ഹൈദരാബാദ്: ചാർമിനാറിൽ ഉയരുന്ന മുസ്‌ലിം രാഷ്ട്രീയത്തിൻ്റെ ‘പട്ട’ങ്ങൾ

നൗഫൽ അറളട്ക്ക

കേരളം കഴിഞ്ഞാൽ ദക്ഷിണേന്ത്യയിൽ ന്യൂനപക്ഷ രാഷ്ട്രീയം ഏറ്റവും ശക്തിയാര്ജിച്ച പ്രദേശമാണ് തെലങ്കാനയിലെ ഹൈദരാബാദ്. മുസ്‌ലിം  ലീഗും എ.ഐ.യൂ.ഡി.എഫും പോലെയുള്ള  മുസ്‌ലിം രാഷ്ട്രീയ പാർട്ടികൾ ഉണ്ടായിട്ടും കേവലം ഒരു സീറ്റ് മാത്രമുള്ള ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനിനും  അതിൻ്റെ  നേതാക്കൾക്കും എല്ലാ  കാലത്തും വലിയ മാധ്യമ ശ്രദ്ധയും രാഷ്ട്രീയ പ്രാധാന്യവും ലഭിച്ചിട്ടുണ്ട്. മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനിൻ്റെ തട്ടകം എന്ന നിലയിൽ ഹൈദരാബാദ്  ലോകസഭാ മണ്ഡലത്തിനു  വലിയ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്.

കാലങ്ങളായി കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചിരുന്ന ഹൈദരാബാദ് ലോകസഭാ മണ്ഡലത്തിൽ നിന്നും 1984 ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച സലാഹുദ്ധീൻ ഉവൈസിയാണ് മജ്‌ലിസിൻ്റെ ഭാഗത്തുനിന്നുള്ള ആദ്യ വിജയം ആഘോഷിക്കുന്നത്. 1989 ലാണ് അദ്ദേഹം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിക്കുന്നത്. 1989 മുതൽ 2014 വരെ നടന്ന  ലോകസഭാ തിരഞ്ഞെടുപ്പുകളിൽ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ  മാത്രമാണ് ഹൈദരാബാദ് ലോകസഭാ മണ്ഡലത്തിൽ  നിന്ന് വിജയിച്ചിട്ടുള്ളു. 
മജ്‌ലിസിൽ  നിന്നും ഹൈദരാബാദ് മണ്ഡലം പിടിക്കണം എന്ന ആഗ്രഹവുമായി  ആന്ധ്രപ്രദേശിലെ  ഏറ്റവും ശക്തനായ ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡുവിനെ 1996 ൽ ബി.ജെ.പി രംഗത്തിറക്കിയിരുന്നു. എന്നിട്ടും മജ്‌ലിസിനെ പരാജയപ്പെടുത്താൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. മുസ്‌ലിം  ഭൂരിപക്ഷ മണ്ഡലമായ  ഹൈദരാബാദിൽ സാമുദായിക രാഷ്ട്രീയം പറഞ്ഞു മാത്രമല്ല , വികസന രാഷ്ട്രീയവും കൊണ്ടാണ് മജ്‌ലിസ് സ്വാധീനം ഉറപ്പിക്കുന്നതെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 

 മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ

ഹൈദരാബാദിലെ നിസാമിന്‌ വേണ്ടി പ്രവർത്തിക്കുന്ന ഒരു സാമൂഹിക സംഘടന ആയാണ് 1926-1927 കാലഘട്ടത്തിൽ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ  രുപീകരിക്കുന്നത്. ഹൈദരാബാദിലെ നിസാമായിരുന്ന ഉസ്‌മാൻ  അലി ഖാൻ്റെ നിർദേശത്തിൻ്റെ   അടിസ്ഥാനത്തിൽ  നവാബ് മുഹമ്മദ് നവാസ് ഖാനാണ് ആദ്യമായി ഒരു സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. 1938 ബഹാദൂർ യാർ ജംഗ് സംഘടനയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. 1944 ബഹാദൂർ യാർ ജംഗ് മരണപെട്ടതോടെ  നിസാമിന്‌  കീഴിൽ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥനായ ക്വാസിം റിസ്‌വി സംഘടനയെ നയിക്കാനുള്ള ദൗത്യം ഏറ്റടുത്തു . ഹൈദരാബാദിലെ നിസാമിൻ്റെ  സ്വകാര്യ സേനയായ റസാക്കറിനെ നയിച്ചിരുന്നത്  ക്വാസിം റിസ്‌വി ആയിരുന്നു. അദ്ദേഹം ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനെ ശക്തമായി  എതിർത്തു.


