https://maktoobmedia.com/

ഈ രാജ്യം എല്ലാവരുടേതുമാണ്. അധികാരത്തിലെ തുല്യപങ്കാളിത്തം മുഖ്യപരിഗണന: പി.കെ ബിജു

പതിനാല്, പതിനഞ്ച് ലോകസഭകളിലായി ആലത്തൂർ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്‌ പി.കെ.ബിജു. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്, സി.പി.ഐ.എം. കോട്ടയം ജില്ലാകമ്മറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ച ബിജു ലോകസഭയിലെ സംവാദങ്ങളിലും ചോദ്യോത്തരവേളകളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച പാര്ലമെന്റേറിയനാണ്. ദലിത് സമുദായാംഗമായ പി.കെ ബിജു ഇടതുപക്ഷവും ലോകസഭാ തെരഞ്ഞെടുപ്പും, കോൺഗ്രസുമായുള്ള സമീപനം, സംവരണം, സിപിഐഎമ്മും ദലിത് രാഷ്ട്രീയവും തുടങ്ങിയ വിഷയങ്ങളിൽ മക്തൂബ് മീഡിയ പൊളിറ്റിക്കൽ എഡിറ്റർ നൗഫൽ അറളട്ക്കയുമായി സംസാരിക്കുന്നു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള തീവ്രഹിന്ദുത്വവാദികളുടെ ഭരണകാലത്തു ഒരു സിപിഐഎം എംപി എന്ന നിലയിൽ ഇടതുപക്ഷത്തിൻ്റെ പാർലമെന്റിലുള്ള പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?

പാർലമെന്റ് രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ വേദിയാണ്. വ്യത്യസ്ത മത വിഭാഗങ്ങൾ, ജാതിയിലുള്ളവർ, കൃഷിക്കാർ, തൊഴിലാളികൾ… ഇവരെല്ലാം അധിവസിക്കുന്ന ഒരു പ്രദേശത്ത് പാർലമെന്റ് എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ ഉന്നയിക്കാനും അവകാശങ്ങൾ നേടിയെടുക്കാനുമുള്ള ഒരു പൊതു വേദിയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിട്ടാണ് ഞാൻ 2009 ലും 2014 ലും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാർലമെൻറിൽ ജനങ്ങളുടെ ആവശ്യങ്ങൾ പറയാനും പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനും വേണ്ടിയിട്ടാണ് സിപിഎം എംപി എന്ന നിലയിൽ ഞങ്ങളെല്ലാവരും പരിശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് പാർലമെൻററി ജനാധിപത്യ സംവിധാനങ്ങളെ വലിയ ഗൗരവത്തോടുകൂടിയാണ് ഞങ്ങൾ കണ്ടിട്ടുള്ളത്. പാർലമെൻറിൽ പങ്കെടുക്കുകയും വിവിധ വിഷയങ്ങൾ പാർലമെൻറിൽ സബ്മിഷനായി ഉന്നയിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന കാര്യത്തിൽ സാധാരണ ജനങ്ങളുടെ ശബ്ദം പാർലമെൻറിൽ പ്രതിഫലിക്കുക എന്നാണ് ഞങ്ങൾ ഉദ്ദേശിച്ചിട്ടുള്ളത്. അതനുസരിച്ചാണ് കഴിഞ്ഞ പത്തു വർഷക്കാലം പ്രവർത്തിച്ചത്.

ലോകസഭാ തെരഞ്ഞെടുപ്പിൽ എങ്ങനെ മുന്നോട്ട് പോവാനാണ് പാർട്ടിയുടെ പദ്ധതി? ഏതു കക്ഷികളുമായിട്ടാണ് സഖ്യത്തിന് സാധ്യതയുള്ളത്?

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കൂടുതൽ സീറ്റുകൾ ലഭിക്കുക എന്നതാണ് പല രാഷ്ട്രീയ കക്ഷികളും മുന്നോട്ട് വെക്കുന്നത്. പക്ഷെ സിപിഐഎം അതിൽ നിന്ന് വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെയാണ് മുന്നോട്ട് പോവുക. ഞങ്ങളെ സംബന്ധിച്ചിടത്തോളം രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും തുല്യ പരിഗണന ലഭിക്കണം. അതുകൊണ്ട് മതന്യൂനപക്ഷങ്ങളെ ഒഴിവാക്കി ഹിന്ദുത്വ രാഷ്ട്രീയത്തിനൊപ്പം പോവുന്ന കോൺഗ്രസിനൊപ്പം ഞങ്ങൾക്ക് പോവാൻ സാധിക്കില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ ജനവിഭാഗങ്ങൾക്കും തുല്യ നീതിയാണ് രാഷ്ട്രീയ വിജയത്തിനപ്പുറം ഞങ്ങൾ മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിലും ഞങ്ങൾ യാഥാർത്ഥത്തിൽ ഒരു ബദൽ ആണ്. ആ ബദൽ എന്ന് പറയുന്നത് നിലവിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കി ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന മോദി സർക്കാരിനെതിരായ നിലപാടാണ്.

സാധാരണക്കാരെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുന്ന കോർപ്പറേറ്റ് മുതലാളിത്തത്തിൻ്റെ ഭരണ രീതിയെ എതിർത്ത് കൊണ്ട് ഒരു മതനിരപേക്ഷ ജനാധിപത്യ സംവിധാനം ഇന്ത്യയിൽ ഉണ്ടാകണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനു നല്ല പ്രതികരണമാണ് രാജ്യത്തിൻ്റെ പല ഭാഗത്തുനിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. തീർച്ചയായിട്ടും കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഇടതു പക്ഷത്തിൻ്റെ സ്വാധീനമുള്ള സംസ്ഥാനങ്ങളാണ്. രാജസ്ഥാൻ, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ ഇടതുപക്ഷത്തിന് സ്വാധീനമില്ലാത്ത പ്രദേശങ്ങളിലും ഇടതുപക്ഷത്തോടൊപ്പം നിൽക്കാൻ വലിയ ജനവിഭാഗങ്ങൾ വരുന്ന കാലത്താണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്. അത് രാഷ്ട്രീയമായിട്ടുള്ള ജയപരാജയങ്ങൾക്കപ്പുറത്തേക്ക് ജനങ്ങളുടെ പ്രശ്‌നം ഏറ്റെടുക്കാനും ഉന്നയിക്കാനും നേതൃപരമായ പങ്ക് സിപിഐഎം ഇടതു പക്ഷത്ത് നിർവഹിച്ചുകൊണ്ടിരിക്കുകയാണ്‌.

Image result for rahul gandhi sitaram yechury

യുപിഎക്കും എൻഡിഎക്കും അപ്പുറം ഫെഡറൽ ഫ്രണ്ട് എന്നറിയപ്പെടുന്ന മൂന്നാമതൊരു മുന്നണിയുടെ ഭാഗമാവണമെന്നതിനെക്കുറിച്ച്? അധികാര പങ്കാളിത്തം രാഷ്ട്രീയത്തിൽ പ്രധാനമല്ലേ?

