https://maktoobmedia.com/

ഹിന്ദുമതവിശ്വാസികളെ അധിക്ഷേപിച്ചു- പാകിസ്ഥാനില്‍ മന്ത്രിയെ പുറത്താക്കി

ന്യൂനപക്ഷമായ ഹിന്ദുമതവിശ്വാസികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതിന്റെ പേരില്‍ പാക്കിസ്ഥാനില്‍ മന്ത്രിയെ പുറത്താക്കി. പഞ്ചാബ് പ്രവിശ്യയിലെ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി ഫയ്യാസ് ചോഹാനെയാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. ഇന്ത്യക്കെതിരെയുള്ള പ്രസംഗത്തിനിടെയാണ് ഫയ്യാസ് ചോഹാന്‍ പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്.  

പരാമര്‍ശത്തിനെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിടിഐ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ ഉടനെ രംഗത്തു വന്നിരുന്നു. പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷത്തെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയര്‍ന്നു.

Fayyaz Chohan

തുടര്‍ന്ന് മന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുമായുള്ള സംഘര്‍ഷത്തെക്കുറിച്ചും ഇന്ത്യക്കെതിരെയുമാണ് താന്‍ സംസാരിച്ചതെന്നും രാജ്യത്തെ ഹിന്ദുമത വിശ്വാസികളെക്കുറിച്ചല്ലെന്നും പരാമര്‍ശം അവരെ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതിനു മുന്‍പും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള രാഷ്ട്രീയക്കാരനാണ് ഫയ്യാസ് ചോഹാന്‍.

ഹിന്ദുവിഭാഗത്തെ അവമതിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതു കാരണം പഞ്ചാബ് പ്രവിശ്യ വിവരവകുപ്പ് മന്ത്രി ഫയ്യാസ് ചോഹാനെ പുറത്താക്കുന്നതായി പിടിഐ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. രാഷ്ട്രീയമായുള്ള സംസാരമാണെങ്കിലും ഒരു വിഭാഗത്തിന്റെ വിശ്വാസത്തെയും മതത്തെയും അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന് പിടിഐ ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

പാകിസ്ഥാനിലെ രാഷ്ട്രീയക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പല പരാമര്‍ശങ്ങളും നടത്താറുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്തരത്തിലൊരു നടപടി. ന്യൂനപക്ഷങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്ന നിലപാട് കൈകൊണ്ട  പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നടപടി ഹിന്ദുമതവിശ്വാസികള്‍ സ്വാഗതം ചെയ്തു. നാല്‍പതു ലക്ഷത്തിനടുത്താണ് പാകിസ്ഥാനിലെ ഹിന്ദുജനസംഖ്യ.  

അവലംബം- റോയിട്ടേഴ്സ്, എപിപി

Be the first to comment on "ഹിന്ദുമതവിശ്വാസികളെ അധിക്ഷേപിച്ചു- പാകിസ്ഥാനില്‍ മന്ത്രിയെ പുറത്താക്കി"

Leave a comment

Your email address will not be published.


*