ക്വാസിം റിസ്‌വി

1948 ൽ  ഓപ്പറേഷൻ പോളോ എന്ന സൈനിക നടപടിയിലൂടെ ഹൈദരാബാദിനെ ഇന്ത്യ ഇന്ത്യയുടെ ഭാഗമാക്കുകയും മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്ന സംഘടനയെ നിരോധിക്കുകയും ചെയ്തു.1948 ൽ  ക്വാസിം റിസ്‌വിയെ  ഇന്ത്യൻ സേന അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 1957 ൽ പാകിസ്താനിലേക്ക് പലായനം ചെയ്യാം എന്ന  വ്യവസ്ഥയിൽ ക്വാസിം റിസ്‌വിയെ ഇന്ത്യൻ സർക്കാർ മോചിപ്പിച്ചു. വെറും രണ്ടു  ദിവസം മാത്രമാണ് ഇന്ത്യയിൽ  തങ്ങാൻ ക്വാസിം റിസ്‌വിക്ക് സമയം അനുവദിച്ചത്. അതിനിടയിൽ  മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ്റെ ഒരു യോഗം അദ്ദേഹം വിളിച്ചു ചേർത്തു.   

പോലീസ് നടപടിക്ക് ശേഷം സംഘടനയിലെ പ്രധാനപ്പെട്ട എല്ലാ നേതാക്കന്മാരും പാർട്ടി വിട്ട് പോയിരുന്നു. ആ യോഗത്തിൽ എത്തിച്ചേർന്ന നിരവധി ആളുകളോട് ക്വാസിം റിസ്‌വി സംഘടനയുടെ ഉത്തരവാദിത്തം ഏറ്റടുക്കാൻ അഭ്യർത്ഥിച്ചു. അങ്ങനെയൊരു സാഹസത്തിനു മുതിരാൻ ആ കൂട്ടായ്മയിലെ ഭൂരിഭാഗം പേർക്കും ഭയമായിരുന്നു. ആ സമയത്താണ് അബ്ദുൽ വാഹിദ് ഉവൈസി എന്ന യുവ അഭിഭാഷകൻ ആ ദൗത്യം ഏറ്റെടുക്കുന്നത്. അദ്ദേഹം സംഘടനയുടെ ലക്ഷ്യങ്ങളും ഭരണഘടനയും സംഘടന സംവിധാനങ്ങളും പരിഷ്കരിച്ചു.  ഒരു സാമൂഹിക സംഘടന എന്ന രൂപത്തിൽ നിന്ന് രാഷ്ട്രീയ സംഘടനയുടെ സ്വഭാവത്തിലേക്ക് അദ്ദേഹം പാർട്ടിയെ പരിഷ്കരിച്ചു. മാത്രമല്ല. മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്ന പേരിനെ  ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്നു പരിഷ്കരിക്കുകയും  സംഘടനയുടെ ഭരണഘടനയെ ഇന്ത്യൻ ഭരണഘടന അനുസരിച്ചു പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാക്കി തിരുത്തി എഴുതുകയും ചെയ്തു.   

