https://maktoobmedia.com/

നീതി തേടി സതീഷിൻ്റെ കുടുംബം: ആദിവാസി വിദ്യാർത്ഥികളോട് കേരളം ചെയ്യുന്നത്

നിലമ്പൂർ ഇന്ദിരാഗാന്ധി സ്മാരക മാതൃകാ വിദ്യാലയത്തിലെ സതീഷ് എന്ന ആദിവാസി വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ദിശ കേരളയുടെ നേതൃത്വത്തിൽ സ്‌കൂളും പ്രദേശവും സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്:

കേരളത്തിലെ പ്രാക്തന ഗോത്ര വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിക്കപ്പെട്ട സർക്കാർ സ്ഥാപനമാണ് നിലമ്പൂർ ഇന്ദിരാഗാന്ധി സ്മാരക മാതൃകാ വിദ്യാലയം(IGMMR) . 1993 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ കാട്ടുനായ്ക്കർ , ചോലനായ്ക്കർ എന്നീ ആദിവാസി വിഭാഗങ്ങളിലെ കുട്ടികളാണ് ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസം നേടുന്നത് .16-2-2019ന് പ്രസ്തുത വിദ്യാലയത്തിൽ സതീഷ് എന്ന ആദിവാസി വിദ്യാർത്ഥിയുടെ മരണവും ,തുടർന്ന് ഡൂൾ ന്യൂസ് എന്ന ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തകളുടെയും അടിസ്ഥാനത്തിൽ , പ്രസ്തുത വിഷയങ്ങളിൽ സമാന്തര അന്വേഷണം നടത്തുകയും ഊരിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം അർപ്പിക്കുവാനും വേണ്ടി താഴെപറയുന്ന അംഗങ്ങൾ അടങ്ങിയ ഒരു ആറംഗ സംഘം 01-03-2019 ന് അപ്പന്‍കാപ്പ് ഊരും സ്ക്കൂളും സന്ദർശിച്ചു.

  1.   ദിനു കെ( സംസ്ഥാന പ്രസിഡൻറ്, ദിശ, ദളിത് വിദ്യാർത്ഥി)
  2.   മൃദുലാ ദേവി ശശിധരൻ (എഡിറ്റോറിയൽ ടീമംഗം ,പാഠഭേദം മാസിക.
      ദളിത് ആക്ടിവിസ്റ്റ് )
  3.   ഒ.പി.രവീന്ദ്രൻ (ഗവേഷകൻ, ദളിത് ആക്ടിവിസ്റ്റ്)
  4.  ശ്രീജ ( പ്രതിനിധി ,അന്വേഷി)
  5.   അഭിരാമി പിസി (സംസ്ഥാന എക്സിക്യൂട്ടീവ് അംഗം -ദിശ, ആദിവാസി വിദ്യാർത്ഥി പ്രതിനിധി)
  6.   ഷിബിൻ -(അംഗം, ദിശ)

അപ്പന്‍കാപ്പ് ഊരിലെ പരാതിക്കാരായ ചില വിദ്യാർത്ഥികൾ,പൂർവവിദ്യാർത്ഥികൾ ,രക്ഷിതാക്കൾ,സ്കൂളിലെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സ്കൂൾ സൂപ്രണ്ട്, ഒരധ്യാപകൻ തുടങ്ങിയവരെ കണ്ട് സംസാരിച്ചതിന്റെയും വാർത്തകളും വീഡിയോയും വിശകലനം ചെയ്തതിന്റെയും അടിസ്ഥാനത്തിൽ താഴെ പറയുന്ന നിഗമനങ്ങളിൽ എത്തിച്ചേരുകയും തുടർന്ന് സൂചിപ്പിക്കുന്ന തുടർ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതായും പങ്കുവെയ്ക്കുന്നു.

