കനയ്യ കുമാർ: ബെഗുസരായിയിലെ പുരോഗമന ബ്രാഹ്‌മണൻ

ദിലീപ് മണ്ഡൽ

മാർക്സിസ്റ്റ് നിഘണ്ടുവിൽ ബീഹാറിലെ ലെനിൻഗ്രാഡ് എന്നാണ് ബെഗുസരായ് അറിയപ്പെടുന്നത്. അതിനാൽ തന്നെ സി.പി.ഐ (കമ്മ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യ )യുടെ യുവനേതാവായ കനയ്യ കുമാർ ഈ ലോക്‌സഭ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചത് തികച്ചും സ്വാഭാവികമാണ്. എന്നാൽ ഈ തീരുമാനം ബെഗുസരായ് മണ്ഡലത്തെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല . കനയ്യ കുമാറിൻ്റെ ജാതിക്കാരും ബീഹാറിലെ പ്രധാന ഭൂവുടമകളുമായ ഭൂമിഹാറുകളാണ് ബെഗുസരായ് രാഷ്ട്രീയത്തിൽ എക്കാലവും ആധിപത്യം പുലർത്തിയിട്ടുള്ളത്. രസകരമായ കാര്യം ഭൂമിഹാർ വിഭാഗത്തിൽപെട്ട കേന്ദ്രമന്ത്രി ഗിരിരാജ് സിങിനോട് ബിജെപി ഇതേ മണ്ഡലത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു എന്നതാണ്. നിരന്തര ചർച്ചകൾക്കൊടുവിൽ പാർട്ടി പ്രസിഡന്റ് അമിത് ഷാ അദ്ദേഹത്തോട് ബെഗുസരായിയിൽ തുടരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

ബെഗുസരായ് സീറ്റിൽ വീണ്ടും ഒരു ഭൂമിഹാർ ജാതിക്കാരൻ ജയിച്ചുവരുന്ന പക്ഷം അത് ബെഗുസരായ് രാഷ്ട്രീയത്തിൻ്റെ സ്വാഭാവികമായ തുടർച്ച മാത്രമായിരിക്കും. ജയിക്കുന്നത് കനയ്യ കുമാറാണെങ്കിലും ഒരേയൊരു മാറ്റം എന്ന് പറയുന്നത് അൽപം പുരോഗമന രാഷ്ട്രീയം പറയുന്ന, ജയ് ഭീം ലാൽ സലാം എന്ന് ഒറ്റശ്വാസത്തിൽ പറയുന്ന മറ്റൊരു ഭൂമിഹാർ ഈ സീറ്റിൽ വിജയിച്ചു എന്നത് മാത്രമായിരിക്കും.

ബീഹാറിൻ്റെ ലെനിൻഗ്രാഡ്

ഒരു സോഷ്യലിസ്റ് തൊഴിലാളി വർഗ വിപ്ലവത്തിനും സാക്ഷ്യം വഹിച്ച മണ്ഡലമല്ല ബെഗുസരായ്. അങ്ങനെയൊരു വിപ്ലവം അവിടെ സംഭവിക്കാനുള്ള വിദൂര സാധ്യതയുമില്ല. നക്‌സൽ ബാരി കാലഘട്ടത്തിൽ പോലും രാജ്യത്ത് ഒന്നും സംഭവിക്കാത്ത വിധം ശാന്തമായിരുന്നു ബെഗുസരായ്. സമീപ ജില്ലയായ മുസഫർപൂരിലെ മുസാഹാരിയിലും മധ്യ ബീഹാറിലും നക്‌സലൈറ്റുകൾ കർഷകരെ സംഘടിപ്പിക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിലും ബെഗുസരായ് സമാധാനപൂർണ്ണമായിരുന്നു.

പിന്നെ എന്തുകൊണ്ടാവാം ബെഗുസരായ് ബീഹാറിലെ ലെനിൻഗ്രാഡ് എന്നറിയപ്പെടുന്നത്? ബീഹാറിൽ സിപിഐക്ക് ഇപ്പോഴും സ്വാധീനമുള്ള അപൂർവം സ്ഥലങ്ങളിലൊന്നാണ് ബെഗുസരായ്.കൂടാതെ മണ്ഡലത്തിലെ ചില നിയമസഭാ സീറ്റുകളിൽ ജയിക്കാനും സിപിഐക്ക് സാധിച്ചിരുന്നു. ഇതുവരെ ബെഗുസരായി ലോക്‌സഭ സീറ്റിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും ബീഹാറിൽ മറ്റെവിടെയും അത്രപോലും വിജയസാധ്യത ഇല്ലാത്തത് സിപിഐക്ക് ബെഗുസരായ് മണ്ഡലത്തോട് ഇഷ്ടം കൂടാനുള്ള ഒരു കാരണമാണ്.

