ഈ രാജ്യത്തെ എഡിറ്റർമാരുടെയെല്ലാം മുതലാളി അമിത് ഷാ: തേജസ്വി യാദവ്

സാമൂഹ്യനീതി ലക്ഷ്യം വെച്ചുള്ള സംവരണത്തെ അട്ടിമറിക്കാൻ മുന്നാക്കവിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് സാമ്പത്തികസംവരണം എന്ന ആശയവുമായി മുന്നോട്ട് നീങ്ങുന്ന ബിജെപി ഗവണ്മെന്റിനെതിരെ രൂക്ഷവിമർശനവുമായി ദലിത് ബഹുജൻ മുസ്‌ലിം രാഷ്ട്രീയനേതാക്കൾ.

ചൊവ്വാഴ്ച്ച ഡൽഹിയിൽ സംഘടിപ്പിച്ച നാഷണൽ കൺവെൻഷൻ ഓൺ സോഷ്യൽ ജസ്റ്റിസ്റ്റിൽ സംസാരിച്ച നേതാക്കൾ നരേന്ദ്ര മോദി ഭരണകൂടത്തിനെതിരെയും സംവരണം അട്ടിമറിക്കപ്പെടുന്നതിനെതിരെയും കൂട്ടായ പ്രക്ഷോഭത്തിന്‌ ആഹ്വാനം ചെയ്‌തു

കൺവെൻഷനിൽ പങ്കെടുത്തവരുടെ സംസാരങ്ങളിലൂടെ:

തേജസ്വി യാദവ് (ആർ.ജെ.ഡി, പ്രതിപക്ഷ നേതാവ്-ബീഹാർ)

ഇന്ത്യയുടെ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും തകർത്തുകൊണ്ടിരിക്കുന്നത് ആരാണെന്നു നിങ്ങൾക്കെല്ലാം അറിയാം. ഗോൾവാൾക്കറിൻ്റെയും ഗോഡ്സേയുടെയും അനുയായികളാണ് അവർ. മനുവാദത്തിൻ്റെ ഭാഗമായി അവർ ഈ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെ തകർത്തുകൊണ്ടിരിക്കുകയാണ്. അതിൽ നിന്ന് ഒരു മാറ്റം വേണമെങ്കിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക വളരെ അത്യാവശ്യമാണ്.

ലാലു പ്രസാദ് യാദവ് തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ വിചാരധാര കയ്യിൽ പിടിച്ചു വീടുകൾ കയറിയിറങ്ങി സംഘപരിവാർ ആശയങ്ങളുടെ അപകടത്തെ ജനങ്ങളിലേക്ക് എത്തിച്ചിരുന്നു. നമ്മുടെ പ്രതികരണം എന്താണെന്നു അറിയാൻ വേണ്ടി മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം നൽകി തെർമോമീറ്റർ വെച്ചു പരിശോധിക്കുകയാണ്.

ഗിരിരാജ് സിംഗിനെ പോലുള്ള ബി.ജെ.പി നേതാക്കൾ അവരെ എതിർക്കുന്നവരെ പാകിസ്ഥാനിലേക്ക് പറഞ്ഞയക്കാനുള്ള ശ്രമത്തിലാണ്. ഗിരിരാജ് സിംഗിൻ്റെ അച്ഛൻ്റെ വകയല്ല ഈ രാജ്യം എന്ന് മനസിലാക്കണം. സംഘപരിവാറിനോട് സന്ധി ചെയ്യാത്തത് കൊണ്ടാണ് ലാലു പ്രസാദ് യാദവ് ഇന്നും ജയിലിൽ കിടക്കുന്നത്. വെടിയുണ്ടകൾ ഏൽക്കേണ്ടി വന്നാലും ഈ പോരാട്ടത്തിൽ നിന്നും നമ്മൾ പിന്മാറില്ല.