അധികാര രാഷ്ട്രീയത്തോട് ഒരു തരിമ്പും ആഗ്രഹം ഇല്ല. 2004 ലെ തെരഞ്ഞെടുപ്പിൽ നിങ്ങൾക്കറിയാം സിപിഎം ഉൾപ്പെടുന്ന ഇടതുപക്ഷ പാർട്ടികൾക്ക് 62 പാർലമെന്റ് മെമ്പർമാരുണ്ടായിരുന്ന സമയമാണ്. അന്ന് യഥാർത്ഥത്തിൽ യുപിഎയുടെ ഭാഗമായി ഇടതുപക്ഷത്തിന് മാറാമായിരുന്നു. ആ സർക്കാരിൽ പങ്കാളിത്തം ഉറപ്പിക്കാമായിരുന്നു. പക്ഷെ, സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സ്വീകരിച്ചിട്ടുള്ള ഒരു നിലപാട് മറ്റു പ്രാദേശിക പാർട്ടികളോ ഭരണത്തിന് വേണ്ടി മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ദേശീയ പാർട്ടികളുടെയും സ്വഭാവത്തിലല്ല. സിപിഎമ്മിന് രാജ്യത്തു ഞങ്ങൾ മുന്നോട്ട് വെക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ പറ്റുന്ന ഒരു സർക്കാർ കേന്ദ്രത്തിലുണ്ടാവുന്ന സമയത്തുമാത്രം അതിൻ്റെ ഭാഗമായാൽ മതി എന്നാണ് ഞങ്ങൾ തീരുമാനിച്ചിട്ടുള്ളത്. അതിൻ്റെയടിസ്ഥാനത്തിലാണ് ഇടതുപക്ഷം അന്നത്തെ യുപിഎ സർക്കാരിൻ്റെ ഭാഗമാവാതെ പുറത്തുനിന്നു ബിജെപി യെ മാറ്റി നിർത്തുന്നതിനു വേണ്ടി യുപിഎക്ക് പിന്തുണ നൽകിയത്. സിപിഎം അന്ന് സ്വീകരിച്ച നിലപാടിൻ്റെ ഭാഗമായിട്ടാണ്. വാജ്‌പേയ് സർക്കാർ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം വെച്ച മത്സരിച്ചിട്ട് പരാജയപ്പെട്ട് പുറത്തുപോവേണ്ടി വന്നത് സിപിഎം ഉൾപ്പെടുന്ന ഇടതുപക്ഷത്തിൻ്റെ 62 പാർലമെന്റ് അംഗങ്ങൾ ഇന്ത്യൻ പാർലമെൻറിൽ വന്നത് കൊണ്ടാണ്.

ഇന്ന് പല സംസ്ഥാനങ്ങളിലെയും സ്ഥിതി നമുക്കറിയാം. കോൺഗ്രസ്സ് ഭൂരിപക്ഷമുള്ള ഒറ്റക്കക്ഷിയായി മാറുമ്പോഴും ബിജെപി ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുന്നത് അത്തരം ആളുകളെ വിലക്കെടുക്കാൻ കഴിയുന്ന ഒരു സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നത് കൊണ്ടാണ്. ഇപ്പോൾ എല്ലാപ്രതിപക്ഷ പാർട്ടികളും ഉള്ള ഒരു പ്ലാറ്റ്‌ഫോം ഉണ്ടാകണമെന്ന് ഒരഭിപ്രായം വന്നിട്ടുണ്ട്. പക്ഷെ കൃത്യമായ നിലപാടുള്ള പാർട്ടികളുടെ അഭാവം നമ്മുടെ ദേശീയ രാഷ്ട്രീയത്തിലുണ്ട്. ബീഹാർ തെരഞ്ഞെടുപ്പിൽ അന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ നിതീഷ് കുമാറിനെ മുന്നിൽ വെച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. അവിടെ ഇടതുപക്ഷം വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കുകയായിരുന്നു. നിതീഷ് കുമാറിനെപ്പോലെ ബിജെപിയുടെ കൂടെ കുറെ കാലം സർക്കാരിൻ്റെ ഭാഗമായി പ്രവർത്തിച്ച ഒരാൾക്ക് ഒരു ബിജെപി വിരുദ്ധ ബദൽ അവൻ കഴിയില്ല എന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചിരുന്നത്. അന്ന് പലരും ഞങ്ങളെ തള്ളിപ്പറയുന്ന സ്ഥിതിയുണ്ടായിരുന്നു. പിൽക്കാല സംഭവം എന്താണ് കാണിക്കുന്നത്?. ആ നിതീഷ് കുമാർ ആ മുന്നണി വിട്ടു ബിജെപിയുടെ ഭാഗമാവുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്റ്റേബിൾ ആൾട്ടർനേറ്റീവ് , അത് സെക്യൂലരായിരിക്കണം അത് ഇന്ന് രാജ്യത്തു നിലനിൽക്കുന്ന കോർപറേറ്റ ശക്തികൾക്ക് ജനങ്ങളെ പിഴിയാനുള്ള ഒരു ഭരണ സംവിധാനമാവരുത് എന്നതാണ് ഞങ്ങളുടെ നിലപാട്

യുപിഎ ഒരു ബദൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അതിൽ പ്രധാന ഘടകം കോൺഗ്രസാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇന്ന് രാജ്യത്തു സ്വന്തമായി ഭൂരിപക്ഷമുണ്ടാക്കാനുള്ള സാധ്യത അവർ തന്നെ തള്ളിക്കളയുകയാണ്. കാരണം ഉത്തർപ്രദേശിൽ കോൺഗ്രസില്ലാത്ത ഒരു മുന്നണിയാണ് അഖിലേഷ് യാദവും മായാവതിയും ഉണ്ടാക്കിയിരിക്കുന്നത്. നമ്മുടെ രാജ്യത്തു ഏറ്റവും കൂടുതൽ പാർലമെന്റ് സീറ്റുള്ള സംസ്ഥാനമാണ് ഉത്തർ പ്രദേശ്. 80 സീറ്റുകൾ. അവിടെ കോൺഗ്രസിന് ആ മുന്നണിയുടെ ഭാഗമാവാൻ ഇതുവരെ സാധിച്ചിട്ടില്ല . അതുപോലെ രാജ്യത്തെ പല ഭാഗമെടുത്താലും കോൺഗ്രസിൻ്റെ സ്വാധീനം ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ഒതുങ്ങി നിൽക്കുന്നത്. അതുകൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഒറ്റയ്ക്ക് നിന്ന് ഒരു സർക്കാരുണ്ടാക്കാൻ കഴിയുമെന്നുള്ള വിശ്വാസം അവർക്കു തന്നെയില്ല . 2019 ലെ തെരഞ്ഞെടുപ്പിൻ്റെ അന്തിമമായിട്ടുള്ള വിശകലനം വരുന്നത് സംസ്ഥാന പാർട്ടികൾക്ക് മേധാവിത്വം ഉള്ള വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ ചേർന്നുള്ള ഒരു സർക്കാരിനാണ് ഇപ്പോൾ സാധ്യത എന്നാണ്. അതിനാരു നേതൃത്വം കൊടുക്കുമെന്നുള്ളത് 2019 തെരഞ്ഞെടുപ്പ് ഫലം വന്നാലേ പറയാൻ പറ്റുകയുള്ളു. ഇന്ത്യയിൽ ഒരു മതേതര സർക്കാർ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള പിന്തുണയായിരിക്കും ഇടതുപക്ഷം കൊടുക്കാൻ പോവുന്നത് .

