Tuesday, January 13, 2026

മലപ്പുറവും സി ദാവൂദും ഇടതുപക്ഷവും

സി ദാവൂദ്

ബാബുരാജ് ഭഗവതി

മാധ്യമപ്രവർത്തകൻ സി ദാവൂദിനെതിരെ സി പി എം സൈബർ അനുകൂലികളുടെ ഭാഗത്തുനിന്നുള്ള ആക്രമണം ഇപ്പോഴും തുടരുകയാണ്. മലപ്പുറത്തെക്കുറിച്ച ആഖ്യാനങ്ങളാണ് പ്രധാന ചർച്ചാവിഷയം.

എൻ ഡി എഫിനെതിരെ പറഞ്ഞാൽ മുസ്‌ലിംകളെ പറഞ്ഞുവെന്ന് ആരോപിക്കുന്നതെന്തിന് എന്നാണ് ചോദ്യം. ഒറ്റനോട്ടത്തിൽ ശരിയാണ്. പക്ഷേ, പ്രശ്നം വംശീയതയുടെ പ്രവർത്തനപദ്ധതിയെ കുറിച്ച് മനസ്സിലാക്കാത്തതോ അതിന് ശ്രമിക്കാത്തതോ ആണ്.

ഇസ്‌ലാമോഫോബിയ മുസ്‌ലിംകൾക്കെതിരേയുള്ള വംശീയതയായതുകൊണ്ടു തന്നെ നാം പരിശോധിക്കേണ്ടത് എൻഡിഎഫിനെ കുറിച്ച ആഖ്യാനം ഒരു വംശീയ രൂപകമായാണോ പ്രവർത്തിക്കുന്നതെന്നാണ്. അതിന് ഇസ്‌ലാം -മുസ്‌ലിംസംഘാടനം – ദേശീയത – ആഗോള രാഷ്ട്രീയം – എന്ന ഫ്രയിമുകളുമായി മലപ്പുറത്തെകുറിച്ച ധാരണകൾ എങ്ങനെയൊക്കെ പ്രതിപ്രവർത്തിച്ചുവെന്ന് അറിയണം. മലപ്പുറം ആഖ്യാനത്തിൻ്റെ ലഘുചരിത്രം താഴെ നൽകുന്നു:

മലപ്പുറത്തെക്കുറിച്ച ആഖ്യാനം ഏറനാടൻ താലൂക്കിനെക്കുറിച്ചുള്ള ആഖ്യാനങ്ങളുടെ തുടർച്ചയിലാണ് സംഭവിക്കുന്നത്. 1960നു ശേഷമുള്ള മലപ്പുറം ജില്ലയുടെ ചരിത്രം പരിശോധിച്ചാൽ വിദ്വേഷ പ്രചാരണങ്ങൾ ആചാരനിഷ്ഠയോടെ ഓരോ വർഷവും തുടരുന്നതായി കാണാം.

ജില്ലാ രൂപീകരണത്തിനെതിരെ കോൺഗ്രസ് നേതാക്കളായ ആര്യാടൻ മുഹമ്മദ്, ഇ മൊയ്തു മൗലവി, കേരള ഗാന്ധിയായ കെ കേളപ്പൻ തുടങ്ങിയവരുടെ എതിർ പ്രചാരണങ്ങൾ അടങ്ങിയതാണ് 1960കളിലെ ചരിത്രം.
70കളിൽ പാകിസ്ഥാൻ വാദം, വിഭജനവാദം, മുസ്‌ലിം വർഗീയത തുടങ്ങിയ സവർണ ദേശീയതാ വ്യവഹാരങ്ങളുടെ ഭാഗമായാണ് ഈ പ്രചാരണം നടക്കുന്നത്. 70കളിലെ ഗൾഫ് കുടിയേറ്റം മറ്റൊരു മാതൃക പ്രദാനം ചെയ്തു. 80 കളിൽ പ്രചാരത്തിലായ ശരിഅത്താനന്തര മതേതരത്വ ചർച്ചകൾക്കും മതമൗലികവാദ ആശങ്കകൾക്കും സ്ത്രീവാദ സങ്കൽപ്പങ്ങൾക്കും ഒപ്പം ഈ വാർപ്പു മാതൃക പിന്നെയും നവീകരിക്കപ്പെട്ടു. ഇക്കാലയളവിൽ മുസ്‌ലിം ലീഗാണ് മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തിന്റെയും മലപ്പുറം വിരുദ്ധതയുടെയും പേരിൽ അപരസ്ഥാനത്തുണ്ടായിരുന്നത്.

