Friday, March 29, 2024

മലയാള സിനിമയുടെ ജാതിവെറി ‘പുഴു’വരിക്കട്ടെ!

ഹിബ വി

ഹർഷദിന്റെ കഥയിൽ റതീന പി. ടി സംവിധാനം ചെയ്ത ‘പുഴു’ വലിയ രാഷ്ട്രീയ മാനങ്ങൾ ഉൾകൊള്ളുന്ന ഒരു സിനിമയാണ്. വളരെ മിനിമലായി അവതരിപ്പിക്കുന്ന, എന്നാൽ പ്രധാന പ്ലോട്ടിന്റെ പൂർത്തീകരണത്തിന് ഒഴിച്ചുകൂടാനാവാത്ത, മഹാഭാരതത്തിലെ തക്ഷകന്റെ കഥയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. സ്വന്തം അച്ഛനോട് അപമര്യാദയായി പെരുമാറിയ, അഹങ്കാരിയായ പരീക്ഷിത്ത് രാജാവിനെ തക്ഷകന്റെ (നാഗരാജാവ്) കടിയേറ്റ് ഏഴു ദിവസം കൊണ്ട് മരിക്കുമെന്ന് മുനികുമാരൻ ശപിക്കുന്നു. ശാപം ആദ്യം നിസ്സാരമായി കണക്കാക്കുന്ന പരീക്ഷിത്ത് പിന്നീട് ഭീതിയിലാഴുന്നു. സുരക്ഷിതമായ ഏഴുനില മണിമാളിക പണിയിച്ച്, ചുറ്റും മദയാനകൾ കൊണ്ട് കോട്ട തീർത്ത പരീക്ഷിത്ത്, പഴത്തിൽ ഒളിച്ചു കടക്കുന്ന, നിസ്സാരനായ പുഴുവായ് ചെന്ന, തക്ഷകന്റെ കടിയേറ്റ് മരണപ്പെടുന്നു. ഇതാണ് പുരാണം പറഞ്ഞു വെക്കുന്ന കഥ. ചുറ്റുപാടിനോട് കോട്ട തീർക്കുന്ന, ചുറ്റുമുള്ളതിനെയല്ലാം സംശയത്തോടെ മാത്രം വീക്ഷിക്കുന്ന പരീക്ഷിത്തിന്റെ ഭയമാണ് സിനിമ റിക്രീയേറ്റ് ചെയ്യുന്നതും മമ്മുട്ടി അനായാസം പ്രേക്ഷകനിലെത്തിക്കുന്നതും. ഈ ഭയം സൃഷ്ടിക്കുന്ന ഉത്കണ്ഠ, അരക്ഷിതാവസ്ഥ, അതുവഴി സീനുകൾക്ക് ലഭിക്കുന്ന നെഗറ്റിവ് ടോൺ, ഇതെല്ലമാണ് പ്രകടമായ ഫിസിക്കൽ വയലൻസോ വലിയ സസ്പെൻസുകളോ ഇല്ലാതെ തന്നെ ത്രില്ലിങ്ങായ ആസ്വാദനം പുഴു പ്രേക്ഷകന് സാധ്യമാക്കുന്നത്.

ടോക്സിക് പാരന്റിങ്ങിന്റെ ഇരയായ, വലിയ മാനസിക സംഘർഷം അനുഭവിക്കുന്ന കിച്ചുവും, ക്ലൈമാക്സിൽ പേരുകൊണ്ട് തീവ്രവാദിയാക്കപ്പെടുന്നതിനെ ചോദ്യം ചെയ്യുന്ന അമീറും എല്ലാം പ്രധാന കഥാ തന്തുക്കളാവുന്നുണ്ടെങ്കിലും മലയാള സിനിമയുടെ ജാതിബോധത്തിന്റെ കാരണത്തടിക്കുന്നത് കൊണ്ടാണ് പുഴു രാഷ്ട്രീയ ശ്രദ്ധയാകർഷിക്കുന്നത് . “അവളുമ്മച്ചി കുട്ടിയാണെങ്കിലെന്താ ഞാൻ നായരാടാ നായർ”, “മാരാരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും”, “മന്നാടിയാർ ക്ഷത്രിയനാണ്” തുടങ്ങിയ ജാതി വിളമ്പരങ്ങൾ മുതൽ പൂണൂലിട്ടവന്റെ കണ്ണീരിനും കിനാവിനും വരെ മലയാള സിനിമയുടെ ജാതിമാർക്കറ്റിൽ സ്ഥാനമുണ്ട്. അവിടെയാണ് ജാതികോമരങ്ങളെയെല്ലാം നെഗറ്റീവ് ടോണിൽ നിർത്തുന്ന പുഴുവിന്റെ വലിയ പ്രസക്തി. ഹരി, കുട്ടന്റെ ബന്ധുക്കൾ തുടങ്ങി ചടങ്ങുകളിൽ പാസീവ് ആയി നിലയുറപ്പിക്കുന്ന മുതിർന്ന വ്യക്തികൾ പോലും നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളായ് സ്ഥാനം പിടിക്കുന്നത് ജാതിവെറി ഒരു വ്യക്തി പ്രശ്നമല്ലെന്നും അത് ജാതിയെ മൂലധനവൽകരിക്കുന്ന ഒരു സമുദായത്തിന്റെ(‘മുന്തിയ’ ജാതിയുടെ) മൊത്തം പ്രശ്നമാണെന്നും സിനിമ പറഞ്ഞു വെക്കുന്നത് കൊണ്ടാണ്.