8 ലക്ഷത്തോളം പേർ അണിനിരന്ന ഒരു റാലി കൊൽക്കത്തയിൽ നടന്നു. ബംഗാളിൽ എങ്ങനെയാണു സിപിഎമ്മിൻ്റെ സംഘടനാ ശക്തി ,തിരിച്ചു വരാൻ കഴിയുന്ന സാഹചര്യമുണ്ടോ?

ബംഗാൾ ഇടതുപക്ഷത്തിന് നല്ല സ്വാധീനമുള്ള സംസ്ഥാനമാണ്. ഏതാണ്ട് 30 വർഷക്കാലത്തോളം ഞങ്ങൾ തുടർച്ചയായി ഭരിച്ച ഒരു സംസ്ഥാനമാണ്. 2011 ലാണ് ഞങ്ങൾക്ക് അവിടെ ഭരണം നഷ്ടപ്പെടുന്നത്. ആ ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയ പല കാരണങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. അതിലൊന്നാണ് അന്ന് വ്യാപകമായിട്ടുപയോഗിച്ച ശാരദ ചിട്ടിഫണ്ടും റോസ്‌വാലി ചിട്ടി ഫണ്ടും. ഒരു ലക്ഷത്തോളം രൂപ കൊള്ളയടിച്ച സംഘത്തിൻ്റെ സഹായത്തോടു കൂടിയാണ് മമത ബാനർജി അന്ന് ഇടതു പക്ഷത്തെ അട്ടിമറിച്ചത്. അവർക്ക് 8 ചാനലുകളും 8 പത്രങ്ങളും ഉണ്ടായിരുന്നു ഈ കള്ള പ്രചാരണം നടത്താൻ. വലിയ സാമ്പത്തിക സ്രോതസ്സ് ഇടതു പക്ഷത്തിൻ്റെ പ്രവർത്തനത്തെ, അതിൻ്റെ ഗ്രാസ് റൂട്ട് ലെവലിൽ തടയാൻ അവർ ഉപയോഗിച്ചിരുന്നു. അതെല്ലാം ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രണ്ട് തവണ മമത മുഖ്യമന്ത്രിയായി. ജനങ്ങൾ ആ മുഖ്യമന്ത്രിയെയും അവരുടെ രാഷ്ട്രീയ പ്രവർത്തനത്തെയും മനസ്സിലാക്കി. എല്ലാവിധ ജനാധിപത്യ ധ്വംസനങ്ങളും നടത്തിയാണ് പഞ്ചായത്ത് തലം അടക്കം അവർ വിജയിച്ചതെന്നു സുപ്രീം കോടതി പോലും പരാമർശിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായി.

Image result for brigade rally kolkata cpim

ഇന്ന് ബംഗാളിൽ കാണുന്നത് ഇടതു പക്ഷത്തിനൊപ്പം വലിയ ജനവിഭാഗം വരുന്നു എന്നതാണ്.10 ലക്ഷത്തോളം ആളുകൾ പങ്കെടുത്തു എന്നാണ് ദേശീയ പത്രങ്ങൾ ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന ഇടത് പക്ഷത്തിൻ്റെ റാലിയെ കുറിച്ച് എഴുതിയത്. മമത ബാനർജിയും നരേന്ദ്ര മോദിയും അതേ വേദിയിൽ തന്നെയാണ് റാലി നടത്തിയതെന്ന് നിങ്ങൾ ഓർക്കണം. അതിനേക്കാൾ വലിയ റാലി. ഇന്ത്യയിലെ മനുഷ്യർ ഏറ്റവും കൂടുതൽ പങ്കെടുത്ത റാലി എന്നാണ് ചിലമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അത് ഇടതുപക്ഷത്തിൻ്റെ വലിയ ഒരു തിരിച്ചുവരവായി ഞങ്ങൾ കാണുന്നു. അതുകൊണ്ട് ഇടതുപക്ഷത്തിൻ്റെ അടിത്തറ അവിടെയുണ്ട്. അതിനെ വോട്ടാക്കി മാറ്റാനുള്ള പരിശ്രമം ഗ്രാസ് റൂട്ട് ലെവലിൽ ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ഗ്രാസ് റൂട്ട് ലെവലിൽ തകർന്ന സംഘടനാ സംവിധാനം പുനർനിർമിക്കുക സാധ്യമാണോ?

തീർച്ചയായിട്ടും. അതുകൊണ്ടാണ് ഞങ്ങളുടെ അവിടെയുള്ള നേതാക്കന്മാരെ പോലും അത്ഭുതപ്പെടുത്തിയ ജനസഞ്ചയമാണ് റാലിക്ക് വന്നത്. ഞങ്ങൾ കണക്കുകൂട്ടിയതിനേക്കാളും 30 ശതമാനം വർധനവാണ് റാലിയിൽ ഉണ്ടായത്. കൂടുതലും ചെറുപ്പക്കാർ. ഞങ്ങൾ ഈ റാലിയിൽ നിന്നും ആവേശം ഉൾക്കൊണ്ട് ഗ്രാമങ്ങളിലേക്ക് ഇതിൻ്റെ പ്രചാരണവുമായി പോവും എന്ന് തീരുമാനിച്ചിരിക്കുന്നു. 17 ലക്ഷത്തോളം ആളുകളെ കബളിപ്പിച്ച ശാരദ റോസ്‌വാലി ചിട്ടിഫണ്ടിനെ കുറിച്ച് ഞങ്ങൾ വലിയ തോതിൽ കാമ്പയിൻ നടത്താൻ പോവുകയാണ്. സ്വാഭാവികമായും അവിടത്തെ വലിയ ജനവിഭാഗം ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അവർ മുമ്പ് ഇടതു പക്ഷത്തിനു വോട്ടു ചെയ്തവരാണ്

ത്രിപുരയിൽ ബിജെപിയാണ് ഇന്ന് ഭരിക്കുന്നത്. ത്രിപുരയിലെ സിപിഎമ്മിൻ്റെ സാധ്യതകൾ?

ത്രിപുരയിൽ ഇടതുപക്ഷത്തിൻ്റെ പരാജയം നമ്മൾ ചർച്ച ചെയ്ത വിഷയമാണ്. ആർഎസ്എസും സംഘപരിവാറും ഭരണം കിട്ടിയത് മുതൽ ഇടതു പക്ഷത്തിൻ്റെ ആശയത്തിനെ ദുർബലപ്പെടുത്താനും സ്വാധീനത്തെ ഇല്ലാതാക്കാനും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അത് പാർലമെന്റിനു അകത്തായാലും പുറത്തായാലും. അവർ ഭയപ്പെടുന്നത് ഇടതുപക്ഷ ആശയത്തെയും അതിനു രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയെയുമാണ്. കോൺഗ്രസിനെയും മറ്റു പാർട്ടികളെയും അവർക്ക് എളുപ്പത്തിൽ വിലയ്ക്കുവാങ്ങാൻ കഴിയും. പക്ഷെ ഇടതുപക്ഷത്തെ വിലയ്ക്കു വാങ്ങാൻ കഴിയില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്.

