https://maktoobmedia.com/

ആലുവക്കാരുടെ ഓണവും ക്രിസ്മസും വലിയ പെരുനാളുമൊക്കെയായ ശിവരാത്രി – ഓര്‍മ

ഒരു ഗ്ലാസ്‌ കരിമ്പിൻ ജ്യൂസ്‌ കുടിക്കാൻ ഒരു വർഷം കാത്തിരിക്കേണ്ട കാലമുണ്ടായിരുന്നു ആലുവക്കാർക്ക്. പോപ്കോണും ബോംബെ മിട്ടായിയും വർഷത്തിലൊരിക്കൽ മാത്രം വിരുന്നുവന്നിരുന്ന വിശേഷകാലം. അന്നൊക്കെ നമ്മൾ ആലുവക്കാരുടെ മനസ്സിന്റെ വിശപ്പ് മാറ്റിയിരുന്നത് ശിവരാത്രിയാണ്.

ഒരർത്ഥത്തിൽ ആലുവക്കാരുടെ ഓണവും ക്രിസ്മസും വലിയ പെരുനാളുമൊക്കെയായിരുന്നു ശിവരാത്രി. ഒരു രാവിന്റെ ബലിയിൽ അവസാനിക്കാതെ രണ്ടാഴ്ചയിലേറെ നീളുന്ന ഉത്സവമായി അതങ്ങനെ നിറഞ്ഞുനിന്നു, പീപ്പിബലൂണുകളും ഫേഷൻമാലകളും നെയ്യലുവകളും വറപൊരികളും കളിപ്പാട്ടങ്ങളും നഴ്സറിച്ചെടികളും ചട്ടികലങ്ങളും കത്തികൈക്കോട്ടുകളും മേശകട്ടിലുകളുമൊക്കെ നിരന്ന കച്ചവടക്കാഴ്ച്ചകളുടെ മഹോത്സവം.

ആലുവക്കാർക്ക് മറക്കാനാവില്ല ആ കാഴ്ച. നൂറുകണക്കിന് നൂറിന്റെ ബൾബുകളുടെ സ്വർണവെളിച്ചത്തിൽ മുങ്ങിക്കുളിച്ചുനില്ക്കുന്ന ശിവരാത്രിമണപ്പുറം. ഒരുപിടി മണ്ണ് വാരിയെറിഞ്ഞാൽ താഴെവീഴാത്തവിധം തിങ്ങിനിറഞ്ഞ ജനക്കൂട്ടം. തിരക്കിൽ പെടാതെ മണപ്പുറത്തെ മാറോടു ചെർത്തൊഴുകുന്ന പെരിയാർ. മണപ്പുറത്തിന്റെ അങ്ങേയറ്റത്ത്‌, ജനക്കൂട്ടത്തെ കണ്‍നിറയെ കണ്ട് ആവേശത്തോടെ കറങ്ങുന്ന തൊട്ടിയാട്ടം. കാതടപ്പിക്കുന്ന ശബ്ദങ്ങൾ. മൂക്കടപ്പിക്കുന്ന പൊടി. അതെ. കാഴ്ചകളുടെ മാത്രമല്ല, ശബ്ദങ്ങളുടെയും ഗന്ധങ്ങളുടെയും അവേശങ്ങളുടെയും കൂടി ഉത്സവമായിരുന്നു ശിവരാത്രി.

രാത്രികൾക്ക് അങ്ങനെയും ചില പ്രത്യേകതകളുണ്ട്. നന്നായി ഒരുക്കിയെടുത്താൽ ഒരു പകലിനും വെല്ലാനാവാത്ത തെളിച്ചത്തോടെ അവ ഓർമയിലങ്ങനെ കിടക്കും.ഒരു ശിവരാത്രിയോര്മ പോലുമില്ലാത്ത ഒരു ആലുവക്കാരനും കാണില്ല ഭൂമിമലയാളത്തിൽ. മറ്റേതൊരു വിശേഷവും പോലെ ശിവരാത്രിയും ഏറ്റവും നന്നായി ആസ്വദിച്ചിരുന്നത് കുട്ടികളാണ്. ശിവരാത്രിമണപ്പുറത്ത് കൊണ്ടുപോകാമെന്ന വീട്ടുകാരുടെ മധുരവാഗ്ദാനത്തിൽ എത്രയെത്ര പകലുകളാണ് അവർ തള്ളിനീക്കിയിട്ടുള്ളത്.

