അഭിമുഖം/ സോണിസോറി: ആദിവാസികുട്ടികൾക്കായുള്ള സ്‌കൂളുകളിലെ ഭരണകൂടപദ്ധതികൾ

2018 ലെ മനുഷ്യാവകാശ സംരക്ഷണത്തിനുള്ള Frontline Defenders Award ജേതാവ് പൊലീസുകാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ക്രൂരമായ പീഡനങ്ങളെ അതിജീവിക്കുകയും അത്തരം ഭരണകൂടഭീകരതകളെ അതിജീവിച്ച ആദിവാസികളുടെ നീതിക്കുവേണ്ടി പോരാടുകയും ചെയ്യുന്ന സോണി സോറിയാണ്.

ഇന്ത്യയിലെ ഏറ്റവും ധാതു സമ്പന്നമായ സംസ്ഥാനങ്ങളിലൊന്നായ ഛത്തീസ്‌ഗഡിലെ ബസ്തർ ജില്ലയിലുള്ള “ഒരു ചെറിയ ടീച്ചർ” മാത്രമാണ് താൻ എന്നാണ് സോണി സോറി തന്നെ വിശേഷിപ്പിക്കുന്നത്.

എന്നാൽ ജയിലിൽ വെച്ച് തനിക്കുണ്ടായ ദാരുണാനുഭവങ്ങൾ ഉറക്കെ വിളിച്ച് പറഞ്ഞ്, ‘മാവോയിസ്റ്റ് തീവ്രവാദത്തിനെതിരെ’ പോരാടുവാൻ ഗവൺമെൻറ് നിയമിച്ചിട്ടുള്ള കേന്ദ്രസർക്കാർ സുരക്ഷാ സൈനികരുടെയും പോലീസുകാരുടെയും ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരായ ആദിവാസി സ്ത്രീകളെ അവർ അനുഭവിച്ച അക്രമങ്ങളും അപമാനങ്ങളും തുറന്ന് പറയാൻ സജ്ജരാക്കുകയാണ് സോണി സോറി.

എന്തിനാണ് ഭരണകൂടങ്ങൾ ആദിവാസികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നതിനെക്കുറിച്ച് സോണിസോറി മാധ്യമപ്രവർത്തക ദിൽനാസ് ബോഗിയോട് സംസാരിക്കുന്നു.

ന്യൂ ഇന്റർനാഷണലിസ്റ്റ് മാഗസിൻ പ്രസിദ്ധീകരിച്ച അഭിമുഖത്തിലൂടെ:

തങ്ങളുടെ അവസ്ഥയെക്കുറിച്ച് ആദിവാസികൾ എന്താണ് ചിന്തിക്കുന്നത്?

ആദിവാസികളെ കുറിച്ച് ഏറ്റവും ആദ്യം ചോദിക്കപ്പെടുന്ന ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ടാണ് ഞങ്ങൾക്ക് പൊലീസിൽനിന്ന് മർദ്ദനമേൽക്കുന്നത്? എന്തുകൊണ്ട് അവർ ഞങ്ങളുടെ വീട്ടിൽ വന്ന് ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കടക്കുകയും ഞങ്ങളുടെ അരിയും ധാന്യങ്ങളും ഭക്ഷിക്കുകയും മൃഗങ്ങളെപ്പോലെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്നു?… ഞങ്ങൾ ഗവൺമെന്റിനോട് വൈദ്യുതിയോ വെള്ളമോ ഗതാഗത സൗകര്യമോ വിദ്യാലയമോ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങൾ ഞങ്ങളുടെ വെള്ളംകൊണ്ടും കാടും ഭൂമി (ജൽ, ജമീൻ, ജങ്കൽ) സന്തുഷ്ടരാണ്.

