ഞാൻ വളർന്നത് സ്വന്തം വീടിനോടുള്ള (ദേശത്തോടുള്ള) സ്നേഹത്താലാണ്: സുഡാനിലെ സമരപ്രതീകം അലാ സലാഹ്

ഞാൻ വളർന്നത് സ്വന്തം വീടിനോടുള്ള (ദേശത്തെ) സ്നേഹത്താലാണ്: സുഡാനിലെ സമരപ്രതീകം അലാ സലാഹ്

സുഡാനിൽ ജനാധിപത്യം പുനഃസ്ഥാപിക്കുകയെന്നാവശ്യപ്പെട്ടുള്ള ജനകീയ സമരം ശക്തിപ്പെടുകയാണ്. സുഡാൻ പ്രസിഡന്റ് ഉമർ അൽ ബഷീറിനെ പുറത്താക്കിയിട്ടും പ്രക്ഷോഭം തുടരുകയാണ്. ഉമർ അൽ ബഷീറിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത സൈന്യത്തിനെതിരെയാണ് ഇപ്പോൾ ജനം തെരുവിലിറങ്ങുന്നത്.

സൈന്യത്തിന്റെ നിരോധാജ്ഞ വകവെക്കാതെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ബഹുജനങ്ങൾ സമരത്തിനിറങ്ങുന്നത്. മൂന്നു മാസത്തേക്കാണ് രാജ്യത്ത് നിരോധാജ്ഞ. സൈന്യവും ഉമർ അൽ ബഷീറും ഒരേപോലെയാണെന്ന് സമരക്കാർ പറയുന്നു. ” ഒരു മോഷ്ടാവിന് പകരം മറ്റൊരു മോഷ്ടാവ്”എന്നാണ് ജനം ഇപ്പോൾ സൈന്യത്തിന്റെ അധികാരം ഏറ്റെടുക്കലിനെ വിശേഷിപ്പിക്കുന്നത്. രാജ്യത്ത് അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്ന 2021 വരെ അധികാരത്തിൽ തുടരുമെന്നാണ് സൈന്യം പ്രഖ്യാപിച്ചത്.

” എന്റെ ഫോട്ടോ ലോകമെങ്ങും സുഡാനിലെ ജനകീയ വിപ്ലവത്തെ പ്രതിനിധീകരിക്കുന്നു എന്നതിൽ ഏറെ ആത്മാഭിമാനമുണ്ട്. ജനകീയ പ്രക്ഷോഭം ആരംഭിച്ച മുതൽ ദിവസേന ഞാൻ സമരത്തിൽ പോവുന്നുണ്ട്. എന്റെ മാതാപിതാക്കൾ എന്നോട് സ്വന്തം വീടിനെ (ദേശത്തെ) സ്നേഹിക്കണമെന്ന് ആവശ്യപ്പെട്ടാണ് വളർത്തിയത്.”

അലാ സലാഹ്

സുഡാനിലെ ജനകീയ പോരാട്ടത്തിൽ പങ്കെടുക്കുന്ന ഇരുപത്തിരണ്ടുകാരി അലാ സലാഹ് ദി ഗാർഡിയനോട് പറഞ്ഞു. ജനമധ്യത്തിൽ വിപ്ലവ കവിത ചൊല്ലുന്ന അലാ സലാഹിന്റെ ചിത്രം ലോകമെങ്ങും വ്യാപകമായി പ്രചരിക്കുകയാണ്‌.

” ബുള്ളറ്റുകൾ നമ്മെ കൊല്ലില്ല, എന്നാൽ ജനങ്ങളുടെ മഹാമൗനം നമ്മെ കൊന്നുകളയും” തുടങ്ങിയ വരികളായിരുന്നു അലാ സലാഹ് ജനമധ്യത്തിൽ ചൊല്ലിക്കൊടുത്തത്.

സമരത്തിൽ കവിതാപാരായണങ്ങളും നൃത്തങ്ങളും ചെയ്യുന്ന സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ കാണാം.

എന്നാൽ കടുത്ത പ്രക്ഷോഭം കാരണം സൈന്യം വിട്ടുവീഴ്ചകൾക്ക് തയ്യാറായിരിക്കുകയാണ്. അധികാരത്തിൽ പിടിച്ചുതൂങ്ങാൻ താൽപര്യമില്ലെന്ന് പറഞ്ഞ സൈന്യം , സർക്കാർ രൂപവത്കരിച്ചാൽ ഒരു മാസത്തിനകം അധികാരമൊഴിയുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കി. സുഡാൻ സൈനിക രാഷ്ട്രീയ കൗൺസിലാണ്‌ പുതിയ തീരുമാനം പ്രക്ഷോഭകരെ അറിയിച്ചത്. ജനം തെരഞ്ഞെടുക്കുന്ന സർക്കാരായിരിക്കും സുഡാനെ വിദൂരഭാവിയിൽ നയിക്കുകയെന്ന് ലഫ്റ്റന്റ് ജനറൽ ഉമർ സൈനുൽ ആബിദീൻ പറഞ്ഞു.

സൈനിക അട്ടിമറിക്കെതിരായ സുഡാനികളുടെ ജനകീയ പ്രക്ഷോഭത്തിന്‌ ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവർത്തകരുടെയും സംഘടനകളുടെയും പിന്തുണ വർധിക്കുകയാണ്. സൈനിക അട്ടിമറി സുഡാനിലെ വെല്ലുവിളികളെ മറികടക്കാൻ പര്യാപ്തമല്ലെന്നും രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കണമെന്നും ആഫ്രിക്കൻ യൂണിയൻ ആവശ്യപ്പെട്ടു.

ജനാധിപത്യ പുനഃസ്ഥാപനം വരെ സമരം തുടരുമെന്ന് തന്നെയാണ് പ്രക്ഷോഭകരുടെ പക്ഷം. സുഡാനിൽ ഏറ്റവും അവസാനത്തെ ജനങ്ങൾ തെരഞ്ഞെടുത്ത പ്രസിഡന്റ് നിലവിലെ പ്രതിപക്ഷ പാർട്ടിയായ അൽ ഉമ്മയുടെ നേതാവ് സാദിഖ് അൽ മുഹ്‌ദിയാണ്. ഉമർ അൽ ബഷീർ 1998 ൽ മുഹ്‌ദിയെ പുറത്താക്കി അധികാരം പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് വർഷങ്ങളോളം രാഷ്ട്രീയ പ്രവാസത്തിലായിരുന്ന മുഹ്‌ദിയാണ് നിലവിലെ ജനകീയ പ്രക്ഷോഭങ്ങളുടെ പ്രധാന സൂത്രധാരനെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Be the first to comment on "ഞാൻ വളർന്നത് സ്വന്തം വീടിനോടുള്ള (ദേശത്തോടുള്ള) സ്നേഹത്താലാണ്: സുഡാനിലെ സമരപ്രതീകം അലാ സലാഹ്"

Leave a comment

Your email address will not be published.


*