എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാവുന്ന മാര്‍പ്പാപ്പ

നസീൽ വോയിസി

ക്രിസ്ത്യന്‍ വിശ്വാസപ്രകാരം മാര്‍പ്പാപ്പയുടെ പ്രാധാന്യമെന്താണെന്നോ അദ്ദേഹത്തിന്റെ കര്‍ത്തവ്യമെന്താണെന്നോ ഒന്നും കൃത്യമായി അറിയില്ല. എങ്കിലും പോപ് ഫ്രാന്‍സിസ് അഥവാ മാര്‍പ്പാപ്പയെന്നു കേള്‍ക്കുന്നത് തന്നെ ഒരുപാടിഷ്ടമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളും അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങളും പകരുന്ന പോസിറ്റീവ് ആയ ചിന്തകള്‍ തന്നെയാണ് കാരണം.

ചരിത്രസംഭവമായ യുഎഇ സന്ദര്‍ശന വേളയില്‍ സെക്യൂരിറ്റിയെ കടന്ന് തന്റെയടുത്തേക്ക് ഓടിയെത്തിയ ബോളീവിയക്കാരി പെണ്‍കുട്ടിയെ – “ധൈര്യശാലിയാണ്, നല്ല ഭാവിയുള്ളവളാണ്” എന്നാണ് പോപ് അടയാളപ്പെടുത്തിയത്. റമദാന്‍ മാസത്തില്‍ ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തോട് സ്നേഹം പങ്കുവച്ചത്, തിരക്കിട്ട യാത്രയ്ക്കിടയില്‍ ആള്‍ക്കൂട്ടത്തിലെ സെറിബ്രല്‍ പാള്‍സിയുള്ള കുട്ടിയെ കണ്ടു കാര്‍ നിര്‍ത്തി അനുഗ്രഹിക്കാനിറങ്ങിയത്, റോമിലെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ രണ്ടു സ്ത്രീകളുടെയും പത്തു പുരുഷന്‍മാരുടെയും കാലു കഴുകി നടപ്പുരീതികളില്‍ നിന്ന് മാറി നടന്നത്…സ്ഥാനമേറ്റതിനു ശേഷമെത്തിയ വാര്‍ത്തകളിലൂടെ ഈ മാര്‍പ്പാപ്പ ഹൃദയത്തില്‍ കയറിക്കൂടുകയായിരുന്നു.

ആഗോള കത്തോലിക്കാസഭയുടെ, ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സ്ഥാനത്തിരിക്കുമ്പോഴും, മതത്തിന്റെ വേലിക്കെട്ടുകളൊന്നുമില്ലാതെ ലോകത്തുള്ള സകലമാന മനുഷ്യരുടെയും ഹൃദയങ്ങളിലേക്ക് തന്റെ വാക്കുകളിലൂടെയും ഇടപെടലുകളിലൂടെയും വെളിച്ചം പകരുന്നുണ്ട് അദ്ദേഹം. മുസ്ലിമോ ഹിന്ദുവോ ബുദ്ധമതവിശ്വാസിയോ എന്നില്ലാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാവുന്ന മാര്‍പ്പാപ്പ

നിലപാടുകളും ഏറെ ഇഷ്ടമാണ്. ഡിപ്ലോമാറ്റിക് നിശബ്ദത പാലിക്കുന്നവര്‍ക്കിടയില്‍ സിറിയയില്‍ അക്രമിക്കപ്പെടുന്ന മനുഷ്യര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു.ദാരിദ്ര്യത്തിനും അസമത്വത്തിനും ആര്‍ഭാടത്തിനുമെതിരെ പ്രതികരിക്കുമ്പോള്‍, തന്റെ നിലപാടുകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നിടത്തും പോപ് ഫ്രാന്‍സിസ് മാതൃകയാവുന്നുണ്ട്. സഞ്ചരിക്കുന്ന വാഹനത്തിലും താമസിക്കുന്നയിടത്തുമെല്ലാം അതു കാണാം.

എല്ലാത്തിനെയും ന്യായീകരിക്കുന്നവനല്ല, പകരം തിരുത്തുകയും കൃത്യമായി അഡ്രസ് ചെയ്യുകയും ചെയ്യുന്നവരാണ് നല്ല നേതാക്കള്‍. സഭയെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന പുരോഹിതരുടെ ബാലപീഡനത്തെക്കുറിച്ചൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുന്ന മാര്‍പ്പാപ്പ പ്രതീക്ഷയാവുന്നതും അങ്ങനെയാണ്.

തൊട്ടടുത്തിരിക്കുന്ന ആളോട് കുശലം ചോദിക്കുമ്പോഴും ആള്‍ക്കൂട്ടത്തെ നോക്കി കൈവീശുമ്പോഴുമെല്ലാം മായാതെ നില്‍ക്കുന്ന ആ പുഞ്ചിരിയിലെ സമാധാനവും സ്നേഹവും എന്നും അങ്ങനെ തന്നെയിരിക്കട്ടെ, ലോകത്തിനു മുഴുവന്‍ വെളിച്ചം പകരട്ടെ

Be the first to comment on "എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാവുന്ന മാര്‍പ്പാപ്പ"

Leave a comment

Your email address will not be published.


*