വൈവിധ്യങ്ങളെ മൊത്തം നിശബ്ദമാക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. രാജ്യത്തെ എല്ലാ പത്രാധിപന്മാരുടെയും മുതലാളിയാണ് അമിത് ഷാ. ഏതെങ്കിലും മാധ്യമ പ്രവർത്തകർ ബി.ജെ.പിക്കെതിരെ വാർത്ത നൽകിയാൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് നേരിട്ട് വിളിയെത്തും. പിന്നെ അയാൾ ആ ജോലി
ഉപേക്ഷിച്ചു പക്കുവട വിൽക്കാൻ ഇറങ്ങേണ്ടി വരും.

രാജേന്ദ്ര പാൽ ഗൗതം (ടുറിസം മന്ത്രി, ഡൽഹി. എ.എ.പി നേതാവ്)

ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ സമ്മതത്തോടും ആം ആദ്‌മി പാർട്ടിയുടെ തീരുമാനത്തോടും കൂടിയാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യ സഭയിലും ലോകസഭയിലും ശബ്ദമുയർത്താൻ നൂറു ശതമാനം പിന്തുണയും എ.എ.പിയുടെ ഭാഗത്തു നിന്നുണ്ടാകും. മുഖ്യധാരാ പാർട്ടികളിലെ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള എം.എൽ.എ മാരും എം.പിമാരും അവരുടെ സമുദായങ്ങളുടെ താല്പര്യങ്ങളോട് നീതികാണിക്കുന്നില്ല. അങ്ങനെയുള്ള നേതാക്കന്മാരെ തെരുവിൽ ഖരാവോ ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം

ജസ്റ്റിസ് വി. ഈശ്വരയ്യ (മുൻ ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്)

കേന്ദ്ര സർക്കാർ മുന്നാക്ക വിഭാഗങ്ങൾക്ക് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്തിയ നടപടിക്കെതിരെ പിന്നാക്ക സമുദായങ്ങൾ ഒന്നിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. മുന്നാക്ക വിഭാഗങ്ങൾക്ക് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്തുന്ന നടപടി ഭരണഘടനയെ മാനഭംഗപ്പെടുത്തുന്നതിന് തുല്യമാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകർക്കുന്നതാണ് ഈ മുന്നാക്ക വിഭാഗങ്ങൾക്ക് നൽകുന്ന സംവരണം.

ഈ നടപടിയിലൂടെ പിന്നാക്ക വിഭാഗങ്ങളെ നിയമപരമായി തന്നെ വിവേചനവിധേയരാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല മൗലികാവകാശത്തിലെ ആർട്ടിക്കിൾ 14 ൻ്റെ ലംഘനമാണ് ഈ സംവരണം. അതിനെ അനുകൂലിക്കുന്ന ജഡ്ജിമാർക്കെതിരെ സംസാരിച്ചാൽ കോടതിയലക്ഷ്യ കുറ്റമായിരിക്കും. എന്നാൽ അത്തരം ജഡ്‌ജിമാർക്കെതിരെ വിമർശനം ഉയരണം എന്ന അഭിപ്രായക്കാരനാണ് ഞാൻ.

ആർ.ജെ.ഡി സ്വീകരിച്ചത് പോലുള്ള ഒരു നിലപാട് മായാവതിയും അഖിലേഷ് യാദവും സ്വീകരിക്കാത്തത് ദുഃഖകരണമാണ്. മുന്നാക്ക വിഭാഗങ്ങൾക്ക് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്തുന്ന നടപടിക്കെതിരെ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളെ ഞാൻ അഭിനന്ദിക്കുന്നു.

വാമൻ മിശ്രം (ബി.എ.എം.സി.ഇ.എഫ് പ്രസിഡണ്ട്)

മുന്നാക്ക വിഭാഗങ്ങൾക്ക് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം നൽകിയത് സാമൂഹികമായ മാറ്റങ്ങൾ ഉണ്ടാക്കും എന്ന വിഷയത്തിനപ്പുറം അത് ഒരു രാഷ്ട്രീയ തീരുമാനമാണ്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടണം. നമ്മൾ സംഘടിച്ചു അതിനെതിരെ തെരുവിൽ ഇറങ്ങി പോരാടണം. അവരെ തിരഞ്ഞെടുപ്പുകളിൽ പരാജയപെടുത്തണം.

