പാകിസ്ഥാനി പാസ്പോര്‍ട്ടുള്ള മലയാളി പ്രവാസിയുടെ കഥ

പികെ ഹാഷിമെന്ന മലയാളി ജനിച്ചത് കണ്ണൂരിലാണ്. എട്ടാം ക്ലാസ് വരെ പഠിച്ചതും ഇവിടെത്തന്നെ.  പക്ഷേ പാസ്പോര്‍ട്ട് പാകിസ്ഥാനിയാണ്, ജീവിക്കുന്നത് പ്രവാസിയായി യുഎഇയിലും! പൗരത്വത്തിന്റെ നൂലാമാലകളില്‍പെട്ട് സ്വദേശത്തേക്ക് മടങ്ങാനാവാതെ പ്രയാസപ്പെടുന്ന എഴുപത്തിനാലു വയസ്സുള്ള ഈ  കണ്ണൂരുകാരന്റെ ജീവിതം സിനിമാകഥകളെ വെല്ലുന്നതാണ്. മോഹന്‍ലാല്‍ നായകനായ പരദേശിയെന്ന സിനിമയോട് സാമ്യമുള്ള ജീവിതം.

Image result for paradeshi movie malayalam

1945ല്‍ കണ്ണൂരില്‍ ജനിച്ച പികെ ഹാഷിം തന്റെ പതിനേഴാം വയസ്സിലാണ് തന്റെ സഹോദരങ്ങളോടും ഉമ്മയോടുമൊപ്പം പാകിസ്ഥാനിലെത്തിയത്. 1962ലായിരുന്നു അത്. കുടുംബം പോറ്റാനായി അതിനും ഏഴു വര്‍ഷം മുന്‍പേ പാകിസ്ഥാനിലെത്തിയ മുതിര്‍ന്ന സഹോദരന്‍ പികെ അഹമ്മദിന്റെയടുത്തേക്കായിരുന്നു ഇവര്‍ ചെന്നത്. പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 1975ല്‍ ഹാഷിമും സഹോദരന്‍ അഹമ്മദും ഭാഗ്യം തേടി ഗള്‍ഫ് മണ്ണിലെത്തി. ഉമ്മയും ബാക്കിയുള്ള സഹോദരങ്ങളും അപ്പോഴും പാകിസ്ഥാനിലായിരുന്നു. നാലു വര്‍ഷത്തിനു ശേഷം സഹോദരന്‍ അഹമ്മദ് പാകിസ്ഥാനിലേക്ക് തിരിച്ചെത്തി, അവിടെ നിന്ന് ഉമ്മയെയും സഹോദരങ്ങളെയും കൂട്ടി സ്വദേശമായ കണ്ണൂരില്‍ തിരിച്ചെത്തി. 

ജന്മനാട്ടിലെത്തി ഏഴു വര്‍ഷം കഴിഞ്ഞപ്പോഴേക്കും സഹോദരന്‍ അഹമ്മദിനും ഉമ്മക്കും സഹോദരങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വം കിട്ടി. ഹാഷിം അപ്പോഴും ഗള്‍ഫിലായിരുന്നു, കയ്യിലുള്ളത് പാകിസ്ഥാനി പാസ്പോര്‍ട്ടും.

സന്ദര്‍ശകവിസയിലായിരുന്നു നാട്ടിലേക്കുള്ള വരവുകള്‍. 1979ല്‍ ജന്മനാടായ കണ്ണൂരില്‍ വച്ചുതന്നെയായിരുന്നു ഹാഷിമിന്റെ വിവാഹവും. ആദ്യത്തെ രണ്ടു കുട്ടികളും ജനിച്ചത് ഇന്ത്യയില്‍ വച്ചു തന്നെയായതിനാല്‍ പൗരത്വത്തിന്റെ പ്രശ്നമുദിച്ചില്ല. മൂന്നാമത്തെ മകന്‍ ജനിച്ചത് യുഎഇയില്‍ വച്ചായതിനാല്‍ പാസ്പോര്‍ട്ട് പാകിസ്ഥാന്റേതായി. പക്ഷേ അഞ്ചു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ പാസ്പോര്‍ട്ടിനു അപേക്ഷിക്കുകയും അനുവദിച്ചുകിട്ടുകയും ചെയ്തു. 