പൊലീസുകാരോടും നക്സലൈറ്റുകളോടും ഞങ്ങൾ ഒരു പോലെയാണ് പെരുമാറുന്നത്. അവർ ഞങ്ങളോട് വെള്ളം ആവശ്യപ്പെടുമ്പോൾ ഞങ്ങൾ അവർക്ക് ഒരിക്കലും കൊടുക്കാതിരിക്കാറില്ല. പിന്നെ എങ്ങനെയാണ് ഞങ്ങൾ തെറ്റുകാരാവുന്നത്?

എന്തിനാണ് നക്സൽ കമ്മിറ്റി മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നത് എന്ന് പോലീസ് ഞങ്ങളോട് ചോദിക്കാറുണ്ട്. ഇത്തരം മീറ്റിങ്ങുകളിൽ ഞങ്ങൾ പോവാതിരുന്നാലും പ്രശ്നമാണ് .

ടാങ്കറുകളിൽ നിന്ന് സ്ത്രീകൾ വെള്ളമെടുക്കാൻ പോകുമ്പോൾ, വരിക്ക്‌ വച്ചിരിക്കുന്ന അവരുടെ പാത്രങ്ങൾ ദൂരേക്കെറിഞ്ഞു കൊണ്ട് അവിടെ കാവൽ നിൽക്കുന്ന പോലീസുകാർ പറയും. “ഇത് ഞങ്ങളുടെ ഗവൺമന്റിന്റെ വെള്ളമാണ്. ഈ വെള്ളമെടുക്കാൻ നിങ്ങൾക്ക് അവകാശമില്ല”. എന്തിനാണ് ഞങ്ങളോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്?

ഞങ്ങൾ ആദിവാസികൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്തതിനാലോ ഞങ്ങളുടെ കയ്യിൽ പണമോ കാറുകളോ ഇല്ലാത്തതു കൊണ്ടോ ആയിരിക്കാം ചിലപ്പോൾ ഗവൺമെൻറ് ഞങ്ങളോട് വിമുഖത പ്രകടിപ്പിക്കുന്നത് എന്നെല്ലാം ആളുകൾ എന്നോട് പറയാറുണ്ട്. അപ്പോൾ ഞാൻ അവരോട് പറയാറുള്ളത് “ഈ കാടും വെള്ളവുമെല്ലാം നമ്മുടേതാണ്. അവർക്കത് ആവശ്യമുള്ളത് കൊണ്ടാണ് അവർ നമ്മളെ മർദ്ദിക്കുന്നത്” എന്നാണ്.

നിങ്ങൾ ഈ അനീതിക്കെതിരെ പോരാടണം. ആരെങ്കിലും നിങ്ങളെ പീഡിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങൾ അത് വിളിച്ച് പറയണം എന്നൊക്കെ ഞാനവരോട് പറയുമ്പോൾ ആ സ്ത്രീകൾ ധൈര്യവതികൾ ആകുന്നതും ആത്മവിശ്വാസത്തോടെ നമുക്ക് പോരാടാം എന്നും പറയാറുണ്ട്.

ആദിവാസികൾക്കിടയിൽ മംഗല്യസൂത്രം എന്ന സങ്കൽപ്പം ഇല്ല എങ്കിൽ കൂടി ഇപ്പോൾ ചില ആദിവാസി പെൺകുട്ടികൾ അത് ധരിക്കാൻ തുടങ്ങിയിട്ടുണ്ട്. പോലീസിന്റെയും മറ്റ് സുരക്ഷാസൈനികരുടെയും, അവിവാഹിതരായ കന്യകമാരുടെ മേലുള്ള കാമവെറിയിൽ നിന്നും മോചനം കിട്ടുമെന്ന് പ്രേരണയിലാണ് അവർ ഇത് ധരിക്കുന്നത്. പക്ഷേ എന്നിട്ടും ആ പെൺകുട്ടികൾക്ക് ഇത്തരം അപമാനങ്ങളിൽ നിന്നും അധിക്ഷേപങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ഇത്തരം ആക്രമണങ്ങളോട് പുരുഷന്മാർ എങ്ങനെയാണ് പ്രതികരിക്കുന്നത്?

