https://maktoobmedia.com/

ഞങ്ങൾ ഒരു വലിയ പ്രതീക്ഷകളുടെ പ്രതിനിധികളാണ്: ഇ.ടി. മുഹമ്മദ് ബഷീർ

പതിനാറാം ലോക്‌സഭയിലെ പ്രതിപക്ഷ ഇടപെടലുകളിലെ ശ്രദ്ധേയമായ മുസ്‌ലിം സാന്നിധ്യമാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പൊന്നാനി ലോക്‌സഭ മണ്ഡലാംഗമായ ഇ.ടി. മുഹമ്മദ് ബഷീർ. പതിനഞ്ച്, പതിനാറ് ലോക്‌സഭകളിൽ പാർലമെന്റംഗമായ ഇ ടി മുഹമ്മദ് ബഷീർ മുത്തലാഖ് ബിൽ, മുസ്‌ലിം, ദലിത് വിഭാഗങ്ങൾക്കെതിരായ ആൾക്കൂട്ട കൊലപാതകങ്ങൾ, മുസ്‌ലിം ചെറുപ്പക്കാർക്കെതിരായ വ്യാജകേസുകൾ തുടങ്ങിയ വിഷയങ്ങളിൽ ഗൗരവപരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. നാലുവട്ടം തുടർച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇടി മുഹമ്മദ് ബഷീർ മുസ്ലിം ലീഗ് കേരള ജനറൽ സെക്രട്ടറി, കേരളവിദ്യാഭ്യാസ മന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ട നേതാവാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ സാഹചര്യത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ, നരേന്ദ്രമോദി സർക്കാറും ഹിന്ദുദേശീയതയും, ഉത്തരേന്ത്യൻ മുസ്‌ലിംകളും രാഷ്ട്രീയ പാർട്ടികളും, കേരള രാഷ്ട്രീയം, ലീഗിന്റെ മൂന്നാം സീറ്റ് തുടങ്ങിയ വിഷയങ്ങളിൽ ന്യൂഡൽഹി ജാമിഅ മില്ലിയ സർവകലാശാല ഗവേഷകവിദ്യാർത്ഥി ത്വയ്യിബ് റജബുമായി ഇ.ടി മുഹമ്മദ് ബഷീറിന്റെ സംഭാഷണം:

ഹിന്ദു ദേശീയവാദികൾ ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്ന നാളുകളാണ് കഴിഞ്ഞ നാലര വർഷങ്ങൾ. ഈ കാലയളവിൽ പാർലമെന്റിലെ മുസ്ലിം ലീഗിന്റ പ്രതിനിധിയെന്ന നിലയിലുള്ള പ്രകടനത്തെ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്?

ഞാൻ പാർലമെന്റംഗമായി ഇവിടെ വന്നിട്ട് പത്തു വർഷം തികയാറായി. നരേന്ദ്ര മോദി സർക്കാർ ഭരണത്തിൽ വന്ന പതിനാറാം ലോകസഭയിൽ ഒരു എംപി എന്ന നിലയിൽ ഞാനെന്റെ പ്രവർത്തനത്തെ എങ്ങിനെ നോക്കിക്കാണുന്നു എന്നതാണ് ചോദ്യം. വളരെ പ്രസക്തമായ ചോദ്യമാണിത്. അല്പം വിശദീകരിച്ച് പറയേണ്ട കാര്യമാണ്. പാർലമെന്റ് വെബ്സൈറ്റ് കണക്കു പ്രകാരം പതിനാറാം ലോകസഭയിൽ ഞാൻ 90 ചർച്ചകളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. കൂടാതെ സീറോ അവറിൽ പത്തു ശ്രദ്ധ ക്ഷണിക്കൽ ഞാൻ നടത്തിയിട്ടുണ്ട്. 314 ചോദ്യങ്ങൾ ഈ ലോകസഭയിൽ ഈ അഞ്ചു വർഷത്തിനിടെ ഞാൻ ചോദിച്ചിട്ടുണ്ട്. സർക്കാർ ബില്ലുകളുടെ ചർച്ചകളിൽ 28 ഓളം ബില്ലുകളുടെ ചർച്ചയിൽ പങ്കെടുത്തു. സ്വകാര്യ മെമ്പർ ബില്ലായി എന്റേത് അഞ്ചോളം ബില്ലുകൾ പാർലമെന്റ് മുമ്പാകെ ഉണ്ട്. മുസ്ലിം ലീഗിന്റെ പ്രതിനിധികളായി ഞങ്ങൾ രണ്ടു പേരാണ് ലോകസഭയിൽ ഉള്ളത്. നേരത്തെ ഇ അഹമ്മദ് സാഹിബ് ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ മരണ ശേഷം തൽസ്ഥാനത്തു പികെ കുഞ്ഞാലിക്കുട്ടി വന്നു. ഞങ്ങളുടെ ശബ്ദം വേറിട്ട ശബ്ദമായിരുന്നു. 540 അംഗങ്ങളുള്ള ലോകസഭയിൽ ലീഗിന്റെ ശബ്ദം കൂടുതൽ ഊന്നൽ കൊടുത്തത് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്കാണ്. എന്നാൽ മറ്റു പൊതുകാര്യങ്ങളിലും ഞങ്ങൾ ഇടപെടാറുണ്ട്. ലീഗിന്റെ പാരമ്പര്യം അങ്ങനെയാണ്. ന്യൂനപക്ഷത്തിന്റെ ആവശ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തുകൊണ്ട് സമൂഹത്തിന്റെ കാര്യങ്ങളും ഞങ്ങൾ കൈകാര്യം ചെയ്യാറുണ്ട്. ഞാൻ നോക്കുമ്പോൾ ഇന്ത്യയിൽ നടമാടിക്കൊണ്ടിരുന്ന അക്രമങ്ങൾ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ ഇതിലെല്ലാറ്റിലും ഇടപെട്ട പാർട്ടിയാണ് മുസ്ലിം ലീഗ്.

