Thursday, March 28, 2024

എന്റെ പ്രിയപ്പെട്ട വിദ്വേഷ വിദൂഷകരേ…

മുനവ്വിർ ഫാറൂഖി

മുനവ്വിർ ഫാറൂഖി

ചിലരൊക്കെ എന്നോട് ചോദിക്കാറുണ്ട് “അറിഞ്ഞോണ്ട് എന്തിനാണ് രാഷ്ട്രീയത്തിൽ തലയിട്ട് കുടുങ്ങുന്നത്. തമാശക്കാണെങ്കിൽ എന്തൊക്കെ കാര്യങ്ങൾ പറയാൻ ഉണ്ട്. ഒരു മുസ്‌ലിം എന്ന നിലയിൽ ഓരോ തവണയും ഉന്നം വെക്കുമ്പോഴും നിനക്ക് ഒരു  പ്രശ്നവും തോന്നാറില്ലേ” എന്ന്.

ചുരുക്കി പറഞ്ഞാൽ. കരുതിക്കൂട്ടി ഒരു രാഷ്ട്രീയ തമാശയും ഞാൻ പറയാറില്ല; എല്ലാ തമാശയും രാഷ്ട്രീയമാണ് താനും. ഇനി ഒന്ന് നീട്ടി പറയാം, എന്റെ തമാശകൾ ഏൽക്കുന്നില്ലെന്ന് തോന്നിയാൽ, ആളുകളുടെ കയ്യടിയും പൊട്ടിച്ചിരികളും ഇല്ലായിരുന്നെങ്കിൽ , 15 ലക്ഷം ആളുകൾ എന്നെ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ തന്നെ ഈ പരിപാടി അവസാനിപ്പിച്ചേനെ. എന്നെ കേൾക്കുന്ന, അഭിനന്ദിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അതുകൊണ്ട് എന്റെ അഭിപ്രായങ്ങൾ എന്റെ തമാശകൾ ആകുന്നതിൽ ഞാൻ ഒരു കുഴപ്പവും കാണുന്നില്ല. ഞാൻ ഒരു വിദ്വേശ പ്രസംഗവും നടത്തുന്നില്ല. എന്നെ ഞാനായി രേഖപ്പെടുത്തുന്നത് എന്റെ കലയാണ്.  പക്ഷെ, സത്യമായും മടുത്തു ഇപ്പൊ.

കഴിഞ്ഞ രണ്ട് വർഷമായി മനുഷ്യർക്കെല്ലാം വെളിവില്ലാതായിരിക്കുന്നു. നാവിൻ തുമ്പിലാണ് വെറുപ്പ്. ട്വിറ്ററോ ഇൻസ്റ്റഗ്രാമോ തുറന്നാൽ മനം മടുത്ത് പോകും.

എന്റെ സ്വത്വത്തെ വിളിച്ച് കാറുന്ന ആളുകളെ ഞാൻ എന്തിന് കേൾക്കണം/ വിശ്വസിക്കണം.

ഒരു മുസ്‌ലിം സ്റ്റാൻഡ്അപ് കൊമേഡിയൻ എന്ന് വിളിച്ച്  കേൾക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

എന്ത്കൊണ്ട് ഒരു ഇന്ത്യൻ കൊമേഡിയൻ എന്ന് വിളിക്കുന്നില്ല?

എന്റെ സമുദായം നോക്കി എന്നെ ലക്ഷ്യം വെക്കുന്നവർക്ക് ഒരു വിലയും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

കൊറേ വർഷങ്ങൾ ആയി ഇത് ഇങ്ങനെയാണ്. ഒരു നുള്ള് ഉപ്പ് എടുക്കുന്ന പോലെ ഇതിനെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

ഇവർക്ക് തല വെച്ച് കൊടുത്താൽ അവർ അത് കൂടുതൽ വഷളാക്കി തരും.

ഇവർക്ക് സ്വബോധം നഷ്ടപ്പെട്ടിരിക്കുന്നു. ഞാൻ അങ്ങനെ ആകാൻ ഉദ്ദേശിക്കുന്നില്ല.

ഇന്ത്യയിൽ എന്തിനെയും ഹിന്ദു-മുസ്‌ലിം ദ്വന്ദത്തിലേക്ക് വലിച്ചിടാൻ എളുപ്പമാണ്. അതിന് ഒരു തരം ഭാവനയുടെയും ആവശ്യമില്ല.

ഞാൻ ഇതും കേട്ട്, അവരിട്ട കൊളുത്തിൽ കൊത്തിയാൽ, കാര്യങ്ങൾ കൈവിട്ട് പോകും. മറുഭാഗത്ത് ഒരുപാട് മുസ്‌ലിംകൾ ഇതിനെ എതിർക്കാൻ വന്നേക്കാം.