പണ്ടൊക്കെ ശിവരാത്രികാലങ്ങളിൽ ദൂരെയുള്ള ബന്ധുക്കൾ ആലുവക്കാരുടെ വീടുകളിൽ വിരുന്നുവന്നിരുന്നു. വല്ലപ്പൊഴുമൊരിക്കലുളള ഫസ്റ്റ്ഷോ ഒഴിച്ചുനിർത്തിയാൽ ‘നൈറ്റ് ഔട്ട്‌’ എന്ന സങ്കൽപം കേട്ടുകേൾവിപോലുമില്ലാതിരുന്ന അക്കാലത്ത് രാത്രികൾ ആഘോഷിക്കാനുള്ളതാണെന്ന് കുട്ടികളെ പഠിപ്പിച്ചത് ശിവരാത്രിയാണ്. ഭാഗ്യം ചെയ്ത ചില രാത്രികളിൽ ബന്ധുക്കൾക്കും അയൽക്കാർക്കുമൊപ്പം കുട്ടികളെയും കൂട്ടി വീട്ടുകാർ മണപ്പുറത്ത് കറങ്ങാൻ പോകും. ഉറ്റവര്ക്കൊപ്പം മണപ്പുറത്ത് നടക്കുമ്പോൾ അഭിമാനവും ആവേശവും മൂത്ത് കുട്ടികൾ സ്വയമറിയാതെ ഒരിഞ്ച് പൊങ്ങിപ്പോകും. ചവിട്ടിനടക്കുന്ന മണൽപ്പരപ്പ്‌ അപ്പോഴവർക്കൊരു മേഘപ്പരവതാനിയാകും. ഒഴുകിനടക്കുന്നതിനിടെ കൂട്ടുകാരെയും കാണാൻ കൊതിച്ചവരെയും പലവട്ടം കാണാൻ കിട്ടും.മനസ്സിൽ ഏറെക്കാലം കൂട്ടിവച്ച ചിലതൊക്കെ വീട്ടുകാർ വിലപേശി വാങ്ങിത്തരും. ഒത്താൽ തോട്ടിയാട്ടത്തിലൊന്ന് (ജയന്റ് വീൽ എന്ന വാക്ക് അന്നൊന്നും ആലുവക്കാർ കേട്ടിട്ടു പോലുമില്ല) കയറാം. ചില്ലുപാത്രത്തിൽ തുള്ളിക്കളിക്കുന്ന പോപ്‌കോണും വായിലിട്ടാൽ അലിഞ്ഞുതീരുന്ന ഇളം മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള ബോംബെ മിട്ടായിയും തിന്നാൻ കിട്ടും. അമ്മയോട് വഴക്കിടാതെ, കാശിക്കുടുക്ക പൊട്ടിച്ചുകിട്ടിയ കാശിനുകിട്ടുന്ന കളിപ്പാട്ടമെന്തും വാങ്ങാം. ആനന്ദലബ്ധിക്കിതിൽപരമെന്തുവേണം…?

ഹൃദയത്തിനു പണിതരുന്ന യന്ത്രത്തൊട്ടിലുകളും മടുപ്പിക്കുന്ന മണമുള്ള മെഡിക്കൽ കോളേജ് സ്റ്റാളും നൂറുകണക്കിന് പാമ്പുകളുടെ നടുവിൽ പത്തിയടക്കി ഒറ്റക്കിരിക്കുന്ന ചേട്ടനും പാമ്പിന്റെ ഉടലും മനുഷ്യന്റെ തലയുമുള്ള അദ്ഭുതജീവിയും രക്തം കട്ടയാക്കുന്ന മായാജാലപ്രകടങ്ങളുടെ ചിത്രങ്ങൾ നിരത്തിവച്ച മാജിക്‌, സർക്കസ് സ്റ്റാളുകളും വിവിധ ഭാഷകളിൽ കാണികളെ മാടിവിളിക്കുന്ന മരണക്കിണറുമൊക്കെയാണ് മണപ്പുറത്തെ മറ്റു മഹാദ്ഭുതങ്ങൾ. മരണക്കിണർ കണ്ടിറങ്ങിയാൽ നേരം കുറെയെടുക്കും മനസ്സിന്റെ കുലുക്കം വിട്ടുമാറാൻ. മരണത്തിനു ചുറ്റും കണ്ണുകെട്ടി, കൈവിട്ട് ബൈക്കോടിക്കുന്ന ഹിന്ദി പറയുന്ന ചേട്ടന്മാർ പിന്നീട് കുറച്ചു ദിവസം ആലുവപ്പിള്ളാരുടെ സൂപ്പർസ്റ്റാറുകളാകും.

പണ്ടൊക്കെ പല ആലുവക്കാരും പരസ്പരം കണ്ടുമുട്ടുന്നത് ആലുവ മണപ്പുറത്തുവച്ചാണ്. ആലുവക്കാർ മാത്രമല്ല, കേരളത്തിന്റെ വിവിധ ദേശങ്ങളിലുള്ളവർ ഇവിടെവച്ച് കാണുകയും പരിചയം പുതുക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാകാം ‘ആലുവ മണപ്പുറത്ത് കണ്ട ഭാവം പോലുമില്ല’ എന്ന ശൈലി തന്നെയുണ്ട്‌ മലയാളത്തിൽ.

