Friday, June 21, 2024

ജയിലിനകത്ത് ഒരു കുഞ്ഞിനെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മോഹിച്ച ദിനങ്ങളുണ്ടായിരുന്നു

പേരറിവാളൻ

രാവിലെ 10.40ന് എന്നെ മോചിപ്പിക്കാൻ ഉള്ള സുപ്രീം കോടതി വിധി വരുമ്പോൾ, അമ്മാവന്റെ വീടിന് അടുത്തുള്ള പൊതുഹാളിൽ ഒരു സുഹൃത്തിനൊപ്പം കാത്തുനിൽക്കുകയായിരുന്നു ഞാൻ. തീർച്ചയായും, ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടിനായി തന്നെ ആയിരുന്നു എന്റെ കാത്തിരിപ്പ്. വാർത്ത വന്നപ്പോൾ ഞാൻ വീട്ടിലേക്ക് പോയി. ഇത്രയും വർഷം എനിക്ക് വേണ്ടി പോരാടിയ എന്റെ അമ്മ അർപ്പുതമ്മാൾ കരയുന്നുണ്ടായിരുന്നു. എന്റെ മൂത്ത സഹോദരിയും അതെ. അവർ ഇങ്ങനെ കരയുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. അവളെ സമാധാനിപ്പിക്കാൻ ഞാൻ പാടുപെട്ടു. അല്പം വൈകി വീട്ടിലെത്തിയ എന്റെ ഇളയ സഹോദരിയും റിട്ടയേർഡ് തമിഴ് അദ്ധ്യാപകനായ അച്ഛനും കാഴ്ചയിൽ സന്തോഷത്തിലായിരുന്നു.

ഇന്ന് അമ്മ എന്നോട് ഒന്നും തന്നെ മിണ്ടിയില്ല, കരഞ്ഞുകൊണ്ടേ ഇരുന്നു. ഞാൻ അവരെ ആശ്വസിപ്പിച്ചോ? ഓർമ്മയില്ല. പക്ഷെ, എനിക്ക് അമ്മയുടെ കൂടെ ഇരിക്കണം, സംസാരിക്കണം. സുപ്രീം കോടതി ഉത്തരവ് വന്നിട്ട് മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂ. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ കോളുകൾ എടുത്ത് എടുത്ത് ഞാൻ ആകെ ക്ഷീണിതൻ ആയിരുന്നു.

ഇന്നീ ദിവസം വല്ലാതെ മിസ്സ് ചെയ്യുന്ന ചില മനുഷ്യരെ അല്ലാതെ ഒന്നും തന്നെ എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. അവർ കൂടെ ഈ നിമിഷം എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ.

നീണ്ട ഒരു നിയമ യുദ്ധമായിരുന്നു എനിക്കിത്. ഞാൻ തളർന്നില്ല, അമ്മ എത്രമാത്രം പോരാടുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. ആറ് അടി വീതിയും ഒൻപത് അടി നീളവും മാത്രം ഉള്ള സെല്ലിൽ 11 വർഷം ഞാൻ ഏകാന്ത തടവ് അനുഭവിച്ചു. ആ ദിനങ്ങളിലാണ് ഞാൻ എന്റെ ഇന്ദ്രിയങ്ങളെ അറിഞ്ഞ് തുടങ്ങിയത്; എന്റെ മങ്ങുന്ന ബോധങ്ങൾ. ഒന്നുമില്ലാത്ത ഒരു ചുമരല്ലാതെ ഒന്നും ആ മുറിയിൽ ഒന്നുമുണ്ടായിരുന്നില്ല. ചുമരിലെ ഇഷ്ടികൾ എണ്ണുന്ന, വാതിലിന്റെയും ബോൾട്ടുകളുടെയും അളവ് എടുക്കുന്ന, കൊതിച്ച മണങ്ങളെ ഓർക്കുന്ന ആ എന്നെ കുറിച്ച് മുമ്പ് ഞാൻ ആരോടോ പറഞ്ഞിട്ടുണ്ട്.

