ദിലീപേട്ടന്‍ പാവാടാ കാമ്പയിനും സെബാസ്റ്റ്യന്‍ പോളിന്റെ ആകുലതകളും

മുഹമ്മദ് ശമീം

സെബാസ്റ്റ്യൻ പോളിനെതിരെ ആക്രോശമുയർത്തുന്നതിൽ കാര്യമുണ്ടോ?

നാമെല്ലാം നിലകൊള്ളുന്നത് അവൾക്കൊപ്പം തന്നെയാണ്. അതിനൊരു ഹാഷ് ടാഗിന്റെ പിൻബലം ഉണ്ടായാലും ഇല്ലെങ്കിലും. ഈയടുത്ത കാലത്ത് മലയാള സിനിമാരംഗത്തുണ്ടായിട്ടുള്ള പല പ്രതിസന്ധികളുടെയും പിന്നാമ്പുറ പങ്കാളിത്തങ്ങളെ ഓർക്കുമ്പോൾ, ഒരു പക്കാ ഫ്രോഡ് മാത്രമായി രംഗത്തുള്ള നടന് നിരപരാധിത്തമോ വിശുദ്ധിയോ കൽപിക്കേണ്ട യാതൊരാവശ്യവും നമുക്കാർക്കുമില്ല. ചില നടന്മാർ രംഗത്തുവന്നത് സദുദ്ദേശ്യപരമായി ആവണമെന്നുമില്ല. എന്നു തന്നെയല്ല, ഫ്രോഡിന് കഞ്ഞി വെക്കുന്ന ഗജഫ്രോഡുകളുടെ (പുട്ടുകടയിലെ പറ്റുപടിക്കാർ) സിനിമകൾ മേലിൽ തിയറ്ററിൽ പോയി കാശു കൊടുത്ത് കാണരുത് എന്നാണ് എന്റെ ആഗ്രഹം. ദിലീപ് എന്നെ ഭ്രമിപ്പിച്ച നടനൊന്നുമല്ല. ഒരാവറേജിനപ്പുറം മാർക്ക് ഞാനയാൾക്ക് കൊടുക്കുകയുമില്ല.

പ്രശ്നം, പഴുതടച്ച കുറ്റപത്രം തയ്യാറാക്കാൻ പറ്റാത്ത പൊലീസ് അല്ലേ ഇവിടെ വിമർശിക്കപ്പെടേണ്ടത് എന്നതാണ്. ഊന്നലുകളിലും താരതമ്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും (ഉണ്ടാകാം എന്നല്ല, ഉണ്ട് എന്നു തന്നെയാണ് എന്റെ അഭിപ്രായം, ബിംബങ്ങളും ഉപമകളും പൂർണമായും രാഷ്ട്രീയ നിരപേക്ഷമാണ് എന്ന വാദം ഞാനുനയിക്കുന്നേയില്ല) സെബാസ്റ്റ്യൻ പോൾ ഉന്നയിച്ചതും ഈ പ്രശ്നമാണ്.

കൊലക്കുറ്റത്തിൽ നിന്ന് ഗോവിന്ദച്ചാമിയെ വിമുക്തനാക്കിയപ്പോഴും നമ്മൾ കോടതിയെ വിമർശിച്ചു. പൊലീസും പൊസിക്യൂഷനും സമർപ്പിക്കുന്ന കുറ്റപത്രത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ കോടതിക്ക് വിധി കൽപ്പിക്കാനാവുമായിരുന്നുള്ളൂ.

ഇവിടെയും, ഒരുപക്ഷേ ജാഗ്രതയോടെ നാം കാണേണ്ട കാര്യം ഇതുതന്നെയാണ്. വഴുതിപ്പോകാൻ പറ്റാത്ത കുറ്റപത്രം തയാറാക്കുന്നതിൽ പൊലീസിന് സംഭവിക്കുന്ന വീഴ്ച നമ്മുടെ അവൾക്കൊപ്പം ഹാഷ് ടാഗുകളെ നിർവീര്യമാക്കിക്കളയും. ദിലീപേട്ടൻ പാവാടാ കാമ്പെയിൻ നിന്ദ്യമായ വിജയം നേടുകയും ചെയ്യും. കേരളം ഇന്നുവരെ കണ്ടതിൽ ഏറ്റവും നീചമായ പെണ്ണാക്രമണത്തിലെ കുറ്റക്കാർ മാന്യത നേടി പുറത്തു വരുന്നത് കുറച്ചൊന്നുമല്ല മാനക്കേടുണ്ടാക്കുക. മലയാള സിനിമയിൽത്തന്നെ ഇതിനു മുമ്പും സംശയത്തിന്റെ പഴുതിൽ മാന്യത നേടി പുറത്തു വന്നവർ എല്ലാ ശക്തിപ്രതാപങ്ങളും പിന്നീട് വീണ്ടെടുത്തിട്ടുണ്ടല്ലോ.

പിൻകുറി:
‘അവൾ’ക്കൊപ്പം ബഹുഭൂരിഭാഗവുമുണ്ട്. അവൾക്ക് ശബ്ദവുമുണ്ട്. ശബ്ദം ഉയർത്താൻ അവൾ കാണിച്ച തന്റേടത്തെ നമുക്ക് ശ്ലാഘിക്കാം, ആ ആർജവത്തിന് മുന്നിൽ നമിക്കാം.

എന്നാൽ ശബ്ദം പോലും നിഷേധിക്കപ്പെട്ട് വീട്ടിലെ ഇരുട്ടുമുറ്റയിലും ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ സാമൂഹ്യവിരുദ്ധ സംഘത്തിന്റെ ഏതോ താവളത്തിലും ബന്ധിക്കപ്പെട്ട വേറെയും ‘അവൾമാർ’ കേരളത്തിലുണ്ട്. കേരളത്തിന്റെ രണ്ടറ്റത്തെ രണ്ട് ജില്ലകളിൽ നിന്നുയരുന്ന നിശ്വാസങ്ങൾക്ക് ആത്മാവിനെ കരിച്ചു കളയാൻ പോന്ന ചൂടുണ്ട്. ശബ്ദം തടയപ്പെടുന്നതിനെക്കാൾ വലിയ പീഡനം വേറെയില്ലെന്ന സത്യത്തെ അംഗീകരിക്കാൻ ഇനിയും തയ്യാറായിട്ടില്ലാത്ത ഒരു സമൂഹത്തിന്റെ മനസ്സാക്ഷിയെ അവിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

Be the first to comment on "ദിലീപേട്ടന്‍ പാവാടാ കാമ്പയിനും സെബാസ്റ്റ്യന്‍ പോളിന്റെ ആകുലതകളും"

Leave a comment

Your email address will not be published.


*