സർഫ് എക്‌സൽ: മതസൗഹാർദ്ദ പരസ്യങ്ങളിലൂടെ ഹിന്ദുത്വവാദികളെ പ്രതിരോധിച്ച്‌ സോഷ്യൽ മീഡിയ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കീഴിലുള്ള സര്‍ഫ് എക്സലിന്‍റെ പുതിയ പരസ്യത്തിനെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ മത സൗഹാർദ്ദം വിളിച്ചോതുന്ന വിവിധ ബ്രാന്‍ഡുകളുടെ പരസ്യങ്ങൾ പ്രചരിപ്പിച്ചു പ്രതിരോധിക്കുകയാണ് സോഷ്യൽ മീഡിയ.

മതസൗഹാര്‍ദ്ദ സന്ദേശം പകരുന്ന പരസ്യം ഹിന്ദു ആഘോഷങ്ങളില്‍ ഒന്നായ ഹോളിയെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വാദികള്‍ രംഗത്ത് എത്തിയിരിക്കുന്നത്. പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപിച്ച് ട്വിറ്ററില്‍ അടക്കം സര്‍ഫ് എക്സലിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നടക്കുന്നുണ്ട്.

നിറങ്ങളുടെ ഉത്സവമായ ഹോളി ദിനത്തില്‍ കൂട്ടുകാര്‍കിടയിലേക്ക് പെണ്‍കുട്ടി സെെക്കിളില്‍ എത്തുന്നതാണ് പരസ്യത്തില്‍ ആദ്യം കാണിക്കുന്നത്. തുടര്‍ന്ന് കൂട്ടികള്‍ എല്ലാവരും ചേര്‍ന്ന് ചായം പെണ്‍കുട്ടിക്ക് നേരെ വാരി എറിയും. കൂട്ടുകാരുടെ കെെയിലെ എല്ലാ ചായവും തീരുമ്പോഴാണ് കൂട്ടുകാരനായ മുസ്ലിം സുഹൃത്തിനെ പെണ്‍കുട്ടി വിളിക്കുകയും സെെക്കിളില്‍ പള്ളിയില്‍ എത്തിക്കുകയും ചെയ്യുന്നത്. പള്ളിക്ക് മുന്നില്‍ ഇറക്കി വിടുമ്പോള്‍ നിസ്കരിച്ച ശേഷം വേഗം എത്താമെന്ന് പറഞ്ഞാണ് കുട്ടി പടികള്‍ കയറി പോകുന്നത്. ഈ പരസ്യത്തിനെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ ആക്രമണവും ബഹിഷ്കരണ ആഹ്വാനവും നടക്കുന്നത്.

ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കീഴിലുള്ള സര്‍ഫ് എക്സല്‍ പുറത്തിറക്കിയ പുതിയ പരസ്യത്തിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് എന്നുന്നുണ്ട്. നിറങ്ങളുടെ നന്മയും ഒത്തൊരുമയുമാണ് പര്യസത്തിന് പിന്നിലെന്ന് പരസ്യത്തിന് ക്യാപ്ഷനായി സര്‍ഫ് നല്‍കിയിരുന്നു. വ്യത്യസ്‍തതകള്‍ മാറ്റിവച്ച് എല്ലാവരെയും ഒരുമിപ്പിക്കുകയാണ് തങ്ങളുടെ ശ്രമം എന്നും പുതിയ ക്യാംപയെനിനെക്കുറിച്ച് ബ്രാന്‍ഡ്‍ വ്യക്തമാക്കിയിരുന്നു.

മത സൗഹാർദ്ദം വിളിച്ചോതുന്ന നിരവധി പരസ്യങ്ങൾ വിവിധ ബ്രാന്‍ഡുകൾ ഇതിനുമുൻപും ഇറക്കിയിട്ടുണ്ട്. സര്‍ഫ് എക്സലിൻ്റെയും ബിഗ്‌ ബസാറിന്റെയും ഗൂഗിളിന്റെയും സൗഹാർദ്ദ സന്ദേശം പറയുന്ന പരസ്യങ്ങൾ ഷെയർ ചെയ്തു ഹിന്ദുത്വ വാദികളുടെ പ്രചാരണത്തെ പൊളിക്കുകയാണ് സോഷ്യൽ മീഡിയ.

ഇന്ത്യ പാകിസ്ഥാൻ വിഭജന കാലത്തു വേർപിരിഞ്ഞ കളികൂട്ടുകാരായ ബദേവ്ജിയുടെയും യൂസഫിൻ്റെയും വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടലിൻ്റെ കഥപറയുന്ന ഗൂഗിളിൻ്റെ പരസ്യം ഇന്ത്യ പാക്ക് സംഘർഷങ്ങളുടെ സമയത്തു സോഷ്യൽ മീഡിയയിൽ ഒരുപാട് ഷെയർ ചെയ്യപ്പെട്ടതാണ്.

ആശുപത്രിയിലെ ജോലിത്തിരക്കുകൾക്കിടയിലെ ഡോക്ടർ ഹീനയുടെ നോമ്പുതുറയുടെ പശ്ചാത്തലത്തിൽ ബിഗ് ബസാർ തയ്യാറാക്കിയ പരസ്യവും മത സൗഹാർദ്ദം വിളിച്ചോതുന്നതാണ്. നോമ്പു തുറക്കുന്ന വേളയിൽ ഗർഭിണിയായ ഒരു രോഗിയെ പരിചരിക്കുന്നതും പിറ്റേ ദിവസം ഡോക്ടർ ഹീനയ്ക്ക് രോഗിയുടെ മാതാവ് ഇഫ്താർ ഒരുക്കുന്നതുമാണ് പരസ്യം.

2018 ൽ സർഫ് എക്സൽ തയ്യാറാക്കിയ റമസാൻ പരസ്യവും വളരെയധികം ശ്രദ്ധിക്കപെട്ടതാണ്. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ശത്രുത ഒരു കുട്ടിയുടെ പരിശ്രമഫലമായി പരിഹരിക്കപെടുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം.

Be the first to comment on "സർഫ് എക്‌സൽ: മതസൗഹാർദ്ദ പരസ്യങ്ങളിലൂടെ ഹിന്ദുത്വവാദികളെ പ്രതിരോധിച്ച്‌ സോഷ്യൽ മീഡിയ"

Leave a comment

Your email address will not be published.


*