https://maktoobmedia.com/

വിശ്വാസങ്ങളെ ഉൾക്കൊള്ളാൻ ഇടതുപക്ഷം തയ്യാറാവണം: എൻ.കെ പ്രേമചന്ദ്രൻ

കൊല്ലം എംപിയും ആർഎസ്‌പി നേതാവുമായ എൻ.കെ പ്രേമചന്ദ്രൻ ലോക്‌സഭയിലെ ശ്രദ്ധേയമായ ഇടപെടലുകളാൽ മികച്ച പാര്ലമെന്റേറിയൻ എന്ന വിശേഷണത്തിന് അർഹമായ വ്യക്തിയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പും ആർഎസ്‌പിയും, ദേശീയ രാഷ്ട്രീയം, യുപിഎയുടെ സാധ്യതകൾ, ഇടതുപക്ഷം, ശബരിമല തുടങ്ങിയ വിഷയങ്ങളിൽ എൻ.കെ പ്രേമചന്ദ്രൻ മക്തൂബ് മീഡിയ പൊളിറ്റിക്കൽ എഡിറ്റർ നൗഫൽ അറളട്ക്കയുമായി സംസാരിക്കുന്നു.

മികച്ച പാർലമെന്റ് അംഗം എന്ന നിലയിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ച എം.പിയാണ് താങ്കൾ. നരേന്ദ്ര മോദി ഭരണകാലത്തെ ലോക്‌സഭയിലെ പ്രതിപക്ഷ അംഗം എന്ന നിലയിൽ എങ്ങനെയാണു സ്വയം വിലയിരുത്തുന്നത്?

വളരെ പരിമിതമായ അംഗങ്ങൾ മാത്രമാണ് പാർലമെന്റിൽ പ്രതിപക്ഷ നിരയിലുള്ളത്. ആ അംഗംങ്ങളിൽ തന്നെ തുടർച്ചയായി ബി.ജെ.പി വിരുദ്ധ സമീപനം സ്വീകരിച്ചിട്ടുള്ളത് വളരെ അപൂർവം പേരാണ്. കോൺഗ്രസ്സും മുസ്‍ലിം ലീഗും ആർ.എസ്.പിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ്. ഇതൊക്കെ പറയുമ്പോഴും സി.പി.ഐ.എം അടക്കമുള്ള പാർട്ടികൾ നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയെ വിമർശിക്കുന്നതിൽ കാര്യമായ പങ്ക് പതിനാറാം ലോക്‌സഭയിൽ വഹിച്ചിട്ടില്ല. ഞാൻ ഇടതുപക്ഷത്തിനെതിരെ ഗുരുതരമായിട്ടുള്ള ഒരു ആക്ഷേപമാണ് ഉന്നയിക്കുന്നത്. റാഫേൽ യുദ്ധവിമാന ഇടപാടിലെ അഴിമതി ഉൾപ്പടെയുള്ള സർക്കാർ പ്രധിരോധത്തിൽ വരുന്ന വിഷയങ്ങളിൽ കോൺഗ്രസ്സും ലീഗും ആർ.എസ്.പിയും ആർ.ജെ.ഡിയുമൊക്കെ സ്വീകരിച്ചത് വളരെ ശക്തമായ നിലപാടായിരുന്നു. എന്നാൽ അത്തരത്തിൽ ഒരു സമീപനം സ്വീകരിക്കേണ്ട ഘട്ടങ്ങളിലൊക്കെ സി.പി.ഐ.എം പരാജയമായിരുന്നു.

അതുപോലെ തൃണമൂൽ കോൺഗ്രെസൊന്നും എല്ലാ ഘട്ടങ്ങളിലും നരേന്ദ്ര മോദിക്കെതിരായി കർശനമായ നിലപാട് സ്വീകരിച്ചവരല്ല. ആൾക്കൂട്ട കൊലപാതകങ്ങൾ ഉൾപ്പടെയുള്ള ന്യൂനപക്ഷ സമൂഹത്തിലും ദലിത് വിഭാഗത്തിലുമുള്ളവർ വേട്ടയാടപ്പെട്ട സമയത്തൊക്കെ തൃണമൂൽ കോൺഗ്രസ് വളരെ നിശബ്ദമായിരുന്നു. അങ്ങനെ പരിശോധിക്കുമ്പോൾ പ്രതിപക്ഷം പൊതുവെ ദുർബലമായിരുന്നു. അവിടെ കോൺഗ്രസിൻ്റെ പ്രകടനം അഭിനന്ദനാർഹമാണ്. അവർക്ക് ചുരുങ്ങിയ അംഗങ്ങൾ മാത്രമേ ഉള്ളെങ്കിൽ പോലും ശക്തമായിട്ടുള്ള നിലപാടെടുത്തു. ലഭ്യമായ സാഹചര്യങ്ങളെയും അവസരങ്ങളെയും നല്ലതുപോലെ പ്രയോജനപ്പെടുത്തി പലഘട്ടങ്ങളിലും സർക്കാരിനെ പ്രധിരോധത്തിലാക്കാൻ അവർക്ക് സാധിച്ചു.

പതിനാറാം ലോക്‌സഭയിൽ തുടർച്ചയായി നരേന്ദ്ര മോദിക്കും ബി.ജെ.പി സർക്കാരിനും എതിരായി പ്രവർത്തിച്ചു എന്ന വലിയ ചാരിതാർഥ്യമാണ് പാർട്ടിയെ സംബന്ധിച്ചും വ്യക്തിപരമായി എന്നെ സംബന്ധിച്ചുമുള്ളത്. പക്ഷെ, ബില്ലുകൾ വന്നാൽ വോട്ടിനിടുമ്പോൾ സ്വാഭാവികമായും സർക്കാരിന് മൃഗീയ ഭൂരിപക്ഷമുള്ളതുകൊണ്ട് പാസ്സാകും. എന്നാലും രാജ്യത്തുള്ള എല്ലാ വിഷയങ്ങളും ധനബില്ലിൻ്റെ പരിധിയിൽ കൊണ്ടുവന്നു പാസ്സാക്കിയെടുക്കാൻ നടത്തിയ നീക്കങ്ങളെയൊക്കെ നല്ലതുപോലെ പ്രതിരോധിക്കാനും അതു ഹൈലൈറ്റ് ചെയ്യാനും സാധിച്ചിട്ടുണ്ട്. സർക്കാർ പാർലമെന്ററി ജനാധിപത്യത്തിൻ്റെ മൂല്യങ്ങളെയും ചട്ടങ്ങളെയും കീഴ്വഴക്കങ്ങളെയും ലംഘിച്ചുകൊണ്ട് നടത്തിയ പ്രവർത്തനങ്ങളെയൊക്കെ സഭയിൽ ഉന്നയിക്കാനും അതു ക്രമപ്രശ്‌നത്തിലൂടെ ഭരണഘടനാനുസൃതമായി ലഭ്യമായ നടപടിക്രമങ്ങളുടെ പിൻബലത്തോടുകൂടി തടയാൻ കഴിഞ്ഞിട്ടുണ്ട്.

