https://maktoobmedia.com/

റോഹിങ്ക്യരുടെ പേരിൽ കള്ളപ്രചാരണം: പർവേസ് ഇലാഹിക്കെതിരെ നിയമനടപടിക്കൊരുങ്ങി അഭയാർത്ഥികൾ

ഷഹീൻ അബ്ദുള്ള

റോഹിങ്ക്യൻ ക്യാമ്പുകളിലെ അനുഭവകഥകളാൽ ശ്രദ്ധേയനായ മലയാളി പർവേസ് ഇലാഹിക്കെതിരെ  ഗുരുതര ആരോപണവുമായി റോഹിംഗ്യൻ അഭയാർത്ഥികൾ. പർവേസ് ഇലാഹി റോഹിങ്ക്യൻ അഭയാർത്ഥികളെക്കുറിച്ച്  നടത്തുന്ന പ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും സാമ്പത്തികമായി സഹായിക്കാമെന്നു പറഞ്ഞു കബളിപ്പിച്ചുമെന്നാണ്  റോഹിങ്ക്യൻ ആക്‌റ്റിവിസ്റ്റും വിദ്യാർത്ഥിയുമായ അലി ജൗഹറിൻ്റെ  ആരോപണം. ന്യൂഡൽഹി കാളിന്ദി കുഞ്ചിലെ ക്യാമ്പിലാണ് അലി ജൗഹർ താമസിക്കുന്നത്.

റോഹിങ്ക്യൻ ക്യാമ്പുകൾ അഗ്നിക്കിരയായ സമയത്ത് പർവേസ് ബന്ധപ്പെടുകയും സഹായിക്കാമെന്നു വാഗ്‌ദാനം നൽകുകയും ചെയ്തിരുന്നുവെന്ന് അലി ജൗഹർ പറയുന്നു. ഇതിനായി പർവേസ് ക്യാപുകളിലെ അഭയാർഥികളുടെ ഫോട്ടോകൾ ആവശ്യപെട്ടു. തുടർന്ന് അലി ജൗഹർ പർവേസിന് വാട്സ്ആപ്പ് വഴി ഫോട്ടോകൾ അയച്ചുകൊടുത്തു. അഭയാർത്ഥികൾക്കായി  രണ്ടുലക്ഷം രൂപ സമാഹരിച്ചെന്നും പണം അടുത്ത ദിവസം അയക്കുമെന്നായിരുന്നു പർവേസിൻ്റെ പ്രതികരണം. പണം അലി ജൗഹറിന് ലഭിച്ചിരുന്നില്ല.
അടിയന്തര സാഹചര്യമായതിനാൽ നിരന്തരം മെസ്സേജ് അയച്ചെങ്കിലും മറുപടി നൽകാതിരുന്ന പർവേസ് പിന്നീട്  നിയമപരമായി നേരിടുമെന്ന അലി ജൗഹറിൻ്റെ  ഭീഷണിക്ക്  ഒഴിവ്കഴിവുകൾ നിരത്തുകയാണ് ചെയ്‌തത്‌. പണം നേരിട്ട് എത്തിക്കാമെന്നും, സുഹൃത്ത് വഴി എത്തിക്കാമെന്നും പറയുന്ന പർവേസിൻ്റെ സംസാരങ്ങളിൽ പ്രതീക്ഷ നഷ്ട്ടപെട്ട അലി ജൗഹർ വളരെ വൈകിയാണ് പർവേസ് പണം നൽകിയെന്നും അതു റോഹിങ്ക്യരുടെ  വിശപ്പിനു പരിഹാരമായെന്നും അവർക്ക് വളരെയേറെ സഹായമായെന്നും പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് കാണുന്നത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ നിന്നും ആ ചിത്രവും കുറിപ്പും ഇന്ന് (10/03/ 2019) പർവേസ് നീക്കം ചെയ്‌തു.കുടുംബാഗങ്ങൾ മാത്രമാണ് പണം നൽകിയതെന്നും അതുകൊണ്ടാണ് പണം നൽകിയ ചിത്രം പിൻവലിച്ചതെന്നുമാണ് പർവേസിൻ്റെ പ്രതികരണം

അലി ജൗഹർ ഉൾപ്പടെയുള്ള റോഹിങ്ക്യൻ അഭ്യാർത്ഥികൾ പണം ശേഖരിച്ച് തട്ടിപ്പ് നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനാലാണ് പണം നൽകാതിരുന്നതെന്ന് എന്നാണ് പർവേസിൻ്റെ മറുപടി. ഏത് ക്യാമ്പിലാണ്  പണം നൽകിയതെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 