ഏതാണ്ട് 50000 ത്തോളം ആർഎസ്എസ് കേഡർമാരെയാണ് ത്രിപുരയിൽ വിന്യസിച്ചത് എന്നാണ് അവിടെ ചുമതലയുണ്ടായിരുന്ന റാം മാധവ് പരസ്യമായിട്ടു പറഞ്ഞത്. രണ്ടു വർഷക്കാലത്തെ പ്രവർത്തനമാണ് അവർ അവിടെ പ്രവർത്തിച്ചത്. അവിടെ യഥാർത്ഥത്തിൽ ഇടതു പക്ഷത്തിൻ്റെ വോട്ടു ചോർച്ച വളരെ ചെറിയ ശതമാനമാണ്. ബിജെപിയുടെ വലിയ വിജയം അവിടെ ഉണ്ടാക്കിയത് നാല്പത്തിയാറര ശതമാനം വോട്ടുനേടിയിരുന്ന കോൺഗ്രസിൻ്റെ ഇപ്പോഴത്തെ വോട്ടു ശതമാനം 1 .6 ശതമാനമായി എന്നതുകൂടിയാണ്.. കോൺഗ്രസിൻ്റെ പത്തു എംഎൽഎ മാരിൽ 10 പേരും ബിജെപിയിൽ ചേർന്നു. ഇന്ന് കോൺഗ്രസിൻ്റെ സംസ്ഥാന അധ്യക്ഷനടക്കം ബിജെപിയിലാണ് ഉള്ളത്. സ്വാഭാവികമായിട്ടും ബിജെപിയുടെ പണത്തിൻ്റെ സ്വാധീനം, കൂടാതെ അതിർത്തി പ്രദേശമായതു കൊണ്ട് വലിയതോതിൽ രാജ്യത്തെ സംവിധാനങ്ങളെ ഉപയോഗപ്പെടുത്താൻ അവർക്കു കഴിഞ്ഞു. ത്രിപുര പോലെ കേന്ദ്ര സഹായം ലഭ്യമാകേണ്ടുന്ന ഒരു സംസ്ഥാനത്തിൽ കേന്ദ്ര സഹായം കിട്ടിയില്ല. എല്ലാത്തരത്തിലും അവിടത്തെ സർക്കാരിനെ വരിഞ്ഞു മുറുക്കിയാണ് ആ സർക്കാരിനെ അവിടെ തോല്പിച്ചത്. ഇപ്പോൾ അവിടെ സിപിഎം പ്രവർത്തകരെ വേട്ടയാടി ഇടതുപക്ഷത്തിൻ്റെ ശക്തി കുറക്കാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ അടുത്ത കാലത്തു നടന്ന പ്രകടനങ്ങളും പ്രതിഷേധങ്ങളും എല്ലാം.ഇടതു പക്ഷം അവർക്കേറ്റ തിരിച്ചടിയിൽ നിന്നും മുക്തമായി വരുന്നു എന്നതിൻ്റെ സൂചനയാണ്. ഈ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമോ എന്ന് ഞങ്ങൾക്കറിയില്ല. വലിയ തോതിൽ ജനങ്ങൾ ബിജെപി സർക്കാരിൽ നിന്നും അകലാൻ തുടങ്ങിയിട്ടുണ്ട്. പൗരത്വ ബില് പാസാക്കിയതോടു കൂടി.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ ബിജെപി വിരുദ്ധ വികാരം ശക്തിപെട്ടിട്ടുണ്ട്. അത് ബിജെപി പ്രതീക്ഷിച്ചതിനപ്പുറമുള്ള ഒരു പ്രക്ഷോഭമായി രൂപപ്പെട്ടു.

ശബരിമല വിധിക്കു ശേഷം സുപ്രീം കോടതിക്ക് അനുകൂലമായ നിലപാടാണ് കേരളം സർക്കാർ സ്വീകരിച്ചത്. എന്നാൽ മുഖ്യ പ്രതിപക്ഷം എന്ന രീതിയിലുള്ള ഒരു വിസിബിലിറ്റി ബിജെപി ക്കു ലഭിക്കുന്നുണ്ട്. ബിജെപിയെ പ്രതിപക്ഷമായി ചിത്രീകരിക്കുന്നതിലെ പ്രത്യാഘാതത്തെ എങ്ങനെ വിലയിരുത്തുന്നു?

കേരളം അല്ലാതെ മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നുവെങ്കിൽ ബിജെപിക്ക് മതപരമായ ഭിന്നതയുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സാധിക്കുമായിരുന്നു. കേരളമൊരു സെക്കുലർ സംസ്ഥാനമാണ്. കേരളത്തിൻ്റെ സർക്കാർ ആ മതനിരപേക്ഷതയെ മുറുകെപ്പിടിച്ചുകൊണ്ട് രാജ്യത്തിൻ്റെ ഭരണഘടനയാണ് അതിൻ്റെ മുകളിൽ എന്ന് ശക്തമായി നിലപാടെടുത്ത സർക്കാരാണ് . നമ്മൾക്ക് ഇതിനകത്ത് വിട്ടുവീഴ്ച ചെയ്യാൻ ഒരിക്കലും സാധിക്കില്ല. ഒരു ഗവണ്മെന്റിനു സുപ്രീം കോടതി വിധി വന്നാൽ സുപ്രീം കോടതി വിധിയാണ്ഭ രണഘടനാപരമായി നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ഉള്ളത്. സംഘ്പരിവാറും ആർഎസ്എസും പറയുന്നത് പോലെ ആചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കും ഭരണഘടനയ്ക് മുകളിൽ സ്ഥാനം കൊടുത്താൽ രാജ്യം സെക്കുലർ രാജ്യമല്ലാതെ അതിവേഗം മാറും.