Related image

അബ്ദുൽ വാഹിദ് ഉവൈസി

ഹൈദരാബാദിലെ നിസാമിന്‌  വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടന  എന്ന നിലയിൽ നിന്ന് ഒരു ശക്തമായ രാഷ്ട്രീയ പാർട്ടിയാക്കി മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനെ പരിഷ്കരിക്കുന്നത് അബ്ദുൽ വാഹിദ് ഉവൈസിയാണ്.  അദ്ദേഹത്തിന്  ശേഷം  മകനായ സുൽത്താൻ സലാഹുദ്ധീൻ ഉവൈസി 1975ൽ  സംഘടനയുടെ ഉത്തരവാദിത്തം ഏറ്റടുത്തു. 1975 കളിൽ  ഹൈദരാബാദിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്വാധീനം  ചെലുത്താൻ സാധിക്കുന്ന  സംഘടനയായി ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ മാറി. 

സുൽത്താൻ സലാഹുദ്ധീൻ ഉവൈസി  സംഘടനയുടെ നേത്രത്വം ഏറ്റടുത്തതോടു കൂടിയാണ് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ തുടങ്ങിയത്.  ഡെക്കാനിലെ  മുസ്ലിം വോട്ടുകളെ സ്വാധീനിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ ശക്തിയായി ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനെ മാറ്റുന്നതിൽ  സുൽത്താൻ സലാഹുദ്ധീൻ ഉവൈസിയുടെ പ്രവർത്തനങ്ങൾ വലിയ പങ്കുവഹിച്ചു. അദ്ദേഹം നേതൃത്വത്തിൽ  എത്തിയതിനു ശേഷമാണു സംസ്ഥാനത്തിനു പുറത്തേക്ക് പാർട്ടിയുടെ  സ്വാധീനം ഉണ്ടാകുന്നത്. ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പാർട്ടിയുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നത്  സലാഹുദ്ധീൻ ഉവൈസിയാണ്.

ആദ്യമായി ഹൈദരാബാദ്  ലോകസഭാ മണ്ഡലത്തിൽ നിന്ന്  മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ്റെ സ്ഥാനാർഥി വിജയിക്കുന്നത് 1989 ൽ സലാഹുദ്ധീൻ ഉവൈസിയാണ്. 1984 ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച സലാഹുദ്ധീൻ ഉവൈസി 1989 ലാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിക്കുന്നത്. 1989 മുതൽ 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പ് വരെ  മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ  മാത്രമാണ് ഹൈദരാബാദിൽ നിന്ന് ലോകസഭയിലേക്ക് എം.പിയെ അയച്ചിട്ടുള്ളു. 2004 ൽ സലാഹുദ്ധീൻ ഉവൈസി സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചതോടു കൂടി  അദ്ദേഹത്തിൻ്റെ  മകനായ അസദുദ്ദീൻ ഉവൈസി പാർട്ടിയുടെ ചുമതല ഏറ്റടുക്കുകയും ഹൈദരാബാദ്  ലോകസഭാ മണ്ഡലത്തിൽ നിന്നുള്ള എം.പി യായി  മൽസരിച്ചു വിജയിക്കുകയും ചെയ്തു.

ഹൈദരാബാദ് ലോകസഭാ മണ്ഡലം  

മലകപ്പെട്ട, കാർവാൻ,ഘോഷമഹൽ, ചാർമിനാർ,ചന്ദ്രയാങ്കുട്ട, യകുത്പുര, ബഹദൂർപുര തുടങ്ങിയ നിയമസഭ മണ്ഡലങ്ങളാണ് ഹൈദരാബാദ് ലോകസഭാ മണ്ഡലത്തിന് കീഴിൽ വരുന്നത്. 2008 ലോകസഭാ അതിർത്തി പുനർനിർണയ പ്രകാരം  നിലവിൽ ഹൈദരാബാദ് ലോകസഭാ മണ്ഡലത്തിൽ 18 .22 ലക്ഷം വോട്ടർമാരാണുള്ളത്. അതിൽ 65 ശതമാനം മുസ്‌ലിം സമുദായമാണ്. 1951 മുതൽ 1980 വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ച മണ്ഡലത്തിൽ ഒരു പ്രാവശ്യം മാത്രം തെലങ്കാന പ്രജാ സമിതിയുടെ ഗോപാലയ്യ സുബ്ബു് കൃഷ്ണ  വിജയിച്ചിരുന്നു. എന്നാൽ 1984 നു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഹൈദരാബാദ് ലോകസഭാ മണ്ഡലത്തിൽ നിന്ന് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ സ്ഥാനാർഥി മാത്രമാണ് വിജയിച്ചിട്ടുള്ളത്. 1984 ൽ ആദ്യമായി സലാഹുദ്ധീൻ ഉവൈസി സ്വതന്ത്രനായി മത്സരിച്ചു 38.13 ശതമാനം വോട്ടു നേടി ഇന്ത്യൻ പാർലമെൻറിൽ എത്തി. അതിനു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് വിഹിതം വർധിപ്പിക്കാൻ  ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീനിന് സാധിച്ചിട്ടുണ്ട്.