ചില ആളുകൾ പോരടിക്കാൻ ഉള്ള ലഹരിയിൽ ആണെന്ന് തോന്നുന്നു, അത് എന്തിന് വേണ്ടി ആവണം എന്നൊന്നും ഇല്ല.

കഴിഞ്ഞ 2 മാസത്തിനിടക്ക് എന്റെ 12 പരിപാടികൾ ആണ് റദ്ദ് ചെയ്യേണ്ടിവന്നത്.  തുടർച്ചയായ ഭീഷണികൾ. സംഘാടകരെ ഒക്കെ വ്യക്തിപരമായി വിളിച്ച് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. “ഞങ്ങൾ 500 ഓളം ആളുകൾ വന്ന് സ്വയം തീ കൊളുത്തും. നിങ്ങളുടെ സ്റ്റേജും പരിപാടിയും കത്തി ചാമ്പലാകും. പരിപാടി കാണാൻ വരുന്ന എല്ലാവരെയും ഞങ്ങൾ തല്ലി ഓടിക്കും”. സംഘാടകരിൽ ഒരാളായ 65 പ്രായം ഉള്ള ഒരു സ്ത്രീയെ അവർ തെറി പറയുകയും അവരുടെ സുരക്ഷാ ജീവനക്കാരെ തങ്ങളുടെ ശക്തി കാണിക്കാൻ അവർ മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ജീവനേക്കാൾ വലുതാണ് മനുഷ്യരുടെ ജീവൻ, പ്രത്യേകിച്ച് ഇതുപോലെ ഉള്ള തൊഴിലാളികളുടെ. അതുകൊണ്ട് ഞാനിത് വിടുന്നു. ബാംഗ്ലൂരിലെ എന്റെ പരിപാടി പിൻവലിച്ചു. ഞാൻ, കരുതിക്കൂട്ടി ക്രമസമാധാനം തകർക്കാൻ നടക്കുന്ന ഒരു വിവാദപുരുഷനാണ് എന്നാണ് പോലീസിന്റെ വാദം.

നിങ്ങൾക്കെന്നെ വിമർശിക്കണം എങ്കിൽ കുറിക്ക് കൊള്ളുന്നിടത്ത് തന്നെ ആകട്ടെ; എന്റെ തൊഴിൽ, എന്റെ തമാശകൾ. എന്റെ തമാശകളെ കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളെ അംഗീകരിക്കാം, പക്ഷെ എന്റെ സ്വത്വത്തെ അല്ല. ഇതിനെതിരെ ഞാൻ സംസാരിച്ച് തുടങ്ങിയാൽ എന്നെ എന്റെ മുസ്‌ലിം സ്വത്വത്തിലേക്ക് ചുരുക്കാൻ എളുപ്പമാണ്. അതെന്റെ  കൊമേഡിയൻ എന്ന വിലാസത്തെ ഇല്ലാതാക്കും. എന്റെ തമാശകൾ ഈ വെറുപ്പിന്റെ ഒച്ചപ്പാടിൽ മുങ്ങിത്താഴും. അത് തീ പോലെ പടർന്ന് സമ്പൂർണ്ണ നാശത്തിലെ തീരൂ.

ഇതിങ്ങനെ അവസാനിപ്പിക്കാം “എനിക്കെന്റെ ജോലിയോട് പ്രണയമാണ്, എന്റെ ജീവിതം സുരക്ഷിതമാണ്, എനിക്ക് എന്നിൽ നല്ല വിശ്വാസം ഉണ്ട്, ഒരു കൊമേഡിയൻ എന്ന നിലയിൽ പ്രശസ്തനാകാൻ ഉള്ള എല്ലാം  എന്നിലുണ്ട്”. ഇന്ന്, എന്റെ തമാശകൾ നിന്ദ്യമായി വിലയിരുത്തപ്പെടുന്നു, ഒരു ആയുധം പോലെ. ഇല്ലാത്ത ഒരു പ്രശ്നത്തോടുള്ള ഈ പ്രതികരണങ്ങൾ അങ്ങേയറ്റമാണ്. എനിക്ക് മതിയായി. ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല.  എന്റെ സമയം ഇതാണെന്ന് തോന്നുന്നു.