 • സതീഷ് മിടുക്കനായ വിദ്യാർത്ഥിയായിരുന്നു .സംസ്ഥാന തലത്തിൽ തന്നെ ചോക്ക് നിർമാണ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു .സതീഷിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സ്കൂൾ റെക്കോർഡുകളിൽ പരിശോധനയ്ക്കെത്തിയ ഡോക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥർ ഗുഡ് എന്നാണ് രേഖപ്പെടുത്തിയതെന്ന് സൂപ്രണ്ട് പറഞ്ഞു. മുൻ ആഴ്ച്ചകളിൽ പനി ഉണ്ടായിട്ടും ആഴ്ചതോറുമുള്ള ചെക്കപ്പ് നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ടിടും ക്യാൻസർ രോഗം മൂർഛിചാണ് സതീഷ് മരിച്ചതെന്ന് അധികൃതർ തന്നെ പറയുമ്പോൾ, രോഗാവസ്ഥയിൽ ഉണ്ടായിരുന്ന ഒരു വിദ്യാർത്ഥിയുടെ ആരോഗ്യസ്ഥിതി Good എന്ന് രേഖപ്പെടുത്തിയതിൽനിന്നുതന്നെ സ്കൂളിൽ സതീഷിനെ പരിശോധിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ വ്യക്തമാണ്.
 • കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച് രക്ഷിതാക്കളെ അറിയിക്കുന്നില്ല എന്ന പരാതി മൂന്നോളം രക്ഷിതാക്കൾ പങ്കുവച്ചു. ഇതിൽ സുനിൽ ബാബു എന്ന രക്ഷിതാവ് തൻറെ കുട്ടി വീൽചെയറിൽ ആവാൻ കാരണം സ്കൂൾ അധികൃതരുടെ അനാസ്ഥ കൂടിയാണെന്ന് ആരോപിച്ചു. രക്ഷിതാക്കളുടെ ഗൗരവമേറിയ ഈ പരാതികൾക്ക് മുകളിൽ അന്വേഷണം നടക്കേണ്ടതുണ്ട്
 • സതീഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇനിയും കുടുംബത്തിന് ലഭ്യമായിട്ടില്ലെന്ന് അറിയാൻ സാധിച്ചു. പ്രസ്തുത കേസ് അന്വേഷണം ദ്രുതഗതിയിൽ ആക്കാനും, കേസ് സംബന്ധിച്ച പുരോഗതികൾ സമയാസമയം രക്ഷിതാക്കളെ അറിയിക്കുവാനുള്ള സൗകര്യം ഒരുക്കുവാനും ആവശ്യപ്പെട്ടുകൊണ്ട് ഡിജിപിക്ക് പരാതി സമർപ്പിക്കുന്നതാണ്
 • മരണപ്പെട്ട സതീഷിന്റെ രക്ഷിതാക്കളുടെ അനുമതിയില്ലാതെയാണ് സതീഷിനെ മൈസൂരിൽ ടൂറിനു കൊണ്ടു പോയതെന്ന് രക്ഷിതാക്കളുടെ പരാതി നിലവിലുണ്ട്.പ്രസ്തുത സ്കൂൾ രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിദ്യാർഥികളെ ടൂറിന് കൊണ്ടുപോകുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. മറ്റ് സ്ക്കൂളുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ അനുമതി എഴുത്തടക്കം നിർബന്ധമുള്ളപ്പോൾ ഇത് ആദിവാസി വിഭാഗത്തിലെ രക്ഷിതാക്കളോട് സ്ക്കൂൾ കാണിക്കുന്ന നിരുത്തരവാദിത്തപരമായ സമീപനമായി വിലയിരുത്തുന്നു.