പാർലമെന്ററി ജനാധിപത്യത്തെ ഇത്രത്തോളം പുച്ഛത്തോടെ കാണുന്ന ഒരു സർക്കാർ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. നരേന്ദ്ര മോദിക്ക് പാര്ലമെന്ററി ജനാധിപത്യത്തിൽ പോലും വിശ്വാസമില്ല. ഇത്രയും കാലത്തിനിടയിൽ അദ്ദേഹം ആകെ സഭയിൽ വന്നത് 19 ദിവസമാണ്. ആകെ അരമണിക്കൂർ സഭയിൽ ഇരിക്കുന്നതാണ് ഈ വന്നു എന്നു പറയുന്നത്. ഇതായിരുന്നില്ല, പൂർവ പ്രധാനമന്ത്രിമാരുടെ ചരിത്രം. പാര്ലമെന്ററിന് ഒരു ബഹുമാനവും ഗൗരവം കൊടുത്തില്ലെങ്കിൽ പാര്ലമെന്ററി നടപടിക്രമങ്ങൾ നിലനിൽക്കില്ല. ഏതാണ്ട് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസുകളിൽ 31 ഓർഡിനൻസുകൾക്ക് എതിരായി പാർലമെൻറിൽ നിരാകരണ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. അതിൽ 21 എണ്ണവും അവതരിപ്പിച്ചത് ഞാനാണ്. അതിൽ ഏറ്റവും പ്രധാനം മുത്വലാക്ക് ബില്ലിനെതിരെയുള്ള പ്രമേയമായിരുന്നു. അങ്ങനെ പാർലമെൻറ്റിനെ ബൈപ്പാസ് ചെയ്‌ത്‌ എക്സിക്യൂട്ടീവ് അധികാര മേധാവിത്തം സ്ഥാപിക്കാനും തന്നിഷ്ടപ്രകാരം സർക്കാറിൻ്റെ ആഗ്രഹങ്ങൾ നടപ്പാക്കാനുമുള്ള ശ്രമങ്ങളെ ഏറ്റവും കൂടുതൽ ശക്തമായി എതിർക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതി ബില്ലിനും മുത്തലാക്ക് ബില്ലിനുമെതിരെ താങ്കൾ നടത്തിയ ഇടപെടലുകൾ വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് സാമ്പത്തികസംവരണത്തെ അനുകൂലിച്ചത്? സാമ്പത്തികസംവരണത്തിൽ എന്താണ് ആർ.എസ്.പിയുടെ നിലപാട്?

അത് ഞങ്ങളുടെ പാർട്ടിയുടെ നയമാണ്. നിലവിൽ ദലിത് മറ്റുപിന്നാക്ക ന്യൂനപക്ഷ സമുദായങ്ങൾ അനുഭവിക്കുന്ന സംവരണത്തിൽ ഒരു ദോഷവും വരുത്താതെ തന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾക്ക് കൂടി സംവരണം നൽകണം. നമ്മുടെ ഭരണഘടന നിലവിൽ വന്നിട്ട് എഴുപത് വർഷമാകാൻ പോകുന്നു. രാജ്യത്തിന് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. സാമൂഹികമായിട്ടുള്ള പിന്നോക്കാവസ്ഥ ഒരു കാലഘട്ടത്തിൽ ചരിത്രപരവും വിദ്യാഭ്യാസപരവുമായിട്ടുള്ള കാരണങ്ങളാലായിരുന്നു. എന്നാൽ ഇന്നു ദരിദ്രരിൽ ദരിദ്രരായ സാധാരണ ജനവിഭാഗങ്ങൾ നല്ലതുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അവരും ഇപ്പോൾ സമൂഹത്തിൽ അപരവൽക്കരിക്കപ്പെട്ടവരാണ്.

ശരിയാണ്. സംവരണം എന്നു പറയുന്ന തത്വം കേവലം തൊഴിൽ ലഭിക്കാൻ വേണ്ടിയുള്ള മാർഗ്ഗമല്ല. ഒരു സമൂഹത്തിൻ്റെ ശാക്തീകരണത്തിന് തൊഴിലും വിദ്യാഭ്യാസവും വളരെ പ്രധാനപ്പെട്ടതാണ്‌. നിസ്വ വർഗം അത് മുന്നോക്ക സമുദായമായിപ്പോയി എന്നുള്ളത് കൊണ്ട് ആ സമൂഹത്തിന് പ്രത്യേക പരിരക്ഷ കൊടുക്കുന്നതിനെ എതിർക്കേണ്ട കാര്യമില്ല എന്ന വ്യക്തമായ രാഷ്ട്രീയ അഭിപ്രായമാണ് ഞങ്ങളുടെ പാർട്ടിക്കുള്ളത്. നിലവിലുള്ള ദലിത് മറ്റുപിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ സംവരണത്തിന് ഒരു ദോഷവും ഉണ്ടാകാത്ത നിലയിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യഭ്യാസം ചെയ്യാൻ നിവൃത്തിയില്ലാത്ത മുന്നാക്ക സമുദായത്തിൽ നിന്നുള്ളവർക്ക് സംവരണം നൽകണം എന്ന അഭിപ്രായത്തോട് ഞങ്ങളുടെ പാർട്ടി യോജിക്കുന്നു. അപ്പോൾ പാർട്ടിയുടെ പൊതുനയത്തിൻ്റെ ഭാഗമായി തന്നെയാണ് അതിനെ കാണേണ്ടത്.

മുഴുവൻ ഇടതുപക്ഷ പാർട്ടികളും ഈ നിലപാട് സ്വീകരിച്ചവരാണ്‌. സി.പി.ഐ.എം വളരെ നേരത്തെ തന്നെ മുന്നാക്ക സംവരണത്തെ അനുകൂലിച്ചവരാണ്. കോൺഗ്രസ്സും ഭരണത്തിൽ ഉണ്ടായിരുന്ന കാലത്ത് ഈ കാര്യത്തിനെ കുറിച്ച് ആലോചിച്ചതാണ്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും അതുപോലെ തന്നെ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീനും ഒഴികെയുള്ള രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും ഈ ബില്ലിനെ അനുകൂലിച്ചവരാണ്.

വ്യക്തമായ സ്ഥിതിവിവരകണക്കുകളോ പഠനങ്ങളോ ലഭ്യമാകാതെ താങ്കൾ എങ്ങനെയാണ് ഇത്തരം ഒരു നിഗമനത്തിൽ എത്തിയത്?

