https://maktoobmedia.com/

ലോക്‌സഭാ: വനിതാപ്രാതിനിധ്യം ഏറ്റവും കൂടുതൽ വനിതകൾ നയിക്കുന്ന പാർട്ടിയിൽ

ലോക്‌സഭാ: വനിതാപ്രാതിനിധ്യം ഏറ്റവും കൂടുതൽ വനിതകൾ നയിക്കുന്ന പാർട്ടിയിൽ

ലോക്‌സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പുകളുടെ ചരിത്രം (1952-2014) പരിശോധിച്ചാൽ ജനസംഖ്യയുടെ ഏകദേശം അമ്പതുശതമാനത്തോളം വരുന്ന സ്ത്രീകൾക്ക് ലോക്‌സഭയിൽ ലഭിക്കുന്ന പ്രാതിനിധ്യം പന്ത്രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ്. 1952-ലെ ഒന്നാം ലോക്‌സഭയിൽ കേവലം 4.4 ശതമാനം പ്രാതിനിധ്യം മാത്രമാണ് സ്ത്രീകൾക്കുണ്ടായിരുന്നത്. എഴുപത് വർഷം കൊണ്ടു 6.8 ശതമാനം സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ മാത്രമേ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്ക്ക് സാധിച്ചിട്ടുള്ളു. 16 -ാം ലോക്‌സഭയിലും സ്ത്രീപ്രാതിനിധ്യം 11.23 ശതമാനം മാത്രമേയുള്ളു.

ഇന്ത്യൻ ജനസംഖ്യയുടെ 49 ശതമാനം സ്ത്രീകളായിട്ട് പോലും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വനിതകൾക്ക് പ്രാതിനിധ്യത്തിന് അർഹമായ സീറ്റുകൾ നൽകുന്നില്ല.

എന്നാൽ ഒരു കൗതുകകരമായ വസ്‌തുത സ്ത്രീകൾ നയിക്കുന്ന പ്രാദേശിക പാർട്ടികളാണ് സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നത് എന്നതാണ്.

2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ആനുപാതിക വനിതാ പ്രാതിനിധ്യം നൽകിയത് എ.ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി, പി.ഡി.പി എന്നീ പാർട്ടികളാണ്. ജയലളിത, മമത ബാനർജി,മായാവതി, മെഹ്ബൂബ മുഫ്‌തി തുടങ്ങിയ സ്ത്രീകളാണ് യഥാക്രമം ഈ പാർട്ടികളെ നയിച്ചിരുന്നത്.

തൃണമൂൽ കോൺഗ്രസ് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ 41 ശതമാനം സീറ്റുകളിലും വനിതാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് ഏറെ ശ്രദ്ധേയമാണ്. ചരിത്രപരമായ തീരുമാനമായാണ് മമത ബാനർജിയുടെ ഈ നീക്കം വിലയിരുത്തപ്പെടുന്നത് . 2014 ലെ തെരഞ്ഞെടുപ്പിൽ അനുപാതികാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനിതാ എം.പി മാരെ വിജയിപ്പിച്ച പാർട്ടിയും തൃണമൂൽ കോൺഗ്രസ്സാണ്. ലോക്‌സഭയിൽ ആകെയുള്ള 66 വനിതാ എം.പി മാരിൽ 11 പേരും തൃണമൂൽ കോൺഗ്രസിൽ നിന്നുള്ളവരാണ്.