ന്യൂനപക്ഷ അവകാശങ്ങൾ ധാരാളമായി ധ്വംസിക്കപ്പെട്ട അവസരങ്ങൾ ഈ സർക്കാരിന്റെ കാലത്തു ധാരാളമായി ഉണ്ടായി. എല്ലാ സ്ഥാപനങ്ങളെയും അവർ വർഗീയവത്കരിച്ചുകൊണ്ടിരിക്കുകയാണ്. സ്‌കൂൾ പാഠപുസ്തകങ്ങൾ, പാഠ്യപദ്ധതി ,കേന്ദ്രീയ വിദ്യാലയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, NCERT, യുജിസി തുടങ്ങി എല്ലാ സ്ഥാപനങ്ങളുടെയും തലപ്പത്തു തീവ്രവർഗീയവാദികളെ നരേന്ദ്ര മോദി സർക്കാർ അവരോധിച്ചു. ഇതിനെയെല്ലാം ഉദ്ധരിച്ചു കൊണ്ട് പ്രത്യേകിച്ച് പാഠപുസ്തകങ്ങളിൽ നടത്തിയ മാറ്റങ്ങൾ പാർലമെൻറിൽ ഞാൻ സംസാരിച്ചിരുന്നു. സോഷ്യൽ മീഡിയകളിൽ അത് ഇപ്പോഴും ലഭ്യമാണ്. ഇവിടെ മറ്റൊരു അതിക്രമം നടന്നിട്ടുള്ളത് ആൾക്കൂട്ടകൊലകളാണ്. ആൾകൂട്ടക്കൊലപാതകങ്ങൾ നടന്ന മിക്കവാറും എല്ലാ പ്രദേശങ്ങളും ഞാൻ വ്യക്തിപരമായി സന്ദർശിച്ചിട്ടുണ്ട്. കാശ്‌മീരിലെ കത്വ അടക്കം. ഈ സ്ഥലങ്ങളിലൊക്കെ പോവുകയും അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും അവർക്ക് ചെയ്യാൻ കഴിയുന്ന സഹായങ്ങൾ പാർട്ടി എന്ന നിലയിലും മറ്റു നല്ലവരായ ആളുകളിലൂടെയും ഞങ്ങൾ ചെയ്തിട്ടുണ്ട്. അത് ഞങ്ങൾ പ്രധാനമായും ഊന്നൽ കൊടുത്ത ഒരു വിഷയമാണ്. ഇത്തരം ദുരിതങ്ങളുണ്ടായ സ്ഥലത്തു ഞങ്ങൾ പോയത് കൊണ്ട് മാത്രം അവരുടെ വിഷമങ്ങൾ മാറുന്നില്ല ,എന്നാലും ഞങ്ങളെ കൊണ്ടു കഴിയുന്ന സഹായം ചെയ്യാൻ ശ്രമിക്കാറുണ്ട്. ഞാനിവിടെ എംപിയായി പ്രവർത്തിക്കുന്ന മേഖലയിൽ ഞങ്ങളുടെ പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ ഞങ്ങൾ ഏറ്റവും അധികം ശ്രദ്ധിച്ച ഒരു മേഖലയാണ് റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകൾ. ജമ്മു, ഹൈദരാബാദ്, ഡൽഹി, ഫരീദാബാദ്, മേവാത്ത് തുടങ്ങി എല്ലാ റോഹിങ്ക്യൻ ക്യാമ്പുകളിലും ഞങ്ങൾ പോയിട്ടുണ്ട്. അവർക്ക് പുതിയ വീട് നിർമിച്ചു കൊടുക്കാനൊന്നും പാടില്ല. അവർ എപ്പോഴും നിരീക്ഷണത്തിലായിരിക്കും. പോലീസുകാർ ദിവസവും വന്നു നോക്കും പുതിയ വല്ല നിർമാണപ്രവർത്തനങ്ങളും നടക്കുന്നുണ്ടോ എന്ന്. എന്നാലും വസ്ത്രങ്ങൾ ,ഭക്ഷണം തുടങ്ങിയവ ഇപ്പോഴും ഞങ്ങൾ അവർക്കെത്തിക്കാറുണ്ട്. അവസാനമായി മുസ്ലിം ലീഗിന്റെ കേരള സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ ആഹ്വനം ചെയ്തത് പ്രകാരം ഞങ്ങൾ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫണ്ട് ശേഖരിച്ചപ്പോൾ ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് ലഭിച്ചത്. അതിൽ ഒരു കോടി ഇന്ത്യ ഗവണ്മെന്റിന്റെ വിദേശ കാര്യ വകുപ്പുമായി സംസാരിച്ച ശേഷം ഏറ്റവും കൂടുതൽ അഭയാര്ഥികളുള്ള ബംഗ്ലാദേശിലെ ക്യാമ്പിൽ എത്തിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ഞങ്ങൾ ചിലവഴിക്കുന്നത് സർക്കാർ മുഖേനയാവണം. അതിനാൽ രേഖ മൂലം എഴുതി സർക്കാരിൽ നിന്നും സമ്മതം വാങ്ങി ബംഗ്ലാദേശ് തലസ്ഥാനം ധാക്കയിലെ ഒരു ബാങ്കിൽ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് വേണ്ടി തുടങ്ങിയ അക്കൗണ്ടിൽ പണം നിക്ഷേപിച്ചു. ബാക്കി മുപ്പത് ലക്ഷത്തോളം രൂപ വിവിധ റോഹിങ്ക്യൻ ക്യാമ്പുകളിൽ ചിലവഴിച്ചു