ഇതുസംബന്ധിച്ചു പഠനം നടത്താൻ കഴിഞ്ഞ സർക്കാരിൻ്റെ കാലത്തു നിയോഗിച്ച കമീഷനാണ് ജസ്റ്റിസ് ആർ.പി സിൻഹു കമ്മീഷൻ. സിൻഹു കമ്മീഷൻ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ബില്ലിന് രൂപം കൊടുക്കാൻ സർക്കാർ സന്നദ്ധമായത് എന്നാണ് ഞാൻ മനസിലാക്കിയത്. ആർ.പി സിൻഹു കമ്മീഷൻ റിപ്പോർട്ട് വളരെ വിശദമായിട്ടുള്ളതാണ്. മുന്നോക്ക സമുദായ കമ്മീഷൻ രൂപീകരണം ഉൾപ്പെടെയുള്ള നിരവധി നിർദേശങ്ങൾ കമ്മീഷൻ മുന്നോട്ടു വെച്ചിട്ടുണ്ട്. ഈ സമൂഹത്തിൻ്റെ വിദ്യാഭ്യാസപരവും തൊഴിൽപരവുമായിട്ടുള്ള അവസ്ഥയെ സംബന്ധിച്ച് സമഗ്രമായ പഠനം നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ആർ.പി സിൻഹു കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ആ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് ഈ ബില്ല് പാർലമെന്റിൽ കൊണ്ടുവന്നത്.

ശരിയാണ്. സംവരണം എന്നുപറയുന്നത് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാൽ നീതി നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ പ്രാധിനിത്യം ഉറപ്പാക്കാൻ വേണ്ടിയായിരുന്നു. അവരെ സമൂഹത്തിൻ്റെ പൊതുധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഭരണഘടന നിർമ്മാണസഭ സംവരണം എന്ന തത്വം കൊണ്ടുവന്നത്. പക്ഷെ സംവരണം നിലവിൽ വന്നിട്ട് എഴുപത് പിന്നിടുമ്പോൾ നമ്മുടെ രാജ്യത്തിൻ്റെ പൊതു അവസ്ഥ വ്യത്യസ്തമാണ്. എന്നാൽ ദലിത് പിന്നാക്ക സമുദായങ്ങളുടെ അവസ്ഥയ്ക്ക് പൂർണമായും മാറ്റം സംഭവിച്ചിട്ടില്ല. പക്ഷെ, മറ്റൊരു വിഭാഗം വലിയ അസന്തുലിതാവസ്ഥയുടെ നടുവിലാണ്. ബഹുസ്വരത നിലനിൽക്കുന്ന ജനാധിപത്യ സമൂഹം എന്ന നിലയിൽ ആ അസന്തുലിതാവസ്ഥയെ കൂടി അഡ്രസ് ചെയ്യേണ്ടതാണ്‌ എന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം.

എന്നാൽ ഒരു കാരണവശാലും നിലവിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന സംവരണത്തെ തകർത്താകരുത്. കാരണം ആ സമൂഹത്തിനു ഇതുവരെ മുഖ്യധാരയിലേക്ക് വരാൻ സാധിച്ചിട്ടില്ല. അതേ സമയം വലിയ ഒരു അസംതൃപ്തി സമൂഹത്തിൽ ഉണ്ടാകുന്നു. അത് പരിഗണിക്കുക എന്നതുകൂടി തീർച്ചയായും ആവശ്യമാണ്. അങ്ങനെയൊരു പൊതുവികാരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നയവുമായി മുന്നോട്ട് പോകുന്നത്.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപെട്ടു സി.പി.ഐ.എമ്മും കേരള സർക്കാരും സുപ്രീംകോടതി വിധിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോൾ താങ്കൾ അടക്കമുള്ള കേരളത്തിലെ പ്രതിപക്ഷ മുന്നണി അതിനെ എതിർത്തു. ഒരു ഇടതുപക്ഷ പ്രസ്ഥാനമായ ആർ.എസ്.പി സ്വീകരിച്ച നിലപാട് തെറ്റാണെന്നു തോന്നുണ്ടോ?

ഞങ്ങൾക്ക് ശബരിമല വിഷയത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട്. സമൂഹത്തിൽ നിലനിൽക്കുന്ന വിശ്വാസപരമായിട്ടുള്ള ഒരു പ്രശ്‌നത്തെ പ്രകോപനവൽക്കരിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള കുൽസിതമായ നീക്കമാണ് സി.പി.ഐ.എം ശബരിമലയിൽ സ്വീകരിച്ചിട്ടുള്ളത്. അതാണ് ഈ പ്രശ്‌നം വഷളാകാനുള്ള പ്രധാനപ്പെട്ട കാരണം. ലിംഗനീതി നടപ്പിലാക്കാനുള്ള ആദർശാടിസ്ഥിതമായ സി.പി.ഐ.എമ്മിൻ്റെ ശ്രമമാണ് ഇതെന്നു ഞാൻ കരുതുന്നില്ല. ഒരു ബഹുസ്വരത നിലനിൽകുന്ന ജനാധിപത്യ സമൂഹത്തിൽ സാമൂഹിക യാഥാർഥ്യങ്ങളെ ഉൾകൊള്ളാൻ എല്ലാവരും തയ്യാറാകണം.

സുപ്രീംകോടതി വിധിവന്നു 24 മണിക്കൂറിനകം വിധിയുടെ അസ്സൽ പകർപ്പുപോലും കിട്ടുന്നതിനു മുമ്പ് അത് നടപ്പാക്കണം എന്നു നിഷ്കർഷിക്കുന്ന നിർദേശം എന്തിൻ്റെ പശ്ചാത്തലത്തിലാണ്? ഇരുപത്തിനാലു മണിക്കൂറിനു മുൻപ് അടിയന്തിരമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്തു നാലു ദിവസം കഴിഞ്ഞു നടക്കാൻ പോകുന്ന തുലാമാസ പൂജയ്ക്കു തന്നെ സ്ത്രീകളെ പ്രവേശിപ്പിക്കാൻ മുഖ്യമന്ത്രി നൽകുന്ന നിർദേശത്തിൻ്റെ അർത്ഥമെന്താണ് ? യുവതികൾക്ക് വരണമെങ്കിൽ കുളിക്കാൻ വിരിവെക്കാൻ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ അടിസ്ഥാന സൗകര്യം ഏർപ്പെടുത്തണം. അതിനു ഒരു മൂന്നുമാസത്തെ സാവകാശം വേണമെന്ന് സർക്കാരിന് ചോദിക്കാമായിരുന്നല്ലോ.

സർവകക്ഷി യോഗവും വിശ്വാസി സമൂഹത്തിൻ്റെ പ്രതിനിധികളുടെ യോഗവും വിളിച്ചു എങ്ങനെ വിധി നടപ്പിലാക്കും എന്ന കാര്യത്തെ കുറിച്ച് ചർച്ച ചെയ്യാമായിരുന്നു. ജനാധിപത്യ നിലപാടിലൂടെ സമവായമുണ്ടാക്കി കാര്യങ്ങൾ നടപ്പാക്കാമായിരുന്നു. അതുചെയ്യുന്നതിനു പകരം പ്രകോപനപരമായി ഒരു സമുദായത്തെ മുഴുവൻ നോക്കിക്കാണുക. വിശ്വാസി സമൂഹവുമായി രംഗത്തു വരുന്നവർ മുഴുവൻ ആർ.എസ്.എസ്സാണെന്നു വരുത്തി തീർക്കുക. അങ്ങനെ സാമുദായികമായ ധ്രുവീകരണം ഉണ്ടാക്കുന്നതിനു വേണ്ടി നടത്തിയിട്ടുള്ള ശ്രമമാണ് ഏറ്റവും കൂടുതൽ എതിർക്കപ്പെടേണ്ടത്.

