നിങ്ങളെന്തുകൊണ്ടാണ് കാശ്‌മീരിനെക്കുറിച്ച് സംസാരിക്കാത്തത്?

സംറീൻ മുഷ്‌താഖ്‌ & മുദ്ദസിർ അമീൻ

ഇന്ത്യ പാക് യുദ്ധത്തെക്കുറിച്ചുള്ള എല്ലാ വർത്തമാനങ്ങൾക്കിടയിലും, സംഘർഷാവസ്ഥ ഏറ്റവും രൂക്ഷമായ സ്ഥലത്തെ പ്രശ്‌നങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

“ഇവിടെ നടക്കുന്ന സംഘർഷത്തെപ്പറ്റി എന്താണവർ പറയുന്നത്?” “ഒരു യുദ്ധം ഇവിടെ നടക്കുമെന്ന് തോന്നുന്നുണ്ടോ?”. ദിവസങ്ങൾ ആയി കാശ്‌മീരിലുള്ള ഞങ്ങളോട് കുടുംബങ്ങൾ ഇതാണ് ചോദിക്കുന്നത്. ഡൽഹിയിലുള്ള ഞങ്ങൾക്ക് എന്തെങ്കിലും ഉത്തരം തരാൻ കഴിയും എന്നാണവർ പ്രതീക്ഷിക്കുന്നത്.

കാശ്‌മീരിലെ പുൽവാമ ജില്ലയിൽ ചാവേർ ആക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട അന്ന്, ഫെബ്രുവരി 14നു അനിശ്ചിതത്വവും ഭയവും ഞങ്ങളുടെ പ്രദേശത്തെ കീഴടക്കിയതാണ്.അതിനു വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ രാജ്യദ്രോഹികൾ ആയി മുദ്ര കുത്തപ്പെടുകയും ഇന്ത്യൻ നഗരങ്ങളിലുടനീളം ആക്രമിക്കപ്പെടുകയും ചെയ്‌തു. ഇന്ത്യൻ മാധ്യമങ്ങളും രാഷ്ട്രീയ മേധാവികളും “തിരിച്ചടി”ക്ക് വേണ്ടി മുറയിടുകയും യുദ്ധത്തിന് വേണ്ടി ചെണ്ട കൊട്ടാൻ തുടങ്ങുകയും ചെയ്‌തു.

കാശ്‌മീരിൽ ഇന്ത്യൻ ഗവൺമെന്റ് നിരോധാജ്ഞ ഏർപ്പെടുത്തുകയും ഇന്റർനെറ്റിൻ്റെ വേഗത കുറക്കുകയും കൂടുതൽ പട്ടാളക്കാരെ വിന്യസിക്കുകയും ചെയ്‌തു. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും രാത്രി മുഴുവൻ റെയ്‌ഡ്‌ നടത്തുകയും രാഷ്ട്രീയ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്യാനും തുടങ്ങി. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു.

അതേ സമയം പാക്കിസ്ഥാൻ്റെ പ്രതികരണത്തിന് വഴി വെക്കുന്ന തരത്തിലുള്ള മുന്നറിയിപ്പുകളും റെയ്‌ഡുകളും ഇന്ത്യൻ സൈന്യം നിരന്തരം നൽകിക്കൊണ്ടേയിരുന്നു. ഇന്ത്യയെയും പാക്കിസ്ഥാനെയും വേർതിരിക്കുന്ന ലൈൻ ഓഫ് കൺട്രോളിലൂടെ(LoC) ഭീകരമായ ഷെല്ലാക്രമണം കാശ്‌മീരിൽ ആരംഭിച്ചു.

അനേകം കാശ്‌മീരികൾ ഇതിനോടകം നിർബന്ധിത പലായനം ചെയ്യുവാൻ വിധിക്കപ്പെട്ടിരിക്കുന്നു . മറ്റനേകം പേർ അക്രമതീവ്രത പേടിച്ച് ഭക്ഷണസാമഗ്രികളും അവശ്യസാധനങ്ങളും കരുതി വെക്കാൻ തുടങ്ങിയിരിക്കുന്നു. നിരന്തരമായി ആകാശത്ത് വലം വെച്ചുകൊണ്ടിരിക്കുന്ന ഫൈറ്റർ ജെറ്റുകൾ അക്രമിക്കില്ലെന്ന പ്രതീക്ഷയിൽ ആശുപത്രികളുടെ മേൽക്കൂരകളിൽ വലിയ ചുവന്ന കുരിശുകൾ പെയിന്റ്‌ ചെയ്‌തുവെച്ചിരിക്കുന്നു.