കരിനിയമങ്ങളായ യുഎപിഎ,അഫ്സ്പ, രാജ്യദ്രോഹം തുടങ്ങിയ നിയമങ്ങൾ കാരണം ധാരാളം നിരപരാധികൾ വേട്ടയാടപ്പെടുകയും വിചാരണ പോലുമില്ലാതെ ജയിലിൽ അടക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. ഇത്തരം പ്രശ്നങ്ങളിൽ ഞങ്ങൾ വ്യക്തിപരമായും അല്ലാതെയും രാഷ്ട്രീയം നോക്കാതെ ഇടപെട്ടിട്ടുണ്ട്. മതപരമായ സ്വാതന്ത്ര്യം ആർട്ടിക്കിൾ 25 പ്രകാരം ഇന്ത്യൻ ഭരണഘടന നൽകുന്ന ഒന്നാണ്. ആ സ്വാതന്ത്രത്തിനെതിരായി ഇവിടെ മത പ്രബോധനം നടത്തിയ ആളുകൾക്കെതിരെ കേസെടുത്തപ്പോൾ അത് ഞാൻ പാർലമെൻറിൽ ഉന്നയിച്ചിരുന്നു. വിവിധ തലങ്ങളിൽ അതിന്റെതായ ശക്തമായ ഇടപെടലുകൾ നടത്തി. അതുപോലെ കാശ്‌മീരിലെ പ്രശ്നം വന്നപ്പോൾ കാശ്‌മീരിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അവർ അനുഭവിച്ച ഘട്ടങ്ങളിൽ അത് ഉന്നയിക്കാൻ ഞങ്ങൾക്കായി. ഇതുപോലെ എല്ലാ പ്രശ്നങ്ങളിലും പാർലമെൻറിൽ ഉന്നയിക്കാൻ കഴിഞ്ഞിരുന്നു.

ഞങ്ങളൊന്നും വലിയ ആളുകളല്ല. എങ്കിലും ഞങ്ങൾ ഒരു വലിയ പ്രതീക്ഷകളുടെ പ്രതിനിധികളാണ്. അതിനനുസരിച്ച് ഉയർന്നോ എന്നത് നിങ്ങൾ വിലയിരുത്തേണ്ടതാണ്. ഞങ്ങളുടെ ഇടപെടലിന്റെ രേഖകൾ പാർലമെൻറിൽ ലഭ്യമാണ്. ഹജ്ജ് കമ്മിറ്റിയിലും കേന്ദ്ര വഖഫ് ബോർഡിലും ഞാൻ അംഗമായിരുന്നു. ഹജ്ജ് കമ്മറ്റിയിൽ കേന്ദ്ര സർക്കാർ ഇടപെടാൻ ശ്രമിച്ചപ്പോഴൊക്കെ അതിനെതിരെ ശക്തമായ ഒരു നിലപാട് ഞാൻ എടുത്തു. വഖഫ് ബോർഡിലും ചെറിയ കാര്യങ്ങളിൽ പോലും ഇടപെടലുകൾ നടത്തി. ഓരോ എംപിക്കും ഓരോ സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുക്കാം. ഞാൻ കഴിഞ്ഞ 9 കൊല്ലമായി തിരഞ്ഞെടുത്തത് മൈനോറിറ്റി സ്റ്റാന്റിങ് കമ്മറ്റിയാണ്. കാരണം അതിൽ മന്ത്രി നേരിട്ട് വരും. പിന്നെ ഈയടുത്തായി നടത്തിയ ഇടപെടലുകൾ നിങ്ങൾക്കറിയാം മുതാലാഖ് ബില് ,പൗരത്വ ബില് ,സാമ്പത്തിക സംവരണം തുടങ്ങിയ തുടങ്ങിയ വിഷയങ്ങളിൽ ഏറ്റവും നന്നായി ഇടപെട്ടത് മുസ്ലിം ലീഗാണ്.

Image may contain: one or more people and outdoor

ഭൂരിപക്ഷ വിഭാഗത്തോട് ചേർന്ന് നിന്ന് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുക എന്നത് കേരളത്തിൽ മുസ്ലിം ലീഗിന്റെ നിലപാടാണ്. ഇത്തരമായൊരു മാതൃക ദേശീയ തലത്തിൽ കൊണ്ടുവരാൻ കഴിയാതെ പോയത് എന്ത് കൊണ്ട്?

മുസ്ലിം ലീഗ് വിശ്വസിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിൽ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയം സംഘർഷങ്ങൾ ഉണ്ടാക്കുന്ന ഒന്നാകരുത് എന്നാണ്. ഞാൻ ഏഴു കൊല്ലത്തോളം കേരളത്തിലെ ഏറ്റവും സങ്കീർണമായ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ആളാണ്. ആ സമയത്ത് ഞങ്ങൾക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു എല്ലാവര്ക്കും തുല്യമായി നീതി ലഭ്യമാക്കാൻ ശ്രമിക്കണം എന്നത് .

