https://maktoobmedia.com/

ജാഗ്രത പുലർത്തുക എന്നതിലാണ് ദേശഭക്തി: പ്രിയങ്ക ഗാന്ധി

58 വര്‍ഷത്തിനു ശേഷമാണ് ഗുജറാത്തില്‍ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേരുന്നത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ പ്രവര്‍ത്തക സമിതിയെന്ന വിശേഷണവും ഈ യോഗത്തിനുണ്ട്.

പ്രവർത്തകസമിതിക്ക് ശേഷമുള്ള പൊതുയോഗത്തില്‍ പ്രിയങ്ക ഗാന്ധി നടത്തിയ പ്രസംഗത്തിൻ്റെ പൂർണരൂപം:

സബര്‍മതി ആശ്രമത്തിലിരുന്നപ്പോള്‍ ആലോചിച്ചത് രാജ്യത്തിനായി പോരാടിയ മനുഷ്യരെക്കുറിച്ചാണ്. രാജ്യത്തിനായി ജീവന്‍ കൊടുത്ത മനുഷ്യര്‍, എല്ലാം ത്യജിച്ചവര്‍. അങ്ങനെയുള്ള പോരാളികളുടെ ഓര്‍മകളിലും സ്നേഹത്തിലും സാഹോദര്യത്തിലുമാണ് ഈ രാജ്യം കെട്ടിപ്പടുത്തിട്ടുള്ളത്. പക്ഷേ ഇപ്പോള്‍ നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഏറെ ദുഖിപ്പിക്കുന്നു.

ഇന്നിവിടെ വന്നുകൂടിയ നിങ്ങളോട് പറയാനുള്ളത് ഇതാണ്, ജാഗ്രത പുലര്‍ത്തുക എന്നതാണ് ഏറ്റവും വലിയ ദേശഭക്തി. നിങ്ങളുടെ ജാഗ്രത ഒരായുധമാണ്, നിങ്ങളുടെ വോട്ട് ഒരായുധമാണ്. ആരെയും വേദനിപ്പിക്കുകയോ ഒന്നിനെയും നശിപ്പിക്കുകയോ ചെയ്യാത്ത ആയുധം. നിങ്ങളെ കൂടുതല്‍ കരുത്തരാക്കുന്ന ആയുധം.

നിങ്ങള്‍ നന്നായി ആലോചിച്ചു തീരുമാനമെടുക്കുക, എന്താണ് തെരഞ്ഞെടുക്കുന്നതെന്ന്. അതിന്റെ അനന്തരഫലത്തെക്കുറിച്ച് ആലോചിക്കുക. നിങ്ങള്‍ക്ക് സഹായകരമാവുന്നത് എന്താണെന്ന് ആലോചിച്ചു തീരുമാനിക്കുക. നിങ്ങളെങ്ങനെ മുന്നോട്ട് പോവും, യുവാക്കള്‍ക്ക് എങ്ങനെ തൊഴില്‍ ലഭിക്കും, കര്‍ഷകര്‍ക്കായി എന്തു ചെയ്യും എന്നിങ്ങനെയൊക്കെ ആലോചിക്കണം, ചോദ്യങ്ങള്‍ ചോദിക്കണം. ഈ ജാഗ്രതയാണ് മുന്നോട്ട് നയിക്കേണ്ടത്.

വലിയ അവകാശവാദങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന അവരോട് ചോദിക്കുക, നിങ്ങള്‍ വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിലവസരങ്ങള്‍ എവിടെപ്പോയി? അക്കൗണ്ടിലെത്തുമെന്ന് പറഞ്ഞ പതിനഞ്ചു ലക്ഷമെവിടെ? സ്ത്രീ സുരക്ഷക്കായി നിങ്ങളെന്താണ് ചെയ്തത്? ശരിയായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുക. ഇനി വരുന്ന രണ്ടു മാസം പല വാഗ്ദാനങ്ങളുമായി ഇനിയും വരും. നിങ്ങളുടെ ജാഗ്രതയാണ് ഈ രാജ്യത്തെ കെട്ടിപ്പടുക്കാന്‍ പോവുന്നത്. ഇതു നിങ്ങളുടെ കടമയാണ്, ഇതിലൂടെയാണ് ദേശഭക്തി പ്രകടിപ്പിക്കേണ്ടത്.

സ്നേഹവും സൗഹൃദവും അഹിംസയുമൊക്കെയാണ് സ്വാതന്ത്ര്യസമരകാലത്തും നമ്മെ നയിച്ചത്. അതു തന്നെയാണ് ഇപ്പോഴും വേണ്ടത്. പ്രകൃതത്തെക്കുറിച്ചൊക്കെ പറയുന്നവരുണ്ട്. (പാകിസ്ഥാനെ അക്രമിച്ചതുമായി ചേര്‍ത്തുവച്ച്, തെറ്റുകള്‍ കണ്ടാല്‍ തിരുത്തുക എന്നത് തന്റെ പ്രകൃതമാണെന്ന് മോദി ഈയടുത്ത് പറഞ്ഞിരുന്നു) അയാളോട് നിങ്ങള്‍ പറയുക, സത്യം അന്വേഷിക്കുക എന്നതാണ് ഈ രാജ്യത്തിന്റെ പ്രകൃതം. വെറുപ്പിന്റെ കാറ്റിനെ സ്നേഹം കൊണ്ടില്ലാതാക്കുക എന്നതാണ് ഈ രാജ്യത്തിന്റെ പ്രകൃതം.

ഇനിയുള്ള മാസങ്ങള്‍ ശരിയായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുക. ഇത് നമ്മുടെ രാജ്യമാണ്. കര്‍ഷകരും സ്ത്രീകളും കുട്ടികളും യുവാക്കളുമെല്ലാം അഹോരാത്രം അധ്വാനിച്ചുണ്ടാക്കിയ രാജ്യം. വേറാരുമുണ്ടാക്കിയതല്ല, വേറാരുടേതുമല്ല. ഓരോരുത്തര്‍ക്കും അവരുടേതായ കടമ നിര്‍വഹിക്കാനുണ്ട്.

സ്വാതന്ത്ര്യസമര മുന്നേറ്റത്തിനു സമാനമാണ് ഇപ്പോഴത്തെ അവസ്ഥ. രാജ്യത്തെ സ്ഥാപനങ്ങള്‍ അക്രമിക്കപ്പെടുന്നു, രാജ്യത്താകമാനം വെറുപ്പും വിദ്വേഷവും പടര്‍ത്തുന്നു. ഒരുമിച്ചു നിന്ന് ഇതിനെയെല്ലാം പ്രതിരോധിക്കണം, രാജ്യത്തിനായി പ്രവര്‍ത്തിക്കുകയും രാജ്യത്തെ മുന്നോട്ടു നടത്തുകയും വേണം. അങ്ങനെ ഒരുമിച്ചു നില്‍ക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യം.

Be the first to comment on "ജാഗ്രത പുലർത്തുക എന്നതിലാണ് ദേശഭക്തി: പ്രിയങ്ക ഗാന്ധി"

Leave a comment

Your email address will not be published.


*