തങ്ങളുടെ ജീവനും ശരീരവും വീടുകളും ഓർമ്മകളും അക്രമണവിധേയമാക്കപ്പെടുന്ന തരത്തിലുള്ള അഗ്നിപരീക്ഷകളിലൂടെ പതിറ്റാണ്ടുകളായി കടന്നുപോയിക്കൊണ്ടിരിക്കുന്ന കാശ്‌മീരി ജനത ഇപ്പോൾ പൂർണ്ണമായും ഒരു യുദ്ധത്തിനുള്ള സാധ്യതയെ മുന്നിൽ കാണുകയാണ്. ആശ്വാസജനകമായ വാക്കുകൾ കേൾക്കാൻ വേണ്ടി മാത്രം മൈലുകൾ അകലെ നിന്ന് കുടുംബങ്ങൾ ഞങ്ങളെ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നു. രാത്രിയിൽ ആകാശത്തിലൂടെ പറന്നു പോകുന്ന ജെറ്റ് വിമാനങ്ങൾ എണ്ണിക്കൊണ്ട് നേരം വെളുപ്പിക്കുന്ന അവസ്ഥയെക്കുറിച്ച് അവർ ഞങ്ങൾക്ക് വിവരിച്ചു തരുന്നു.

എല്ലാ ദിവസവും വീട്ടിലേക്ക് തിരിച്ചു പോയി പ്രിയപ്പെട്ടവർക്ക് ഒപ്പം യുദ്ധത്തെ ഒരുമിച്ച് അഭിമുഖീകരിച്ചാലോ എന്ന് പോലും ഞങ്ങൾ ആലോചിച്ചു പോവുകയാണ്.

അതേസമയം, ഇന്ത്യ-പാക് “സംഘഷം”, “പ്രക്ഷോഭം” “വരാനിരിക്കുന്ന യുദ്ധം” എന്നിവയെക്കുറിച്ചുള്ള വാർത്തകൾ പ്രാദേശിക,അന്താരാഷ്ട്ര മാധ്യമങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. വാർത്ത പ്രക്ഷേപണങ്ങൾ ഇന്ത്യയിലെയും പാകിസ്ഥാനിലെയും സൈനിക നടപടികളുടെയും, അക്രമണങ്ങളുടെയും പ്രതിരോധങ്ങളുടെയും,വാദങ്ങളുടെയും പ്രതിവാദങ്ങളുടെയും എല്ലാ വിശദാംശങ്ങളും പിന്തുടര്‍ന്നിട്ടുണ്ട്. എല്ലാ ലേഖകരും ഓരോ പുതിയ സംഭവവികാസങ്ങളും പ്രസ്‌താവനകളും രേഖപ്പെടുത്തി വെക്കുന്നു.
യുദ്ധത്തിൻറെ ശേഷി മുതൽ സൈനികഘടന വരെ,ആയുധങ്ങൾ, സൈനികതന്ത്രങ്ങൾ മുതൽ റിയാക്ടറുകൾ വരെ കലാപത്തിന്റെ എല്ലാ വശങ്ങളും വിദഗ്ധര്‍ കീറിമുറിച്ച് പരിശോധിച്ചിരിക്കുന്നു.

എന്നാൽ, യുദ്ധത്തെയും കലാപത്തെയും കുറിച്ചുള്ള എല്ലാ ബഹളങ്ങൾക്കിടയിലും ഒരു ലളിതമായ സത്യം അവശേഷിക്കുന്നുണ്ട്, ഇതെല്ലാം നടമാടുന്നത് കാശ്‌മീരിൽ ആണ്. ഇന്ത്യ-പാക് പ്രശ്‌നങ്ങളുടെ ഉറവിടം കാശ്‌മീർ ആണെന്നിരിക്കെ കാശ്‌മീരിലെ പ്രശ്‌നങ്ങളും കാശ്‌മീരി ജനതയുടെ ദുരവസ്ഥയും എങ്ങനെയോ അപ്രസക്തം ആയിത്തീരുന്നു.

ഇന്ത്യാ-പാക് ശത്രുതയുടെ ചരിത്രത്തെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ ചർച്ച ചെയ്യുമ്പോഴും, കാശ്‌മീരി ജനതയാണ് ഇതിന്റെയെല്ലാം കഷ്ടപ്പാടുകൾ അനുഭവിക്കുന്നത് എന്ന യാഥാർഥ്യത്തെ അംഗീകരിക്കുന്നതിൽ അവർ പരാജയപ്പെടുന്നു. ഇന്ത്യൻ മാധ്യമങ്ങൾ “ഭീകരത”യെക്കുറിച്ച് സംസാരിക്കുമ്പോൾ കാശ്‌മീർ ലോകത്തിലെ ഏറ്റവും കൂടുതൽ സൈനികവത്കരിക്കപ്പെട്ട മേഖലകളിൽ ഒന്നാണ് എന്ന വസ്‌തുത ചൂണ്ടിക്കാണിക്കപ്പെടാതെ പോവുന്നു.

