നണി"

Leave a comment

Your email address will not be published.


*