ന്യൂനപക്ഷങ്ങൾക്കു എത്രയോ കാലമായി അർഹമായ നീതി കിട്ടിയിട്ടില്ല. അതിനു വേണ്ടി നിരവധി കാര്യങ്ങൾ ചെയ്‌തു. അതിന്റെ കൂടെ മുന്നോക്കകാർക്കുള്ള സഹായങ്ങളും ചെയ്‌തു. എല്ലാ ജനവിഭാഗത്തിനും കൊടുത്തു. കോളേജും സ്കൂളും ഒക്കെ അനുഭവിക്കുന്ന സമയത്തു സമുദായികാടിസ്ഥാനത്തിൽ നോക്കുമ്പോഴും പിന്നാക്കാരെപ്പോലെ മുന്നാക്കക്കാർക്കും അവരുടേതായ ആവശ്യങ്ങളുണ്ടാവും. അവരെയും കൂടെ കൃത്യമായി കണക്കിലെടുത്തു സ്ഥാപനങ്ങൾ കൊടുത്തു. എൻ്റെ കാലഘട്ടത്തിലാണ് സംസ്കൃത സർവകലാശാല വന്നത്. കേരളത്തിൽ അത് ഒരു വലിയ വിപ്ലവമായിരുന്നു. ഒരു ലീഗുകാരൻ ഒരു മന്ത്രി എങ്ങിനെയാണ് ഒരു സംസ്കൃത യൂണിവേഴ്സിറ്റി അനുവദിച്ചത് എന്ന ചോദ്യം വന്നു. അന്ന് ഞാൻ നിയമ സഭയിൽ പറഞ്ഞു. “നിങ്ങൾ സംസ്കൃതത്തെ ഹിന്ദുവിന്റെ ഭാഷയായും അറബിയെ മുസ്ലിമിന്റെ ഭാഷയായും കാണരുത്.” അതിനു ഞാൻ മാതൃകയും കാണിച്ചു കൊടുത്തു. സംസ്കൃത സർവകലാശാല കൊണ്ടുവന്നപ്പോൾ അതിന്റെ കീഴിൽ ഉറുദു ഡിപ്പാര്ട്മെന്റ് ആരംഭിച്ചു. അപ്പോൾ സംസ്കൃത സർവകലാശാലയിൽ എന്തിനു ഉറുദു എന്ന ചോദ്യം ഉയർന്നു. ഞാൻ പറഞ്ഞു ഇന്റർ ലിറ്ററേറ്റിരി, ഇന്റർ ലാംഗ്വേജ് ,ഇന്റർ കൾച്ചറൽ സ്റ്റഡീസ് എന്നിവ സർവകലാശാലയിൽ അനുവദിച്ചിട്ടുണ്ട്. അതിൻ്റെ ഭാഗമായി ഉറുദുവും കൊണ്ടുവന്നു. ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്കൃത സർവകലാശാലയാണ് കാലടിയിലുള്ളത്.

ന്യൂനപക്ഷങ്ങൾക്ക് അർഹമായതൊന്നും പണ്ട് കിട്ടിയിരുന്നില്ല അത് കുറച്ചെങ്കിലും പരിഹരിക്കാൻ സാധിച്ചു. കൂടാതെ ആദിവാസികൾക്കും ദലിതർക്കും പലയിടങ്ങളിലായി സ്ഥാപനങ്ങൾ കൊടുത്തു. പിന്നെ എന്ത് കൊണ്ട് ഇത് ദേശീയ തലത്തിലേക്ക് കൊണ്ട് വരാൻ പറ്റിയില്ല. അതിനു പരിമിതികളുണ്ട്. ഒന്ന് മുസ്ലിം ലീഗിനെ സ്വീകരിക്കാൻ തയ്യാറായി വന്നത് കേരളം ജനതയാണ്. കേരളം കൂടാതെ തമിഴ് നാടും പ്രധാനമാണ്. ഖാഇദെ മില്ലത്തിൻ്റെ നാട്. സ്വാതന്ത്രാനന്തരം ഇവിടെ മുസ്ലിം ലീഗിൻ്റെ കാര്യത്തിൽ എന്ത് വേണം എന്നുള്ള ചർച്ചകൾ വന്നു, ചിലർ പറഞ്ഞു മുസ്ലിം ലീഗ് പിരിച്ചു വിടണം, ഞങ്ങൾ പറഞ്ഞു ഇന്ത്യയിലെ മാറിയ സാഹചര്യത്തിൽ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാൻ മുസ്ലിം ലീഗ് വേണം. അങ്ങനെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇവിടെ വന്നു. മുസ്ലിം ലീഗ് വന്നതിനു ശേഷം ഇന്ത്യ രാജ്യത്തു കുറെയേറെ കാര്യങ്ങൾ നടന്നു. അതിൻ്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ന്യൂനപക്ഷ രാഷ്ട്രീയത്തിൻ്റെ ഒരു നല്ല കേരള മോഡൽ ഉണ്ടാക്കാൻ ഞങ്ങൾക്ക് സാധിച്ചു. പക്ഷെ വടക്കേ ഇന്ത്യയിൽ ലീഗ് അത്ര സ്വീകരിക്കപ്പെട്ടില്ല. അതിൻ്റെ കാരണം ഒന്ന് വിഭജനത്തിന്റെ മുറിവുകൾ ആണ്. ലീഗിൻ്റെ പേര് കേൾക്കുമ്പോൾ അത് പാക്കിസ്ഥാൻ ഉണ്ടാക്കിയ ലീഗ് ആണ് എന്ന രൂപത്തിൽ ഒരു ചിന്താധാര വന്നു. വടക്കേ ഇന്ത്യയിലെ ആളുകളുടെ ഒരു മനോഭാവം അങ്ങനെയായിരുന്നു. ഇപ്പൊ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.