അലി ജൗഹർ മക്തൂബ് മീഡിയയോട് സംസാരിക്കുന്നു

സഞ്ചാരിയും ആക്ടിവിസ്റ്റുമായ പർവേസ് ഇലാഹി കഴിഞ്ഞ വർഷമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയനാവുന്നത്. തലശേരി സെയ്താർപള്ളി സ്വദേശിയായ പർവേസ് വീട്ടിലുണ്ടാക്കിയ പലഹാരങ്ങളുമായി  ഡൽഹിയിലെ കാളിന്ദി കുഞ്ചിലെ ക്യാമ്പിൽ എത്തുകയും, അവിടെ വെച്ച് കണ്ടുമുട്ടിയ അഭയാർഥികളുടെ ദുരിത കഥകൾ പങ്കുവെക്കുകയും ചെയ്‌തിരുന്നു. അതിനു വലിയ സ്വീകാര്യത ലഭിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പർവേസിൻ്റെ കഥകളും യാത്രകളും ഏറെ ചർച്ചചെയ്യപെടുകയും ചെയ്‌തു. യാത്രാനുഭവങ്ങൾ പങ്കുവെക്കാൻ ഒരുപാട് വേദികളിൽ ക്ഷണം ലഭിക്കുന്നുണ്ട്. കരളലിയിക്കുന്ന റോഹിങ്ക്യൻ  കഥകൾ കൊണ്ട്  മലയാളികളുടെ ഹൃദയം കീഴടക്കിയ പർവേസ് ഇന്ന് ഏറെ ആരാധകരുള്ള യൂത്ത് ഐക്കണാണ്. ഇൻസ്റ്റഗ്രാമിൽ മുപ്പതിനായിരത്തിലധികം ഫോളോവേഴ്‌സ് പർവേസിനുണ്ട്. 

അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ദേയനായ അലി ജൗഹർ ക്യാമ്പിലെ  സലിം എന്ന സുഹൃത്ത്  വഴിയാണ്  പർവേസുമായി ബന്ധപ്പെടുന്നത്. ഫോട്ടോജേണലിസ്റ്റ്  എന്നപേരിൽ സ്വയം പരിചയപ്പെടുത്തുന്ന പർവേസ്, അലി ജൗഹറിൻ്റെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നു. പലതവണ ക്യാമ്പിലെ ഫോട്ടോകൾ ചോദിച്ചത് ജൗഹർ തെളിവുകൾവെച്ച സ്ഥിരീകരിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ പർവേസ് ഉപയോഗിച്ച പല ഫോട്ടോകളും ഈ രീതിയിൽ അലി ജൗഹർ നൽകിയ ചിത്രങ്ങളാണ്. ഇത് വരെ ഇൻസ്റ്റഗ്രാം ഉപയോഗിക്കാത്ത ജൗഹർ ഇതൊന്നും അറിഞ്ഞിരുന്നില്ല.  ചിത്രങ്ങളുടെ അടിക്കുറിപ്പുകൾ പലതും വസ്തുതാവിരുദ്ധമാണ്. കേളമ്പകം എന്ന പേരിൽ നൽകിയ ഫോട്ടോകൾ കോക്സ് ബസാറിൽ നിന്നും റോയിറ്റേഴ്‌സ് പകർത്തിയ ചിത്രങ്ങളാണ്. 


പർവേസ് ഒരുപാട് വേദികളിൽ വിവരിക്കുന്ന അനാഥനായ അബു ഹുസൈൻ്റെ  ദുരന്തങ്ങൾ അനേഷിച്ചപ്പോൾ അങ്ങനെ ഒരു കുട്ടിയെ അറിയില്ല എന്നായിരുന്നു അലി ജൗഹറിൻ്റെയും മറ്റു റോഹിങ്ക്യൻ അഭയാർത്ഥികളുടെയും  പ്രതികരണം. എന്നാൽ ഫോട്ടോ കാണിച്ചപ്പോൾ കുട്ടിയുടെ മാതാപിതാക്കൾ ഇപ്പോഴും ജീവനോടെ ഒരുമിച്ച് ക്യാമ്പിൽ ജീവിക്കുന്നുണ്ടെന്നുമാണ് ക്യാമ്പംഗങ്ങളുടെ പ്രതികരണം. കാളിന്ദി കുഞ്ചിലെ ഫയാസുൽ കലാം, തസ്‌ലീമ ദമ്പതികളുടെ മകനായ റഹ്‌മാൻ്റെ ചിത്രമാണ് പർവേസ് ‘ഉപ്പയും ഉമ്മയും നഷ്‌ടപ്പെട്ട അബൂ ഹുസ്സൈൻ’ എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നതെന്ന് അലി ജൗഹർ പറഞ്ഞു.