Related image

ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീനിൽ നിന്ന് ഹൈദരാബാദ്‌  പിടിക്കണം എന്ന ആഗ്രഹത്തോടെ ആന്ധ്രപ്രദേശിലെ  ഏറ്റവും ശക്തനായ ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡുവിനെ 1996 ൽ ബി.ജെ.പി രംഗത്തിറക്കി. എന്നാൽ സലാഹുദ്ധീൻ ഉവൈസിയോട് 73273 വോട്ടുകൾക്ക് വെങ്കയ്യ നായിഡു പരാജയപെട്ടു. 1984 ആദ്യ വിജയത്തിന് ശേഷം തൻ്റെ വോട്ട് വിഹിതം ക്രമാതീതമായി വർധിപ്പിക്കാൻ സലാഹുദ്ധീൻ ഉവൈസിക്ക് സാധിച്ചിരുന്നു. 1984 ൽ 38.13 ശതമാനം വോട്ട് കരസ്ഥമാക്കിയ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീൻ 1989 ൽ  45 .91ശതമാനത്തിലേക്ക്  തങ്ങളുടെ വോട്ട് വർധിപ്പിച്ചു. രണ്ടു തെരഞ്ഞെടുപ്പിൽ മാത്രമാണ് 40 ശതമാനത്തിൽ താഴെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീൻ പോയിട്ടുള്ളൂ. 1996 ൽ 34 .57 ശതമാനം വോട്ടും  2004 അസദുദ്ധീൻ ഉവൈസി ആദ്യമായി മത്സരിക്കുന്ന സമയത്തു  38 .39 ശതമാനം വോട്ടും മാത്രമേ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീനിന് നേടാൻ സാധിച്ചിട്ടുള്ളു. 

സലാഹുദ്ധീൻ ഉവൈസി  കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് 1978 കളോടു കൂടിയാണ്. 1987ൽ  ഒരു മുസ്‌ലിം  സ്ത്രീയെ ബലാത്സംഗം ചെയ്യുകയും അവരുടെ ഭർത്താവിനെ കൊല്ലുകയും ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപെട്ടപ്പോൾ സർക്കാർ അന്വേഷണം നടത്താൻ വിസമ്മതിച്ചു. ഇതിൽ പ്രതിഷേധിച്ചു ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീൻ  പ്രവർത്തകർ പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഈ സമയത്താണ് സലാഹുദ്ധീൻ ഉവൈസി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. 1980 ഹൈദരാബാദിൽ  നിരവധി വർഗീയ സംഘർഷങ്ങൾക്ക് വേദിയായി. നഗരത്തിൽ നടക്കുന്ന ഗണേഷ് ചതുർഥി ആഘോഷങ്ങളുടെ വേളയിലാണ് ഇത്തരം സംഘര്ഷങ്ങൾ  കൂടുതലായി നടക്കാറുള്ളത്. അതിൽ പ്രധാനമായും രാമജന്മഭൂമി  ക്യാമ്പയിനിങ്ങുമായി ബന്ധപ്പെട്ടാണ് . ഹൈദരാബാദിൽ നടന്ന വർഗീയ കലാപത്തിൽ 200 പേരാണ് മരണപ്പെട്ടത്. ഇത്തരം സംഘർഷങ്ങൾ  ഉണ്ടായത് പ്രധാനമായും ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീൻ പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിലായിരുന്നു. എന്നാൽ പിന്നീട് ഇത്തരം സംഘർഷങ്ങളെ നിയന്ത്രിക്കുന്നതിൽ സലാഹുദ്ധീൻ ഉവൈസിക്ക് സാധിച്ചിട്ടുണ്ട്. ഹൈദരാബാദ്‌  പോലീസ് ആക്ഷന്റെ  സമയത്ത്  സീൽ ചെയ്ത പാർട്ടിയുടെ ആസ്ഥാനമന്ദിരമായ ദാറുസ്സലാം 1970 കളിലാണ്  ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീനു  തിരിച്ചു ലഭിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് നൽകിയ പിന്തുണക്കുള്ള പ്രത്യുപകാരമായിരുന്നു അത്. 1978ൽ   ദാറുസ്സലാം ഇന്ദിരാ ഗാന്ധി സന്ദർശിച്ചത് ചരിത്ര പ്രസിദ്ധമാണ്.  

