കെ.പി കുഞ്ഞിമ്മൂസ: വിടപറഞ്ഞത് മലബാർ രാഷ്ട്രീയത്തിന്റെ സഞ്ചരിക്കുന്ന ചരിത്രപുസ്തകം

ചന്ദ്രിക മുന്‍ എഡിറ്ററും എഴുത്തുകാരനുമായ കെ.പി കുഞ്ഞിമ്മൂസ(78)യുടെ നിര്യണത്തിലൂടെ നഷ്ടമാവുന്നത് മലയാളത്തിലെ മുസ്‌ലിം പത്രപ്രവർത്തരംഗത്തെ കുലപതിയെ.

വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു തന്നെ പത്രലേഖകനായി പ്രവര്‍ത്തിച്ചിരുന്ന തലശ്ശേരി പുന്നോല്‍ സ്വദേശിയായ കുഞ്ഞിമ്മൂസ നാലര പതിറ്റാണ്ടായി കോഴിക്കോടാണ് താമസം. ബ്രണ്ണന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡിഗ്രി എടുത്തു. 1966 ല്‍ കോഴിക്കോട് ചന്ദ്രിക ദിനപത്രത്തില്‍ സഹ പത്രാധിപരായി ജോലിയില്‍ പ്രവേശിച്ചു. വാരാന്തപ്പതിപ്പ് എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചു. 1975 മുതല്‍ ഒരു പതിറ്റാണ്ട് ലീഗ് ടൈംസ് ന്യൂസ് എഡിറ്ററായി. 1986 ല്‍ ചന്ദ്രിക വാരിക എഡിറ്ററായി. 1996ല്‍ വിരമിച്ചു. കേരള പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയംഗം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, എ. എഫ്. ഡബ്ലിയു. ജെ. നാഷണല്‍ കൗണ്‍സില്‍ അംഗം, സീനിയര്‍ ജേര്‍ണലിസറ്റ് ഫോറം സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഒട്ടേറെ വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ഈന്തപ്പഴത്തിന്റെ നാട്ടിലൂടെ, കല്ലായിപ്പുഴമുതൽ ബ്രഹ്മപുത്രവരെ, വഴികാട്ടികൾ, മധുരിക്കും ഓർമകൾ എന്നിവയാണ് പ്രധാന രചനകൾ.

ഖത്തര്‍ മിഡില്‍ ഈസ്റ്റ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുരസ്‌ക്കാരം, കുവൈത്ത്, സലാല പുരസ്‌ക്കാരങ്ങള്‍, സജ്ഞയന്‍ സ്മാരക അവാര്‍ഡ് തുടങ്ങി ഒട്ടനേകം പുരസ്‌ക്കാരങ്ങള്‍ നേടി. എം.ഇ. എസ് ജേര്‍ണല്‍ സത്യധാര തുടങ്ങി ഏതാനും ആനുകാലികങ്ങളുടെ എഡിറ്ററായിരുന്നു.

1956-ൽ തലശ്ശേരി ടൗൺ എം.എസ്.എഫ്. പ്രസിഡണ്ടായി പൊതുരംഗത്തെത്തി. 1960-ൽ സംസ്ഥാന വൈസ്പ്രസിഡണ്ടായി. 1959-ൽ വിമോചന സമരകാലത്ത് ജില്ലാ പ്രസിഡണ്ടും 67-ൽ സംസ്ഥാന പ്രസിഡണ്ടുമായി.എം.എസ്.എഫ് സംസ്ഥാന ഉപദേശകസമിതി ചെയർമാനായും പ്രവർത്തിച്ചു. 1957 മുതൽ കണ്ണൂർ ജില്ലാ ലീഗ് കൗൺസിലറായിരുന്ന കെ.പി. കോഴിക്കോട് ജില്ലാ ലീഗ് കൗൺസിലറുമായി.

മൈത്രീ ബുക്ക്സ് പ്രസാധനയാലയം കെ.പി കുഞ്ഞിമ്മൂസയുടെ സംരംഭമായിരുന്നു.

“കെ.പി കുഞ്ഞിമൂസ എന്ന സഞ്ചരിക്കുന്ന ചരിത്ര പുസ്തകം ഓർമ്മയായി. മുസ്ലിം ലീഗ്‌ രാഷ്ട്രീയത്തിന്റെ ഗൂഗിൾ സെർച്ചു പോലെ ഏത്‌ സംശയ നിവാരണത്തിനും വിളിക്കാവുന്ന പണ്ഡിതനായ പത്രപ്രവർത്തക കുലപതി. അതിലപ്പുറം ഉടലാകെ നിറഞ്ഞ ചന്ത്രകാന്ദം. ഞങ്ങളുടെ മുൻ പത്രാധിപർ.”