എന്നാൽ മുഖ്യധാരാ പാർട്ടികളായ ബി.ജെ.പി, കോൺഗ്രസ്, ആം ആദ്‌മി പാർട്ടി തുടങ്ങിയ മൂന്നു പാർട്ടികൾ 2014 ൽ അകെ മത്സരിപ്പിച്ച 1325 സ്ഥാനാർഥികളിൽ കേവലം 12 ശതമാനം മാത്രമാണ് വനിതകൾ ഉണ്ടായിരുന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ 543 മണ്ഡലങ്ങളിൽ നിന്നായി 661 വനിതകൾ മാത്രമേ മത്സരിച്ചിട്ടുള്ളു. അതിൽ 144 പേർ ദേശീയ പാർട്ടികളിൽ നിന്നും 150 പേർ സംസ്ഥാന പാർട്ടികളിൽ നിന്നും മത്സരിച്ചപ്പോൾ 163 സ്ഥാനാർത്ഥികൾ അംഗീകാരങ്ങൾ ലഭിക്കാത്ത കക്ഷികളുടെ ഭാഗമായും 2004 പേർ സ്വതന്ത്ര സ്ഥാനാർത്ഥികളുമായാണ് മത്സരിച്ചത്. ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ ഉണ്ടായിട്ടുള്ളത് കോൺഗ്രസ്സ് പാർട്ടിയിൽ നിന്നാണ്. എന്നാൽ ആനുപാതിക അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ അത് വളരെ കുറവാണ്.

വിജയസാധ്യതയുടെ അഭാവമാണ് എല്ലാ പ്രമുഖ രാഷ്ട്രീയ കക്ഷികളും സ്ത്രീകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നൽകാത്തതിനുള്ള കാരണമായി പറയുന്നത്. എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍റെ കണക്കു പ്രകാരം വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് പുരുഷ സ്ഥാനാര്‍ത്ഥികളേക്കാള്‍ വിജയസാധ്യത കൂടുതലാണ്. സ്ത്രീപുരുഷ സ്ഥാനാര്‍ത്ഥികള്‍ പരസ്പരം മത്സരിക്കുന്ന മണ്ഡലങ്ങളിൽ കൂടുതൽ വിജയിക്കാറുള്ളത് വനിതാ സ്ഥാനാർത്ഥികളാണ്. 1996-ലെ തെരഞ്ഞെടുപ്പിൽ 6.7 ശതമാനം സ്ത്രീകള്‍ വിജയിച്ചപ്പോള്‍ പുരുഷന്മാരുടെ വിജയം കേവലം 3.8 ശതമാനം മാത്രമാണ്. 1998-ലെ തെരഞ്ഞെടുപ്പിൽ 15.7 ശതമാനവും 1999-ലെ തെരഞ്ഞെടുപ്പിൽ 17.3 ശതമാനവും സ്ത്രീകള്‍ വിജയിച്ചപ്പോള്‍ പുരുഷന്മാരുടെ വിജയം യഥാക്രമം 10.3 ശതമാനവും 11.3 ശതമാനവുമാണ്. 2004-ലെ തിരഞ്ഞെടുപ്പിലും 12.4 ശതമാനം സ്ത്രീകള്‍ വിജയിച്ചപ്പോള്‍ പുരുഷന്മാര്‍ 9.8 ശതമാനത്തില്‍ ഒതുങ്ങി.

ലോക്‌സഭയിലെ വനിതാ പ്രാതിനിധ്യം 1991 (7.1), 1996 (7.3), 1998 (7.9), 1999 (8.9) ശതമാനം ആയിരുന്നു. 1977ലെ 542 അംഗ ലോകസഭയില്‍ വനിതാ പ്രാതിനിധ്യം കേവലം 3.5 ശതമാനം മാത്രമായിരുന്നു. 2014 ലെ തെരഞ്ഞെടുപ്പിൽ 62 വനിതാ പ്രതിനിധികള്‍ക്ക് മാത്രമേ ലോക്‌സഭയില്‍ എത്തുവാന്‍ കഴിഞ്ഞുള്ളു.

Be the first to comment on "ലോക്‌സഭാ: വനിതാപ്രാതിനിധ്യം ഏറ്റവും കൂടുതൽ വനിതകൾ നയിക്കുന്ന പാർട്ടിയിൽ"

Leave a comment

Your email address will not be published.


*