ജയിലിനകത്ത് ഒരു കുഞ്ഞിനെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വല്ലാതെ മോഹിച്ച ദിനങ്ങളുണ്ടായിരുന്നു. എന്റെ അഴികൾക്കുള്ളിലെ ആദ്യ നാളുകളിൽ ജനിച്ച വീട്ടിലെ എല്ലാ കുഞ്ഞുങ്ങളും ഇപ്പോൾ വലിയ മനുഷ്യരായിരിക്കുന്നു. സഹോദരിയുടെ കൗമാരക്കാരിയായ മകൾ സെൻചോലൈ ഇപ്പോഴെന്റെ കൂടെയുണ്ട്. അവൾ എല്ലാം തുറന്ന പ്രകൃതക്കാരിയാണ് – പലഹാരങ്ങളും ട്രീറ്റും വേണം എന്നാണ് അവളുടെ പക്ഷം. അതിനായി ഒന്നും തന്നെ ഞാൻ ഇതുവരെ ചെയ്തിട്ടില്ല. ചേച്ചിയുടെ മക്കളായ അഗരനെയും ഇനിമൈയെയും ഞാൻ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. അഗരൻ ഇപ്പോൾ യു.എസ്സിലാണ്. ഇനിമൈ കോളേജിൽ നിന്ന് വീട്ടിലേക്ക് വന്ന് കൊണ്ടിരിക്കുന്നു.

സെൽവണ്ണനെയും (സെൽവ രാജ്) ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിദേശത്താണ് അദ്ദേഹം. വധശിക്ഷക്കെതിരെ സമരം ചെയ്യാൻ അമ്മയെ അദ്ദേഹം നിസ്വാർത്ഥമായി സഹായിച്ചിരുന്നു. അതുപോലെ മറ്റൊരു മനുഷ്യൻ ആണ്, ഡൽഹിയിൽ അഭിഭാഷകൻ ആയ എസ്.പ്രഭു രാമസുബ്രഹ്മണ്യം. ഇന്ന് ചെന്നൈയിലേക്ക് വരാമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചിച്ചിരുന്നു. പക്ഷെ, ഇനിയും ഒരുപാട് പോരാട്ടങ്ങൾ അദ്ദേഹത്തിന് ബാക്കിയുണ്ട്.

കേസിൽ ജയിൽ മോചിതൻ ആയ, എന്റെ കൂടെ ശിക്ഷ അനുഭവിച്ച സുഹൃത്തും സഹോദരനും ആയ ശേഖർ, ഇപ്പോൾ വിദേശത്താണ്. അദ്ദേഹത്തെയും ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. 1999-ൽ മോചിതനായപ്പോൾ എനിക്ക് അദ്ദേഹം തന്റെ ഷൂസും, ഷർട്ടും ഒരു ജോടി ട്രൗസറും സമ്മാനിച്ചു. ഞാൻ മോചിതനാകുന്ന ദിവസം ധരിക്കാൻ. 50 വയസ്സായി, എനിക്കിപ്പോൾ. എല്ലാം പാകമാകാതായിരിക്കുന്നു. പക്ഷെ, ഇപ്പോഴും അതെല്ലാം ഞാൻ നിധിപോലെ സൂക്ഷിക്കുന്നുണ്ട്.

ഞാൻ വധശിക്ഷക്ക് വിധിക്കപ്പെട്ടപ്പോൾ നിയമ പോരാട്ടങ്ങളുടെ ചെലവിനായി തന്റെ സ്വർണ്ണ മാല അയച്ച് തന്ന ഒരു തേൻ മൊഴി അക്കയുണ്ട്. അവർ പിന്നീട് ക്യാൻസർ ബാധിച്ച് മരണപ്പെട്ടു. എനിക്ക് ഒരിക്കൽ പോലും അവരെ കാണാൻ കഴിഞ്ഞില്ല.