പോലീസ് കാണുകയാണെങ്കിൽ ഒന്നുകിൽ അവർ ഒരു ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെടും അല്ലെങ്കിൽ മാവോയിസ്റ്റ് എന്ന കാരണത്താൽ ബലാൽക്കാരമായി ജയിലിലടക്കപ്പെടും.

ഇക്കാരണം കൊണ്ട് എവിടെ പോലീസിനെ കാണുകയാണെങ്കിലും അവർ ഓടുകയോ രക്ഷപ്പെടുകയും ചെയ്യും. ഒരാൾ മുന്നിൽ നിന്ന് നയിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും അവർ ഒരുമിക്കുകയും പ്രതിരോധിക്കുകയും ചെയ്തിരുന്നു.

ഭാഷയും ഇവിടെ ഒരു പ്രശ്നമാണ്. ഭരണഘടനയും നിയമങ്ങളും മനസ്സിലാക്കാനുള്ള കഴിവോ അവകാശങ്ങൾ നേടിയെടുക്കാനുള്ള പ്രാപ്തിയോ അവർക്കില്ല. വിദ്യാഭ്യാസ സൗകര്യങ്ങൾ എല്ലായിടത്തും ലഭ്യമാണെന്ന് ഛത്തീസ്ഗഡ് സർക്കാർ വീരവാദം മുഴക്കുന്നത് ഒരു നുണയാണ്. ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും വിദ്യാഭ്യാസസൗകര്യങ്ങൾ ലഭ്യമല്ല. ഇനി അഥവാ ഇത്തരം സൗകര്യങ്ങൾ വന്നാൽത്തന്നെ അത് ഗവണ്മെന്റിന് തന്നെ ബുദ്ധിമുട്ട് ആയി മാറും.

ആദിവാസികൾ നേരിടുന്ന മറ്റു പ്രശ്നങ്ങൾ എന്തൊക്കെയാണ്?

ആദിവാസി സമുദായത്തിലെ മുതിർന്നവർ ഹൈന്ദവ രീതിയിലുള്ള ആഘോഷങ്ങൾക്ക് എതിരെ നിൽക്കുന്നവരാണ്. അവർ ഞങ്ങളുടെ സമുദായത്തിലെ ഏറ്റവും പ്രായമുള്ളവരാണ്. മാത്രവുമല്ല, ഞങ്ങളുടെ ജീവിതരീതി മുഖ്യമായും മൂന്ന് ഘടകങ്ങളുടെ സമഗ്രമായ നിലനിൽപ്പിൽ ആണ് നിലനിൽക്കുന്നത്. ജൽ ജങ്കൽ ജമീൻ. പ്രകൃതിയെയാണ് ഞങ്ങൾ ആരാധിക്കുന്നത്. മറ്റു ആഘോഷങ്ങളെല്ലാം തന്നെ “പുറത്തുപോയവർ” കൊണ്ടുവന്ന ഒരുതരം വിദേശ സംസ്കാരം ആയിട്ടാണ് ഞങ്ങൾക്ക് തോന്നാറുള്ളത്.

ഒരിടത്ത് സാംസ്കാരിക ശോഷണം ഉയർന്നുവരുമ്പോൾ മറുഭാഗത്ത് തങ്ങളുടെ സ്വത്വ പ്രതിസന്ധിയും അതിജീവനവും ബുദ്ധിമുട്ടിലായിത്തീരുകയാണ്‌. ഭൂമിക്കും കാടിനും ആവാസവ്യവസ്ഥയ്ക്കും നാശനഷ്ടം വരുത്തുമെന്ന പേടിയിൽ മുതിർന്നവർ ഒരിക്കലും കരിമരുന്ന്,പടക്ക പ്രയോഗങ്ങൾ ദീപാവലി സമയത്ത് അനുവദിക്കാറില്ല.