ആദ്യത്തെ അറസ്റ്റ് ഉണ്ടായപ്പോ സത്യത്തിൽ എനിക്കൊന്നും മനസ്സിലായില്ല. “എന്താ ഈ നടക്കുന്നത്? ഞാൻ എന്താ ചെയ്തത്? എന്താ പറഞ്ഞത്?”. യൂട്യൂബിൽ കിടക്കുന്ന ഒരു വീഡിയോ എടുക്കുന്നു, ക്രോപ്പ് ചെയ്യുന്നു, വിവാദവും, കലാപവും ഉണ്ടാകാനുള്ള എല്ലാ ശേഷിയോടെ 15 സെക്കന്റിന്റെ വേറെ തന്നെ ഒരു വീഡിയോ പുറത്ത് വരുന്നു. എനിക്ക് ഒരു മതത്തെയും കുറിച്ച് സംസാരിക്കാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ വിവാദങ്ങളോട് പ്രതികരിക്കാനോ വിശദീകരിക്കാനോ നിന്നില്ല, ന്റെ സ്ക്രിപ്റ്റും മാറ്റിയില്ല. അതെന്നെ നേരെ  ജയിലിൽ ആണ് എത്തിച്ചത്.

ജയിലിനകത്ത് ഒരു കാര്യം എനിക്ക് മനസ്സിലായി. ഒരു മണിക്കൂർ പോലും ഇതിനകത്ത് കഴിയാൻ പറ്റില്ല. എങ്ങനെ എങ്കിലും രക്ഷപ്പെട്ടെങ്കിൽ എന്നായിരുന്നു മനസ്സ് നിറയെ. 37 ദിവസം ഇരുട്ടറയിൽ. ഒരു കാരണവും ഇല്ലാതെ ന്റെ ജാമ്യാപേക്ഷകൾ നിരസിക്കപ്പെട്ടു കൊണ്ടേ ഇരുന്നു. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഉള്ള ന്റെ മൗലികാവകാശങ്ങളെക്കാൾ മറ്റാരുടെയൊക്കെയോ താല്പര്യങ്ങൾ പ്രധാനപ്പെട്ടതായിരുന്നിരിക്കണം.

5 മിനിറ്റായാലും 5 വർഷമായാലും കാത്തിരിപ്പ് ദുരിതമാണ്. അതിനേക്കാൾ കഷ്ടം എത്ര നാൾ കാത്തിരിക്കണം എന്ന് അറിയാതെ കാത്തിരിക്കേണ്ടി വരുന്നതാണ്. അതായിരുന്നു ന്റെ അവസ്ഥ. “അടുത്ത നിമിഷത്തിൽ ഞാൻ പുറത്ത് കടക്കും, ആരോ വന്ന് ഞങ്ങൾക്ക് ഒരു അബദ്ധം പറ്റിയതാണ്, താങ്കൾ നിരപരാധിയാണ്” എന്നൊക്കെ പറയും എന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചു. ആ ഒരു നിമിഷം 37 ദിവസങ്ങൾ ആയി. സമയം തള്ളി നീക്കൽ ആണ് ജയിലിലെ പ്രധാന പണികളിൽ ഒന്ന്, ഏറ്റവും പ്രയാസപെട്ടതും അത് തന്നെ.

തണുത്ത തറയിൽ വെറും കാലിൽ ഞാൻ ഇങ്ങനെ നടന്ന് കൊണ്ടേ ഇരിക്കും. കാലിന്റെ അടിഭാഗം ഉറച്ച് ദ്രവിച്ച പോലെ ആയി. ആ നടത്തം ഒരുപാട് സഹായിച്ചു. ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന ഒരു തോന്നൽ. നൂലുപൊട്ടിയ ആലോചനകളിൽ നിന്ന് നടത്തം എന്നെ രക്ഷിച്ചു. നടന്ന്, നടന്ന്, നടന്ന് ശരീരത്തെ ക്ഷീണിപ്പിക്കും. ഒരു 6 മണിക്കൂറെങ്കിലും ആയിക്കാണും എന്ന് കരുതി വാച്ചിലേക്ക് നോക്കിയാൽ 2 മണിക്കൂർ ആകുന്നതേ ഉണ്ടാകൂ. ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ, ഒരുതരം ഇരിക്കപ്പൊറുതി ഇല്ലായ്ക.

അവിടെ, സമയം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഏത് നല്ല സ്ഥലത്ത് ആയിരിക്കുമ്പോഴും ആ സമയങ്ങളിലെ ഓർമ്മകളും, അരക്ഷിതാവസ്ഥയും, പേടിയും എന്നെ വേട്ടയാടുന്നു. ഇന്ത്യയിലെ ഓരോ മനുഷ്യനും തന്റേതായ പ്രശനങ്ങൾ കൊണ്ട് വിഷാദം അനുഭവിച്ച് കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞ് ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ച് കൊണ്ടിരിക്കുന്നു.