ഇന്ത്യൻ സൈനികനെ ബന്ധനസ്ഥനാക്കിയ നടപടിയിൽ പാക്കിസ്ഥാനോട് ജനീവ കൺവെൻഷൻ പിന്താങ്ങുവാൻ ഇന്ത്യയിലെ ഔദ്യോഗികരംഗത്തെ പ്രമുഖരും രാഷ്ട്രീയനേതാക്കളും ആഹ്വാനം ചെയ്‌തത്‌ വളരെയധികം വിരോധാഭാസകരം ആയിരുന്നു. കാശ്‌മീരിൽ ജനീവ കൺവെൻഷൻ മാത്രമല്ല, നിരവധി അന്താരാഷ്ട്ര നിയമങ്ങൾ കൂടി പ്രായോഗികമാക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. കാശ്‌മീരിലെ സ്വയം നിർണായവകാശം സംബന്ധിച്ച് ഒരു ജനഹിത പരിശോധന നടത്താൻ ഐക്യരാഷ്ട്രസഭ പ്രമേയം നടപ്പാക്കേണ്ടതായിരിക്കെ, ഇപ്പോഴും രാഷ്ട്രീയകുറ്റങ്ങളുടെ പേരിൽ ഒരുപാട് പേർ കാശ്‌മീരിൽ ജയിലിലടക്കപ്പെടുകയും മനുഷ്യകവചം ആയി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.

ഇന്ത്യയിലെ യുദ്ധവിരുദ്ധ പ്രവർത്തനങ്ങൾ ചെറിയ ചില പ്രകടനങ്ങളിലും സോഷ്യൽ മീഡിയയിലെ #notowar പോസ്റ്റുകളിലും മാത്രമായി ഒതുങ്ങിപ്പോവുന്നു. തിരസ്കൃത വർഗ്ഗം ഒരിക്കൽക്കൂടി അവഗണിക്കപ്പെടുകയാണ്. അനിവാര്യമായതും നിർവ്യാജമായതുമായ സമാധാനത്തേക്കുറിച്ച് ആരും ഒന്നും സംസാരിക്കുന്നില്ല.

രാഷ്ട്രവും മുഖ്യധാരാമാധ്യമങ്ങളും പ്രചരിപ്പിക്കുന്ന പ്രധാന വിവരണങ്ങളിലെല്ലാം കാശ്‌മീരിൽ നിന്നുള്ള എല്ലാ ശബ്ദങ്ങളെയും വായ് മൂടിക്കെട്ടുന്നു. ഈ നിമിഷത്തിൽ നമ്മൾ അവർ പറയുന്നത് കേൾക്കുകയും യുദ്ധകഥകൾ പറയാൻ അവരോട് പറയുകയും ചെയ്യണം. കാശ്‌മീരിലെ കൊലപാതകങ്ങൾ, പീഡനം, നിർബന്ധിത പലായനം, ലൈംഗിക അതിക്രമം, പെല്ലെറ്റ് ഉപയോഗിച്ച് ജനങ്ങളെ കൂട്ടരായി അന്ധരാക്കുക, കാശ്‌മീരിലെ പ്രതിദിന ഉപദ്രവങ്ങൾ എന്നിവയെല്ലാം നമുക്ക് കണ്ടില്ലെന്ന് നടിക്കാനോ അവഗണിക്കാനോ കഴിയില്ല. ഇത്തരം അക്രമങ്ങൾക്കെതിരെ നമ്മൾ ഇനിയും കണ്ണടച്ച് ഇരുട്ടാക്കാൻ പാടില്ല. ഇന്ത്യൻ ഗവൺമെന്റിന്റെ നിലവിലെ സുരക്ഷാനയങ്ങൾ ഇനിയും തുടർന്ന് കൊണ്ടിരിക്കുകയോ വർധിപ്പിക്കുകയോ ചെയ്‌താൽ അത് ഒരു ദുരന്തത്തിൽ ആയിരിക്കും കലാശിക്കുക.

കാശ്‌മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നത് വരെ ഇന്ത്യയിൽ സമാധാനം പുലരില്ലെന്ന് ഇന്ത്യൻ ജനത മനസ്സിലാക്കണം. “യുദ്ധം വേണ്ട” എന്ന് അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം അവർ കാശ്‌മീരിലെ സൈന്യത്തെ പിൻവലിക്കാൻ മുമ്പോട്ട് വരേണ്ടതുണ്ട്.

അന്താരാഷ്ട്ര നിയമനങ്ങൾ പാലിക്കപ്പെടണം എന്നു കൂടെയുണ്ടെങ്കിൽ സ്വയം നിർണയവകാശത്തിനുള്ള ജനഹിത പരിശോധന ഐക്യരാഷ്ട്ര സഭ അവിടെ നടപ്പിലാക്കണം. സ്വന്തം വിധി നിർണ്ണയിക്കാൻ കാശ്‌മീരികളെയും അനുവദിക്കേണ്ടതുണ്ട്.

ദൽഹിയിൽ ഗവേഷകവിദ്യാര്ഥികളാണ് കാശ്‌മീരി സ്വദേശികളായ സംറീൻ മുഷ്‌താഖും മുദ്ദസിർ അമീനും. അൽജസീറയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ സ്വതന്ത്ര വിവർത്തനം നിർവഹിച്ചത് ഹൈദരാബാദ് ഇഫ്ലു സർവകലാശാലയിലെ വിദ്യാർത്ഥി റഫീഫ പർവീനാണ്‌

Be the first to comment on "നിങ്ങളെന്തുകൊണ്ടാണ് കാശ്‌മീരിനെക്കുറിച്ച് സംസാരിക്കാത്തത്?"

Leave a comment

Your email address will not be published.


*