സി.പി.ഐ.എമ്മിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. കേരളത്തിൽ ബി.ജെ.പിയെ പ്രധാന പ്രതിപക്ഷ കക്ഷിയാക്കി വളർത്തികൊണ്ടു വരിക എന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ വിജയിച്ചത് ആ അജണ്ടയുടെ അടിസ്ഥാനത്തിലാണ്. ഹിന്ദുക്കളും അഹിന്ദുക്കളും എന്ന മതപരമായ വിഭാഗീയത ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബി.ജെ.പി പരിശ്രമിക്കുന്നു. അതിനു പക്വമായ ഒരു അന്തരീക്ഷം സൃഷ്‌ടിക്കാൻ സി.പി.ഐ.എം തയ്യാറാകുന്നു. കാരണം സി.പി.ഐ.എമ്മിനും ഗുണം ചെയ്യുന്ന കാര്യമാണത്. സംസ്ഥാനത്തെ മതന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ലഭ്യമാക്കാൻ വേണ്ടിയുള്ള ഒരു ശ്രമത്തിൻ്റെ ഭാഗമായിട്ടാണത്. അല്ലങ്കിൽ ഇത്രയും വ്രണിത ഹൃദയരായിട്ടുള്ള വിശ്വാസികളെ ഇങ്ങനെ പ്രകോപിപ്പിക്കാമോ. വിശ്വാസം ശരിയാണോ തെറ്റാണോ എന്നത് വേറെ കാര്യമാണ്.

വർഷങ്ങളായി നിലനിൽക്കുന്ന വിശ്വാസപരമായിട്ടുള്ള ഒരാചാരം ലംഘിക്കുന്നതിനെതിരെ പ്രതികരണങ്ങൾ ഉണ്ടാകും. അങ്ങനെ പ്രതികരണം ഉണ്ടാകുമ്പോൾ ആ പ്രതികരണം ഉണ്ടാക്കുന്ന സമൂഹത്തെ ആശ്വസിപ്പിക്കണ്ട. പക്ഷെ അവരെ കൂടുതൽ പ്രകോപിതരാക്കാതിരിക്കാൻ ശ്രമിക്കാമല്ലോ. അവരെ അപമാനിക്കുന്ന രൂപത്തിൽ അവിടത്തെ തന്ത്രി കഴുതയെ പോലെയാണെന്നു പറയുക. തന്ത്രിക്കു ചൈതന്യം ഇല്ല എന്ന് പറയുക. അല്ലങ്കിൽ പൂജാരിമാർ ആരും അടിവസ്ത്രം ധരിക്കില്ല എന്നു പറയുക. വളരെ മോശപെട്ട ഹീനമായ രീതിയിൽ സംസാരിക്കുക.

ഇത് സവർണരും അവർണരും തമ്മിലുള്ള തർക്കമാണെന്നു പറയുന്നു. പക്ഷെ പത്തിനും അമ്പതിനും ഇടയ്ക്കുള്ള ആർക്കും അവിടെ കയറാൻ കഴിയില്ല. സവർണരും അവർണ്ണരും തമ്മിലുള്ള തർക്കമാണെന്നു മുഖ്യമന്ത്രി പേരുവെച്ചു ലേഖനം എഴുതുക. കേരളത്തിൽ നവോത്ഥാന കാലഘട്ടത്തിൽ ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ സവർണ അവർണ വിഭാഗീയതയെ പൊടിതട്ടിയെടുത്തു കേരളത്തിൽ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണ് സി.പി.ഐ.എം. അതിനാണ് ഒരു മതവിഭാഗത്തെ മാത്രം വിളിച്ചുവരുത്തി പ്രത്യേകമായി നവോത്ഥാന യോഗം നടത്തിയത്. ആദ്യം ഹൈന്ദവ മതവിഭാഗത്തിൽ പെട്ടവരെ മാത്രം വിളിച്ചുവരുത്തി നവോത്ഥാന മുന്നേറ്റം എന്നുപറഞ്ഞു. വലിയ പരാതിയും വിഷയവും ഉണ്ടായപ്പോൾ ക്രൈസ്തവ മുസ്ലിം പക്ഷത്തെ കൂടി വിളിച്ചു.

ഇതാണോ നവോത്ഥാനം. വെള്ളാപ്പള്ളി നടേശനാണോ കേരളത്തിലെ നവോത്ഥാന നായകൻ. സ്വന്തം ഇഷ്ടപ്രകാരം മറ്റു മതത്തിൽ പെട്ട ഒരു യുവാവിനെ വിവാഹം കഴിച്ചതിൻ്റെ പേരിൽ ഹാദിയ എന്നുപറയുന്ന പെൺകുട്ടിയെ കഷ്‌ണം കഷണമാക്കി വെട്ടിനുറുക്കി കുഴിച്ചുമൂടണം എന്നുപറഞ്ഞ സുഗതനാണോ കേരളത്തിൻ്റെ നവോത്ഥാന നായകൻ. കർസേവയ്ക്ക് പോയ ആളാണോ നവോത്ഥാനം സംഘടിപ്പിക്കുന്നതിൻ്റെ സംഘടക സമിതിയിലെ ജോയിൻ കൺവീനർ. നമ്പൂതിരി മുതൽ നായാടി വരെയുള്ളവർ ഒരു കുടക്കീഴിൽ അണിനിരക്കണം. അവരുടെ ഐക്യമില്ലായ്മയാണ് ന്യൂനപക്ഷം കൂടുതൽ അവകാശങ്ങൾ തട്ടിയെടുക്കുന്നതിനു കാരണം എന്നുപറഞ്ഞു പ്രചരിപ്പിച്ചു സംഘടനയുണ്ടാക്കി നടന്നവരാണോ നവോത്ഥാന നായകർ. സവർണ്ണ അവർണ്ണ വിഭാഗീയത കേരളത്തിലുണ്ടാക്കി അതിലൊരു വിഭാഗത്തിൻ്റെ പിന്തുണയാർജിക്കുക. മറ്റൊരു വിഭാഗത്തിൻ്റെ പിന്തുണ ബി.ജെ.പിക്ക് നേടിക്കൊടുക്കുക എന്ന വളരെ കുല്സിതമായിട്ടുള്ള രാഷ്ട്രീയ തന്ത്രമാണിത്.