കുടുംബസമേതം യുഎഇയില്‍ താമസിക്കുമ്പോഴും എല്ലാ വര്‍ഷവും ഹാഷിമും കുടുംബവും നാട്ടിലെത്താറുണ്ടായിരുന്നു. കുടുംബം ആദ്യവും പിന്നീട് സന്ദര്‍ശകവിസ അനുവദിച്ചു കിട്ടുമ്പോള്‍ മുന്നോ നാലോ മാസത്തിനു ശേഷം ഹാഷിമും എത്തും. 

പക്ഷേ കഴിഞ്ഞ രണ്ടര വര്‍ഷത്തിലേറെയായി  ഹാഷിമിനു നാട്ടിലേക്കെത്താനായിട്ടില്ല. സന്ദര്‍ശകവിസ അനുവദിച്ചു കിട്ടാത്തതാണ് കാരണം. അവസാന വിസ അപ്ലിക്കേഷനോടൊപ്പം ആവശ്യമായ രേഖകളെല്ലാമുണ്ടായിട്ടും ഹാഷിമിന്റെ ഫോട്ടോ ഇന്ത്യയിലെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയില്ല എന്ന കാരണത്താല്‍ നിരസിക്കപ്പെടുകയായിരുന്നത്ര. ഹാഷിമിനെ കാണാതെ ഇന്ത്യയിലുള്ള ഓഫിസര്‍ എങ്ങനെ അറ്റസ്റ്റ് ചെയ്യാനാണ്, യുഎഇയില്‍ താമസിക്കുന്ന വിസയില്ലാതെ ഇന്ത്യയിലേക്ക് പോകാനാവാത്ത ഹാഷിമെങ്ങനെ ഓഫിസറുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാനാണ് എന്നതൊക്കെ  ചോദ്യങ്ങള്‍.

കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ പൗരത്വം അനുവദിച്ചു കിട്ടാനായി നിരന്തരം അപേക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെ അധികൃതരുടെ പച്ചക്കൊടി കിട്ടിയിട്ടില്ല.
വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ പ്രയാസപ്പെടുന്ന ഹാഷിമിന്റെ കുടുംബവും സമ്പത്തുമെല്ലാമുള്ള കണ്ണൂരിലാണ്. ഹൃദയശസ്ത്രക്രിയയടക്കമുള്ള ചികിത്സകളെല്ലാം ചെയ്തിരുന്നതും ഇന്ത്യയിലാണ്. ജന്മനാട്ടിലേക്കെത്താനാവാതായതോടുകൂടി ചികിത്സയും പ്രയാസത്തിലായിരിക്കുകയാണ്.

യുഎഇ പത്രമായ ഖലീജ് ടൈംസില്‍ ഹാഷിമിനെക്കുറിച്ചു വന്ന വാര്‍ത്ത കണ്ട് ഇടപെടലുകളുണ്ടാവുന്നുണ്ട്.  1988 മുതല്‍ 2005 വരെയായി അദ്ദേഹം സമര്‍പ്പിച്ച അപേക്ഷകള്‍ അഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര ശ്രദ്ധയില്‍പെടുത്തുമെന്നും പെട്ടെന്നു ഇടപെടലുണ്ടാക്കാന്‍ ശ്രമിക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ഖലീജ് ടൈംസിനോട് പ്രതികരിച്ചിട്ടുണ്ട്.

(ഖലീജ് ടൈംസില്‍ സാഹിം സലിം എഴുതിയ വാര്‍ത്തയില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി തയാറാക്കിയത്. വിവരങ്ങള്‍ക്കും ഫോട്ടോക്കും കടപ്പാട് – ഖലീജ് ടൈംസ്)

Be the first to comment on "പാകിസ്ഥാനി പാസ്പോര്‍ട്ടുള്ള മലയാളി പ്രവാസിയുടെ കഥ"

Leave a comment

Your email address will not be published.


*