കാൻസർ വാർഡിൽ നിന്നൊരു യുദ്ധചിന്ത

ഒപ്പീനിയൻ – നസീൽ വോയിസി 

 

‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകത്തിൽ കാൻസർ എന്ന അസുഖത്തെക്കുറിച്ച് ഇന്നസെന്റ് നടത്തുന്ന, 99 ശതമാനം ശരിയായ ഒരു നിരീക്ഷണമുണ്ട്.
നമ്മളിലേക്ക്, അല്ലെങ്കിൽ പ്രിയപ്പെട്ടവരിലേക്ക് കാൻസറിന്റെ നീരാളിക്കൈകൾ വളരും വരെ ആ രോഗം നമുക്ക് അന്യമായ യാഥാർഥ്യമാണ്. അതുവരെ നമ്മുടെ അപ്പുറത്തും ഇപ്പുറത്തും ഉള്ളവർക്ക് മാത്രം വരുന്ന അസുഖമാണത്. അതിന്റെ വേദനകളോ, അനന്തരഫലങ്ങളോ  എത്ര കേട്ടാലും ഒരു പരിധിക്കപ്പുറം നമ്മെ ബാധിക്കില്ല. പക്ഷേ, അതിന്റെ വിത്തുകൾ നമ്മുടെയോ പ്രിയപ്പെട്ടവരുടെയോ ഞരമ്പുകളിൽ മുളച്ചു തുടങ്ങുന്നതോടെ, അത്രയും കാലം കരുതിവച്ചിരുന്ന സകല ധാരണകളും മനസ്സിലാക്കലുകളും പൊളിഞ്ഞുവീഴുന്നു. ആ വേദനയുടെയും അതിജീവനത്തിന്റെയും പോരാട്ടത്തിൽ നമ്മളും ഭാഗമാവുന്നു. ഞരമ്പുകളിൽ മൂർച്ചമേറിയ സത്യങ്ങൾ ആഴ്ന്നിറങ്ങുന്നു. കൊഴിഞ്ഞുവീണ മുടിയിഴകളെയോ മെല്ലിച്ച ശരീരത്തെയോ…ഒന്നുമോർക്കാതെ നല്ല നാളെക്കായി പ്രാർഥിക്കുന്നു. കാത്തിരിക്കുന്നു.
ശരീരത്തെ കാർന്നു തിന്നുന്ന കാൻസറിനെ കുറിച്ച് ഇന്നസെന്റ് നടത്തിയ നിരീക്ഷണമാണ് യുദ്ധത്തിനും തിരിച്ചടികൾക്കുമായുള്ള മുറവിളികൾ ഓർമപ്പെടുത്തുന്നത്. പരാജയപ്പെടുന്ന സന്ധിസംഭാഷണങ്ങളും നിശ്ചലമായ ഡിപ്ലോമാറ്റിക് നീക്കങ്ങളും ആയുധങ്ങളുടെ കണക്കെടുപ്പും വിരൽ ചൂണ്ടുന്നത് ആ പേടിപ്പെടുത്തുന്ന അവസാനത്തിലേക്കാണ്.

ഇന്നലെ വരെ സിറിയയുടെയും ഇറാഖിന്റെയും ഗാസയുടെയും അതിർത്തികളിൽ കണ്ട, വിയറ്റ്നാമും ജപ്പാനും ഓർമപ്പെടുത്തിയിരുന്ന കാഴ്ചകൾ നമുക്കിടയിലേക്ക് വളരുന്ന ദിവസത്തെ കുറിച്ചുള്ള സൂചനകളാണ് ഓരോ റിപ്പോർട്ടുകളിലും. അതിനുള്ള ആഹ്വാനങ്ങളും ആവേശപ്പറച്ചിലുകളുമാണ് ചുമരുകളിൽ നിറയെ. മരിച്ചുവീണ പട്ടാളക്കാരെയും നിരപരാധികളായ കശ്മീരികളെയും ഓർക്കുമ്പോൾ തന്നെ ഇടറുന്ന സ്വരങ്ങൾക്ക്, മരണത്തിന്റെ ഗുണിതങ്ങൾ രേഖപ്പെടുത്തേണ്ടി വരുന്ന ദിവസം, അതൊരു പേടി തന്നെയാണ്.
നമ്മുടെ രാജ്യം അങ്ങനെയൊരു അവസ്ഥയിലെത്തിയാൽ (ഒരിക്കലും എത്താതിരിക്കട്ടെ) പകരം വീട്ടലിന്റെ, തിരിച്ചടിയുടെ,പാഠം പഠിപ്പിക്കലിന്റെ ആവേശമൊന്നുമാവില്ല  ബാക്കിയാവുന്നത്. പകരം എണ്ണിത്തീരാത്ത മൃതദേഹങ്ങളുടെയും പൊലിഞ്ഞുവീണ സ്വപ്നങ്ങളുടെയും മരവിപ്പാകും. തീർച്ച.
കാൻസർ വാർഡിൽ ഇന്നസെന്റ് പറഞ്ഞ പോലെ, മരണത്തിന്റെ മണമുള്ള ചീളുകൾ നമ്മുടെയോ, നമുക്ക് വേണ്ടപ്പെട്ടവരുടെയോ ഞരമ്പുകളിലേക്ക് തറക്കും വരെ, അത് നമുക്കന്യമായ, മറ്റാർക്കോ മാത്രം സംഭവിക്കുന്ന കാര്യമാണല്ലോ…

Be the first to comment on "കാൻസർ വാർഡിൽ നിന്നൊരു യുദ്ധചിന്ത"

Leave a comment

Your email address will not be published.


*