പലതരത്തിലുള്ള വിവേചനങ്ങൾ നിരന്തരം നേരിടേണ്ടി വരുന്നവരാണ് സ്ത്രീകൾ. എന്നാൽ ജെൻഡറിന്റെ സാർവലൗകികത വ്യത്യസ്ത സാമൂഹ്യ സാഹചര്യങ്ങളിൽ വ്യത്യസ്ത രീതിയിൽ പ്രതിഫലിക്കാറുണ്ടെന്നത് ഒരു യഥാർത്ഥ്യമാണ്. കേരളത്തിന്റെ സാമൂഹ്യഘടനയിലേക്ക് വരുമ്പോൾ അരികുവത്കരിക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങളിലെ സ്ത്രീകൾ ഇരട്ട വിവേചനം (double marginalisation) നേരിടുന്നുണ്ടെന്നതിന് സംശയമില്ല. എന്നാൽ ജൻഡർ, ജാതി ഇഴചേരലുകൾ (പ്രബലമായ സമുദായങ്ങളിലെ സ്ത്രീകളും അരികുവത്കരിക്കപ്പെട്ട സമുദായങ്ങളിലെ പുരുഷന്മാരും) വരുമ്പോൾ അധികാര സമവാക്യങ്ങളിൽ (power equation) പാളിച്ചകൾ വരാറുണ്ട്. മലയാള സിനിമയുടെ പുരോഗമനം ലിംഗനീതിയിലേക്ക് ചെരിഞ്ഞു വീശുന്ന കാറ്റാണെന്ന് വിശ്വസിപ്പിക്കാനുള്ള ശ്രമങ്ങൾ നിലനിൽക്കുന്നത് കൊണ്ട് (കേവലം തെറ്റിദ്ധരിപ്പിക്കൽ മാത്രമാണെന്ന് ‘ഹൃദയം’, ‘ബ്രോ ഡാഡി’ പോലുള്ള ‘പുതിയ’ സിനിമകൾ തെളിയിക്കുന്നുണ്ട്), ഇത്തരം ഇഴചേരലുകളിൽ ലിംഗഭേദ വിഷയം (gender cause) മുന്നിട്ട് നിൽക്കാറുണ്ട്. ഈ സ്‌ട്രക്ച്ചറിനെ അതിജീവിക്കാൻ ‘പുഴു’ വിന് കഴിയുന്നുണ്ട്. കുട്ടപ്പൻ-ഭാരതി ദമ്പതികളിലേക്ക് നോക്കൂ. ഭാരതിക്ക് സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. ‘തങ്ങളുടെ കൂട്ടരാണേൽ’ ഭാരതിക്ക് ലഭ്യമാവുമായിരുന്ന ഏജൻസി കുട്ടപ്പന്റെ കാര്യത്തിൽ സംഭവിക്കുന്നില്ല. ഇവിടെ ഭാരതിയുടെ ഏജൻസി നിയന്ത്രിക്കുന്നത് പ്രകടമായി തന്നെ ജാതി ആണ്. കുട്ടപ്പന്റെ രക്തത്തെ ഗർഭം ധരിക്കുന്നു എന്നതാണ് ഭാരതിയെ അപകടപ്പെടുത്തുന്നതിലേക്ക് നയിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും പുതിയ പൊളിറ്റിക്കൽ attemptകൾ പോലും ജൻഡർ ന് മുകളിലേക്ക് ജാതിയുടെ ചോദ്യം ഉയർത്താൻ തയ്യാറാകാത്തിടത്ത് ഭാരതി- കുട്ടപ്പൻ ദമ്പതികളെ കൃത്യമായി ലൊക്കേറ്റ് ചെയ്യുന്ന ‘പുഴു’ നിസ്സാരനല്ല.