Image result for pinarayi vijayan

ഇവർ ഈ ആശയം ഉന്നയിക്കുന്നത്,ബാബരി മസ്ജിദ് തകർത്തതിൻ്റെ ന്യായീകരിക്കാൻ വേണ്ടിയാണ്. അവിടെ രാമക്ഷേത്രമായിരുന്നു എന്ന വിശ്വാസം അതിനു ഭരണഘടനയ്ക് മുകളിലുള്ള പരിരക്ഷ അവർക്കു ലഭിക്കാൻ വേണ്ടിയാണ്. അത് രാമക്ഷേത്ര നിര്മാണത്തിലൂടെ ഒരു അയോധ്യയിൽ മാത്രം അവസാനിക്കില്ല. ഇന്ത്യയിലെ പതിനാലായിരത്തോളം മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ ഹിന്ദു ആരാധനാലയങ്ങൾ തകർത്തു നിർമിച്ചതാണ് എന്നാണ് ആർഎസ്എസും സംഘ് പരിവാറും വിശ്വസിക്കുന്നത്. ആ വിശാസത്തിൻ്റെ അടിസ്ഥാനത്തിലുള്ള തീരുമാനം നടപ്പിലാക്കപ്പെട്ടാൽ താജ്മഹൽ ഇരിക്കുന്ന സ്ഥലം പോലും ശിവക്ഷേത്രമാണെന്നു പറഞ്ഞു പൊളിച്ചുമാറ്റേണ്ടിവരും. അതുകൊണ്ട് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ഉറച്ച നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുകയാണ്. ഇന്ത്യയുടെ ഭരണഘടന സ്ത്രീക്കും പുരുഷനും അവർണർക്കും സവർണർക്കും ആരാധനാ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും തുല്യമായിട്ടാണ് അനുവദിച്ചിട്ടുള്ളത്. അപ്പോൾ അതുറപ്പിക്കുക എന്ന ഉത്തരവാദിത്തം ഇടതുപക്ഷ സർക്കാരിനുണ്ട്. ഇടതുപക്ഷ സർക്കാർ ഇത്തരം കാര്യങ്ങൾ നിർവ്വഹിക്കുന്നത് ഇതുകൊണ്ട് ഞങ്ങൾക്ക് എത്ര വോട്ടുകിട്ടും എത്ര സീറ്റു കിട്ടും എന്ന് നോക്കിയിട്ടല്ല എന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു നാടിൻ്റെ മതനിരപേക്ഷത നിലനിർത്തുക അല്ലെങ്കിൽ ഉറപ്പിക്കുക എന്ന ഉത്തരവാദിത്തം നിർവ്വഹിക്കുകയാണ് കേരളസർക്കാർ ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഈ വൈകാരികമായിട്ടുള്ള വിഷയം ഉന്നയിച്ച് തുടക്കത്തിൽ ചില ആളുകളെ അതിൻ്റെ ഭാഗമാക്കാൻ കഴിഞ്ഞെങ്കിലും ആത്യന്തികമായി കേരളം സമൂഹം ഇപ്പോഴും മതനിരപേക്ഷതയിലാണ് നിലനിൽക്കുന്നത്. അതുകൊണ്ട് ഇടതുപക്ഷത്തിനോടൊപ്പമായിരിക്കും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനത നിൽക്കാൻ ആഗ്രഹിക്കുക .

ബിജെപിയുടെ സ്പേസ് മുമ്പത്തേക്കാളും പുറകോട്ടു പോവാനാണ് സാധ്യത. കാരണം അസംബ്ളി തെരഞ്ഞെടുപ്പിലാണ് അവർക്ക് ഏറ്റവും കൂടുതൽ സ്കോർ ചെയ്യാൻ സാധിച്ചത്. അന്ന് ബിഡിജെഎസിൻ്റെ സഹായത്തോടു കൂടി കേരളത്തിൽ ഒരു ഭിന്നിപ്പുണ്ടാക്കി കുറച്ചു വോട്ടുനേടാൻ അവർക്കു കഴിഞ്ഞിരുന്നു. 140 ൽ 71 പ്ലസ് ആണ് തിരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷായും ബിജെപി നേതാക്കളും അവകാശപ്പെട്ടിരുന്നത്. നമുക്കറിയാവുന്നത് പോലെ തിരുവനന്തപുരത്തു കോണ്ഗ്രസിൻ്റെ സ്ഥാനാർഥിക്കു കെട്ടി വെച്ച പണം നഷ്ടപെട്ടപ്പോഴാണ് ബിജെപിക്ക് അക്കൗണ്ട് തുടങ്ങാൻ കഴിഞ്ഞത്. ഇനിയൊരു തെരഞ്ഞെടുപ്പ് കൂടെ നടന്നാൽ ആ ഒരു സീറ്റും നഷ്ടപ്പെടുമെന്ന് അവർക്കു നല്ലപോലെ അറിയാം. ഈ ശബരിമല ഇഷ്യൂ ഏറ്റവും ശക്തമായി ഇരിക്കുമ്പോഴാണ് പന്തളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. അവിടെ ദയനീയമായിട്ടുള്ള പരാജയമാണ് ബിജെപിക്ക് ഉണ്ടായത്. അതുകൊണ്ട് ഈ ശബരിമല വിഷയം വെച്ചുകൊണ്ട് ബിജെപിയിലേക്ക് വലിയ ഒഴുക്കുണ്ടാവും, ഇടതുപക്ഷത്തിൻ്റെ വോട്ടു ചോർന്നു പോവും എന്ന് ഞങ്ങൾ കരുതുന്നില്ല. പക്ഷെ, ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കൊടിപിടിക്കാതെ ബിജെപിക്കൊപ്പം പോവാൻ കോൺഗ്രസിൻ്റെ ഒരുവിഭാഗം തീരുമാനിച്ച സ്ഥിതി കേരളത്തിലുണ്ട്. കോൺഗ്രസിന് വലിയ നഷ്ടമായിരിക്കും അത് ഉണ്ടാക്കുക. തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള സംയുക്തമായ പരിശ്രമം അവർ നടത്തും എന്ന കാര്യത്തിൽ സംശയമില്ല. അതിനെയൊക്കെ അതിജീവിക്കാനുള്ള ശേഷി കേരളത്തിലെ ഇടതു പക്ഷത്തിനുണ്ട്. കേരളത്തിലെ പൊതുസമൂഹത്തിനും.

കേന്ദ്ര സർക്കാർ ഈയിടെ പാസാക്കിയ സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണ ബില് ദലിത് ബഹുജൻ മുസ്‌ലിം വിഭാഗങ്ങളിൽ നിന്നും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം മുന്നാക്കക്കാരിൽ സാമ്പത്തികമായ പിന്നോക്കക്കാർക്ക് സംവരണം എന്ന ആശയത്തെ പിന്തുണക്കുകയും കേരളത്തിൽ ഈയിടെ പ്രാവർത്തികമാക്കുകയും ചെയ്തിരുന്നു. ഒരു ദലിത് വിഭാഗത്തിൽ നിന്നുള്ള ജനപ്രതിനിധി എന്ന നിലയിൽ സിപിഎമ്മിൻ്റെ സംവരണത്തോടുള്ള സമീപനത്തിൽ എന്താണ് താങ്കളുടെ അഭിപ്രായം?