Image result for muslim league KERALA

ഉത്തരേന്ത്യയിൽ നേരത്തെതന്നെ വലിയ തോതിലൊന്നുമല്ലെങ്കിലും കുറച്ചൊക്കെ ലീഗ് ഉണ്ടായിരുന്നു. മഹാരാഷ്ട്രയിൽ ഉണ്ടായിരുന്നു അവിടെ ഞങ്ങൾക്ക് എംഎൽഎ ഉണ്ടായിരുന്നു. കോർപറേഷൻ കൗൺസിലർമാരുണ്ടായിരുന്നു. അയൽസംസ്ഥാനമായ കർണാടകയിലും ഞങ്ങൾ നല്ല നിലയിലായിരുന്നു. ബാംഗ്ളൂരിൽ മാത്രം 7 കൗൺസിലർമാർ ഒരു സമയത്ത് ലീഗിന് ഉണ്ടായിരുന്നു. ബംഗാളിൽ ലീഗ് മന്ത്രിസഭയിൽ ഉണ്ടായിരുന്നു. ഹസനുസ്സമാൻ സാഹിബ്, അദ്ദേഹം വ്യവസായ മന്ത്രിയായിരുന്നു. ബിഹാറിലും ചെറുതല്ലാത്ത അടിത്തറ ലീഗിന് ഉണ്ടായിരുന്നു. പക്ഷെ ഇതൊന്നും വലിയ ഒരു ശക്തിയാണെന്നു പറയാൻ പറ്റില്ല. ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്, ബനാത്ത് വാല സാഹിബ്, തുടങ്ങിയവരൊക്കെ ഇന്ത്യയിൽ തന്നെ ആദരിക്കപ്പെട്ട നേതാക്കന്മാരായിരുന്നു. ഇ. അഹമ്മദ് സാഹിബ് ഈ ശ്രേണിയിൽ അവസാനത്തെ ആളായിരുന്നു. ശരിക്കു പറഞ്ഞാൽ അബുൽ ഹസൻ അലി നദ്‌വി സാഹിബ് കഴിഞ്ഞാൽ ഇന്ത്യയിൽ നിന്ന് പുറംരാജ്യങ്ങളിൽ ഏറ്റവും അറിയപ്പെട്ട മുസ്ലിം നേതാവ് സേട്ട് സാഹിബായിരുന്നു. അങ്ങനെയുള്ള നേതാക്കന്മാർ ഉണ്ടായിരുന്ന സമയത്തു ലീഗ് കുറച്ചുകൂടെ ശക്തമായിരുന്നു. പിന്നെ ഇപ്പോൾ അന്നുള്ള അത്ര ശക്തി ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയാൻ എനിക്ക് ഒരു മടിയുമില്ല. പക്ഷെ വീണ്ടും ലീഗ് സജീവമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ലീഗിന് സ്റ്റേറ്റ് കമ്മിറ്റിയുണ്ട്. അതിൻ്റെ നേതൃത്വത്തിൽ ധാരാളമായിട്ടുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിൻ്റെ ഏകോപനത്തിനായി ഞങ്ങളൊക്കെ സ്ഥിരമായിട്ട് യാത്ര ചെയ്യാറുണ്ട്.

മുസ്ലിം ലീഗിന് സമാനമായ ആശയവുമായി പ്രവർത്തിക്കുന്ന സാമുദായിക സംഘടനകളാണ് എഐഎംഐഎം, എയുഡിഎഫ് മുതലായ പാർട്ടികൾ. ഇത്തരം പാർട്ടികളുമായിട്ടുള്ള മുസ്ലിം ലീഗിൻ്റെ സമീപനം എങ്ങനെയാണ്? ഓൾ ഇന്ത്യ മുസ്ലിം മജ്‌ലിസെ മുശാവറ അടക്കമുള്ള മുസ്ലിം കൂട്ടായ്മകളിൽ മുസ്ലിം ലീഗിൻ്റെ സാന്നിധ്യം എങ്ങനെയാണ്?

