അമർത്തിപ്പിടിച്ച ചിരിയും അകഞരമ്പ് പൊട്ടുന്ന കരച്ചിലുമായിരുന്നു അഷിത

വഹീദ് സമാൻ

ഉള്ളുതുറന്ന് ചിരിച്ചിട്ട് കുറെ കാലമായി…

അഷിതയുമായുള്ള ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ അഭിമുഖം തുടങ്ങുന്നത് ഈ തലക്കെട്ടോടു കൂടിയാണ്. മാതൃഭൂമി വാരികയിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്.

അഷിത തന്റെ ജീവിതത്തിൽനിന്ന് പറിച്ചെടുത്ത ഓരോ അടരുകളിലും പൊട്ടിയൊലിക്കുന്ന കണ്ണീരുണ്ടായിരുന്നു. ജീവിതത്തിൽ അഭിമുഖീകരിച്ച പ്രതിസന്ധിയുടെ ആഴങ്ങൾ പുറത്തെടുത്തിട്ടാണ് അഭിമുഖം ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പൂർത്തിയാക്കിയത്. ആ അഞ്ചു ലക്കങ്ങളും ഹൃദയരക്തം കൊണ്ട് ചുവന്നിരുന്നു.

അഷിത നടന്ന വഴികളിൽ എനിക്കൊരു ചങ്ങാതിയുണ്ടായിരുന്നു. അഷിതയെ വായിക്കുമ്പോഴെല്ലാം ആ ചങ്ങാതി മുന്നിൽവന്നുനിന്നു. ഓരോ ലക്കവും അയച്ചുതരുമ്പോൾ അഷിതയിൽ നീ എന്നെ കാണുന്നില്ലേ എന്ന് ചോദിച്ചുകൊണ്ടേയിരുന്നു. ഓരോ ലക്കത്തിൽനിന്നും ഞാനത് അടർത്തിയെടുത്ത് ചൂണ്ടിക്കാട്ടി. ഓരോന്ന് വായിച്ചെടുക്കുമ്പോഴും എന്നോട് ചേർന്നിരുന്ന് നെടുവീർപ്പിട്ടു.

അച്ഛൻ വലിച്ചെറിയുകയും അമ്മ തിരിഞ്ഞുനോക്കാതിരിക്കുകയും 
ചെയ്തിരുന്ന ഒരു കുട്ടിയായിരുന്നു അഷിത. എന്തൊരു ജീവിതമായിരുന്നു അവർ ജീവിച്ചിരുന്നതെന്ന് ഹൃദയം പിടയും അഷിതയുടെ ജീവിതമറിയുമ്പോൾ..

അഷിത ഒരിടത്ത് എഴുതി.

”അച്ഛനും അമ്മയും ബോംബേന്ന് വന്നപ്പോ ഞാനമ്മയുടെ അടുത്തേക്ക് ഓടി. അമ്മ രണ്ടു സ്റ്റെപ്പ് പിറകോട്ട് മാറി. ഷോക്കടിച്ച പോലെ ഞാനവിടെനിന്നു. അതിനുശേഷം ഞാനൊരിക്കലും അമ്മയുടെ അടുത്തേക്ക് പോയിട്ടില്ല.”