സിപിഎം വളരെ വ്യക്തമായ നിലപാട് നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ട്. സിപിഎം പറയുന്നത് സംവരണവിഭാഗങ്ങളായ പട്ടിക ജാതി പട്ടികവർഗത്തിൽപെട്ടവർക്ക് ഒരു വിധ സാമ്പത്തിക മാനദണ്ഡങ്ങളും കൂടാതെ ഇന്ന് നിലനിൽക്കുന്ന രീതിയിൽ തന്നെ സംവരണം തുടരണം. അവിടെ ചരിത്രപരമായ പിന്നോക്കാവസ്ഥയുണ്ട്. സാമൂഹികമായിട്ടുള്ള അവഗണന ഉണ്ട്. സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ട്. അതുകൊണ്ട് സാമ്പത്തിക മാനദണ്ഡമില്ലാതെ അവർക്കു സംവരണം നൽകണം .അതുപോലെതന്നെ മണ്ഡൽ കമ്മീഷൻ വന്ന സമയത്താണ് പിന്നോക്ക ജനവിഭാഗങ്ങൾക്കുള്ള സംവരണത്തിൻ്റെ വാദം വരുന്നത്. അന്ന് സിപിഎം എടുത്ത നിലപാട് പിന്നോക്കകാർക്ക് സംവരണം കൊടുക്കുമ്പോൾ അത് അവരിൽ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന ദുർബലരായവർക്ക് നല്കണം എന്നാണ്. അതാണ് ആദ്യം അംഗീകരിക്കാതിരുന്നത്. പിന്നീട് സുപ്രീം കോടതി ഉൾപ്പെടെ അത് ശരിവെക്കുകയാണ് ചെയ്തത്. ഇപ്പോൾ മുന്നാക്കക്കാർക്കുള്ള സംവരണത്തിൻ്റെ കാര്യം വന്നപ്പോഴും സിപിഎം ശരിയായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സിപിഎം പറഞ്ഞത് അമ്പത് ശതമാനം സംവരണം, അത് പട്ടികജാതി പട്ടിക വർഗ പിന്നോക്ക ജനവിഭാഗങ്ങൾക്കുള്ളതാണ്. അതിൽ ഒരു കാരണവശാലും ഒരു കുറവും വരുത്താൻ പാടില്ല. മുന്നോക്കകാർക്കു കൊടുത്തിരുന്ന അമ്പത് ശതമാനം സീറ്റുകളിൽ പത്തു ശതമാനം അതിൽ ഏറ്റവും ദരിദ്രരായവർക്കു മുൻഗണന കൊടുത്തു കൊടുക്കണം എന്നാണ് സിപിഎം നിലപാട്. അത് ദലിത് വിരുദ്ധമോ സിപിഎം വിരുദ്ധമോ ആയിട്ടുള്ള ഒരു കാര്യമല്ല . എല്ലാ വിഭാഗങ്ങൾക്കും രാജ്യത്തിൻ്റെ സവിശേഷമായ സംരക്ഷണം കിട്ടണം എന്നാണ് സിപിഎം നിലപാട്.

നോട്ടുനിരോധനം ,GST തുടങ്ങിയ കേന്ദ്ര സർക്കാർ നയങ്ങൾ ഏറ്റവും മോശമായി ബാധിച്ച വിഭാഗങ്ങളിൽ ഒന്നാണ് ഇന്ത്യയിലെ കർഷകർ. മോദി സർക്കാരിന് കീഴിൽ നിരവധി കർഷക പ്രക്ഷോഭങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചു. കർഷകരുടെ പ്രശ്നങ്ങൾ ഭരണകൂടത്തിൻ്റെ മുമ്പിൽ കൊണ്ടുവരാൻ ഇടതുപക്ഷം എന്തെല്ലാം ചെയ്തു. കർഷക പ്രക്ഷോഭങ്ങൾ നേതൃത്വം നൽകുന്നതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് എത്രത്തോളം പങ്കുണ്ടായിരുന്നു?

ഇന്ത്യൻ സമ്പദ്ഘടനയെ ബാധിച്ച നടപടിയായിരുന്നു നോട്ടുനിരോധനം. നമ്മുടെ രാജ്യത്തു പതിനഞ്ചുലക്ഷത്തി നാല്പതിനായിരം കോടി രൂപയുടെ നോട്ടാണ് അഞ്ഞൂറിൻ്റെയും ആയിരത്തിൻ്റെയും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നത്. അതാണ് 2016 നവംബർ മാസം എട്ടാംതീയതി നിര്ത്തലാക്കിയത്. ഇത് വലിയ ആഘാതമാണ് നമ്മുടെ സാമ്പത്തികഘടനയിൽ ഉണ്ടാക്കിയിട്ടുള്ളത്. അന്ന് അതിനു കാരണമായി പറഞ്ഞ ഒരു ന്യായവും ഇന്ന് നിലനിൽക്കുന്നില്ല. ഭീകരാക്രമണം ഇല്ലാതാക്കാൻ ,വിദേശരാജ്യത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ, നമ്മുടെ രാജ്യത്തു പ്രചരിക്കുന്ന കള്ളനോട്ട് ഇല്ലാതാക്കാൻ… ഇവയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയും ആർഎസ്എസ് / ബിജെപി നേതാക്കളും നോട്ടു നിരോധനത്തെ അനുകൂലിച്ചു കൊണ്ട് പറഞ്ഞത്. പക്ഷെ, 99 .3 ശതമാനം നോട്ട് തിരികെയെത്തി എന്ന് പറയുമ്പോൾ രാജ്യത്തു ഇവർ പ്രചരിപ്പിച്ചതൊന്നുമല്ല നോട്ടു നിരോധനത്തിൻ്റെ യഥാർത്ഥ കാരണം എന്ന് മനസിലാക്കാം. ബാങ്കുകളെ വലിയ തോതിൽ കോർപറേറ്റുകൾ കൊള്ളയടിച്ചു കൊണ്ട് പോയിരിക്കുന്നു. നമ്മുടെ ബഡ്ജറ്റിൽ നിന്നും 7 ലക്ഷത്തിലധികം കോടി രൂപ ബാങ്കുകളുടെ ടെസ്റ്റെബിലൈസേഷൻ ഫണ്ട് എന്ന നിലയിൽ മാറ്റിവച്ചിരിക്കുകയാണ്. അതിലേതാണ്ട് മൂന്നര ലക്ഷം കോടി കൊടുത്തു കഴിഞ്ഞു. ഇല്ലെങ്കിൽ ബാങ്കുകൾ തകർന്നു പോവും. 2008 നു സമമായ സാമ്പത്തിക മാന്ദ്യം വീണ്ടും ഉണ്ടാവും. കോർപ്പറേറ്റ് മുതലാളിമാർ രാജ്യത്തിൻ്റെ സമ്പത്ത് കൊള്ളയടിച്ച് വിദേശത്തേക്ക് കടക്കുമ്പോൾ അവരെ പിടിക്കാനല്ല, വീണ്ടും കൊള്ളയടിക്കാനുള്ള അവസരം ഒരുക്കികൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