ജാതി, മത, പണ ഭേദമെന്യേ എല്ലാ ആലുവക്കാരും മണപ്പുറത്തേക്ക് നടന്നും വള്ളത്തിലും മാത്രം പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഉള്ളവനും ഇല്ലാത്തവനും ഉള്ളതിൽ സാമാന്യം മോശമുടുപ്പിട്ട്, പൊടിയടിക്കാതിരിക്കാൻ ടവ്വൽ കൊണ്ട് മൂക്കുകെട്ടി, ഒരേ കടകളിൽ നിന്ന് ഒരേ സാധനങ്ങൾ വിലപേശി വാങ്ങി, മണപ്പുറത്തെ ആൾക്കൂട്ടത്തിലലിഞ്ഞ് തലങ്ങും വിലങ്ങും നടന്ന് നിർവൃതിയടഞ്ഞിരുന്ന സമ്പൂര്ണ സോഷ്യലിസ്റ്റ് കാലം! നടന്നുതളർന്നാൽ (അങ്ങനെയൊരു തളരൽ കുട്ടികൾക്കില്ല) മാത്രം പുഴയോടു ചേർന്ന് പോപ്‌കോണും കടലയും കൊറിച്ച് വട്ടത്തിലോ നീളത്തിലോ ഇരിക്കാം. പിള്ളേർക്ക് ഭാഗ്യമുണ്ടെങ്കിൽ സ്കൂളിലെ സുന്ദരിയും കുടുംബവും തൊട്ടപ്പുറത്തുണ്ടാകും. യൂണിഫോമിന്റെ നരച്ച നിറത്തിലല്ലാതെ ഫുൾ കളർ ഡ്രസ്സിൽ അവരെ അങ്ങനെയൊക്കെയേ കാണാൻകിട്ടൂ,

ലോകത്തിലെ ഏറ്റവും മാരകമഹാസംഭവം പത്താം ക്ലാസ് പരീക്ഷയായി കരുതപ്പെട്ടിരുന്ന ഭൂതകാലത്ത് ശിവരാത്രിവേളകളിൽ ഏറ്റവുമധികം സങ്കടപ്പെട്ടിരുന്നത് നാട്ടിലെ എസ് എസ് എൽസിപ്പിള്ളാരാണ്. വര്ഷങ്ങളായുള്ള പതിവ് ആ വര്ഷം തെറ്റും. മണപ്പുറത്ത് പോകുന്നതിൽ വീട്ടുകാരുടെ വക നിയന്ത്രണം വരും. ഒന്നുകിൽ പരീക്ഷയില്ലാത്ത പകലുകളിൽ മണപ്പുറത്ത് പോകാം. അതല്ലെങ്കിൽ പരീക്ഷ കഴിഞ്ഞാൽ, ശിവരാത്രിശേഷിപ്പുകളിലൂടെ പരീക്കുട്ടിയെപ്പോലെ അലഞ്ഞ് തൃപ്തരാകാം.

Niyas Kareem

അതൊക്കെ ഒരു കാലം. അയല്ക്കാരും ബന്ധുക്കളും പരിചയക്കാരുമൊക്കെയടങ്ങുന്ന ആ വലിയ മണപ്പുറം സർക്കീട്ട്ഗ്രൂപ്പുകളിൽ നിന്നും കേവലമൊരു കാറിന്റെ സീറ്റിങ് കപ്പാസിററിയിലേക്ക് ഇന്ന് പല ആലുവക്കാരും ചെറുതായി. കരിമ്പിൻ ജ്യൂസിന് ആ വേറിട്ട മധുരമില്ല. തൊട്ടിയാട്ടതിന് പഴയ അവേശമില്ല. പാമ്പിൻകൂട്ടിലെ പാവം ചേട്ടനോടും മനുഷ്യത്തലയുള്ള പാമ്പുസുന്ദരിയോടും ഇന്ന് പലര്ക്കും സഹതാപം മാത്രം. പുത്തൻ കാഴ്ച്കകളും ഹരം കൊള്ളിക്കുന്ന അനുഭവങ്ങളുമായി വമ്പൻ മോളുകൾ ഒരു ഡ്രൈവ് അകലത്തിലുണ്ട്. പിന്നെന്തിന് മണപ്പുറത്തുപോയി പൊടിയടിക്കണം…

പുതുതലമുറ എന്തു കരുതിയാലും എണ്‍പതുകളിൽ കുട്ടികളായിരുന്നവർക്ക് ഇന്ന് ഓർമകളുടെ ശിവരാത്രി.

Be the first to comment on "ആലുവക്കാരുടെ ഓണവും ക്രിസ്മസും വലിയ പെരുനാളുമൊക്കെയായ ശിവരാത്രി – ഓര്‍മ"

Leave a comment

Your email address will not be published.


*