പുരോഗമന മലയാളിയുടെ കാപട്യത്തെ സിനിമ കളിയാക്കുന്നുണ്ട്. തന്റെ ഭക്ഷണം മറ്റുള്ളവർക്ക് പങ്കു വെക്കുന്നത് മാനുഷികമാണെന്നും എന്നാൽ മറ്റുള്ളവരിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കേണ്ടതില്ലെന്നും പറയുന്ന കുട്ടൻ എത്ര വിദഗ്ദമായാണ് മാനുഷികതയുടെ മറവിൽ ജാതി കിച്ചുവിലേക്ക് പകർന്നു നൽകുന്നത്. അയിത്തം പോലും ‘ഹ്യുമാനിറ്റേറിയൻ’ ആയി മാനിപ്പുലേറ്റ് ചെയ്യാൻ കഴിയുന്നു എന്നും അത് വിശ്വാസയോഗ്യമാവുന്നുവെന്നതുമാണ് ജാതി നൽകുന്ന സാമൂഹ്യ മൂലധനം. അവാർഡ് ജേതാവായ കുട്ടപ്പനോട് ചോദിക്കുന്ന “ഇത്രയും വലിയ ഒരംഗീകാരം നിങ്ങളെ പോലൊരാൾക്കു ലഭിക്കുന്നത് കേരളത്തിൽ മാത്രം നടക്കുന്ന കാര്യമല്ലേ?” എന്ന ഔദാര്യവർത്തമാനം മുതൽ “ചാത്തപ്പനെന്ത് അംബാസിഡർ” എന്ന എലീറ്റ് ക്ലാസിന്റെ തമാശ വരെയടങ്ങുന്നതാണ് ശരാശരി മലയാളിയുടെ പുരോഗമനം. ഭാരതിയെയും കുട്ടപ്പനെയും അപകടപ്പെടുത്തിയ ശേഷം “ആളുകൾ അച്ഛനെ കുറിച്ച് ചീത്ത പറഞ്ഞാലും കിച്ചുവത് believe ചെയ്യരുതെന്ന്” പറയുന്ന കുട്ടന്റെ ‘നിഷ്കളങ്കത’ യാണ് ജാതി. കുട്ടൻ പ്രകടിപ്പിക്കുന്ന അഭിമാനം, ധാർഷ്ട്യം, കുറ്റം ചെയ്തതിനു ശേഷമുള്ള ആത്മവിശ്വാസം എല്ലാം ജാതിയുടെ വെളിച്ചത്തിൽ മാത്രമേ അഭിസംബോധന ചെയ്യാൻ കഴിയു.

തക്ഷകന്റെ പ്രതികാരം അതിന്റെ പൂർണതയിലെത്തുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ജാതി കേമത്തരം സുലഭമായ ഇടങ്ങളാണ് പുരാണങ്ങൾ. വേദകാലം തൊട്ടേ അയിത്തം കൽപ്പിക്കപ്പെട്ട, പടിക്ക് പുറത്ത് നിർത്തപ്പെട്ട, അരികുകൾ പോലും നിഷേധിക്കപ്പെട്ട മനുഷ്യരുടെ പിൻഗാമി കുട്ടപ്പൻ രാജാവായും മുനികുമാരനായും തക്ഷകനായും മാറി കൊണ്ടാണ് വേദിയോട് സംവദിക്കുന്നത്. ഒറ്റക്ക് നാടകം കളിക്കാൻ നിർബന്ധിതനാക്കിയ സാമൂഹ്യവ്യവസ്ഥയോടുള്ള കലഹം കൂടിയാണത്. മലയാള സിനിമയുടെ ജാതിബോധത്തോടും അത് പ്രതിഷേധം രേഖപെടുത്തുന്നുണ്ട്.

കോട്ട കെട്ടി കാക്കുന്ന മലയാളസിനിമയുടെ വരേണ്യ അകത്തളങ്ങൾ പുഴുവരിക്കട്ടെ! ജാതിവെറിയന്മാർക്ക് ചൊറിയട്ടെ, ചൊറിഞ്ഞ് ചൊറിഞ്ഞ് ചാവട്ടെ!

ന്യൂഡൽഹി ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ വിദ്യാർത്ഥിയാണ് ഹിബ വി.

spot_img

Don't Miss

Related Articles