 • ലൈംഗിക അതിക്രമണം നടത്തിയെന്ന് കുട്ടികൾ ഡൂൾ ന്യൂസ് എന്ന മാധ്യമത്തിലൂടെ പരാതിപ്പെട്ട ഉണ്ണികൃഷ്ണൻ എന്ന അധ്യാപകനെതിരെ കുട്ടികളുടെ മൊഴി ഊരിൽ ചെന്ന് രേഖപ്പെടുത്തി ,എഫ് .ഐ .ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു നിലംബൂർ പോലീസ് സ്റ്റേഷനറിൽ നിന്ന് 05-03-2019ന് അറിയാൻ സാധിച്ചു .എന്നാൽ 06-03-2019 ന് വീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇതുവരേയും കേസ് രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് അറിയാൻ സാധിച്ചത്. ഇത് വലിയ പാളിച്ചതന്നെയാണ് .ഇത് സംബന്ധിച്ചു മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കും .
 • കേരളത്തിലെ ഏറ്റവും പ്രാക്തന ഗോത്ര വിഭാഗങ്ങളിലെ ആദിവാസിവിദ്യാർത്ഥികളുടെ ബാലവകാശങ്ങളാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.ഇതിൽ മരണമടഞ്ഞ സതീഷുൾപ്പെട്ട അപ്പൻകാവ് ഊരിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും പ്രശ്നങ്ങൾ പരിഹരിക്കാതെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടു പോകില്ലെന്ന നിലപാടിലാണ്. ആയതിനാൽ കേരളസംസ്ഥാന ബാലാവകാശ കമ്മീഷൻ,പ്രസ്തുത റിപ്പോർട്ടിലെ പരാതികൾ സംസ്ഥാന പട്ടികജാതി/ പട്ടികവർഗ കമ്മിഷൻ , വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് പോത്തുകല്ലിലെ അപ്പന്‍കാപ്പ് ഊരിൽ എത്തിച്ചേരുകയും അവിടെവച്ച് സിറ്റിംഗ് നടത്തണമെന്നും വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെയും പരാതികൾ സ്വീകരിച്ചു നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ചു ഒരു നിവേദനം നാളെ 06-03-2019ന് ദേശീയ/ സംസ്ഥാന കമ്മീഷനുകൾക്കു സമർപ്പിക്കുന്നതാണ്.
 • ഉണ്ണികൃഷ്ണൻ എന്ന അധ്യാപകൻ ശാരീരികമായി ഉപദ്രവിക്കുന്നു എന്നും, ക്രൂരമായി മർദ്ദിക്കുന്നുവെന്ന് 5 പൂർവ്വ വിദ്യാർത്ഥികളും, നിലവിലെ വിദ്യാർത്ഥികളുമായവർ പറഞ്ഞു. ഒരിക്കൽ ഈ അദ്ധ്യാപകൻ മുഖത്തടിച്ചതിൽ പ്രിൻസിപ്പാളോട് വിദ്യാർത്ഥിയും രക്ഷിതാവും പരാതി നൽകിയിട്ടുണ്ടായതായും അറിയാൻ സാധിച്ചു.ഈ അദ്ധ്യാപകൻ പ്രത്യക്ഷത്തിൽ തന്നെ റെറ്റ് ടു എഡ്യൂക്കേഷൻ ആക്ട് Sec. 17(1) ലംഘിച്ചിരിക്കുകയാണ്. ആയതിനാൽ 17(2) നിഷ്കർഷിക്കുന്ന അച്ചടക്ക നടപടി അടിയന്തരമായി കൈക്കൊള്ളുവാനാവശ്യപ്പെട്ട് സ്ക്കൂൾ പ്രിൻസിപ്പാൾ, സൂപ്രണ്ട് ,വിദ്യാഭ്യാസ വകുപ്പ് അധികൃതർ എന്നിവർക്ക് പരാതി സമർപ്പിക്കും.മേൽ പറഞ്ഞ അധ്യാപകരെ കൂടാതെ വിദ്യാർത്ഥികളെ മർദ്ദിക്കുന്ന മറ്റ് അധ്യാപകരുണ്ടെങ്കിൽ അവരെ കണ്ടെത്തി അടിയന്തരമായി നടപടിയെടുക്കുവാനും ആവശ്യപ്പെടും.