90കളിൽ ബാബരി മസ്ജിദ് പ്രശ്‌നം തുടങ്ങിയതോടെ മലപ്പുറം വിരുദ്ധത പുതിയ ശൈലിയും രൂപവും കൈവരിച്ചു.

2000-ന് ശേഷം ‘ആഗോള ഭീകരത’യുടെ ഹബ്ബായി വരെ മലപ്പുറം ചിത്രീകരിക്കപ്പെട്ടു. സുരക്ഷാ വൽക്കരണ രാഷ്ട്രീയം ശക്തമായ കാലവുമാണിത്.
2014-ന് ശേഷം ഹിന്ദുത്വചിന്ത ഭരണകൂട/സ്ഥാപനരൂപം കൈവരിച്ചപ്പോൾ മലപ്പുറംവിരുദ്ധത നിർലോഭം പൊട്ടിയൊഴുകാൻ തുടങ്ങി.

ഹിന്ദുത്വർക്കു മാത്രമല്ല ഒരു വിഭാഗം ‘മതേതര’ർക്കും ‘ദേശീയവാദികൾ’ക്കും മലപ്പുറത്തെക്കുറിച്ചുള്ള വിദ്വേഷ ഭാവനയുടെ വിതരണത്തിൽ പങ്കുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതാണ് പൊതു രൂപരേഖ.

മലപ്പുറത്തെ കുറിച്ച ആഖ്യാനങ്ങളിൽ ഇടതുപക്ഷത്തിന് ആദ്യ ഘട്ടങ്ങളിൽ വലിയ പങ്കുണ്ടായിരുന്നില്ല. മലപ്പുറം വിരുദ്ധനായ ആര്യാടൻ മുഹമ്മദ് 1980-82 കാലത്ത് സിപിഎം നേതൃത്വത്തിലുള്ള ഇ.കെ നായനാർ മന്ത്രിസഭയിൽ തൊഴിൽ, വനം വകുപ്പ് മന്ത്രിയായിരുന്നു. എങ്കിലും മലപ്പുറം ജില്ലാ രൂപീകരണത്തെ അനുകൂലിച്ച സിപിഎം 1990കളോടെയാണ് മലപ്പുറം വിരുദ്ധ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി മാറിയത്. 2000- നു ശേഷം കോൺഗ്രസ് അനുകൂല പോഷക സംഘടനകളും സമാനമായ നിരവധി ഇസ്‌ലാമോഫോബിക് കാമ്പയിനുകൾ നടത്തി. സംഘപരിവാറിൽനിന്ന് ഇടതുപക്ഷം അടക്കമുള്ള മതേതരരെ വ്യത്യസ്തമാക്കുന്നത് വിവാദമായാൽ തിരുത്തുമെന്നതാണ്‌.

ശീതയുദ്ധാനന്തരം ആണ് ‘ഭീകരവാദം’ എന്ന പ്രയോഗം ജനപ്രിയമാവുന്നത്. വർഗീയത, ദേശീയത എന്നീ പദാവലികളെക്കാൾ പിന്നീട് ആ പ്രയോഗം പ്രചാരണ സ്വഭാവം കൈവരിച്ചു. മലപ്പുറത്ത് നിരവധി ഭീകരവാദ സംഘടനകൾ പ്രവർത്തിക്കുന്നുവെന്ന് നിയമസഭയിൽ ഒരു ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി ഇ.കെ നായനാർ പറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ 1997ൽ റിപോർട്ട് ചെയ്തിരുന്നു (21 മാർച്ച് 1997). മലപ്പുറത്തെക്കുറിച്ചുള്ള സിപിഎം ആഖ്യാനങ്ങളിൽ ഇസ്‌ലാമോഫോബിയ കടന്നുവരുന്നതിൻ്റെ തുടക്കമായിരുന്നു ഇതെന്ന് പറയാം.

