ജാസി ഗിഫ്റ്റ്; ബഹുജനസംഗീതത്തിൻ്റെ മലയാളി ഐക്കൺ: കെകെ ബാബുരാജ്

സൂപ്പർ ഹിറ്റ് ഗാനമായ ‘ഫോർ ദി പീപ്പിൾ’ ചിത്രത്തിലെ ‘ലജ്ജാവതിയേ’ എന്ന ഗാനം പിറന്നിട്ട് പതിനഞ്ച് വർഷം തികയുന്നു. ഗാനത്തെക്കുറിച്ചും ഗായകനും സംഗീത സംവിധയകനുമായ ജാസി ഗിഫ്റ്റിനെക്കുറിച്ച് എഴുത്തുകാരനും ചിന്തകനുമായ കെകെ ബാബുരാജ് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്

ജാസി ഗിഫ്റ്റിന്റെ ” ലജ്ജാവതിയേ ” എന്ന ഗാനം ആദ്യം കേൾക്കുന്നത് എറണാകുളത്തെ ഒരു ഹോട്ടലിൽ ജാൻസിയുമായി ചായ കുടിക്കുമ്പോളാണ്. കുറച്ചു ഭാഗങ്ങളാണ് കേട്ടതെങ്കിലും, മലയാളികളുടെ സംഗീതബോധത്തെ പരിഹാസത്തോടെ കാണുന്ന ചെറുപ്പക്കാരിൽ ആരെങ്കിലും ആയിരിക്കും ആ പാട്ടു രൂപപ്പെടുത്തിയതെന്നു അവളോട് പറയുകയും ചെയ്‌തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ടി വി യിൽ അതൊരു തരംഗമായി മാറിയപ്പോഴാണ് കൂടുതൽ ശ്രദ്ധിക്കുകയും ആവേശത്തോടെ ഉൾക്കൊള്ളുകയും ചെയ്‌തത്‌. മലയാളികളുടെ ഗൃഹാതുര സംഗീത ബോധത്തെ പൊളിക്കുന്ന കീഴാള സംഗീതമാണ് അതെന്നു വിലയിരുത്തിക്കൊണ്ടു’ മാതൃഭൂമിയിൽ’ ആദ്യമായി ഒരുകുറിപ്പ് പ്രസിദ്ധീകരിച്ചത് കെ കെ കൊച്ചാണ്. വ്യത്യസ്തമായ ഒരു പുരുഷ സ്വരം എന്നു ബാലചന്ദ്രൻ ചുള്ളിക്കാടും അഭിപ്രായപ്പെട്ടു. ( എ എസ്‌ അജിത്കുമാറിൻ്റെയും കെ എസ് സുദീപിൻ്റെയും ലേഖനങ്ങൾ വായിച്ചത് പിന്നീടാണ്). കീഴാളരുടെ തനതു സംഗീത പാരമ്പര്യത്തെ അവമിക്കുന്നു എന്ന പേരിൽ ഒട്ടേറെ പ്രമുഖർ കെ കെ കൊച്ചിനോട് പ്രതികരിച്ചു.

ജാസി ഗിഫ്റ്റിൻ്റെ സംഗീതത്തിനു മേലുണ്ടായ എതിർപ്പുകൾക്ക് തുല്യമായ മറ്റൊന്ന് സമീപകാല സാംസ്‌കാരിക ചരിത്രത്തിൽ നടന്നിട്ടില്ലെന്ന് തോന്നുന്നു.

മുഖ്യധാരയിലൂടെ ഏറെക്കുറെ അമ്പതോളം എതിർ ലേഖനങ്ങളാണ് വന്നത്. ഇവയിൽ രവിമേനോൻ, എം എം കാരശ്ശേരി, കൽപ്പറ്റ നാരായണൻ അടക്കമുള്ളവരുടെ വിമർശനങ്ങൾക്കപ്പുറം കെ മുകുന്ദനുണ്ണി മാതൃഭൂമിയിൽ എഴുതിയതാണ് പ്രധാനമായി തോന്നിയത്. അഡോണയും മറ്റും മുന്നോട്ടുവെച്ച നവമാർക്സിസ്റ് വിലയിരുത്തലുകളുടെ ചുവടുപിടിച്ചു’ പ്രതിസംഗീതം’ എന്നൊരു കാറ്റഗറി നിർമിച്ചുകൊണ്ട് ജാസിഗിഫ്റ്റിൻ്റെ സംഗീതത്തെ ലഘൂകരിക്കുന്നതായിരുന്നു ആ ലേഖനം. അതിനെയും മറ്റുവിമർശനങ്ങളെയും പരിഗണിച്ചു അക്കാലത്തു ഞാൻ ഒരു പ്രതിവായന നടത്തുകയുണ്ടായി.