 • The Juvenile Justice (care and protection of children) Act 2000തിന്റെ സെക്ഷൻ 23 പ്രകാരമുള്ള ക്രിമിനൽ കുറ്റകൃത്യമാണ് പ്രഥമദൃഷ്ടിയാൽ തന്നെ ഉണ്ണികൃഷ്ണൻ,അനിൽ എന്നീ അധ്യാപകർ നടത്തിയിട്ടുള്ളതായി കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ വ്യക്തമാണ്.ഇതിൽ അനില്‍കുമാര്‍ എന്ന അധ്യാപകന്‍ അടിച്ചു തുട പൊട്ടിച്ചതായി ഒരു വിദ്യാര്‍ഥി പറയുന്നു. ജില്ലാ ശിശുക്ഷേമ സമിതിയുടെ ശ്രദ്ധയിൽ പ്രസ്തുത വിഷയത്തിൻമേൽ പരാതി നൽക്കും.
 • വംശീയവും ജാതീയവുമായ പരാമർശങ്ങൾ നടത്തുന്ന എല്ലാ അധ്യാപകർക്കുമെതിരെ നടപടി കൈക്കൊള്ളേണ്ടതുണ്ട്
 • ചില ഹോസ്റ്റൽ വാർഡൻമാർ കുട്ടികളെ എഴുന്നേൽക്കുന്നതിനു വേണ്ടി മുഖത്ത് വെള്ളമൊഴിക്കാറുണ്ടെന്ന് അറിയാൻ സാധിച്ചു. പ്രസ്തുത വാർഡൻമാർക്കെതിരെ, കുട്ടികളുടെ മൊഴിയെടുത്ത് നടപടിയെടുക്കുവാൻ അഭ്യർഥിക്കും.
 • വിദ്യാലയത്തിലെ മഴ കുഴി/ ജലനിധിക്കു മൂടി ഇല്ലാത്തതു ഒരു പ്രധാന സുരക്ഷിതത്വ പ്രശ്നമായി വിദ്യാർത്ഥികൾ പങ്കുവെച്ചു .ആയതിനാൽ തന്നെ ഇവ മൂടി വെക്കാൻ ആവശ്യമായ ഉത്തരവ് അടിയന്തിരമായി പുറപെടുപ്പിക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷനോട് അഭ്യർത്ഥിക്കും
 • പ്രസ്തുത സ്കൂളിലെ എല്ലാ അധ്യാപകർക്കും , ഉദ്യോഗസ്ഥർക്കുമായി ഒരു ബോധവത്കരണ ക്ലാസ് വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി സംഘടിപ്പിക്കേണ്ടതുണ്ട് .എസ്-സി /എസ്ടി അട്രോസിറ്റി ആക്ട് , പോക്‌സോ , ബാലാവകാശങ്ങൾ തുടങ്ങിയവയെ കുറിച്ച് ബോധവത്കരണ ക്ലാസ് നൽകേണ്ടതുണ്ട്
 • അവകാശ സംരക്ഷണം സംബന്ധിച്ച് സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഒരു പരിശീലന കളരി വ്യത്യസ്ത കമ്മീഷനുകളുടെ നേതൃത്വത്തിൽ നടത്തുവാൻ അഭ്യർത്ഥിക്കും .സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയിൽ അപ്പൻകാപ്പ് ഊരിൽ ഈ അവധിക്കാലത്തും കുട്ടികൾക്കായി നേതൃത്വ പരിശീലന കളരി സംഘടിപ്പിക്കും .

Be the first to comment on "നീതി തേടി സതീഷിൻ്റെ കുടുംബം: ആദിവാസി വിദ്യാർത്ഥികളോട് കേരളം ചെയ്യുന്നത്"

Leave a comment

Your email address will not be published.


*