സുപ്രീം കോടതി വിധിയനുസരിച്ചു ഇത്രയും തീയതിക്കുമുൻപ് പ്രവേശിപ്പിക്കണം എന്നൊന്നും കോടതി പറഞ്ഞില്ലല്ലോ. അവർക്ക് അവരുടെ മൗലികാവകാശമാണ് എന്ന് പറയുകയേ ചെയ്തുള്ളു. പക്ഷെ, ഇങ്ങനെ ഇരുട്ടിൻ്റെ മറവിൽ വേഷംമാറ്റി ഏഴു പോലീസുകാരുടെ അകമ്പടിയോടുകൂടി പിൻവാതിലിലൂടെ സർക്കാർ സ്‌പോൺസേർഡ് ആയിട്ടുള്ള ആചാര ലംഘനം നടത്തുന്നത് എന്തിനാണ്. അങ്ങനെയാണോ വിപ്ലവം. ശ്രീ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കേരളത്തിൽ അന്നത്തെ സവർണ്ണ സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു വില്ലുവണ്ടി ജാഥ നടത്തിയത്. പാടങ്ങൾ തരിശിട്ടത്. അതാണ് നവോത്ഥാന മുന്നേറ്റം. അല്ലാതെ ഇരുട്ടിൻ്റെ മറവിൽ വേഷം മാറ്റി പോലീസിൻ്റെ അകമ്പടിയോടുകൂടി പ്രവേശിപ്പിച്ചിട്ട് അതിൻ്റെ പടമെടുത്തു മാധ്യമങ്ങളിലൂടെ ചിത്രീകരിച്ചു മുതലെടുപ്പ് നടത്തി കേരളം മുഴുവൻ സംഘർഷ ഭൂമിയാക്കി ബി.ജെ.പിക്കും ആർ.എസ്.എസ്സിനും കേരളത്തിൽ അഴിഞ്ഞാടാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നതല്ല നവോത്ഥാനം.

മൗലികമായിട്ടുള്ള പ്രശ്‌നത്തെ കുറിച്ച് പറഞ്ഞാൽ സമൂഹത്തിനു ഉപദ്രവകരമല്ലാത്ത ഒരു വിശ്വാസത്തെ ഭരണഘടനയുടെ ഇരുപത്തഞ്ചും ഇരുപത്തിയാറും അനുച്ഛേദത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി പരിരക്ഷിക്കാൻ ശ്രമിക്കണം. ഇതൊരു വിശ്വാസപരമായിട്ടുള്ള പ്രശ്‌നമാണ്‌. വിശ്വാസ സമൂഹത്തെ കൂടി നാം മുഖവിലക്കെടുക്കണം. അവരുടെ വികാരം കൂടി കണക്കിലെടുക്കണം. അതാണ് ബഹുസ്വരത നിലനൽക്കുന്ന ജനാധിപത്യ സമൂഹം. നാളെ ഏതു സമുദായത്തിനും ഇത്തരം വിഷയങ്ങൾ ബാധകമാകും. സുന്നിപള്ളികളിൽ നിസ്‌കാരത്തിന് സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞല്ലോ. ഇതുപോലെ എന്തെല്ലാം കാര്യങ്ങൾ ഓരോ മതത്തിലുമുണ്ട്.

എൻ്റെ അഭിപ്രായത്തിൽ യുക്തിയും ഭക്തിയും ഒരിക്കലും ഒരുമിച്ചുപോകില്ല. നിങ്ങൾ വിശ്വാസത്തെ മുഴുവൻ യുക്തിപരമായി വിശകലനം ചെയ്‍തിട്ട് ശരിതെറ്റുകൾ തീരുമാനിക്കാൻ നോക്കിയാൽ നമ്മുടെ ബഹുസ്വരതക്കും ജനാധിപത്യ സംവിധാനങ്ങൾക്കും നിലനിൽക്കാൻ കഴിയില്ല. ഏതു മതത്തിലെ വിശ്വാസത്തിലാണ് യുക്തിഭദ്രമായി കാര്യങ്ങൾ സമർത്ഥിക്കാൻ കഴിയുക. ഇപ്പോൾ ഒരു സർക്കാർ ഒരു സുപ്രീം കോടതി വിധിവന്നതിൻ്റെ അടിസ്ഥാനത്തിൽ ഈ രാജ്യത്ത് ആകെയുള്ള വിശ്വാസങ്ങളെ മുഴുവൻ യുക്തിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തി നോക്കുകയാണ്.

ക്ഷേത്രവും ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് വിശ്വാസമനുസരിച്ച് അവിടത്തെ തന്ത്രിയാണ്. ഓരോ വിശ്വാസത്തിലും അങ്ങനെയാണ്. അതൊക്കെ ശരിയോ തെറ്റോ എന്നുള്ളത് പരിശോധിക്കുകയാണെങ്കിൽ അത് ആർ.എസ്.പിയെ പോലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം യുക്തിപരമായി ഇത്തരം കാര്യങ്ങളൊന്നും ശരിയല്ല. ഒറ്റ ദിവസം കൊണ്ട് ഈ വിശ്വാസത്തെ മുഴുവൻ മാറ്റിമറിച്ചു നമ്മുടെ രാജ്യത്ത് നവോത്ഥാനത്തിലൂടെ വിപ്ലവം സ്ഥാപിക്കാം എന്നൊക്കെ പറഞ്ഞാൽ അതൊന്നും ആത്മാർത്ഥയുള്ള കാര്യമല്ല. സങ്കുചിതമായ വോട്ടുബാങ്കിനെ ലക്ഷ്യം വെച്ചാണ്.

താങ്കൾ ബി.ജെ.പിയിൽ ചേരാൻ പോകുന്നു എന്നാണ് സിപിഐഎം കേന്ദ്രങ്ങളിൽനിന്നുള്ള പ്രചാരണം.

സി.പി.ഐ.എം സ്ഥിരമായി സ്വീകരിച്ചുവരുന്ന ഒരു തന്ത്രമാണത്. കാരണം സി.പി.ഐ.എമ്മിൻ്റെ നയങ്ങളെ വസ്തുതാപരമായും ശക്തിയായും എതിർക്കുന്നവരെ അവർ ഹിന്ദു മതത്തിൽ പെട്ടവരാണെങ്കിൽ അതിൽ തന്നെ മുന്നോക്ക സമുദായത്തിൽ പെട്ടവരാണെങ്കിൽ അവരെ മുഴുവൻ സഘിവൽക്കരിക്കുക എന്നത് സി.പി.ഐ.എം പരമ്പരാഗതമായി ഉപയോഗിക്കുന്ന തന്ത്രമാണ്. ശശി തരൂരിനെ ഒരു ഘട്ടത്തിൽ സംഘിയാക്കി. നിയമസഭയിൽ നിരന്തരമായി പ്രശ്നങ്ങൾ ഉന്നയിച്ച വി.ഡി സതീശനെ സംഘിയാക്കി. കെ. സുധാകരൻ ആർ.എസ്.എസ്സിൽ ചേരാൻ പോകുന്നു എന്നുപറഞ്ഞു വലിയ രീതിയിലുള്ള പ്രചാരണം നടത്തി. അങ്ങനെ ഓരോ ഘട്ടത്തിലും ഓരോരുത്തരെ അവർ സംഘിയാക്കും.