ഒട്ടേറെ ബൈനറികൾക്കുള്ളിൽ അപ്രധാനപ്പെടുകയോ അസന്നിഹിതമാവുകയോ ചെയ്ത പോപ്പുലർ / ജനപ്രിയ സംഗീതത്തിന് പുതിയൊരു വഴിത്തിരിവാണ് ജാസിഗിഫ്റ് ഉണ്ടാക്കിയതെന്നാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. വരേണ്യ വിലക്കുകൾ വകവെക്കാതെ കലർപ്പുകൾ ഉള്ളടങ്ങുന്ന പോപ്പുലർ സംഗീതം, ജനപ്രിയ സിനിമകൾ, ഫാഷൻ, ഒച്ച സാങ്കേതിക വിദ്യ മുതലായ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിലൂടെ പുതിയ സാംസ്‌കാരിക വിനിമയങ്ങളുടെ ഭാഗമാവുക മാത്രമല്ല, മൂലധന കേന്ദ്രീകരണങ്ങളെ അഭിമുഖീകരിക്കാനും കീഴാളരായ പൊതുവ്യക്തിത്വങ്ങൾക്കു കഴിയുമെന്നും സൂചിപ്പിച്ചിരുന്നു.

പ്രസിദ്ധീകരിക്കില്ലെന്ന് വിചാരിച്ചുകൊണ്ടു ‘മറ്റൊരുജീവിതം സാധ്യമാണ് ‘ എന്ന പേരിൽ മാതൃഭൂമിക്ക് അയച്ച ആ ലേഖനം പിറ്റേ ലക്കം കവർസ്റ്റോറിയാക്കി കമൽ റാം സജീവ് അതിശയിപ്പിച്ചു. വിമർശനങ്ങൾ മൂലം വല്ലാതെ തകർന്നുപോയിരുന്ന ജാസിഗിഫ്റ്റും അദ്ദേഹത്തിൻ്റെ പിതാവും ആ ലേഖനം വായിച്ചു എന്നെ വിളിച്ചു ആശ്വാസം അറിയിച്ചു. തുടർന്ന് എം ബി മനോജ്, എ കെ വാസു മുതലായവരുടെ നേതൃത്വത്തിൽ ദലിത് വിദ്യാർത്ഥി പ്രസ്ഥാനം ജാസിഗിഫ്റ്റിനെ ആദരിച്ചുകൊണ്ടു കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഒരു പരിപാടി സംഘടിപ്പിച്ചു.

ജാസിഗിഫ്റ്റിൻ്റെ സംഗീതത്തിന് ആറുമാസമേ നിലനിൽപ്പുള്ളൂ എന്നാണ് കാരശ്ശേരി മാഷ് അന്നുപറഞ്ഞത്. ആറുദിവസമോ ആറുമണിക്കൂറോ ആണെങ്കിൽ പോലും കേരളത്തിലെ ബഹുജന സംഗീതത്തിൽ അതൊരു വേറിട്ട ചരിത്രമായി നിലനിൽക്കും എന്നു ഞാൻ അദ്ദേഹത്തിനു മറുപടിയും കൊടുത്തു. പതിനഞ്ചു വർഷങ്ങൾക്കു ശേഷവും ആ പാട്ടുകളെ കേരളത്തിലെ ബഹുജന/ യുവജന ഐക്കണുകളിൽ ഒന്നായി പലരും കാണുന്നതിൽ അതിശയമില്ല.

Be the first to comment on "ജാസി ഗിഫ്റ്റ്; ബഹുജനസംഗീതത്തിൻ്റെ മലയാളി ഐക്കൺ: കെകെ ബാബുരാജ്"

Leave a comment

Your email address will not be published.


*