ഞങ്ങൾക്ക് അവരുമായി വളരെ നല്ല ബന്ധമാണ്. പക്ഷെ മുസ്ലിം സംഘടനയാണെന്ന് പറയുമ്പോഴേക്കും അവരുമായി യോജിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് രണ്ടു വട്ടം ആലോചിച്ചു ചെയ്യേണ്ട കാര്യമാണ്. കാരണം ഒരു സംഘടന മുസ്ലിം ന്യുനപക്ഷത്തെ പ്രതിനിധീകരിക്കുന്നു, അല്ലെങ്കിൽ അവർക്കുവേണ്ടി സംസാരിക്കുന്നു എന്നത് കൊണ്ട് ഒരു വൈകാരികമായ ബന്ധം ഉണ്ടാക്കിയെടുക്കുന്നത് നല്ലതാവില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. അവരുടെ ആശയം എന്താണ്? അവർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? എന്നിത്യാദി കാര്യങ്ങൾ കൃത്യമായി പഠിച്ചിട്ടേ അത് പറ്റുകയുള്ളു. എന്നാൽ പൊതുവിഷയങ്ങൾ വരുമ്പോൾ ഞങ്ങൾ ഇവരെല്ലാവരുമായും പാർലമെൻറിൽ ഉള്ളവരുമായും ഇല്ലാത്തവരുമായും ബന്ധപ്പെടാറുണ്ട്. ഒരു മർദ്ദിതന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്നവരെന്ന നിലയിൽ യോജിച്ചു ചെയ്യാൻ കഴിയുന്നതൊക്കെ ഞങ്ങൾ ചെയ്യാറുണ്ട്. ഇത്തരം സംഘടനകളുമായി ഒന്നിക്കാനുള്ള ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല. അതിൻ്റെ സാധ്യതകൾ കുറച്ചുകൂടി മനസ്സിലാക്കിയ ശേഷമേ അങ്ങനെ ചെയ്യാനൊക്കുകയുള്ളൂ. അലീഗഢ്, ജാമിഅ തുടങ്ങിയ സർവകലാശാലകളുടെ ന്യൂനപക്ഷപദവികൾ എടുത്തുകളയുന്നതിനെതിരെയുള്ള സമരം പോലെയുള്ള പൊതു വിഷയങ്ങളിൽ സജീവമായി ഞങ്ങൾ അവരുടെ കൂടെയുണ്ട്.

പാർലമെൻറിൽ ഇപ്പോൾ മുസ്ലിം എംപിമാരുടെ എണ്ണം വളരെ കുറവാണ്. ചരിത്രത്തിൽ ഏറ്റവും കുറഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത് . ആകെ 22 പേരെയുള്ളൂ എന്നാണ് തോന്നുന്നത്. എന്നിരുന്നാൽ പോലും ന്യൂനപക്ഷങ്ങളുടെ വിഷയത്തിൽ ഞങ്ങൾ തന്നെ മുൻകൈ എടുത്ത് യോഗം കൂടാറുണ്ട്. ഇനി മറ്റാരെങ്കിലും യോഗം നടത്തി ഞങ്ങളെ ക്ഷണിക്കുകയാണെങ്കിലും ഞങ്ങൾ എല്ലാ യോഗങ്ങളിലും പങ്കെടുക്കാറുണ്ട്. മജ്‌ലിസെ മുശാവറ, മുസ്‌ലിം പേർസണൽ ലോ ബോർഡ് തുടങ്ങിയവയിൽ ഞങ്ങൾ സജീവമാണ്. ഞാൻ മജ്ലിസെ മുശാവറയിൽ അംഗമാണ്. ലീഗിൻ്റെ നാഷണൽ സെക്രട്ടറി, പ്രഫസർ ആലിക്കുട്ടി ഉസ്താദ് തുടങ്ങിയവർ മുസ്ലിം പേർസണൽ ലോ ബോർഡിൽ അംഗങ്ങളാണ്.

Image result for asaduddin owaisi AD ET MUHAMMED BASHEER

മുസ്ലിം ലീഗ് ലോകസഭയിൽ മൂന്നാമതൊരു സീറ്റ് ചോദിക്കാൻ സാധ്യതയുണ്ട് എന്ന അഭ്യൂഹങ്ങൾ ഉയരുമ്പോഴേക്കും അതിനെ സാമുദായിക സന്തുലനത്തെ തകർക്കും എന്ന വാദം ഉയർന്നിട്ടുണ്ട്. ഇതിനോട് താങ്കളുടെ പ്രതികരണം.?

ലീഗ് ഒരു ആവശ്യം ഉന്നയിക്കുമ്പോൾ അത് അഞ്ചാം മന്ത്രി സ്ഥാനമാവട്ടെ, മൂന്നാമതൊരു എംപി സീറ്റ് ആവട്ടെ, അതിനെ ഒരു വർഗീയതയായി മുദ്ര കുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് വളരെ വിചിത്രമായ ഒരു കാര്യമാണ്. നമ്മുടെ നാട്ടിൽ സാമുദായികാടിസ്ഥാനത്തിൽ സീറ്റുകൾ ചോദിക്കുന്നില്ലേ എന്ന് ചോദിച്ചാൽ എല്ലാവരും ചോദിക്കുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തെ നയിക്കുന്ന ഒരു ഘടകം തന്നെ സാമുദായിക ജാതീയ ചിന്തകളും പ്രശ്നങ്ങളും ഒക്കെയാണ്. അപ്പൊ ജനങ്ങളൊക്കെ തന്നെ അവരുടെ വിശ്വാസത്തിനും സമുദായത്തിനും അർഹതപ്പെട്ട അവകാശങ്ങൾ ചോദിക്കാറുണ്ട്. അത് രാഷ്ട്രീയത്തിൽ സാധാരണമാണ്.