കനയ്യ കുമാർ ഇത്തവണ ബെഗുസരായ് മണ്ഡലത്തിൽ ജയിക്കുകയാണെങ്കിൽ സിപിഐയെ സംബന്ധിച്ചിടത്തോളം അത് ഈ തരത്തിലുള്ള ആദ്യത്തെ വിജയമായിരിക്കും. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയായിരുന്ന രാജേന്ദ്ര പ്രസാദ് സിംഗ് 17 .8 ശതമാനം വോട്ടു നേടി ബിജെപിക്കും ആർജെഡിക്കും പിന്നിൽ മൂന്നാമതായിരുന്നു.ആ അർത്ഥത്തിൽ കനയ്യ കുമാറിൻ്റെ വിജയം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യത്തിൽ വലിയ മാറ്റമുണ്ടാക്കും. എന്നാൽ അത് ഭൂതകാലത്തിൽ നിന്നുള്ള ഒരു മാറ്റമായി വ്യാഖ്യാനിക്കാൻ കഴിയില്ല.

ബെഗുസരായ് അഥവാ ഭൂമിഹാർ കോട്ട

രാഷ്ട്രീയ പാർട്ടികൾ ഏതുമാകട്ടെ ഭൂമിഹാർ ബ്രാഹ്മണർ എന്നും വിജയിച്ചു വന്നിട്ടുള്ള ഒരു സീറ്റാണ് ബെഗുസരായ് ലോക്‌സഭ സീറ്റ്. 2009 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു മുസ്‌ലിം സ്ഥാനാർഥി ജയിച്ചതാണ് ഇതിനൊരപവാദം. 2014 ൽ ഭൂമിഹാർ ജാതിക്കാരനായ ഭോല സിങ്ങാണ് ബിജെപി ടിക്കറ്റിൽ ബെഗുസരായിയിൽ നിന്നും ജയിച്ചുകയറിയത്. തൻ്റെ രാഷ്ട്രീയ ജീവിതം സിപിഐയിൽ തുടങ്ങിയ ഭോല സിംഗ് തുടർന്ന് കോൺഗ്രസ്, ആർജെഡി, ജനതാദൾ തുടങ്ങിയ പാർട്ടികളിൽ പ്രവർത്തിച്ച ശേഷം അവസാനം ബിജെപിയിൽ എത്തുകയായിരുന്നു.രാഷ്ട്രീയം മാറിക്കൊണ്ടിരുന്നെങ്കിലും അദ്ദേഹത്തിൻ്റെ ജാതി ആനുകൂല്യം അദ്ദേഹത്തിനനുഗ്രഹമായി .

ബെഗുസരായ് ഒരിക്കലും ഒരു കമ്മ്യൂണിസ്റ് കോട്ട ആയിരുന്നില്ല . എന്നാൽ അത് എക്കാലത്തും ഭൂമിഹാർ ബ്രാഹ്മണരുടെ ശക്തികേന്ദ്രമായിരുന്നു. സിപിഐ ബീഹാർ യൂണിറ്റിൻ്റെ നേതൃത്വം എന്നും ഭൂമിഹാറുകളുടെ കയ്യിലായിരുന്നു. തങ്ങളുടെ ആധിപത്യം അവർ ഇടത് ആധിപത്യമാക്കി മനസ്സിലാക്കി. സിപിഐ ബീഹാറിൽ ഒരുകാലത്തും നിർണായകമായ ഒരു ശക്തിയായിരുന്നില്ല. ബീഹാറിൻ്റെ ചരിത്രത്തിൽ രാഷ്ട്രീയമായതോ സാമൂഹികമായതോ ആയ യാതൊരു മാറ്റങ്ങൾക്കും തുടക്കം കുറിക്കാൻ അതിനാൽ തന്നെ അവർക്ക് സാധിച്ചിട്ടില്ല.