നജീബ് കാന്തപുരംഫേസ്‌ബുക്കിൽ എഴുതി.

അൻവർ സാദിഖ് ഫൈസി താനൂർ കെ.പി കുഞ്ഞിമ്മൂസയെ ഓർക്കുന്നു:

“ഉറച്ച നിലപാടുകളുടെ വലിയൊരു പ്രതീകമായിരുന്നു കെ.പി കുഞ്ഞിമൂസ. മൂർച്ചയുള്ള വിവർശനങ്ങളും അരുതായ്മകളോട് രാജിയാവാത്ത നിലപാടും ഇല്ലായിരുന്നെങ്കിൽ, രാഷട്രീയക്കളിയിൽ കേരളമാകെ അറിയപ്പെടുമായിരുന്ന വ്യക്തി. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഒരേ ക്ലാസിൽ ഒരു മിച്ചിരുന്നു അങ്കംവെട്ടി തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം. കെ.പി MSF സംസ്ഥാന പ്രസിഡണ്ടായിരിക്കുമ്പോൾ E. അഹ്മദ് സാഹിബ് സെക്രട്ടറി. 67 ലെ വിമോചന സമരകാലത്ത് ബാഫഖി തങ്ങളെ വാക്കു കേട്ട് പോരാട്ട വീഥിയിലിറങ്ങിയ രാഷ്ട്രീയ നേതാവായിരുന്നു കെ.പി.

മുമ്പൊരിക്കൽ കെ.പി യുടെ റൂമിലൊരു പഴയ ഫോട്ടൊ കണ്ടു. പിണറയായി, ഉമ്മൻ ചാണ്ടി, വി.എം സുധീരൻ, ഇ.അഹ്മദ് തുടങ്ങിയ വിദ്യാർഥി നേതാക്കളോടൊപ്പം സൗഹൃദം പങ്കിടുന്ന msf സംസ്ഥാന പ്രസിഡണ്ടിന്റെത്. ആ ഫോട്ടൊയിലുള്ളവരെല്ലാം പിന്നീട് വലിയ നേതാക്കളായി. കെ.പി മാത്രം ഒരു പത്രപ്രവർത്തകനിലൊതുങ്ങി. നിലപാടുകളിൽ അൽപ്പസ്വൽപ്പം വിട്ടുവീഴ്ച കാണിച്ചിരുന്നെങ്കിൽ എവിടെയോ എത്തേണ്ടയാളാണ് എന്ന് ഞങ്ങളൊരിക്കൽ ആ ഫോട്ടോ നോക്കി കമന്റി. വെറുമൊരു പുഞ്ചിരി മാത്രമായിരുന്നു അതിനു മറുപടി.

ബാഫഖി തങ്ങളായിരുന്നു എന്നും കെ.പി യുടെ റോൾ മോഡൽ. ചന്ദ്രികയെ കെ.പി നെഞ്ചേറ്റിയതും തങ്ങൾ പറഞ്ഞിട്ട്. വ്യക്തി വിവരണങ്ങളുടെ വിജ്ഞാനകോശമായിരുന്നു കെ.പി. സമസ്തയുടെ സജീവ പോരാളിയും ഗുണകാംക്ഷിയും. തുടക്കത്തിൽ സത്യധാര ദ്വൈവാരികയുടെ പത്രാധിപരായിരുന്നു. തുടക്കകാരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ‘കുരുത്തോല’യിലെ ‘ഇക്കാക്ക’ വളർത്തിയെടുത്തവർ നിരവധി. മുഖസ്തുതികൾ കൊണ്ട് ആറാട്ട് നടത്തുന്ന പുതിയ കാലത്ത്, ശക്തമായി ശാസിക്കാനും വിമർശിക്കാനും നമുക്ക് ഒരു കെ.പി ഉണ്ടായിരുന്നു. ആ വലിയ മനുഷ്യനും ഇന്നു വിടവാങ്ങി. അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ!”

Be the first to comment on "കെ.പി കുഞ്ഞിമ്മൂസ: വിടപറഞ്ഞത് മലബാർ രാഷ്ട്രീയത്തിന്റെ സഞ്ചരിക്കുന്ന ചരിത്രപുസ്തകം"

Leave a comment

Your email address will not be published.


*