Image result for udf meeting

കേരളത്തിൻ്റെ കാര്യം പറയുമ്പോൾ, ലീഗ് അഞ്ചാം മന്ത്രി ചോദിച്ചു. അങ്ങനെ ചോദിക്കുന്ന സമയത്ത് ലീഗിനെത്ര ആളുണ്ട്, സാമുദായിക അനുപാതം പാലിച്ചിട്ടുണ്ടോ, അത് കൊടുക്കാൻ പാടുണ്ടോ, കൊടുത്താൽ സമുദായികസന്തുലനം തകരുമോ തുടങ്ങിയ പ്രചാരങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഇത്തരം വാദങ്ങളിലൊന്നും കഴമ്പില്ല . ആരാണ് കണക്കു നോക്കാറുള്ളത്? ഓരോ സമുദായത്തിൻ്റെയും എടുത്ത് അവർക്ക് എത്ര മന്ത്രിമാരുണ്ട്? അവർക്ക് എത്ര എംഎൽഎമാർക്ക് അർഹതയുണ്ട്? എന്ന് ആരാണ് കണക്കു നോക്കാറുള്ളത്. എന്നാൽ ലീഗിൻ്റെ കാര്യത്തിൽ കണക്കു നോക്കാൻ എല്ലാവരുമുണ്ട്. കൂട്ടാനും കിഴിക്കാനും ഹരിക്കാനും പെരുക്കാനുമൊക്കെ ലീഗിൻ്റെ കണക്കു മാത്രം നോക്കുന്നത് തെറ്റായ ഒരു പ്രവണതയാണ്. ഇത് ന്യൂനപക്ഷങ്ങൾക്കു കിട്ടേണ്ട അവകാശങ്ങൾ അത് ജനപ്രാതിനിധ്യ മേഖലയിലാണെങ്കിലും ശരി ഉദ്യോഗത്തിലാണെങ്കിലും ശരി പള്ളിക്കൂടത്തിൻ്റെ കാര്യത്തിലാണെങ്കിലും ശരി, നേടാനുള്ള നീക്കങ്ങളെ വഴിയിൽ വെച്ച് മുടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. അത് സദുദ്ദേശപരമല്ല .

പാർലമെന്റിൽ മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം അതിൻ്റെ ഏറ്റവും കുറഞ്ഞ ഘട്ടത്തിലുള്ള സമയമാണിത്. ഇന്ത്യൻ മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഗുണാത്മകമായ ചോദ്യങ്ങളും സംവാദങ്ങളും പാർലമെന്റ് സമ്മേളനങ്ങളിൽ നടക്കുന്നില്ല എന്ന പഠനങ്ങളും പുറത്തുവരുന്നുണ്ട്. ഇന്ത്യൻ പാർലമെന്റിൽ ജനസംഖ്യാനുപാതികമായ പ്രതിനിത്യം നടപ്പിലാക്കുക എന്ന ബിൽ പാർലമെന്റിൽ മുമ്പ് അവതരിപ്പിച്ച പാർട്ടിയാണ് മുസ്‌ലിം ലീഗ്. ആ നിലപാട് പാർട്ടിക്ക് ഇപ്പോഴുമുണ്ടോ? ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എന്ന നിലപാടിനോളുള്ള സമീപനമെന്താണ്?

“സംവരണം ഇവിടെ കൊടുക്കുന്നത് സമുദായത്തിൻ്റെ അടിസ്ഥാനത്തിലാണ്. അത് പാടില്ല” എന്നൊക്കെ പറയുകയാണെങ്കിൽ എങ്കിൽ പിന്നെ അത് ജനസംഖ്യ അടിസ്ഥാനമായിക്കോട്ടെ. ഞങ്ങൾ അത് പറയുന്നവരാണ്. ജനസംഖ്യാനുപാതികമായ സംവരണം. ഞങ്ങൾ അത് മുമ്പ് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ബില്ലുമുണ്ട്. സ്വാഭാവികമായും എല്ലാവരോടും ഞങ്ങൾക്ക് പറയാനുള്ളതും ഇത് തന്നെയാണ്. ജനസംഖ്യാടിസ്ഥാനത്തിൽ എത്ര അർഹതയുണ്ടോ ഓരോ സമുദായങ്ങൾക്കും, അത് നൽകട്ടെ അവർക്ക്.

യുപിഎയുടെ ഭാഗമാണ് മുസ്‌ലിം ലീഗ്. യുപിഎ ഭരണ കാലത്താണ് ബട്ട്ല ഹൗസ് അടക്കം നിരവധി വ്യാജ ഏറ്റുമുട്ടലുകൾ രാജ്യത്ത് ഉണ്ടാവുകയും വ്യാപകമായി മുസ്ലിം യുവാക്കൾക്കെതിരെ യുഎപിഎ കേസുകൾ ചുമത്തപ്പെടുകയും ചെയ്തത്. ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പ്രചാരണങ്ങളിൽ മുസ്ലിം സാന്നിധ്യം ഒഴിവാക്കാൻ ശ്രമിച്ചു എന്നും രാഹുൽ ഗാന്ധി ഹിന്ദു ക്ഷേത്രങ്ങൾ മാത്രം സന്ദർശിച്ചെന്നും ശക്തമായ ആരോപണം ഉണ്ട്. ബിജെപി യെ തോൽപിക്കാൻ കോൺഗ്രസ് മൃദു ഹിന്ദുത്വം കളിക്കുകയാണെന്ന ആരോപണത്തെ താങ്കൾ എങ്ങനെ കാണുന്നു?