Table 1: 1984 മുതൽ 2014 വരെയുള്ള ലോകസഭാ തെരഞ്ഞെടുപ്പുകളിൽ ഹൈദരാബാദ് ലോകസഭാ മണ്ഡലത്തിലെ എ.ഐ.എം.ഐ.എമ്മിൻ്റെ വോട്ട് വിഹിതം

എന്നാൽ 1983 ആകുമ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിഞ്ഞു. അത് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീനു  തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള മികച്ച അവസരമായിരുന്നു. 1983  തെലുങ്ക്  സൂപ്പർ സ്റ്റാർ എൻ.ടി രാമ റാവു സ്ഥാപിച്ച തെലുങ്ക് ദേശം പാർട്ടി ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസിനെ പരാജയപെടുത്തി അധികാരത്തിൽ  എത്തി. എൻ.ടി രാമ റാവു ആന്ധ്രപ്രദേശിലെ മുഖ്യമന്ത്രിയായി അധികാരത്തിൽ കയറി. തെരഞ്ഞെടുപ്പിലും സർക്കാരിലും ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീൻ തെലുങ്ക് ദേശം പാർട്ടിക്ക് നൽകിയ പിന്തുണക്കു പകരമായി ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീനിനു  മെഡിക്കൽ കോളേജുകളും കോപ്പറേറ്റീവ് ബാങ്കുകളും പോളിടെക്നിക്ക് പോലുള്ള നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളും  തുടങ്ങുന്നതിനു സംസ്ഥാന സർക്കാർ അനുമതി നൽകി. അതിലൂടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീനിനു  നിരന്തരമായി ജനങ്ങളുമായി സമ്പർക്കം  പുലർത്തുന്ന സ്ഥാപനങ്ങൾ ലഭിച്ചു. ഹൈദരാബാദിൽ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീനിൻ്റെ നിലനിൽപ്പിനു ഏറ്റവും ഉപകാരപ്രദമായ പ്രവർത്തങ്ങളായിരുന്നു പാർട്ടിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ. സാമുദായിക രാഷ്ട്രീയം മാത്രമല്ല ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീനിന് വോട്ടു ചെയ്യാൻ ഹൈദരാബാദിലെ  ജനങ്ങളെ പ്രേരിപ്പിക്കുന്നത് അവർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന നിരവധി വികസന പ്രവർത്തങ്ങൾ കൊണ്ടാണെന്നു ദൽഹി ജാമിഅ മില്ലിയ ഇസ്ലാമിയയിൽ പൊളിറ്റിക്കൽ സയൻസിൽ ഗവേഷകനും ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്ലിമീൻറെ രാഷ്ട്രീയത്തെ  നിരീക്ഷിക്കുന്നയാളുമായ അബ്ദുള്ള എൻ.സി അഭിപ്രായപ്പെടുന്നു.