ഞാൻ പെട്ടന്ന് സംഘിയാവുന്നതിനുള്ള പശ്ചാത്തലം കൂടിയുണ്ട്. അത് പ്രധാനമന്ത്രി കൊല്ലത്തു വന്നതൊന്നുമല്ല. മുത്വലാക്ക് ബില്ലിൽ ഞാൻ എടുത്ത നിലപാടാണ്. മുത്വലാക്ക് ബില്ലിനെതിരായിട്ടുള്ള നിരാകരണ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പതിനാറു മിനിറ്റു നേരം ഞാൻ ലോക്‌സഭയിൽ സംസാരിച്ചു. മന്ത്രിയുടെ മറുപടിക്ക് ശേഷം വീണ്ടും ആറു മിനുറ്റ് മറുപടി പറഞ്ഞു. അതു വലിയ നിലക്കുള്ള സ്വീകാര്യത മുസ്‌ലിം സമൂഹത്തിൽ പ്രത്യേകിച്ചും മതേതര സമൂഹത്തിൽ പൊതുവേയുമുണ്ടായി. ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു. രാജ്യം ഉറ്റുനോക്കിയ ഒരു ചർച്ചയായിരുന്നു നടന്നത്. എന്നെ പല പള്ളികളിലും വിളിച്ചു സ്വീകരണം തന്നു. പാളയം മുസ്‌ലിം പള്ളിയിൽ ജമാഅത്ത് കമ്മിറ്റി വിളിച്ചു വലിയ സ്വീകരണം നൽകി. ചിതറയിലും കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ പല പള്ളികളിലും വിളിച്ചു സ്വീകരണം നൽകി. ഇതു കണ്ടപ്പോൾ സി.പി.ഐ.എമ്മിന് ഹാലിളകി. അപ്പോൾ പ്രധാനമന്ത്രി ബൈപാസ് ഉദ്‌ഘാടനത്തിനു വരുന്നു. അത് എം.പിയാണ് കൊണ്ടുവരുന്നത്. അതുകൊണ്ടു എം.പിക്കെതിരെ സംഘിയാണെന്നുള്ള പ്രചാരണം അവർ ആരംഭിച്ചു.

ഇതുതന്നെയാണ് അവർ ചെങ്ങന്നൂരിൽ ചെയ്‌തത്‌. യു.ഡി.എഫ് സ്ഥാനാർഥി ഡി.വിജയകുമാർ അയ്യപ്പ സേവാ സംഘത്തിൻ്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു. അയ്യപ്പ സേവാ സംഘവും ആർ.എസ്.എസ്സുമായിട്ട് യാതൊരു ബന്ധവുമില്ല. അതിൻ്റെ പ്രസിഡണ്ട് തെന്നല ബാലകൃഷ്ണ പിള്ള സാറാണ്. ഏറ്റവും നല്ല മതേതര സംഘടനയാണത്. അയ്യപ്പ ഭക്തന്മാർക്ക് സഹായം ചെയ്‌തുകൊടുക്കുന്ന സംഘടനയാണ് അയ്യപ്പ സേവാ സമിതി. അതൊരു കോൺഗ്രസ് സംഘടനയാണ്. എക്കാലവും കോൺഗ്രസ്സിൻ്റെ ആൾക്കാരാണ് അതിൻ്റെ നേതൃപദവിയിൽ ഉണ്ടായിരുന്നത്. പക്ഷെ, അതൊരു ആർ.എസ്.എസ് സംഘടനയാണെന്ന് പറഞ്ഞുപരത്തിയാണ് വലിയ തോതിൽ ന്യൂനപക്ഷങ്ങളെ തെരഞ്ഞെടുപ്പിൽ തിരിച്ചത്. ഇതാണ് അവർ എല്ലാ സ്ഥലത്തും ആവിഷ്‌ക്കരിക്കാൻ ശ്രമിക്കുന്നത്. അവരോട് വിയോജിച്ചാൽ അവർ എല്ലാവരെയും ആർ.എസ്.എസ്സാക്കും.

അതിൽ ഇപ്പോൾ പുതുമയൊന്നുമില്ല. സി.പി.ഐ.എമ്മിൻ്റെ സ്ഥിരമായ ശൈലിയാണത്. കേരളത്തിൽ ആർ.എസ്.എസിനെയും ബി.ജെ.പിയെയും വളർത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന പാർട്ടി സി.പി.ഐ.എമ്മാണ്. യു.ഡി.എഫ് സർക്കാർ കേരളം ഭരിച്ചിരുന്ന കാലത്ത് ആർ.എസ്.എസ് എവിടെയായിരുന്നു? എൽ.ഡി.എഫ് ഭരിക്കുന്ന കാലത്തുമാത്രം ബി.ജെ.പി ഇങ്ങനെ സജീവമാകുന്നതിൻ്റെ കാരണമെന്താണ്? യു.ഡി.എഫ് ഭരിച്ചപ്പോയൊന്നും ഒരു ആർ.എസ്.എസ്സിനെയും രംഗത്തുകണ്ടില്ലല്ലോ. അപ്പോൾ കൃത്യമായ ഒരു അജണ്ടയുടെ പുറത്താണിത്.

ഏറ്റവും ഒടുവിൽ തൃണമൂൽ കോൺഗ്രസ്സിൻ്റെ വിഷയം വന്നല്ലോ. ഇവർ എന്തുനിലപാടാണ് സ്വീകരിച്ചത്. ഫെഡറൽ ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് ഒരു സർക്കാർ സി.ബി.ഐയെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ റെയ്‌ഡ്‌ ചെയ്യുകയും അവരെ മുഴുവ കൈകാര്യം ചെയ്യുകയും ചെയ്യുമ്പോൾ സത്യത്തിൽ ഒരു പൊതു ശത്രു എന്ന നിലയിൽ കേന്ദ്ര വിരുദ്ധ നിലപാട് സ്വീകരിക്കുകയല്ലേ വേണ്ടത്. അതിനു പകരം മമതയുടെ സർക്കാരിനെ പിരിച്ചുവിടണം എന്നാവശ്യപെടുന്നത് എങ്ങനെയാണ്‌? അവരുടെ മുഴുവൻ സ്വത്തു കണ്ടുകെട്ടണം എന്നൊക്കെ സീതാറാം യെച്ചൂരിയാണ് പറഞ്ഞത്. ഇതാണ് അവരുടെ സ്ഥിതി. അവർക്ക് അവരുടെ സംഘടന താല്പര്യത്തിനു അപ്പുറത്തേക്ക് രാജ്യത്തിൻ്റെ താല്പര്യവും പൊതുതാല്പര്യവും പ്രശ്‌നമല്ല. അതാണ് സി.പി.ഐ.എമ്മിൻ്റെ പ്രശ്‌നം .