“എല്ലാവരുടെ പോരാട്ടങ്ങളും വ്യത്യസ്തമാണ്

ഒരുവന് പിടിച്ച് താങ്ങാവുന്നതിലും വേദന പടച്ചവൻ തരില്ലല്ലോ

ഞാൻ തകർന്ന് പോകാതിരിക്കണം എന്നാകണം ദൈവ നിശ്ചയം.”

ആ ചിന്ത എന്നിൽ സമാധാനവും വിശ്വാസവും തരുന്നു. ഒന്നിലും ഒരു ഉറപ്പും ഇല്ലാത്ത ഏതൊക്കെയോ  ആത്മാക്കൾ എന്നെ പരീക്ഷിച്ച് കൊണ്ടേ ഇരിക്കുന്നു. അവരിന്ന് ജയിച്ച പോലെ. അഭിനന്ദനങ്ങൾ, ദുർബലമായ നിങ്ങളുടെ വിശ്വാസത്തിനായി ചിരിയെ നിങ്ങളിന്ന് മിണ്ടാതാക്കി.

ഈ ദിവസങ്ങളിൻ ന്റെ തമാശയുടെ കൂട്ടുകാർ ന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. പരസ്യമായി എന്നെ പിന്തുണച്ചവരും, അങ്ങനെ ചെയ്യാൻ കഴിയാതെ മനസ്സ് കൊണ്ട് കൂടെ നിന്നവരും. കൃത്യമായി ബോധ്യങ്ങൾ ഉള്ള ധാർമ്മികതയുള്ള ഒരു കൂട്ടമാണ് ന്റെ കൂടെയുള്ളത്. അവർക്ക് തെറ്റെന്താണ് ശരിയെന്താണ് എന്നറിയാം.

ന്റെ ജീവിതത്തിലെ, മികച്ച ഏടുകളിൽ ഒന്നാണിത്. ഈ ഈ സംഭവത്തെ എനിക്കറിയാവുന്ന രൂപത്തിൽ (ആക്ഷേപഹാസ്യം) നിങ്ങളെ കാണിക്കാൻ ആഴ്ചൾക്കകം ഒരു പരിപാടിയും തീരുമാനിച്ചിരുന്നു. ജയിലിനകത്ത് നടന്ന എല്ലാം ഞാൻ പറയുമായിരുന്നു.. കാത്തിരിപ്പ്, വർത്തമാനങ്ങൾ, ചലനങ്ങൾ, ഭീഷണികൾ, ഭയം, സന്ദേഹങ്ങൾ, ഉറക്കം, നടത്തം.. ഇതെല്ലം ന്റെ ഷോയിൽ ഉണ്ടായിരുന്നു.. തമാശകളിൽ ന്റെ പേടിയും, വികാരങ്ങളും, നിരീക്ഷണങ്ങളും തന്നെ ആയിരുന്നു പ്രധാനം.. ഈ കലയാണ് 37 ദിവസം ആ ചെറിയ മുറിക്കുള്ളിൽ എന്നെ ജീവിപ്പിച്ചത്.. പക്ഷെ, കുറച്ച് ദിവസത്തെ ഈ വിഷം ചീറ്റലുകൾ എന്നെ മടുപ്പിച്ച് കളഞ്ഞു.. ന്റെ ഈ കഥകൾ ഒന്നും തന്നെ ഒരിക്കലും നിങ്ങളിൽ എത്തില്ലായിരിക്കാം.. കാരണം അതിനും മുൻപ് എന്നെ കുറിച്ച് കൂടുതൽ ദുഷിപ്പും വെറുപ്പും നിറച്ച കഥകളായിരിക്കും നിങ്ങളെ തേടി വരുന്നത്..

“നിസ്കാരവും, ദുആകളും

സങ്കടങ്ങളെ മാറ്റി നിർത്തും

മുറിവുണക്കും; മനസിന് സമാധാനവും.”