ഞങ്ങളുടെ സംസ്കാരത്തിന് വിഭിന്നമായി, തികച്ചും ഭൗതികമായ ജീവിതരീതിക്ക് പ്രാധാന്യം കൊടുക്കുന്ന എന്തിനെയും അവർ എതിർക്കുന്നു. രക്ഷാബന്ധനെകുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ ബന്ധങ്ങളും ഹൃദയങ്ങൾ കൊണ്ടാണ് ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും ഒരു നൂൽ കഷ്ണം കൊണ്ട് കൂട്ടിച്ചേർക്കപ്പെടേണ്ടതല്ല എന്നുമാണ് അവരുടെ വാദം.

എന്നാൽ പുതിയ തലമുറയിലെ ചിലർ ആദിവാസി ഗോത്ര സമുദായത്തിലെ പരമ്പരാഗതഘടനയിൽ നിന്നും അല്പം വ്യതിചലിച്ച് സഞ്ചരിക്കുന്നവരാണ്. ആദിവാസി മൂപ്പന്മാരുടെ ഇത്തരം നിർബന്ധബുദ്ധികളെ അവരിൽ ചിലർ പ്രാകൃത മനോഭാവം എന്നൊക്കെയാണ് പറയുന്നത്. മാത്രവുമല്ല, ആദിവാസി കുട്ടികളെ ഗവൺമെൻറ് വിദ്യാഭ്യാസത്തിനുവേണ്ടി കാടിനു പുറത്തേക്കാണ് കൊണ്ടുപോവുന്നത്. വികസനം ലക്ഷ്യം വെച്ചുകൊണ്ട് മാത്രമാണ് അവർ ഈ കുട്ടികളെ സ്‌കൂളിൽ ചേർക്കുന്നത്. ഇത്തരം വിദ്യാഭ്യാസത്തിൻറെ അനന്തര ഫലമെന്നോണം ഈ കുട്ടികൾ വീടുകളിലേക്ക് തിരിച്ചു വരുമ്പോൾ അർത്ഥമറിയാതെ തങ്ങൾക്കും വികസനം വേണമെന്ന് ആവശ്യപ്പെടുന്നു. വികസനം ഞങ്ങളുടെ ജാൽ ജങ്കൽ ജമീൻ ഘടനയെ നശിപ്പിച്ചു. പിന്നെയെന്തിനാണ്?

ആദിവാസി ചിന്തകൾ സ്റ്റേറ്റിനെ മൗനമായി സ്വാധീനിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

ഇത് ഞങ്ങളുടെ യുദ്ധഭൂമി കൂടിയാണ്.

ഉദാഹരണത്തിന് ഒരു അച്ഛനെ ജയിലിലേക്ക് അയക്കുകയാണെങ്കിൽ അത് തന്റെ പഠനത്തെ പ്രതിസന്ധിയിലാക്കുമെന്ന് പേടി കാരണം മകൻ കോടതിയിൽ പോവില്ല. പക്ഷേ ഗ്രാമത്തിൽ ജീവിക്കുന്ന, ദിനേന ഇത്തരം പൈശാചിക കൃത്യങ്ങൾക്ക് സാക്ഷിയാവുകയും, തന്റെ ജനതക്ക് വിധിക്കപ്പെട്ട അനീതി അനുഭവിക്കുകയും ചെയ്യുന്ന ഒരു കുട്ടി എപ്പോഴും തൻറെ അച്ഛൻറെ നീതിക്ക് വേണ്ടി നിലകൊള്ളും. എന്നാൽ, ഈ കുട്ടിയെ തന്നെ നിങ്ങൾ നഗരത്തിൽ അയച്ചു പഠിപ്പിക്കുകയാണ് എങ്കിൽ അവൻ തന്നെ അച്ഛനുവേണ്ടി കോടതിയിൽ പോകാൻ വിസമ്മതിക്കുകയും പകരം വിഷമിച്ചിരിക്കുകയും ചെയ്യും. സ്വാർത്ഥതാൽപര്യങ്ങൾക്ക് വേണ്ടി ഞങ്ങളെ ഛിന്നഭിന്നമാക്കുമ്പോൾ ഞങ്ങൾ ഞങ്ങളുടെ ഭൂമി ഉപേക്ഷിച്ചു പോകുമെന്ന് അവർ കരുതുന്നു.