ഭൂമിഹാർ ബ്രാഹ്മണനായ സഹജാനന്ദ് സരസ്വതിയാണ് 1936 ൽ ഓൾ ഇന്ത്യ കിസാൻ സഭ (AIKS ) സ്ഥാപിക്കുകയും സ്വന്തം ജാതിക്കാരെ ഭൂഅവകാശങ്ങൾ ഉന്നയിക്കുന്നതിനു വേണ്ടി സംഘടിപ്പിക്കുകയും ചെയ്‍തത്. കിസാൻ സഭ പിൽക്കാലത്ത് സിപിഐയുടെ മുൻനിര സംഘടനയായി രൂപാന്തരം പ്രാപിച്ചു. ബീഹാറിലെ സിപിഐയിൽ ഭൂമിഹാർ ബ്രാഹ്മണർക്കുള്ള മേധാവിത്വത്തിൻ്റെ തുടക്കം ഇങ്ങനെയായിരുന്നു.

ബീഹാറിൽ ദളിതരെയും , ഭൂരഹിത കർഷകരെയും ദലിതരെയും ഒബിസി വിഭാഗങ്ങളെയും അടിച്ചമർത്തുന്നതിൽ പ്രധാനപങ്ക് വഹിച്ചത് ഭൂമിഹാറുകളായിരുന്നു . ബീഹാറിലെ ദലിത് കൂട്ടക്കൊലകൾ നടത്തി കുപ്രസിദ്ധരായ രൺവീർസേന, 1990 കളിൽ ഭൂമിഹാർ ഭൂവുടമകൾ ബ്രഹ്മേശ്വർ സിംഗ് എന്ന കുറ്റവാളിയുടെ നേതൃത്വത്തിൽ രൂപീകരിച്ചതാണ്. വർഷങ്ങളോളം ജയിൽവാസമനുഭവിച്ച ബ്രഹ്മേഷ്വർ സിങിനെ ജയിൽ വാസത്തിനു ശേഷം അജ്ഞാതർ വെടിവെച്ചു കൊല്ലുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് ഭൂമിഹാറുകൾ ബീഹാർ തലസ്ഥാനമായ പാറ്റ്നയിൽ അന്നോളം കണ്ടിട്ടില്ലാത്ത തരത്തിൽ വ്യാപക പ്രതിഷേധം നടത്തുകയും ബസുകളും വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയാക്കുകയും നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തു. ഇന്നും ബ്രഹ്മേശ്വർ സിങ് മരിച്ച ദിവസം വിവിധ ഭൂമിഹാർ സംഘടനകൾ രക്തസാക്ഷി ദിനമായി ആചരിച്ചു വരുന്നുണ്ട്.

ഭൂരഹിതരായ കർഷകരെ അണികളായി സംഘടിപ്പിക്കുന്നതിലും എന്നാൽ ഭൂമിഹാറുകൾ അടക്കമുള്ള സവർണ ജാതികൾക്ക് പാർട്ടി നേതൃത്വത്തിൽ വ്യക്തമായ മേധാവിത്വം നൽകുകയും ചെയ്യുന്നതിൽ യാതൊരു വൈരുധ്യവും സിപിഐ കാണുന്നില്ല. ഈയൊരു പശ്ചാത്തലത്തിൽ പാർട്ടി നേതൃസ്ഥാനങ്ങൾ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം നൽകുകയും അതേസമയം പാവങ്ങളുടെ പാർട്ടിയെന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുന്നതിലൂടെ സിപിഐ സ്വയം പരിഹാസ്യരാവുകയാണ്.

മുകളിൽ സൂചിപ്പിച്ച ഭൂമിഹാർ ജാതിയിൽ പെട്ട ആളാണ് കനയ്യ കുമാർ. തനിക്ക് ജാതിയില്ലെന്നു അദ്ദേഹം അവകാശപ്പെട്ടേക്കാം. എന്നാൽ ജാതി അതിൽ അന്തർലീനമാണ്. തങ്ങളിൽ ഒരാളായാണ് ഭൂമിഹാറുകൾ കനയ്യകുമാറിനെ കാണുന്നത്. ജാതി മുക്തരാവുക എന്നത് സവർണർക്ക് മാത്രം സാധിക്കുന്ന ഒരു ആനുകൂല്യമാണ്. അവർ ഒരിക്കലും ജാതി വ്യവസ്ഥയുടെ ഇരകൾ അല്ലെന്നതും അവരുടെ സാമൂഹിക മൂലധനവുമാണ് അങ്ങനെ അവകാശപ്പെടാൻ അവരെ പ്രാപ്തരാക്കുന്നത്. അവർക്കു തങ്ങളുടെ ജാതിയെ അവഗണിക്കാം. ഒരിക്കൽ ജാതിയുടെ ആനുകൂല്യം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടോ എന്ന് ഒരു ബിബിസി ജേണലിസ്റ് കനയ്യ കുമാറിനോട് ചോദിച്ചപ്പോൾ അതേ ചോദ്യം ഉയർന്ന ജാതിയിൽ പെട്ട ആ ജേണലിസ്റ്റിനോട് തിരിച്ചു ചോദിക്കുകയാണ് കനയ്യ കുമാർ ചെയ്‌തത്‌. തുടർന്ന് രണ്ടു പേരും അതിനെ ചിരിച്ചു തള്ളുകയും ചെയ്‌തു.