ആർ.എസ്.പി വലിയ ഒരു ഇടതുപക്ഷ പാരമ്പര്യത്തിൽ നിന്നും വരുന്ന സംഘടനയാണ്. പ്രത്യയശാസ്ത്രപരമായി ആർ.എസ്.പി നിലവിലെ ഇന്ത്യൻ രാഷ്ട്രീയ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?

പ്രത്യയശാസ്ത്രപരമായി ഇപ്പോൾ ഇടതുപക്ഷ രാഷ്ട്രീയം ഒരു വലിയ പ്രതിസന്ധിയുടെ നാൽക്കവലയിൽ നിൽക്കുകയാണ്. അതിൻ്റെ കാരണമായി ഞാൻ മനസിലാക്കുന്നത് നമ്മുടെ ഈ രാജ്യത്തിൻ്റെ മൗലികമായിട്ടുള്ള സാമൂഹിക യാഥാർഥ്യങ്ങളെ ഉൾകൊള്ളാൻ നിർഭാഗ്യവശാൽ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. അതിൽ വിശ്വാസം ഒരു പ്രധാനപ്പെട്ട വിഷയം കൂടിയാണ്. അങ്ങനെ ഒരു വലിയ പോരായ്‌മ ഇന്ത്യൻ ഇടതുപക്ഷത്തിനുണ്ട്. അതുകൊണ്ടാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിയാതെ പോയതെന്നാണ് ഞാൻ മനസിലാക്കുന്നത്. ആ സ്ഥലമാണ് ഇപ്പോൾ പലരൂപത്തിൽ ഫാസിസ്റ്റ് വർഗീയ ശക്തികൾ കയ്യടക്കിവെച്ചിരിക്കുന്നത്.

കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുള്ള ഒരുപാട് പ്രശ്നനങ്ങളും അവർ ദീർഘകാലം ഭരണത്തിൽ ഉണ്ടായിട്ടുള്ളതിനാൽ ആ പാർട്ടിയിൽ ഉണ്ടായിട്ടുള്ള മൂല്യ ശോഷണവും പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പല സംസ്ഥാനങ്ങളിലും വരാനുള്ള സാഹചര്യം ഉണ്ടാക്കി. പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശക്തിയില്ലാത്ത സ്ഥലങ്ങളിലൊക്കെ ബി.ജെ.പിയാണ് ആ സ്പേസ് സ്വന്തമാക്കിയത്. ഒരു ഫാസിസ്റ്റ് ഭരണകൂടവുമായി ബി.ജെ.പി വളർന്നിരിക്കുന്നു. സംഘപരിവാരാണ് അതിൻ്റെ റിമോട്ട് കൺട്രോൾ. അത്തരം ഒരവസ്ഥയിൽ മുഖ്യശത്രുവായി പരിഗണിക്കേണ്ടത് ബി.ജെ.പിയെയും അതിൻ്റെ രാഷ്ട്രീയത്തെയുമാണ്. അതിനെ ചെറുത്തു തോൽപിക്കാൻ മതേതര ജനാതിപത്യ ശക്തികളുടെ യോജിച്ച ഒരു മുന്നേറ്റമാണ് ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യം. നിർഭാഗ്യവശാൽ ഇപ്പോഴും ആ കാര്യത്തിൽ ഒരു സമവായം ഇന്ത്യയിൽ രൂപപ്പെടാൻ കഴിഞിട്ടില്ല. ഇപ്പോൾ ബംഗാളിൽ ഞങ്ങളുടെ പാർട്ടിയും ഇടതുപക്ഷവും ഒരുമിച്ചാണ് ഇക്കാര്യത്തെ സംബന്ധിച്ചു നിൽക്കുന്നത്. ഞങ്ങളുടെ പാർട്ടിയുടെ ദേശീയ സമ്മേളനം വളരെ കൃത്യമായി ഇക്കാര്യം ചർച്ച ചെയ്തതാണ്. ഞങ്ങൾ എടുക്കുന്ന ഒരു പൊതു സമീപനം ബി.ജെ.പിയെ പരാജയപ്പെടുത്താൻ മതേതര ജനാധിപത്യ ശക്തികളുമായി ഒരുമിച്ചുകൊണ്ടുള്ള ഒരു മുന്നണിയാണ് ഇന്ന് രാജ്യത്തിന് ആവശ്യം. സമ്മർദ്ദത്തിന് വിധേയമായി സി.പി.ഐ.എം അവരുടെ ഇരുപത്തിയൊന്നാം പാർട്ടി കോൺഗ്രസ്സിൽ അവർ അംഗീകരിച്ചു.

സിപിഐഎമ്മും പറയുന്നത് ബി.ജെ.പിയെ തോൽപിക്കാൻ വേണ്ടി മതേതര കക്ഷികളുമായി സഖ്യം വേണമെന്നാണ്. എന്നിട്ടിപ്പോൾ മധ്യപ്രദേശിലും ചത്തിസ്‌ഗഡിലും രാജസ്ഥാനിലും ഒറ്റക്ക് മത്സരിച്ചു ബി.ജെ.പിയെ ജയിപ്പിച്ചു. അപ്പോൾ അവരുടെ പാർട്ടി തീസിസ് എവിടെ? പ്രയോഗം എവിടെ? ഈ ഇരട്ടത്താപ്പിൻ്റെ രാഷ്ട്രീയം അവസാനിപ്പിച്ചു ജനങ്ങളെ വിശ്വാസത്തിലെടുക്കണം. ജനങ്ങളുടെ ജനപക്ഷ രാഷ്ട്രീയത്തിന് പ്രാധാന്യം കൊടുക്കണം. ഇന്ന് ജനപക്ഷ രാഷ്ട്രീയം വർഗീയ വിരുദ്ധ രാഷ്ട്രീയമാണ്. വർഗീയതയെ തോൽപ്പിക്കുക എന്നതാണ് ഇന്നത്തെ മുഖ്യമായ ഇടതുപക്ഷത്തിൻ്റെ കടമ.

അല്ലങ്കിൽ ജനാധിപത്യവും ഉണ്ടാവില്ല മതേതരത്വവും ഉണ്ടാകില്ല. മതേതരത്വം ദുർബലപ്പെട്ടാൽ സ്വാഭാവികമായും ജനാധിപത്യം അപ്രസക്തമാകും. മതനിരപേക്ഷമല്ലാത്ത ജനാതിപത്യ സംവിധാനങ്ങൾ എവിടെയാണ് ശക്തമായി നിലനിൽക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കരുത്ത് ഇന്ത്യയിൽ നിലനിൽക്കുന്ന മതേതരത്വമാണ്. ആ മതനിരപേക്ഷത ദുർബലപ്പെടുന്ന അവസ്ഥ വന്നാൽ അത് ജനാധിപത്യ വ്യവസ്ഥയെ ദുർബലപ്പെടുത്തും. അപ്പോൾ ഇടതുപക്ഷത്തിൻ്റെ മുഖ്യമായ ചുമതല ബി.ജെ.പിക്കെതിരെ മതേതര കക്ഷികളുടെ മുന്നേറ്റമുണ്ടാക്കുക എന്നതാണ്.