”അച്ഛനൊപ്പം ഡോക്ടറെ കാണാൻ ബോംബെയിൽ ബസിലാണ്. കണ്ടക്ടർ അച്ഛനോട് മുന്നിലേക്ക് നിൽക്കാൻ പറഞ്ഞു.. അച്ഛൻ എന്നോട് പറഞ്ഞു നീ മുന്നിലേക്ക് കയറി നിൽക്കൂവെന്ന്. ഇനിയും 34 സ്റ്റോപ്പുണ്ട്. ഇറങ്ങുമ്പോൾ വിളിക്കാം. തിരക്കുകൂടി ഞാൻ മുന്നിലേക്ക് നീങ്ങിനീങ്ങിപ്പോയി. ബോംബെയിൽ സ്വന്തം സ്‌കൂളല്ലാതെ വേറെ എവിടെയും പോയിട്ടില്ലാത്ത ഞാൻ ആകെ പരിഭ്രമത്തിലായി. ബസിൽ നിറയെ ആളായി. ഓരോ സ്റ്റോപ്പിലും അച്ഛൻ ബസിൽ തന്നെയുണ്ടോ എന്ന് നോക്കും. ഒന്നാമത്തെയും രണ്ടാമത്തെയും സ്റ്റോപ്പിലും അച്ഛൻ ബസിലുണ്ട്. മൂന്നാമത്തെ സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അച്ഛൻ ധൃതിയിൽ ഇറങ്ങുന്നത് ഞാൻ ഒരു മിന്നായം പോലെ കണ്ടു. അപ്പോഴേക്കും ബസ് നീങ്ങി. ഞാനുറക്കെ കരയാൻ തുടങ്ങി. ബസ് അടുത്ത സ്റ്റോപ്പിലേ നിർത്തൂ എന്ന് കണ്ടക്ടർ വാശിപ്പിടിച്ചു. യാത്രക്കാർ ഇടപെട്ട് ബസ് നിർത്തിച്ചു. ഞാൻ ചാടിയിറങ്ങി. ദൂരെ അച്ഛൻ റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്നു. ഞാൻ ഓടിക്കൊണ്ട് അച്ഛാ,…അച്ഛാ എന്ന് നിലവിളിക്കുകയാണ്. അച്ഛൻ ധൃതിയിൽ റോഡ് ക്രോസ് ചെയ്യാൻ നിൽക്കുകയാണ്. എന്റെ വിളി തൊണ്ട പൊട്ടുമാറുച്ചത്തിലായി. ആൾക്കാർ തിരിഞ്ഞുനോക്കുന്നുണ്ട്. ഓരോ തവണ അച്ഛൻ ക്രോസ് ചെയ്യുമ്പോഴും വണ്ടികൾ വന്ന് അച്ഛനെ തടയുന്നു. ഒരു തവണ ക്രോസ് ചെയ്ത് പകുതി എത്തിയപ്പോഴേക്കും അച്ഛന് തിരിച്ചുപോരേണ്ടി വന്നു. അച്ഛൻ തിരിച്ചു ഫുട്പാത്തിലേക്ക് കയറിയപ്പോൾ ഞാൻ ഷർട്ടിൽ കയറിപ്പിടിച്ചു. അപ്പൊ. ങാ. നീ ഉണ്ടായിരുന്നല്ലേ എന്ന് ഒരു ചോദ്യം. വീട്ടിലെത്തി അമ്മയോട് പറഞ്ഞു. പക്ഷെ, കേട്ടിട്ട് അമ്മ ഒന്നും മിണ്ടിയില്ല. വർഷങ്ങൾക്ക് ശേഷമാണ് ഞാൻ അറിയുന്നത്. അവർ എന്നെ മനപൂർവ്വം ഉപേക്ഷിക്കുകയായിരുന്നു. ഏത് നിമിഷവും ഉപേക്ഷിക്കപ്പെടാവുന്ന ഒരു കുട്ടിയായിരുന്നു ഞാൻ.

എഴുതിയാൽ ഭ്രാന്തുവരുമെന്ന് പറഞ്ഞു മുറിയിൽ പൂട്ടിയിട്ടു. ഞാനാ മുറിയിൽ നഖം കൊണ്ട് കവിത കോറിയിട്ടു.

അമർത്തിപ്പിടിച്ച ചിരിയും അകഞരമ്പ് പൊട്ടുന്ന കരച്ചിലുമായിരുന്നു അഷിത. ഉണങ്ങാതെയും കരിയാതെയും പച്ചമുറിവായി ജീവിച്ച എഴുത്തുകാരിക്ക് പ്രണാമം.

എന്നെങ്കിലും നേരിട്ട് കാണണമെന്നാഗ്രഹിച്ച മുഖങ്ങളിലൊന്നായിന്നു അഷിതയുടേത്. ആ കാഴ്ചയുണ്ടായില്ല. ജീവിതത്തിൽനിന്ന് വലിച്ചുപറിച്ചെടുത്ത അനുഭവങ്ങൾ എന്നും ബാക്കിയുണ്ടാകും. അതിനേക്കാൾ വലിയൊരു കാഴ്ച്ചയില്ലല്ലോ.

Be the first to comment on "അമർത്തിപ്പിടിച്ച ചിരിയും അകഞരമ്പ് പൊട്ടുന്ന കരച്ചിലുമായിരുന്നു അഷിത"

Leave a comment

Your email address will not be published.


*