അസദുദ്ദീൻ  ഉവൈസി   

1994 ൽ ഹൈദരാബാദിലെ ചാർമിനാർ നിയമസഭ മണ്ഡലത്തിൽ നിന്നും മത്സരിച്ചു ആന്ധ്രപ്രദേശ്  നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിലൂടെയാണ്  അസദുദ്ദീൻ  ഉവൈസി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. പിതാവായ   സുൽത്താൻ സലാഹുദ്ധീൻ ഉവൈസി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതോടു കൂടിയാണ് അസദുദീൻ ഉവൈസി  2004 ൽ ഹൈദരാബാദ് ലോകസഭാ മണ്ഡലത്തിൽ നിന്നും ആദ്യമായി ലോകസഭയിലേക്ക് മത്സരിക്കുന്നത്.  ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീനിൻ്റെ പ്രവർത്തനങ്ങളെ  ഹൈദരാബാദിനും മുബൈക്കും പുറത്തേക്ക് വ്യാപിപ്പിക്കാൻ കാര്യക്ഷമമായി പ്രവർത്തനം ആരംഭിച്ചത് അസദുദ്ദീൻ  ഉവൈസിയാണ്. 2004ലെ  തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു 2009 ലും 2014ലും  വലിയ രീതിയിൽ ഭൂരിപക്ഷം വർധിപ്പിക്കാൻ അസദുദ്ദീൻ  ഉവൈസിക്ക് സാധിച്ചിട്ടുണ്ട്. 

“ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ മുസ്ലിങ്ങൾക്ക് വർഗീയ ലഹളകളിൽ നിന്ന് സംരക്ഷണം നൽകാനും, ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളിൽ നിന്ന് സുരക്ഷ ഉറപ്പുവരുത്താനും  പാർട്ടിക്ക് സാധിക്കുന്നുണ്ട്. മാത്രമല്ല വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാൻ  കഴിഞ്ഞിട്ടില്ലെങ്കിലും ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളെ അപേക്ഷിച്ചു ഹൈദരാബാദിലെ മുസ്ലിങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ അവർക്ക് സാധിച്ചിട്ടുണ്ട് അതുകൊണ്ടാണ് ഹൈദരാബാദ് മണ്ഡലം അവർ നിലനിർത്തുന്നത്”  രാഷ്ട്രീയ നിരീക്ഷകനും പൊളിറ്റിക്കൽ സയൻസ് പ്രൊഫസറുമായ അദ്‌നാൻ ഫാറൂഖി അഭിപ്രായപെടുന്നു.

Table 2: 2014 ലെ തെരഞ്ഞെടുപ്പിൽ ഹൈദരാബാദ് ലോകസഭാ മണ്ഡലത്തിൽ വിവിധ പാർട്ടികൾക്ക് ലഭിച്ച വോട്ട് വിഹിതം

 ഇന്ത്യയിലെ മുഖ്യധാരാ മതേതര  പാർട്ടികൾ ഏറ്റെടുക്കാൻ മടികാണിക്കുന്ന മുസ്‌ലിം  വിഷയങ്ങളെ ഏറ്റടുക്കുന്നത് കൊണ്ടാണ് അസദുദ്ദീൻ  ഉവൈസി സ്വീകാര്യനാവുന്നത്  എന്നാണ് സമീപകാല വർഗീയ സംഘര്ഷങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ത്വയ്യിബ് റജബ് നിരീക്ഷിക്കുന്നത്.  മുസ്ലിങ്ങളുടെ പ്രശ്നങ്ങൾ  ഉയർത്തികാണിക്കുന്ന സമയത്ത്  തന്നെ ഹൈദരാബാദ് മണ്ഡലത്തിലെ ഇതരസമുദായകളുടെ വികസനാവശ്യങ്ങളെ  പരിഗണിക്കുന്നത് കൊണ്ടാണ് ഹൈദരാബാദ് മണ്ഡലം ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീൻ നിലനിർത്തുന്നത് എന്നാണ് പാർട്ടിയുടെ രാഷ്ട്രീയപ്രവർത്തനത്തെ നിരീക്ഷിക്കുന്ന അബ്ദുല്ല എൻ.സി അഭിപ്രായപ്പെടുന്നത്