മലപ്പുറത്തെ ‘കുട്ടി പാകിസ്താനെന്ന്’ ഇ.കെ നായനാർ വിശേഷിപ്പിച്ചുവെന്ന് ഇൻഡ്യ ടുഡേ റിപോർട്ട് ചെയ്തു. ജ്യോതി ബസു ഇക്കാര്യത്തിൽ നായനാരെ വിമർശിച്ചുവെന്നും തന്നെ തെറ്റായി ഉദ്ധരിച്ചതാണെന്ന് പിന്നീട് അദ്ദേഹം പരാതിപ്പെട്ടുവെന്നും ഇൻഡ്യ ടുഡേയുടെ മറ്റൊരു റിപ്പോർട്ടുമുണ്ട്. (27 ഏപ്രിൽ 1998, ഇൻഡ്യ ടുഡേ).

താലിബാനായിരുന്നു തൊണ്ണൂറുകൾക്ക് അവസാനം ഉപയോഗിക്കപ്പെട്ട പ്രധാനമായ ആഗോള ഇസ്‌ലാമോഫോബിക് രൂപകം. മലബാർ മേഖലയിൽ ഏതാനും തീവ്രവാദ മുസ്‌ലിം സംഘടനകൾ എൽടിടിഇ മോഡൽ പരിശീലനക്യാമ്പുകൾ സംഘടിപ്പിക്കുന്നുവെന്നും മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തും കോഴിക്കോട്, കണ്ണൂർ, കാസർകോഡ് തുടങ്ങിയ സമീപജില്ലകളുടെ ചില പോക്കറ്റുകളിലും താലിബാൻ മോഡലിൽ പ്രവർത്തിക്കുന്ന സംഘടനകളുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. (07 ഏപ്രിൽ, 1999). ഇത്തരം സംഘടനകളെ ലീഗ് പ്രതിരോധിക്കുന്നില്ലെന്ന പരാതിയും അദ്ദേഹം ഉയർത്തി. വരാനിരിക്കുന്ന ദശകം പുതിയൊരു അന്താരാഷ്ട്ര ഇസ്‌ലാമോഫോബിക് മാതൃകയുടേതുമാണെന്നതിന്റെ സൂചനയായിരുന്നു ഇത്.

മുസ്‌ലിംകൾ മലപ്പുറത്ത് ശരിഅത്ത് നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് 2006 ൽ കോൺഗ്രസ് ആരോപിച്ചു. ‘ഭീകരവാദം’ എന്ന ശീതയുദ്ധാനന്തര ഇസ്‌ലാമോഫോബിക് ഫ്രെയിം കോൺഗ്രസ് സ്വീകരിക്കുന്ന ചരിത്രഘട്ടം.

അതായത് 90 കളിലെ പുതിയ ഫ്രയിമുകളാണ് എൻ ഡി എഫിനെ മലപ്പുറം വിദ്വേഷ പ്രചാരണത്തിൻ്റെ പ്രതിനിധാനമായി തിരഞ്ഞെടുക്കുന്നത്. പിന്നീടങ്ങോട്ട് മലപ്പുറത്തെക്കുറിച്ച ആഖ്യാനങ്ങളിൽ പി എഫ് ഐയായിരുന്നു നേതൃസ്ഥാനത്ത്. അതായത് ഒരു മുസ്‌ലിം വിരുദ്ധ/ ഇസ്ലാമോഫോബിക് രൂപകമായാണ് ഇത് പ്രവർത്തിച്ചത്.

ഈ എഴുതിയതിൻ്റെ എല്ലാ സോഴ്സുകളും കേരളീയത്തിൽ ഞങ്ങളുടെ പഠന ഗ്രൂപ്പ് ഇസ്‌ലാമോഫോബിയ റിസർച്ച് കളക്റ്റീവ് പ്രസിദ്ധീകരിച്ച മലപ്പുറം ലേഖനത്തിലുണ്ട്. ഇസ്‌മോലാഫോബിയ ഒരു കക്ഷി രാഷ്ട്രീയപ്രശ്നമായി മനസ്സിലാക്കരുതെന്നാണ് പറഞ്ഞു വരുന്നത്.

spot_img

Don't Miss

Related Articles