കാടിനു പുറത്തു ജീവിച്ച കുട്ടി കുടുംബത്തോടൊപ്പം ജീവിച്ച കുട്ടി എന്ന വ്യത്യാസത്തെ ഗവൺമെൻറ് മുതലെടുക്കുന്നു എന്ന് കരുതുന്നുണ്ടോ?

തീർച്ചയായും. കത്തികല്യാൺ എന്ന ഒരു സ്ഥലത്ത് ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഏകലവ്യ റെസിഡൻഷ്യൽ സ്‌കൂൾ സന്ദർശിക്കാൻ പോയത് എനിക്കിപ്പോഴും ഓർമയുണ്ട്. നക്സൽ മേഖലയായി ഗവൺമെൻറ് പ്രഖ്യാപിച്ചിട്ടുള്ള ഒരു വനാന്തർഭാഗമായിരുന്നു അത്. കുട്ടികളെ നഗരത്തിലേക്ക് മാറ്റുന്നതിനുള്ള ഒരു ഉപായം മാത്രമായിരുന്നു അത്. 300 കുട്ടികൾക്ക് 2 ടോയ്‌ലറ്റും ചുറ്റുമതിൽ ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങളുമാണ് അവിടെ കാണാൻ കഴിഞ്ഞത്. മുതിർന്ന പെൺകുട്ടികൾ കാടിനുള്ളിൽ ആയിരുന്നു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്. കുളിക്കുവാൻ പോലും സ്വകാര്യത ഇല്ലാത്ത ഒരിടം. സ്റ്റേറ്റ് വളരെ ബോധം ബോധപൂർവം സൃഷ്ടിച്ചെടുത്ത ഒരു അവസ്ഥയായിരുന്നു അത്. ഇങ്ങനെയാകുമ്പോൾ മാറ്റിപ്പാർപ്പിക്കാൻ കുട്ടികൾ വേഗം ആവശ്യപ്പെടുമെന്ന് അവർക്കറിയാമായിരുന്നു.

ആദ്യം, ആവശ്യത്തിന് മൂത്രപ്പുരകളും ചുറ്റുമതിലുകളും ആവശ്യപ്പെടാൻ ഞാൻ ഈ കുട്ടികളോട് പറഞ്ഞു. നിങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടിയില്ലെങ്കിൽ ബസ്തർ ജില്ലയും നിങ്ങളുടെ കുടുംബങ്ങൾ ജീവിക്കുന്ന സ്ഥലങ്ങളും അധികകാലം കൂടി ഉണ്ടാവില്ലെന്നും ഞാൻ അവരോട് പറഞ്ഞു.

അവരെ വിദ്യ അഭ്യസിപ്പിക്കുന്നതിലൂടെ ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ക്രൂരതകളെ അതിജീവിക്കാൻ അവർ പ്രാപ്തരാകുമെന്നും ഞങ്ങളെ തിരസ്കരിക്കില്ലെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. പിന്നീട് ഈ കുട്ടികൾ തങ്ങളെ നഗരത്തിലേക്ക് മാറ്റുന്നതിനെതിരെ സമരം ചെയ്തെങ്കിലും അധികൃതർ അവരെ അവിടെ നിന്ന് മാറ്റി. ഇങ്ങനെയാണ് അധികൃതർ സ്കൂൾതലം മുതൽ തന്നെ ആദിവാസികളുടെ ചിന്തകളെ പരിവർത്തനവിധേയമാക്കുന്നതും മനംമാറ്റിയെടുക്കുന്നതും.

ഇത്തരം പരിശീലന പദ്ധതികളുടെ ലക്ഷ്യം എന്താണെന്നാണ് നിങ്ങൾ കരുതുന്നത്?

