നിയമോളുമാർക്ക് നിഷേധിക്കപ്പെടുന്നത്: ഭിന്നശേഷി വിദ്യാർത്ഥികളോട് കേരളസർക്കാറുകൾ തുടരുന്ന അനീതി

അബ്ദുറഹീം ചേന്ദമംഗല്ലൂർ

നിയമോൾക്ക് ശ്രവണോപകരണങ്ങൾ നൽകിയ ആരോഗ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ. ഭിന്നശേഷി വിദ്യാർത്ഥികളോടുള്ള സർക്കാറിൻ്റെ നയമെന്താണെന്ന് കൂടി വ്യക്തമാക്കാൻ ആരോഗ്യമന്ത്രി ഈ അവസരത്തിൽ തയ്യാറാവണം.

നിയമോളെ പോലുള്ള ആയിരക്കണക്കിന് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സർക്കാർ നേരിട്ട് നടത്തുന്ന സ്പെഷ്യൽ സ്‌കൂളുകൾ ഉണ്ടോ എന്ന് ചോദിച്ചാൽ പേരിന് ഒന്നുണ്ട്. തിരുവനന്തപുരം പാങ്ങപ്പുറത്തുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്‌കൂൾ മാത്രം.

ആകെയുള്ള 300 ഓളം വരുന്ന സ്പെഷ്യൽ സ്‌കൂളുകളിൽ ബാക്കിയുള്ളതെല്ലാം സന്നദ്ധസംഘടനകൾ നടത്തുന്നവയാണ്. സാധാരണ വിദ്യാർത്ഥികളേക്കാൾ കൂടുതൽ ശ്രദ്ധയും, പരിഗണനയും നൽകി സംരക്ഷിക്കേണ്ട ഭിന്നശേഷി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്‌ഥാപനങ്ങളിൽ തുച്ചമായ വേതനത്തിനാണ് പ്രധാനാധ്യാപകനും, അധ്യാപകരും മറ്റ് ജീവനക്കാരും ജോലി ചെയ്യുന്നത്. ഇത്തരം കുട്ടികൾക്ക് 20000 രൂപ വരെ സ്കോളർഷിപ്പ് നൽകാൻ സർക്കാർ ഉത്തരവ് ഉണ്ടെങ്കിലും പല പഞ്ചായത്തുകളും കൃത്യമായി നൽകാറില്ല. ഈ മേഖലയിലെ അധ്യാപകരോടും കുട്ടികളോടും സർക്കാരിന്റെ സമീപനം ഖേദകരമാണെന്ന് പറയാതെ വയ്യ.

“ജയശ്രീ മിശ്രയുടെ ജന്മാന്തര വാഗ്ദാനങ്ങൾ (എൻഷ്യന്റ് പ്രോമിസസ്) എന്ന നോവലിൽ കേരളത്തിലെ സ്പെഷ്യൽ സ്‌കൂളിനെ കുറിച്ച് ഒരു വർണനയുണ്ട്. ഒട്ടും സുഖകരമല്ലാത്ത ഇടം. പ്രായം കൊണ്ടും വലിപ്പം കൊണ്ടും വൈകല്യം കൊണ്ടും പലതട്ടിൽ നിൽക്കുന്ന കുട്ടികൾ. യോഗ്യതയുള്ള അധ്യാപകരുടെ അഭാവം. അസൗകര്യങ്ങളുടെ കൂമ്പാരം. പണമില്ലാത്തത് കൊണ്ട് നിസ്സഹായരായി നിൽക്കുന്ന മാനേജ്മെൻറ്. ഇത് മാറേണ്ടിയിരിക്കുന്നു…..”

കഴിഞ്ഞ വർഷത്തെ ബജറ്റ് അവതരണത്തിലെ ധനമന്ത്രിയുടെ വാചകങ്ങളാണിത്. പുതുതായി 200 പഞ്ചായത്തിൽ കൂടി ബഡ്‌സ് സ്‌കൂളുകൾ ആരംഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. എത്രയെണ്ണം തുടങ്ങി എന്നറിയാൻ ആഗ്രഹമുണ്ട്. സന്നദ്ധസംഘടനകൾ നടത്തുന്ന സ്പെഷ്യൽ സ്‌കൂളുകൾക്ക് 40 കോടി രൂപ ഗ്രാന്റും പ്രഖ്യാപിച്ചിരുന്നു. ഇതിൽ എത്ര കോടി വിനിയോഗിച്ചു എന്നറിയാനും താൽപര്യമുണ്ട്.

സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്‌ത എൻഡോസൾഫാൻ ദുരിത ബാധിതരുടെ ആവശ്യങ്ങളിൽ ഒന്നായിരുന്നു ദുരിത മേഖലയിൽ ബഡ്‌സ് സ്‌കൂളുകൾ ആരംഭിക്കണമെന്നത് എന്നും നമ്മളറിയണം.

കഴിഞ്ഞ സർക്കാറിൻറെ മന്ത്രിസഭാ തീരുമാനമായിരുന്നു 100 കുട്ടികളിൽ കൂടുതലുള്ള സ്പെഷ്യൽ സ്‌കൂളുകൾക്ക്‌ എയ്‌ഡഡ്‌ പദവി നൽകുമെന്നത്. അതനുസരിച് മാനദണ്ഡങ്ങൾ പാലിച്ച 33 സ്പെഷ്യൽ സ്‌കൂളുകൾക്ക്‌ എയ്‌ഡഡ്‌ പദവി നൽകാൻ 2016 ഫെബ്രുവരി 9 ന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്‌തതാണ്‌. തുടർനടപടികളില്ലാതെ അതിന്നും കടലാസിൽ തന്നെയാണ്. State Association for Co-ordinating Rehabilitation and Empowerment of Developmentally Disabled (SACRED), Association for Intellectually Disabled (AID) എന്നീ സംഘടനകൾ കഴിഞ്ഞ മൂന്ന് വർഷത്തോളമായി എൽ.ഡി.എഫിന്റെ പ്രകടന പത്രികയിലെ വാഗ്‌ദാനം കൂടിയായ എയ്‌ഡഡ്‌ പദവി എന്ന ആവശ്യമുന്നയിച്ചുകൊണ്ട് സമരത്തിലാണെന്നും മനസ്സിലാക്കണം.

എൽ.ഡി. എഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് മൂന്ന് സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചു. മൂന്നിലും ഇതിനെക്കുറിച്ച് സർക്കാർ മൗനം പാലിച്ചു. 50 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്പെഷ്യൽ സ്‌കൂളുകൾക്കും എയ്‌ഡഡ്‌ പദവി നൽകുന്നത് സംബന്ധിച്ച് തത്വത്തിൽ അനുമതി നൽകിയും തുടർനടപടി സ്വികരിച്ചുകൊണ്ട് വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയും കഴിഞ്ഞ സർക്കാർ ഉത്തരവിറക്കിയതാണ്. ആ പ്രൊപ്പോസ്സലിനെക്കുറിച്ചറിയാനും താൽപര്യമുണ്ട്.

ഫ്രറ്റേർണിറ്റി മൂവ്മെന്റ് സംസ്ഥാന സമിതിയംഗം കൂടിയാണ് ലേഖകൻ.

Be the first to comment on "നിയമോളുമാർക്ക് നിഷേധിക്കപ്പെടുന്നത്: ഭിന്നശേഷി വിദ്യാർത്ഥികളോട് കേരളസർക്കാറുകൾ തുടരുന്ന അനീതി"

Leave a comment

Your email address will not be published.


*