തീർച്ചയായും യുപിഎ ഭരണ കാലത്ത് അധസ്ഥിത വിഭാഗങ്ങൾക്കെതിരെ പല അതിക്രമങ്ങളുമുണ്ടായിട്ടുണ്ട്. വിചാരണ തടവുകാർ ഉൾപ്പെടെ ഉള്ള പ്രശ്നങ്ങൾ ആ രംഗത്ത് ഞാൻ ഉയർത്തിട്ടുള്ളതാണ്. യുപിഎ ഭരണകാലത്തു നടന്ന കലാപങ്ങളെ പോലീസിനെ ഉപയോഗിച്ചാണ് സർക്കാർ നേരിട്ടത്. അവർ ഒരിക്കലും മതേതരത്വത്തി ആശയങ്ങൾ വിട്ടു പോയിട്ടില്ല. എന്നാൽ ഇപ്പോഴത്തെ സർക്കാരിൻ്റെ വ്യത്യാസം കൊലപാതകങ്ങളും കുഴപ്പങ്ങളും സർക്കാരിൻ്റെ പ്രഖ്യാപിത നയമാണ് എന്നതാണ്. ഈ സർക്കാരും യുപിഎ സർക്കാരും അതിനാൽ വ്യത്യസ്തരാണ്. ഇവർ വരാൻ കാരണം സംഘ്പരിവാറിൻ്റെ ഹിന്ദുത്വ ആശയത്തിന് കിട്ടിയ ജനപിന്തുണയാണ്.

Image may contain: 2 people, beard

ചിലർ ചോദിക്കുന്നു. ബിജെപി നേതാക്കൾ അമ്പലത്തിൽ പോവാറുണ്ട്, ആരാധന നടത്താറുണ്ട്, കോൺഗ്രസ് നേതാക്കളും ഇത് പോലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് മൃദു ഹിന്ദുത്വത്തിൻ്റെ ഭാഗമല്ലേ എന്ന്. അല്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം.കോൺഗ്രസ് ഒരു വലിയ പാർട്ടിയാണ്. അതിൽ എല്ലാ സമുദായക്കാരുമുണ്ടാവും. അവർക്കു അവരുടേതായ വിശ്വാസവും. ഉദാഹരണത്തിന് രാഹുൽ ഗാന്ധി അമ്പലം സന്ദർശിച്ചു. കോൺഗ്രസ് അതിൻ്റെ പ്രകടന പത്രികയിൽ ശ്രീരാമന് പ്രാധാന്യം നൽകി തുടങ്ങിയത് സമൂഹത്തിൽ വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. ഇന്ത്യയിൽ ഹിന്ദു ധർമത്തെയോ ആചാരങ്ങളെയോ ആരും ഇകഴ്ത്തിപ്പറയുന്നില്ല. ഇവിടെ ഹിന്ദു മതവുമായി ബന്ധമില്ലാത്ത ഹിന്ദുത്വ എന്ന പൊളിറ്റിക്കൽ അജണ്ട ബിജെപി ഉണ്ടാക്കിയിരിക്കുകയാണ്. ഹിന്ദു സഹോദരങ്ങൾക്ക് മതേതര ചിന്താഗതിയുണ്ട് . അവരുടേതായിട്ടുള്ള വിശ്വാസങ്ങൾ ഉണ്ട്. അവരുടെ ആരാധനാലയങ്ങൾ ആദരിക്കപ്പെടണമെന്നുണ്ട്. അത് നടക്കട്ടെ. അത് കോൺഗ്രസ് ചെയ്യുന്നുണ്ടെങ്കിൽ അതിനെ മൃദു ഹിന്ദു സമീപനം എന്ന് പറയുന്നതിൽ അർത്ഥമില്ല. ഹിന്ദുത്വ എന്ന ആശയം കൊണ്ടുവന്നു ഇവിടുത്തെ ഭാഷകളും സംസ്ക്കാരവും കലകളും ദേശീയത അടക്കം എല്ലാം തങ്ങൾ വിചാരിക്കുന്ന പോലെയാവണം എന്ന് വിശ്വസിക്കുന്ന എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും തങ്ങൾ പറഞ്ഞിടത്ത് നിൽക്കണം എന്ന ബിജെപി യുടെ നയങ്ങളും കോൺഗ്രസും തമ്മിൽ അന്തരമുണ്ട്. ആ വ്യത്യാസം ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ട് യുപിഎ സർക്കാരിൻ്റെ കാലത്തുണ്ടായിട്ടുള്ള നീതി നിഷേധങ്ങളെ തീർച്ചയായും എതിർത്തിട്ടുണ്ട്. പക്ഷെ, ബിജെപി ഇന്ന് കൈക്കൊള്ളുന്നത് പോലുള്ള നയം ആ സർക്കാർ എടുത്തിട്ടില്ല. തീർച്ചയായും ഉണ്ടാവാൻ പാടില്ലാത്ത സംഭവങ്ങൾ ഉദാഹരണത്തിന് കലാപങ്ങൾ യുപിഎ കാലഘട്ടത്തിൽ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഭരിക്കുന്ന സർക്കാർ തന്നെ മുൻകൈയെടുത്ത കലാപമുണ്ടാക്കി ആളുകളെ കൊന്നു അതിൽ ലാഭമുണ്ടാക്കുന്ന പ്രവണത യുപിഎ കാലത്തു ഉണ്ടായിരുന്നില്ല.

Be the first to comment on "ഞങ്ങൾ ഒരു വലിയ പ്രതീക്ഷകളുടെ പ്രതിനിധികളാണ്: ഇ.ടി. മുഹമ്മദ് ബഷീർ"

Leave a comment

Your email address will not be published.


*