Image result for kisan march

അതിൻ്റെ ഭാഗമായിട്ടാണ് റിസർവ് ബാങ്കിൻ്റെ കയ്യിലുള്ള കരുതൽ നിക്ഷേപം 9.36 ലക്ഷം കോടിയിൽ 3.5 ലക്ഷം കോടി വേണം എന്നാവശ്യപ്പെട്ടുള്ള സമ്മർദം കേന്ദ്ര സർക്കാർ റിസർവ് ബാങ്കിൻ്റെ മേൽ നടത്തിയത്. അതിൻ്റെയടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ തന്നെ രാജി വെച്ച് പോവേണ്ടി വന്നു. വലിയ സാമ്പത്തികാഘാതമാണ് ജിഎസ്ടിയും നോട്ട് നിരോധനവും ഉണ്ടാക്കിയത്. 50 ശതമാനം രാജ്യത്തെ MSME സെക്ടർ തകർന്നു പോയി. തൊഴിലില്ലായ്മ വലിയ തോതിൽ കൂടി. ആ കണക്കു പോലും പുറത്തു വിടണ്ട എന്നാണ് സർക്കാർ തീരുമാനം. 45 വർഷത്തിനിടെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക് (6 .1 ശതമാനം) ആണ് ഇപ്പോൾ രാജ്യത്ത്. 2 കോടി തൊഴിൽ പ്രതിവർഷം കൊടുക്കുമെന്ന് വാഗ്ദാനം ചെയ്ത സർക്കാരാണ് ബിജെപി സർക്കാർ. പത്തു കോടി തൊഴിൽ 5 വർഷം കൊണ്ട് കൊടുക്കേണ്ടതാണ്. എന്നാൽ പ്രതിവർഷം 2 കോടി തൊഴിൽ നഷ്ടപ്പെടുകയാണ് ചെയ്തത് എന്നതാണ് യാഥാർഥ്യം.

ഇത് ഏറ്റവും കൂടുതൽ ബാധിച്ച ഒരു വിഭാഗം കൃഷിക്കാരാണ്. കൃഷിക്കാരെ രാജ്യത്ത് അഡ്രസ് ചെയ്യുന്നേ ഉണ്ടായിരുന്നില്ല. നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്റ് അമിത് ഷായും പറഞ്ഞത് അതൊക്കെ സംസ്ഥാനങ്ങൾ ചെയ്യേണ്ട കാര്യമാണ് എന്നാണ്. ആ വിഷയം രാജ്യത്തെ പൊതുമണ്ഡലത്തിൽ എത്തിക്കുന്നതിന് വേണ്ടി ശ്രദ്ധേയമായ ഇടപെടൽ നടത്തിയത് ഇടതു പക്ഷമാണ്. മഹാരാഷ്ട്രയിലെ ലോങ്ങ് മാർച്ച് നാസിക് മുതൽ മുംബൈ വരെ ഏതാണ്ട് 200 കിലോമീറ്റർ നടന്നാണ് ആദിവാസികളും കർഷകത്തൊഴിലാളികളും ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രത്തിലെത്തിയത്. ലോകമാധ്യമങ്ങൾ ആ സമയത്തെ ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ചതാണ്. അതിനു ഇടതുപക്ഷമാണ് നേതൃത്വം കൊടുത്തത്. ചെങ്കൊടി പിടിച്ചു കൊണ്ടാണ് ആ മാർച്ച് നാസിക്ക് മുതൽ മുംബൈ വരെ എത്തിയത്. അതോടെ കർഷക പ്രശ്നം ദേശീയ ശ്രദ്ധയില്ല ലോകശ്രദ്ധ തന്നെ ആകർഷിച്ചു. അതുപോലെ രാജസ്ഥാനിലെ കൃഷിക്കാരുടെ സമരം .ഇതെല്ലം ദേശീയ ശ്രദ്ധയിലേക്ക് ഇടതു പക്ഷം കൊണ്ടുവന്നതുകൊണ്ടാണ് അഞ്ചു സംസഥാനത്തിലെ ബിജെപിയുടെ പരാജയത്തിൽ അടക്കം കനത്ത പങ്കു വഹിക്കാൻ ഇടതു പക്ഷത്തിനു സാധിച്ചത്. കോൺഗ്രസ് പോലും അത് സമ്മതിച്ചു. കർഷകരുടെ പ്രധാന ആവശ്യം കാർഷിക വായ്പയുടെ ലഭ്യതയാണ്. അവർക്കു തുടർന്ന് കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നിരുന്നു. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്തത് കൃഷിയുടെ ചിലവും അതിൻ്റെ പാതിയും MSP (MINIMUM SUPPORT PRICE ) നൽകണമെന്നാണ് . ഇത് വരെ നടപ്പിലാക്കിയിട്ടില്ല. പ്രതിവർഷം പത്തുലക്ഷം പതിനൊന്നു ലക്ഷം കോടി രൂപ നബാർഡ് വഴി കൃഷിക്കാർക്ക് ലഭ്യമാക്കാനുള്ള പ്രൊവിഷൻ നമ്മുടെ ബഡ്ജറ്റിലുണ്ടായിട്ടുപോലും കാർഷിക മേഖല തകർച്ചയിലേക്കാണ് കൂപ്പുകുത്തിയത്. എന്നാൽ അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പരാജയം കൃഷിക്കാരുടെ പ്രക്ഷോഭത്തിൻ്റെ ഭാഗമാണെന്നു മനസ്സിലാക്കിയത് കൊണ്ടാണ് ബിജെപി സർക്കാർ അവർക്കു രണ്ടു മാസം കൂടിയേ അധികാരത്തിലിരിക്കാൻ കഴിയൂ എന്ന സമയത്തും കൃഷിക്കാരനറെ അക്കൗണ്ടിലേക്ക് പ്രതിവർഷം 6000 രൂപ 2 ഹെക്ടറിൽ താഴെ ഭൂമിയുള്ള കൃഷിക്കാർക്ക് കൊടുക്കാൻ തീരുമാനിച്ചത്. അപ്പോൾ യഥാർത്ഥത്തിൽ കൃഷിക്കാരന്റ പ്രശ്നം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ഇടതുപക്ഷം പ്രധാന പങ്കു വഹിച്ചു. കൃഷിക്കാരുടെ പ്രശ്നം അഭിമുഖീകരിക്കാൻ ഇന്ത്യയുടെ പ്രധാനമന്ത്രിയും ബിജെപി സർക്കാരും തയ്യാറാവുന്നിടത്തേക്ക് സാഹചര്യം എത്തി. വളരെ പരിമിതമായിട്ടുള്ള പണമാണ്. പ്രതിദിനം 5 രൂപ മാത്രമാണ് ഒരു വീട്ടിൽ ഇതിൻ്റെ ഭാഗമായിട്ട് കിട്ടുന്നത്. പക്ഷെ ആ വിഷയം അവഗണിച്ചു കൊണ്ട് പോവാൻ കഴിയില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ ഇടതുപക്ഷം നിർണായക പങ്കാണ് വഹിച്ചത്. രാജസ്ഥാൻ പോലുള്ള സംസ്ഥാനത്തിൽ ബിജെപിയെയും കോൺഗ്രസിനെയും തോൽപ്പിച്ച് ഒരു സീറ്റിൽ ഇടതുപക്ഷത്തിനു നിയമസഭയിൽ ജയിക്കാൻ കഴിഞ്ഞത് തന്നെ ഈ പ്രക്ഷോഭത്തിൽ ഇടതുപക്ഷം വഹിച്ച നേതൃത്വപരമായിട്ടുള്ള പങ്ക് എന്നുള്ള കാരണത്താലാണ്.