യു.ഡി.എഫിൽ കേരള കോൺഗ്രസ് മുസ്‌ലിം ലീഗ് തുടങ്ങിയ പാർട്ടികൾ കൂടുതൽ സീറ്റുകളും അവകാശവാദങ്ങളും ചോദിക്കുന്നുണ്ട്. ആർ.എസ്.പിക്ക് അങ്ങനെയുള്ള അവകാശവാദങ്ങളിൽ താൽപര്യമില്ലേ?

ഞങ്ങൾ ഒരു പ്രത്യേക ഘട്ടത്തിലാണ് ഈ മുന്നണിയിലേക്ക് വരുന്നത്. കൊല്ലം പാര്ലമെന്റ് സീറ്റ് സിറ്റിംഗ് സീറ്റായതുകൊണ്ട് ഇതിനകം തന്നെ എതിർപ്പൊന്നും ഒരു ഘടകകക്ഷികളും മുന്നോട്ടുവെച്ചിട്ടില്ല. മറ്റുഘടക കക്ഷികളൊക്കെ അവരവരുടെ ന്യായവുമായി മുന്നോട്ടു പോകുന്നു. അതൊക്കെ വളരെ സമവായത്തോടെ ചർച്ചചെയ്തു പരിഹരിക്കാൻ കഴിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ലീഗിൻ്റെ പ്രശ്നമാണെങ്കിലും കേരള കോൺഗ്രസിൻ്റെ പ്രശ്നമാണെങ്കിലും സമവായത്തിലൂടെ ചർച്ചചെയ്തു പരിഹരിച്ചു മുന്നോട്ടു പോകാൻ കഴിയും എന്ന ശുഭാപ്തി വിശ്വാസമാണ് എനിക്കുള്ളത്.

2019 ൽ പ്രാദേശിക കക്ഷികളിൽ നിന്നുള്ള ഒരാൾ പ്രധാനമന്ത്രിയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആരാകണം പ്രധാനമന്ത്രി എന്നാണ് താങ്കൾ ആഗ്രഹിക്കുന്നത്?

സ്ഥായിയായ ഒരു ബദൽ സർക്കാർ നിലവിൽ വരണമെങ്കിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിൻ്റെ ഒരു സർക്കാർ ഉണ്ടാവുക മാത്രമാണ് ഓപ്ഷൻ. മറ്റൊരു സാധ്യതകളും പ്രായോഗികമല്ല. നമ്മൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ അങ്ങനെയുള്ള സാധ്യതകൾ പരീക്ഷിച്ചിട്ടുള്ളതാണ്. മൊറാർജി ദേശായിയുടെ സർക്കാർ വന്നു. ഗൗഡ വന്നു പിന്നെ ഗുജ്റാൾ വന്നു. വി.പി സിംഗിൻ്റെ നേതൃത്വത്തിൽ ഒരു സർക്കാർ വന്നു. അതെല്ലാം ബി.ജെ.പി യെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്.

എന്നാൽ പത്തുവർഷം മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിൽ ഉണ്ടായ സർക്കാർ ശരിക്കും അത്ഭുതമായിരുന്നു. അതിൽ രണ്ടു പ്രാവശ്യവും കോൺഗ്രസ്സിന് വ്യക്തമായ ഭൂരിപക്ഷമില്ല എന്നു മാത്രമല്ല മുന്നണിക്കുപോലും പലഘട്ടങ്ങളിലും തട്ടിക്കൂട്ടിയ ഭൂരിപക്ഷമായിരുന്നു. പക്ഷെ സുസ്ഥിരമായ, സാമാന്യം നല്ല ഒരു ഭരണം പ്രധാനം ചെയ്യാൻ മൻമോഹൻ സിങ്ങിന് കഴിഞ്ഞു. അതൊരു രാഷ്ട്രീയ പാരമ്പര്യമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന ദേശീയ പ്രസ്ഥാനത്തിലെ മതേതരവേരും അവരുടെ ഒരു രാഷ്ട്രീയ അടിത്തറയും ഉള്ളതുകൊണ്ടാണത്. അല്ലാതെയുണ്ടാകുന്ന മുന്നണികളൊക്കെ ആ നിലയിൽ തന്നെ പരാജയപ്പെടും. അതുകൊണ്ട് കോൺഗ്രസ്സിന് ഒരു നൂറ്റിയമ്പതു മുതൽ ഇരുന്നൂറ് സീറ്റുവരെ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയാൽ (കിട്ടണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്) മറ്റു കക്ഷികളുടെ പിന്തുണയോടെ യു.പി.എ-3 എന്ന രൂപത്തിൽ ഒരു മെച്ചപ്പെട്ട ഭരണം തന്നെ നടപ്പാക്കാൻ കഴിയും.

മാത്രമല്ല ബി.ജെ.പി അധികാരത്തിൽ നിന്നും പോയാൽ അവർക്ക് വലിയ ഒരു തകർച്ചയായിരിക്കും ഉണ്ടാകാൻ പോകുന്നത്. കാരണം നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തോടു ബി.ജെ.പിയുടെ അകത്തുനിന്നുതന്നെ വലിയ രീതിയിലുള്ള എതിർപ്പുകളുണ്ട്. ഒരു വ്യക്തി കേന്ദ്രീകൃതമായ ഭരണമാണ് മോഡിയുടേത്. അകെ അയാൾ പരിഗണിക്കുന്നത് ആർ.എസ്.എസ്സിനെയാണ്.

അതുകൊണ്ട് തന്നെ വലിയ പൊട്ടിത്തെറി ആ പാർട്ടിയിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. നിതിൻ ഗഡ്ക്കരിയുടെ പ്രസ്ഥാവന ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസിലാകും. അതൊക്കെ വളരെ അവസരോചിതമായി ഉപയോഗപ്പെടുത്തി വരുന്ന തെരഞ്ഞെടുപ്പിൽ മുതലെടുപ്പ് നടത്താൻ ശ്രമിച്ചാൽ 150 നു മുകളിൽ സീറ്റ് കോൺഗ്രസിന് ലഭിക്കും. അങ്ങനെയായാൽ തീർച്ചയായും കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഒരു ഭരണം വരും.

Be the first to comment on "വിശ്വാസങ്ങളെ ഉൾക്കൊള്ളാൻ ഇടതുപക്ഷം തയ്യാറാവണം: എൻ.കെ പ്രേമചന്ദ്രൻ"

Leave a comment

Your email address will not be published.


*