എന്തിനാണ് ബിപി മൊയ്തീൻ സേവാമന്ദിർ ആ 30 ലക്ഷം തിരിച്ചുകൊടുക്കുന്നത്?

നസീൽ വോയ്‌സി

ഏതാണ്ട് രണ്ടു വർഷം മുൻപാണ് ബിപി മൊയിദീന്റെയും കാഞ്ചനമാലയുടെയും കഥ പറഞ്ഞ ‘എന്ന് നിന്റെ മൊയ്‌ദീൻ’ എന്ന സിനിമ പുറത്ത് വന്നത്. ജീവിതവുമായുള്ള ചേർച്ചയില്ലായ്മയും വിവാദങ്ങളുമൊക്കെ ഒരു വഴിക്ക് നടന്നപ്പോഴും സിനിമ ഹിറ്റായി. വിമൽ എന്ന സംവിധായകൻ ഒറ്റ ചിത്രം കൊണ്ട് സൂപ്പർ ഹിറ്റ് മേക്കർ ആയി അവരോധിക്കപ്പെട്ടു. സിനിമ പണം വാരിക്കൂട്ടി.

അപ്പോഴും മുക്കം അങ്ങാടിയിൽ ചോർന്നൊലിക്കുന്ന ഒരു കെട്ടിടമുണ്ടായിരുന്നു. ബിപി മൊയ്‌ദീൻ സേവാ മന്ദിർ. അതിനുള്ളിലൊരു സ്ത്രീ ഉണ്ടായിരുന്നു. കാഞ്ചനമാല. മൊയ്ദീന്റെ സ്വപ്നം , ആവുന്ന അത്രയും തണൽ തന്റെ ചുറ്റുമുള്ളവർക്കായി കരുതി വെക്കാൻ അവർ ശ്രമിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു; മൊയ്‌ദീൻ മരിച്ചതിനു ശേഷമുള്ള പത്ത് മുപ്പത്തഞ്ചു കൊല്ലമായിട്ട്. സിനിമ ആ കഥ പറഞ്ഞിട്ടില്ല. ജീവിതം കഥയാക്കി പണം വാരിയവരും പ്രശസ്തരായവരും സിനിമക്ക് ശേഷവും അവശേഷിക്കുന്ന കാഞ്ചനമാലയെയോ സേവാമന്ദിറിനെയോ തിരിഞ്ഞു നോക്കിയിട്ടുമില്ല. വന്നത് നടൻ ദിലീപാണ്. കൈപിടിച്ചതും അയാളാണ്.

വാർത്തകളാവുകയും പ്രണയത്തിന്റെ കാവൽക്കാരിയെ കാണാൻ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് സഹൃദയർ എത്തുകയും ചെയ്തപ്പോഴാണ് ആ കഥ പുറം ലോകം അറിഞ്ഞത്. അങ്ങനെയാണ് വനിതയിലൂടെ, മറ്റൊരു സുഹൃത്തിലൂടെ, നടൻ ദിലീപും വിവരം അറിയുന്നത്. അറിഞ്ഞ ശേഷം ആ ശ്രമത്തിനു, സേവാ മന്ദിറിനു അദ്ദേഹം പിന്തുണ നൽകി. ചോർന്നൊലിച്ച, ഷീറ്റ് വലിച്ച് കെട്ടിയ സേവാമന്ദിറിന്റെ സ്ഥാനത്ത് പുതിയൊരു കെട്ടിടം ഉയരാൻ തുടങ്ങി. മുപ്പത് ലക്ഷമായിരുന്നു സംഭാവന. ആ പിന്തുണയിൽ ആരംഭിച്ച കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലുമാണ്.

അവരുടെ ജീവിതം കഥയാക്കിയ ഒരാളും അന്ന് അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. പൃത്വിരാജായാലും വിമലായാലും നിര്മാതാക്കളായാലും മൊയ്ദീന്റെ പേരിൽ വേദികളിൽ ചിരിച്ച ബന്ധുക്കളായാലും അതെ.