കമ്മ്യുണിസത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ സോഷ്യൽ ക്യാപിറ്റലും ഇക്കണോമിക് ക്യാപിറ്റലും ഇല്ലാത്ത ഒരു ജനവിഭാഗമാണ് ദലിത് ആദിവാസി വിഭാഗങ്ങൾ. അത്തരം വിഭാഗങ്ങളെ ആകർഷിക്കാൻ കമ്മ്യുണിസ്റ് പ്രസ്ഥാനങ്ങൾക്ക് സാധിച്ചിട്ടില്ല. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദലിത് വിഭാഗങ്ങളെ കൂടി ഉൾക്കൊള്ളിച്ച ബഹുജൻ ലെഫ്റ്റ് ഫ്രണ്ട് പോലുള്ള പരീക്ഷണങ്ങൾ നടന്നിരുന്നു. കമ്മ്യൂണിസ്റ് പാർട്ടിയിലെ പോളിറ്റ് ബ്യുറോയിൽ ദലിത് പ്രതിനിധ്യമില്ലെന്ന കാഞ്ച ഐലയ്യയെപ്പോലുള്ളവരുടെ വിമർശനത്തിന് ‘ഞങ്ങൾ മെറിറ്റ് നോക്കിയാണ് പദവി നൽകുകയെന്ന’ മറുപടിയാണ് സിപിഎം നൽകിയത്.

അത് യഥാർത്ഥത്തിൽ വലതുപക്ഷത്തിൻ്റെ ബോധപൂർവമായ ഒരു പ്രചാരണമായിട്ടാണ് ഞാൻ കാണുന്നത്. ത്രിപുരയിലെ മുൻ മുഖ്യമന്ത്രി ദശരഥ് ദേബ് ദലിത് നേതാവായിരുന്നു. പോളിറ്റ് ബ്യുറോ അംഗവുമായിരുന്നു. ആദിവാസി നേതാക്കന്മാരും ദലിത് നേതാക്കൻമാരും പലയിടത്തും നേതാക്കന്മാരായി വരാറുണ്ട്. ദലിത് നേതാവ് ഏതെങ്കിലും പാർട്ടി ഫോറത്തിൽ വരുന്നത് കൊണ്ട് രാജ്യത്തെ ദലിത് വിഭാഗത്തിൻ്റെ പ്രശ്നം പൂർണമായി അവകാശപ്പെടാൻ കഴിയില്ല. ബിജെപി അവകാശപ്പെടുന്നത് അതാണ്. ഞങ്ങൾ ദലിത് പ്രസിഡന്റിനെ കൊണ്ടുവന്നിരിക്കുന്നു എന്നാണ്.

തെലങ്കാനയിലെ കാര്യം പറഞ്ഞു ,അവിടെ ഒരു ബഹുജൻ മുന്നണിയായിട്ടാണ് സിപിഎം മത്സരിച്ചത്. കോൺഗ്രസും സിപിഐയും പോലും അപ്പുറത്ത് മുന്നണി ഉണ്ടാക്കിയപ്പോൾ അവിടത്തെ ദലിത് സംഘടനകളെ കൂട്ടിച്ചേർത്ത് ഒരു മുന്നണി ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ദലിത് ജനതയുടെ ശാക്തീകരണം എന്ന അജണ്ട പാർട്ടി പരിപാടിയിൽ ഉള്ളവരാണ് ഞങ്ങൾ. കേരളത്തെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷത്തിൻ്റെ സ്വാധീനം ഉള്ള പ്രദേശങ്ങളിൽ ഞങ്ങൾ ആ മേഖലയിൽ ഏറ്റവും സജീവമായി ഇടപെടുകയാണ്. കേരളത്തിലെ സർക്കാർ സർവീസിലേക്ക്, പൊലീസിലേക്ക് ആദിവാസികളുടെ ഡയറക്റ്റ് റിക്രൂട്മെന്റ് ആണ്. എക്സൈസിലേക്ക് സ്പെഷ്യൽ റിക്രൂട്മെന്റ് ആണ്. ബി.എഡ്, എംഎഡ് ഉള്ള എല്ലാ ആദിവാസികൾക്കും ടീച്ചർമാരായി ജോലി കൊടുക്കുകയാണ്. ഇതൊരു ഇടപെടൽ ആണ്. സമൂഹത്തിൽ തുല്യത ഉറപ്പാക്കാൻ ഭരണപരമായ സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം സിപിഎം അതിൻ്റെ നേതൃത്വത്തിൽ ഇത് ചെയ്തുകൊണ്ടിരിക്കുകയാണ്.

Related image

ഇന്ത്യയിലെ ദലിത് പിന്നോക്ക ജനവിഭാഗങ്ങളെ ജാതി രാഷ്ട്രീയം കയ്യിൽ വച്ചിരിക്കുന്നത് കൊണ്ടാണ് പലപ്പോഴും ഇടതുപക്ഷത്തിൻ്റെ സ്വാധീനം അവരിലേക്ക് വളർന്നു ചെല്ലാൻ സാധിക്കാത്തത്. രാജസ്ഥാനിലെ തെരെഞ്ഞെടുപ്പ് വിഷയം എന്താണ് സൂചിപ്പിക്കുന്നത്? ആ മേഖലയിൽ ഇടതുപക്ഷത്തിൻ്റെ സ്വാധീനം വർധിച്ചുവെന്നാണ്. അതുപോലെ മഹാരാഷ്ട്രയിലുള്ള നിയമസഭാ അംഗം ആദിവാസി മേഖലയിൽ നിന്നും സിപിഎമ്മിൻ്റെ പ്രതിനിധിയായിട്ടാണ് അവിടെ ജയിച്ചിട്ടുള്ളത്. ഓരോ പ്രദേശത്തും ഓരോ മേഖലയിലും ദലിത് ആദിവാസി ജനവിഭാഗങ്ങളെ സമൂഹത്തിൻ്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാൻ ഫലപ്രദമായി സിപിഎമ്മും ഇടതുപക്ഷവും ഇടപെട്ടുകൊണ്ടിരിക്കുകയാണ്., അത് തുടർന്നും മുന്നോട്ട് കൊണ്ട് പോവും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല

കാഞ്ച ഐലയ്യ അടുത്ത കാലം വരെ ഇടതുപക്ഷത്തിൻ്റെ കടുത്ത വിമർശകനായിരുന്ന ആളാണ്. ഇടതുപക്ഷം ആ മേഖലയിൽ കൂടുതലായി ഇടപെടാൻ ശ്രമിക്കുന്നുന്നതിനാലാണല്ലോ അദ്ദേഹം ഇടതുപക്ഷത്തോടൊപ്പം തെലങ്കാനയിൽ ഒന്നിച്ചുനിന്നത്.

Be the first to comment on "ഈ രാജ്യം എല്ലാവരുടേതുമാണ്. അധികാരത്തിലെ തുല്യപങ്കാളിത്തം മുഖ്യപരിഗണന: പി.കെ ബിജു"

Leave a comment

Your email address will not be published.


*