  എംപി പെർഫോമൻസ്

82 ശതമാനമാണ് ലോകസഭയിലെ അസദുദ്ദീൻ  ഉവൈസിയുടെ ഹാജർനില. 727 ചോദ്യങ്ങൾ അദ്ദേഹം ലോകസഭയിൽ ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല 62 സംവാദങ്ങളിൽ പങ്കെടുക്കുകയും 2 സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുയും ചെയ്തിട്ടുണ്ട്. രാജ്യത്ത് മുസ്ലീങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഇന്ത്യൻ പാര്ലമെന്ററിൽ ഏറ്റവും കൂടുതൽ സംസാരിച്ച വ്യക്തികളിൽ ഒരാളാണ് അസദുദ്ദീൻ  ഉവൈസി. സമീപകാലത്ത് മോഡി സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി ബിൽ, മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാർക്ക്  10 ശതമാനം സംവരണം നൽകുന്ന ബില്ല്, മുത്തലാക്ക് ബില്ല് തുടങ്ങിയ വിഷയങ്ങളിലെ അസദുദ്ദീൻ  ഉവൈസിയുടെ ഇടപെടലുകൾ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  

അശോക യൂനിവേഴ്‌സിറ്റിയിലെ ത്രിവേദി സെന്റർ ഫോർ പൊളിറ്റിക്കൽ ഡാറ്റയിൽ ഗവേഷകയായ സലോണി ഭോഗ്‌ലെ 1999  മുതൽ 2018  വരെയുള്ള ലോക്‌സഭാ സമ്മേളനങ്ങളിലെ ചോദ്യാത്തരസെഷനുകളിലെ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ വിലയിരുത്തുന്നുണ്ട്. തന്റെ പഠനത്തിൽ കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മുസ്‌ലിം വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിച്ച പത്ത് എംപിമാരിൽ ഒന്നാമനായി എണ്ണുന്നത് അസദുദീൻ ഉവൈസിയെയും മൂന്നാമത് സുൽത്താൻ സലാഹുദ്ധീൻ ഉവൈസിയുമാണ്. 

Image result for owaisi in loksabha
അസദുദ്ദീൻ ഉവൈസി

ഉൾക്കൊള്ളലിൻ്റെ രാഷ്ട്രീയമാണ്  മജ്‌ലിസിന്റേത്. ന്യൂനപക്ഷ വിഭാഗങ്ങങ്ങൾ അവരുടെ വിശ്വാസത്തിൻ്റെ പേരിലും അവർ ധരിക്കുന്ന വസ്ത്രത്തിൻ്റെ പേരിലും കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലും വലതുപക്ഷ സംഘടനകളാൽ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്തു  ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ  മുസ്‌ലിമീനും  അതിൻ്റെ നേതാക്കളും കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ന്യൂനപക്ഷങ്ങളുടെ വോട്ടോ പിന്തുണയോ തങ്ങൾക്ക് ആവശ്യമില്ല എന്നാണ് വലതുപക്ഷം വിശ്വസിക്കുന്നത്. അതുകൊണ്ട് മജ്‌ലിസും അതിൻ്റെ നേതാക്കളും ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാൻ നിലനിൽക്കേണ്ടതുണ്ട്.

ഹൈദരാബാദ് കേന്ദ്രസർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയും അംബേദ്‌കർ സ്റ്റുഡൻസ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ മുന്ന സെന്നക്കി പറയുന്നു. Be the first to comment on "ഹൈദരാബാദ്: ചാർമിനാറിൽ ഉയരുന്ന മുസ്‌ലിം രാഷ്ട്രീയത്തിൻ്റെ ‘പട്ട’ങ്ങൾ"

Leave a comment

Your email address will not be published.


*