വിജയമാഘോഷിക്കാൻ മുക്കം അഭിലാഷ് തീയേറ്ററിൽ എത്തിയ സംവിധായകൻ വിമൽ കഷ്ടിച്ച് ഇരുന്നൂറ് മീറ്റർ മാറിയുള്ള ബിപി മൊയ്ദീന്റെ സേവാ മന്ദിറിലേക്ക് വന്നിട്ടില്ല. പകരം കാഞ്ചനമാലയെ വിമർശിക്കുകയാണ് ചെയ്തത്. അയാളാണ് എന്നിട്ടിപ്പോൾ ചാനലിൽ കേറി നിരങ്ങി “മുപ്പത് ലക്ഷം തിരിച്ചു കൊടുക്കണം. ബിപി മൊയ്‌ദീൻ സേവാ മന്ദിറിൽ ദിലീപിന്റെ പേരുണ്ടാവരുത്” എന്നൊക്കെ അലറുന്നത്. നാണമുണ്ടോ മിസ്റ്റർ വിമൽ നിങ്ങൾക്ക്? എന്തൊക്കെ കാരണങ്ങൾ പറയാൻ ഉണ്ടായാലും ആ മന്ദിരത്തിന്, ബിപി മൊയ്ദീന്റെ ഓർമ്മക്ക്, കാഞ്ചനമാലയുടെ പ്രണയത്തിന്റെ പരിശ്രമങ്ങൾക്ക് പിന്തുണ കൊടുക്കേണ്ടിയിരുന്നത് നിങ്ങളും കൂട്ടാളികളും ആയിരുന്നു. കാരണം നിങ്ങളാണ് അവരുടെ ജീവിതവും പ്രണയവും വിറ്റ് പേരും പ്രശസ്തിയും ഉണ്ടാക്കിയത്. ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, അവരെ അപമാനിക്കുകയും ചെയ്തു. എന്നിട്ടിപ്പോ ദിലീപിന്റെ മുപ്പത് ലക്ഷം തിരിച്ചു കൊടുക്കണം എന്ന് പറഞ്ഞു വന്നിരിക്കുന്നു.

ദിലീപ് തെറ്റുകാരനോ അല്ലയോ എന്നതൊന്നുമല്ല. ശിക്ഷിക്കപ്പെടുമോ ഇല്ലയോ എന്നുമല്ല. തെറ്റിനെ തള്ളിപ്പറയുകയും ചെയ്തതിന്റെ പ്രതിഫലം കിട്ടുകയും വേണം. എന്തുമാവട്ടെ, സഹായിക്കേണ്ട നേരത്ത് സഹായിക്കാൻ അദ്ദേഹമുണ്ടായിരുന്നു. മുപ്പത് ലക്ഷം അത്ര ചെറിയ തുകയൊന്നുമല്ലല്ലോ. ‘എന്ന് നിന്റെ മൊയ്‌ദീൻ’ തരംഗമായി സ്വീകരണവേദികളിൽ നിന്ന് വേദികളിലേക്ക് താരങ്ങളും സംവിധായകനും ഓടി നടക്കുമ്പോഴാണ്, അവർ മറന്ന “മൊയ്ദീന്റെ സ്വപ്നത്തിനു” പുതുജീവൻ പകരണം എന്ന സ്വാന്തനവുമായി ദിലീപെത്തിയത്. ഉദ്ദേശശുദ്ധിയുടെ കണക്കെടുപ്പിനേക്കാൾ ആ സഹായഹസ്തവും ആ കാലവും ഓർമിക്കപെടുക തന്നെ ചെയ്യും. ചുരുങ്ങിയത് മുക്കത്തുകാരുടെ മനസ്സിലെങ്കിലും. തെറ്റുകളുടെ പ്രതിഫലം പോലെ നന്മയുടെ പ്രതിഫലവും എല്ലാവരും അർഹിക്കുന്നുണ്ടല്ലോ.

P.S‌ : ദിലീപിന്റെ പിന്തുണയിൽ ആരംഭിച്ച ബിപി മൊയ്‌ദീൻ സേവാ മന്ദിറിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ഒരുപാട് പേർക്ക് തണലൊരുക്കുന്ന പരിശ്രമവുമായി കാഞ്ചനമാല ഇപ്പോഴും മുക്കത്തുണ്ട്. സിനിമ നിർത്തിയിടത്ത് നിന്ന് തുടങ്ങിയ അവരുടെ ജീവിതം, ഇന്നും ദൈവാനുഗ്രഹം കൊണ്ട് തുടരുന്നു. സിനിമയേക്കാൾ നിറമുള്ള വെളിച്ചങ്ങളിൽ.

കൂട്ടിച്ചേർക്കുന്നത്: ദിലീപിനെ ന്യായീകരിക്കുന്നതിനു വേണ്ടിയുള്ള സിമ്പതി പോസ്റ്റുകളിൽ ഇതിനെ കൂട്ടിക്കെട്ടണ്ട. തെറ്റ് ചെയ്തവർ, ഇത്രയും ഹീനമായ കൃത്യം ചെയ്തവർ, അതാരായാലും ശിക്ഷിക്കപ്പെടണം. ഒരു സഹതാപവും അർഹിക്കുന്നില്ല. ദിലീപാണോ അല്ലയോ എന്നത് തീരുമാനിക്കപ്പെടട്ടെ. ഒരു നടൻ എന്ന നിലയിൽ ഈ കേസ് വരുന്നതിനു മുൻപ് വരെ നമുക്കിടയിൽ ഉണ്ടായിരുന്ന ഒരാളാണ് അയാൾ. അയാളുടെ സിനിമകളോ പ്രവർത്തികളോ ഈ കേസിലൂടെ ഇല്ലാതാവുന്നുമില്ല.

Be the first to comment on "എന്തിനാണ് ബിപി മൊയ്തീൻ സേവാമന്ദിർ ആ 30 ലക്ഷം തിരിച്ചുകൊടുക്കുന്നത്?"

Leave a comment

Your email address will not be published.


*