ആദിവാസി യുവതയെ കാടിനെ വെറുക്കാനും മറ്റുള്ളവരെപ്പോലെ വികാസ് ആവശ്യപ്പെടാനും പഠിപ്പിച്ച് കൊടുക്കുകയാണ് അവർ. ഞങ്ങൾക്ക് വികസനം വേണം. പക്ഷേ, അത് കാടും സംസ്കാരവും നശിപ്പിച്ചും, അവിടെ വലിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ സ്ഥലം ഉണ്ടാക്കി എടുക്കുകയും ചെയ്യുന്ന പ്രക്രിയ അല്ല. എന്നാൽ ഞങ്ങളുടെ കുട്ടികൾ വിശ്വസിക്കുന്നത് അവരുടെ അച്ഛനമ്മമാർ ജീവിച്ച കാടുകൾ വെട്ടത്തെളിക്കുകയും കെട്ടിടങ്ങൾ പണിയുകയും ചെയ്യുമ്പോൾ അവർക്കും അവിടെ ജോലി കിട്ടും എന്നാണ്. ഇത് കൊണ്ടാണ് അവർക്ക് മാത്രമായി ഒരു സ്കൂൾ തുടങ്ങാൻ ഞങ്ങൾ ആവശ്യപ്പെടുന്നത്.

Image result for bastar adivasi

സ്റ്റേറ്റിന് കാടുകൾ വെട്ടിത്തെളിക്കണം എന്ന് നിങ്ങൾ മുൻപ് പറഞ്ഞല്ലോ, എന്താണ് ബസ്തർ കാടുകളിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്?

ബൈൽഡിലാ പ്രദേശങ്ങളിൽ National Mineral Development Cooperation ഇപ്പോൾ ഖനനം നടത്തുന്നുണ്ട്. ഈ കാടുകളും എന്തിന് ഖനികൾപ്പോലും ഞങ്ങളുടേത് ആണെന്നിരിക്കെ യാചകരേക്കാൾ പരിതാപകരമായ രീതിയിലാണ് ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങളുടെ ആളുകൾക്ക് ജോലിയോ പ്രാഥമിക ആരോഗ്യപരിചരണമോ ലഭിക്കുന്നില്ല.അതുകൊണ്ട് തന്നെ ഭൂമി കോർപറേഷന് വിട്ട് കൊടുക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. എതിർത്താൽ കൊലപാതങ്ങൾ നടക്കുന്നു.

നക്‌സലെറ്റുകളുടെ പേര് പറഞ്ഞ് സ്റ്റേറ്റ് ആദിവാസികളെ തന്നെയാണ് ഇല്ലാതാക്കുന്നത്. നക്സലൈറ്റുകൾക്കെതിരെ എന്ന് പറഞ്ഞു നടത്തുന്ന വ്യാജയുദ്ധങ്ങളിൽ മരണപ്പെടുന്ന അവസാനത്തെ ഇരകളുടെയും ചെലവിൽ രാഷ്ട്രീയക്കാർ അവരുടെ സഞ്ചി നിറക്കുന്ന ഒരു രാഷ്ട്രീയ സമ്പദ് വ്യവസ്ഥ ഇവിടെ ഉടലെടുത്തിട്ടുണ്ട്. അതിനാൽ ഞങ്ങൾക്ക് പോരാടുക തന്നെ വേണം. ഞങ്ങൾ ഒന്നും മിണ്ടാതെ കാഴ്ചകൾ കണ്ട് നിന്നാൽ അത് തിന്മയുടെയും അനീതിയുടെയും വിജയം ആയിത്തീരും.

വിവർത്തനം: റഫീഫ പർവീൻ സിപി. ഹൈദരാബാദ് ഇഫ്ളുവിൽ സ്‌പാനിഷ്‌ ഭാഷ വിദ്യാർത്ഥിയാണ് റഫീഫ.

Be the first to comment on "അഭിമുഖം/ സോണിസോറി: ആദിവാസികുട്ടികൾക്കായുള്ള സ്‌കൂളുകളിലെ ഭരണകൂടപദ്ധതികൾ"

Leave a comment

Your email address will not be published.


*