“2012ന് ശേഷം ഒരിക്കലും ഞങ്ങൾക്ക് ഭക്ഷണത്തിനു വേണ്ടി ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല.” ജൗഹർ തീർത്തു പറയുന്നു .  ‘കുട്ടികൾ എലികളെ ഭക്ഷിക്കുന്ന കണ്ട നിമിഷം’ ഉണ്ടാവാൻ  ഒരു സാഹചര്യവുമില്ല. ക്യാമ്പിൽ നിരന്തരം സഹായങ്ങൾ എത്തിക്കുന്ന ഒരുപാട് സന്നദ്ധസംഘടനകളെയും വ്യക്തികളെയും മോശമായി ചിത്രീകരിക്കുകയാണ് അത് ചെയ്യുകയെന്നും ജൗഹർ കുറ്റപ്പെടുത്തുന്നു. ഈ പ്രസ്താവനയെ റോഹിങ്ക്യൻ ക്യാമ്പുകളിൽ പ്രവർത്തിച്ച മലയാളി വിദ്യാർഥികൾ നേരത്തെ ചോദ്യം ചെയ്തിരുന്നു.  അത് യാത്രവിവരണങ്ങളിൽ നിന്ന് വേണമെകിൽ എടുത്തുകളയാമെന്നും പർവേസ്  മറുപടി നൽകുന്നുമുണ്ട്. എന്നാൽ അങ്ങനെ ഒരു തിരുത്ത് അദ്ദേഹം രേഖപ്പെടുത്തിയിട്ടില്ല. 

2018 ഏപ്രിലിൽ ന്യൂഡൽഹിയിൽ  നടന്ന ഇന്റർനാഷണൽ കൺവെൻഷൻ ഓൺ റോഹിങ്ക്യൻ ജീനോസിഡറിന്റെ പോസ്റ്ററിൽ അതിഥികളുടെ പേരുകൾക്കൊപ്പം സ്വന്തം പേരു ചേർത്തു സാമൂഹിക മാധ്യമങ്ങളിൽ പർവേസ് പ്രചരിപ്പിച്ചിരുന്നു. നോബൽ സമ്മാനജേതാവ് കൈലാഷ് സത്യാർത്ഥി, പ്രശാന്ത് ഭൂഷൺ, മണിശങ്കർ അയ്യർ, സ്വാമി അഗ്നിവേശ്, അസദുദ്ദീൻ ഉവൈസി, ഇ.ടി മുഹമ്മദ് ബഷീർ തുടങ്ങിയ അതിഥികളുടെ പേരിനൊപ്പം തൻ്റെ പേരും പർവേസ് കൂട്ടിച്ചേർത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയിരുന്നു. “ഒരു വലിയ സ്റ്റേജ് തന്നെ ക്ഷണിക്കുന്നു” എന്നെഴുതി ഇൻസ്റ്റഗ്രാമിൽ  തിരുത്തിയ പോസ്റ്റർ ഷെയർ ചെയ്‌ത പർവേസ്, അലി ജൗഹർ ക്ഷണിച്ചെന്നും എഴുതുന്നുണ്ട്. എന്നാൽ പർവേസിനെ പരിപാടിയിൽ അതിഥിയായി ക്ഷണിച്ചിട്ടില്ലെന്ന് പറഞ്ഞ സംഘാടകനായ അലി ജൗഹർ ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുമെന്നും പറഞ്ഞു. 

“ദുർബലരും പാർശ്വവത്‌കൃതരുമായ  ഒരു ജനതയെ സ്വന്തം പ്രശസ്‌തിക്കും സ്വാർത്ഥതാൽപര്യങ്ങൾക്കും വേണ്ടി ഒരാൾക്ക്  ചൂഷണം ചെയ്യാനാവുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇത് അത്രയും നീചമായ പ്രവൃത്തിയാണ്. ഏറെ നിരാശപ്പെടുത്തുന്നതുമാണ്.”


അലി ജൗഹർ മക്തൂബ് മീഡിയയോട് പറഞ്ഞു

.

Be the first to comment on "റോഹിങ്ക്യരുടെ പേരിൽ കള്ളപ്രചാരണം: പർവേസ് ഇലാഹിക്കെതിരെ നിയമനടപടിക്കൊരുങ്ങി അഭയാർത്ഥികൾ"

Leave a comment

Your email address will not be published.


*