ഇതുവരെ പരിചയം ഇല്ലാത്ത ഒരുപാട് മനുഷ്യർ എന്നെ ചേർത്ത് നിർത്തി, എന്നെ മുന്നോട്ട് നയിക്കുന്ന മറ്റൊരു കാരണം ഇതാണ്. അതെന്റെ  തമാശയോ, പ്രകടനമോ കണ്ടിട്ടല്ല. സാഹോദര്യവും, സ്നേഹവും എനിക്കവരുടെ കണ്ണുകളിൽ കാണാം. അത് എന്തിനേക്കാളും ഞാൻ വിലമതിക്കുന്നു. ഇവർ ആണെന്റെ പ്രതീക്ഷ, ഈ ബഹളങ്ങൾ കൊണ്ട് ആകെ ഉണ്ടായ ഗുണം. ഇത് എനിക്ക് തരുന്ന ശക്തിയും വിശ്വാസവും അപാരമാണ്. ഒരുപാട് നല്ല മനുഷ്യർ എനിക്ക് ചുറ്റിലും ഉണ്ട് എന്ന ധൈര്യം. കൂടെ പടച്ച തമ്പുരാനിലുള്ള വിശ്വാസവും, എല്ലാം നേരിടാൻ ധാരാളമാണ്.

“എനിക്ക് മനുഷ്യരെ ഓർത്ത് നിരാശയുണ്ട്,

ദേഷ്യമില്ല, ആരോടും ദേഷ്യപ്പെടാൻ ആകുകയുമില്ല

ജീവിതത്തിന്റെ രസം കൊല്ലിയാണത്

അപരന്റെ സന്തോഷത്തിൽ അസൂയപ്പെടാനും

വിഷമത്തിൽ സന്തോഷിക്കാനും

സ്വയം നശിക്കണം.

ഞാൻ ആരെയും വെറുക്കുന്നില്ല

അതിൽ ഞാൻ സന്തുഷ്ടനാണ്.”

തീവ്ര വലത് സംഘങ്ങൾക്ക് എന്നോട് വെറുപ്പ് ഉണ്ടാക്കാനുള്ള ത്വരയും അതിലൂടെ അവർ ഉത്പാദിപ്പിച്ച വിദ്വേഷവും വിജയിച്ചു. അഭിനന്ദനങ്ങൾ.

അവരുടെ വെറുപ്പിന്റെ ക്യൻവാസിലെ ചെറിയ ഒരു ബലിയാട് മാത്രമാണ് ഞാൻ.

അവർ അതിനായി എന്നെ കൊന്ന് കൊണ്ടേ ഇരിക്കും, അവർക്ക് ബാക്കി ഉള്ളവരോട് പറയാൻ ഉള്ള ഒരു സന്ദേശം എന്നോണം. അതിന് നിന്ന് കൊടുക്കാൻ എനിക്ക് താല്പര്യമില്ല.

അഭിനന്ദനങ്ങൾ,

ഇച്ചിരി സന്തോഷവും, തമാശയും നിങ്ങൾ കൊന്ന് കളഞ്ഞിരിക്കുന്നു. 

നിങ്ങൾ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും വകവരുത്തിയിരിക്കുന്നു. തമാശയും സന്തോഷവും കൊണ്ട് പോലും മുറിപ്പെടുന്ന നിങ്ങളുടെ പ്രത്യയശാസ്ത്രത്തിന് പ്രധാന ഭീഷണി ആയിരുന്നല്ലോ അവ. അഭിനന്ദനങ്ങൾ.

ന്റെ പ്രിയപ്പെട്ട വിദ്വേഷ വിദൂഷകരേ,

ഭയത്തിന് അധികം ആയുസില്ല.

ഒരു ഭയങ്കര സിനിമ ആദ്യ കാഴ്ച്ചയിൽ പേടിപ്പിച്ചേക്കാം.

മൂന്നാമത്തെ തവണയോ അതിന് ശേഷമോ  ഒരു ചുക്കും തോന്നില്ല.

അതുപോലെ

നിങ്ങളെ ഭയക്കുന്നവർ, നിങ്ങളെ ബഹുമാനിക്കണം എന്നില്ല.

ഭയക്കാത്തവർക്ക്‌ നിങ്ങൾ കോമാളികളാണ്.

നിങ്ങളെ ഒട്ടും കാര്യമാക്കാത്തവർക്ക് നിങ്ങൾ വെറുമൊരു തമാശയാണ്.

ന്റെ ജോലിയും

മനുഷ്യരെ ചിരിപ്പിക്കാൻ തന്നെയാണേ.

അത് വരേക്കും.. അള്ളാഹ് ഹാഫിസ്.. ഗുഡ് ബൈ.

അനീതിയോടുള്ള നിങ്ങളുടെ ആരാധനക്ക്.. ആശംസകൾ.

വിശ്വസ്തതയോടെ,

മുനവ്വിർ.

https://ranaayyub.substack.com/ ൽ മുനവ്വിർ ഫാറൂഖി എഴുതിയതിന്റെ സ്വതന്ത്ര പരിഭാഷ നിർവഹിച്ചത് സുഹൈൽ അബ്ദുൽ ഹമീദാണ്.

spot_img

Don't Miss

Related Articles