ഇപ്പോൾ ബി.ജെ.പി ജയിക്കുന്നത് വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ്. സുപ്രീം കോടതി തന്നെ ഇ.വി.എം ഹാക്ക് ചെയ്യാൻ പറ്റും എന്ന് പറഞ്ഞിട്ടുണ്ട്. 2004 ലും 2009 ലും കോൺഗ്രസ് പാർട്ടി ജയിച്ചത് ഇ.വി.എമ്മിലെ അട്ടിമറിയിലൂടെയാണ്.

Related image

ജിഗ്നേഷ് മേവാനി (എം.എൽ.എ , ഗുജറാത്ത്)

2019 ൽ ഫാസിസ്റ്റ് ശക്തികളെ തകർക്കുക എന്നുള്ളതാണ് നമ്മുടെ പ്രധാന ലക്ഷ്യം. നമ്മൾ ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നു എന്നതിലല്ല കാര്യം. ഫാസിസ്റ്റു ശക്തികളെ പരാജയപ്പെടുത്താൻ ഒന്നിക്കുക എന്നുള്ളതാണ് നമ്മുടെ ലക്ഷ്യം.

സംവരണം ഒരു ദാരിദ്ര്യ നിർമാർജന പദ്ധതിയായി തെറ്റിദ്ധരിക്കരുത്. സംവരണം സാമൂഹിക നീതി ലഷ്യം വെച്ചിട്ടുള്ളതാണ്. നാഗ്‌പൂരിൽ നിന്നുള്ള റിമോട്ട് കണ്ട്രോൾ ആണ് മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്ന നടപടിക്ക് പിന്നിൽ.

മനോജ് ഝാ (രാജ്യസഭാ എം.പി- ആർ.ജെ.ഡി)

തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ എല്ലാ സീറ്റുകളിലും പരാജയപ്പെട്ടാലും പ്രശ്നമില്ല. ഞങ്ങൾ ഈ പോരാട്ടത്തിൽ നിന്ന് പിന്മാറില്ല. വിചാരധാരയും മനുസ്‌മൃതിയും മുന്നിൽ വെച്ചാണ് ബി.ജെ.പി ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പി യിലെ പിന്നാക്ക വിഭാഗത്തിലെ എം.പിമാർ പാർലമെൻറ്റിലെ എൻ്റെ പ്രസംഗത്തിന് ശേഷം എന്നെ അഭിനന്ദിച്ചുകൊണ്ട് സംവരണ വിഷയത്തിൽ പറഞ്ഞ അഭിപ്രായങ്ങൾ വളരെയധികം ശരിയാണെന്നു പറഞ്ഞു. പിന്നെ നിങ്ങൾ എന്തിനാണ് മിണ്ടാതിരിക്കുന്നതെന്നു അപ്പോൾ ഞാൻ അവരോടു ചോദിച്ചു.

(അലി അൻവർ- എൽ.ജെ.ഡി, മുൻ എം.പി)

ഈ രാജ്യത്തെ മുസ്‌ലിംകളെ ന്യൂനപക്ഷം എന്ന കളത്തിനു അകത്തു തന്നെ തളച്ചിടാൻ ശ്രമിക്കുകയാണ് സംഘപരിവാർ ചെയ്യുന്നത്. ന്യൂനപക്ഷം എന്ന കാറ്റഗറിക്ക് പുറത്തുകടക്കാൻ ഇതുവരെ മുസ്‌ലിംകൾ സാധിച്ചിട്ടില്ല. മുസ്‌ലിംകൾ ന്യൂനപഷം എന്ന കളത്തിനു പുറത്തുവന്നു പിന്നാക്ക സമുദായങ്ങളുടെ ഒപ്പം ചേർന്ന് ബഹുജൻ എന്ന കൂട്ടായ്‌മയുടെ ഭാഗമാവണം.

Be the first to comment on "ഈ രാജ്യത്തെ എഡിറ്റർമാരുടെയെല്ലാം മുതലാളി അമിത് ഷാ: തേജസ്വി യാദവ്"

Leave a comment

Your email address will not be published.


*