ഇത് നമ്മെ ഓർമിപ്പിക്കുന്നത് അംബേദ്‌കർ ഒരിക്കൽ പറഞ്ഞ ഒരു കാര്യമാണ്. “മതേതരനായ ബ്രാഹ്മണനും പുരോഹിതനായ ബ്രാഹ്മണനും ഉണ്ടെന്നു നിങ്ങൾക്ക് വേണമെങ്കിൽ വാദിക്കാം. പുരോഹിതൻ ജാതിയെ പൊട്ടിച്ചെറിയാൻ ശ്രമിച്ചില്ലെങ്കിലും മതേതരനായ ബ്രാഹ്മണൻ അതിനു മുൻകൈ എടുത്തേക്കാം. ഇതൊക്കെ നമുക്ക് ശരിയെന്നു തോന്നിയേക്കാവുന്ന കാര്യങ്ങളാണ്. ഇതിൽ നമ്മളൊക്കെ വിസ്മരിക്കുന്ന ഒരു കാര്യം ജാതി വ്യവസ്ഥയുടെ തകർച്ച പ്രതികൂലമായി ബാധിക്കുന്ന ഒരു വിഭാഗമാണ് ബ്രാഹ്മണർ എന്നതാണ്. ഇക്കാര്യം പരിഗണിക്കുമ്പോൾ ബ്രാഹ്മണ മേധാവിത്വത്തിൻ്റെ തകർച്ചക്ക് കാരണമായേക്കാവുന്ന ഒരു മുന്നേറ്റത്തിന് നേതൃത്വം നൽകാൻ ബ്രാഹ്മണർ തന്നെ തയ്യാറാവുമെന്നു വിശ്വസിക്കുന്നത് യുക്തിസഹമാണോ?. പുരോഹിതന്മാരായ ബ്രാഹ്‌മണർക്കെതിരെ തിരിയാൻ മതേതര ബ്രാഹ്മണർ തയ്യാറാവുമോ? എൻ്റെ യുക്തിയിൽ മതേതര ബ്രാഹ്മണൻ, പുരോഹിത ബ്രാഹ്മണൻ എന്ന വ്യതിരിക്തത അസംബന്ധമാണ്. അവർ തമ്മിൽ സ്നേഹിതരും സുഹൃത്തുക്കളുമാണ്. ഒരേ ശരീരത്തിൻ്റെ രണ്ടു കരങ്ങളെ പോലെ നിലനിൽപിന് വേണ്ടി പരസ്‌പരം സഹായിക്കുന്നവരാണ് ഇരുവരും.”

തൻ്റെ പാർട്ടിയായ എ.ഐ.എസ്.എഫ് ഒരു നിർണായക ശക്തി അല്ലാതിരുന്നിട്ടും ജെ എൻ യു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് വിജയിക്കാൻ കനയ്യ കുമാറിന് കഴിഞ്ഞിരുന്നു. ബെഗുസരായിയിലെ ഭൂമിഹാർ കോട്ടയിൽ അതിലും മികച്ച ഒരവസരമാണ് കനയ്യകുമാറിനെ കാത്തിരിക്കുന്നത്.

ദി പ്രിന്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ പരിഭാഷ. ദൽഹി സർവകലാശാല ചരിത്രവിദ്യാർത്ഥി മുഹമ്മദ് ഹിഷാമാണ് പരിഭാഷകൻ.

Be the first to comment on "കനയ്യ കുമാർ: ബെഗുസരായിയിലെ പുരോഗമന ബ്രാഹ്‌മണൻ"

Leave a comment

Your email address will not be published.


*