പരേതനായ മുകുന്ദൻ സി മേനോനെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. മാധ്യമ-സാമൂഹിക പ്രവർത്തകൻ ആയ അദ്ദേഹം 1997-ൽ സേലം ജയിലിൽ എന്നെ സന്ദർശിച്ചിരുന്നു. അന്ന് ഒരു കുറിപ്പ് തന്നു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു “എന്നും നിങ്ങളോടൊപ്പമുണ്ട്”. ആ വാക്കുകൾ എനിക്ക് തന്ന ഊർജ്ജം വിവരണങ്ങൾക്ക് അതീതമാണ്. വി.ആർ കൃഷ്ണയ്യർ ആണ് എന്റെ പോരാട്ടങ്ങൾക്ക് ഒരു ഉരുക്കു തൂണായി കൂടെ നിന്നത്. ജയിലിൽ നിന്ന് അനുവദിച്ച പരിമിതമായ ഫോൺ കോളുകളിൽ അധികവും ഞാൻ ചെയ്തത് അദ്ദേഹത്തിനാണ്. നീതിക്കായുള്ള പോരാട്ടത്തിൽ എന്നെ വിശ്വസിക്കുകയും അതിജീവനത്തിനായി പ്രചോദിപ്പിക്കുകയും ചെയ്ത ചുരുക്കം ചില മനുഷ്യരിൽ ഒരാൾ.
2011ൽ ഞങ്ങൾക്ക് വധ-ശിക്ഷ വിധിച്ചപ്പോൾ അതിൽ പ്രതിഷേധിച്ച് സ്വയം തീ കൊളുത്തി മരിച്ച പി. സെങ്കൊടി; 20 വയസ്സ് മാത്രം ആയിരുന്നു അപ്പോൾ അവർക്ക് പ്രായം. ഈ രണ്ട് പേരുടെയും ചിത്രങ്ങൾക്ക് മുൻപിൽ എന്റെ ആദരാഞ്ജലികൾ അർപ്പിച്ചു.

“അവ്വിയ നെഞ്ചത്താൻ ആക്കമും
സെവ്വിയൻ കെടും നിനൈക്കപ്പടും”

~തിരുക്കുറൾ

(സത്യസന്ധനല്ലാത്ത ഒരാളുടെ അപ്രതീക്ഷിത ഉയർച്ചയും സത്യസന്ധനായ ഒരു വ്യക്തിയുടെ ദുരിതവും പ്രകൃതി നിയമത്തിന് എതിരെങ്കിൽ പൊതു ഹിതത്തിന് പാത്രമാണ്)

32 വർഷം നീണ്ടുനിന്ന എന്റെ ദുരിതം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യർ സഹാനുഭൂതിയോടെയും വാത്സല്യത്തോടെയും കരുതലോടെയും പങ്കിട്ടു. എന്റെ അമ്മയായിരുന്നു എന്റെ പ്രതീക്ഷ. ചുഴലികൊടുങ്കാറ്റടിക്കുന്ന ഈ കടൽ യാത്രയിൽ അവരുടെ അതിശയകരമായ പരിശ്രമവും അവിശ്വസനീയമായ മനഃസ്ഥിരതയും എന്റെ ജീവൽ നൗകകളായി.

എല്ലാവർക്കും നന്ദി. നീതിക്കായി വ്യവസ്ഥിതിയോട് പോരാടാൻ നിർബന്ധിതരാക്കപ്പെട്ട എല്ലാ മനുഷ്യർക്കും എന്റെ കഥ പ്രത്യാശ നൽകട്ടെ.

ജന്മനാടായ ജോലാർപേട്ടിൽ ചെലവഴിച്ച മനോഹരമായ ചെറുപ്പകാലം ഞാൻ ഓർക്കുന്നു. അന്നിനും ഇന്നിനും ഇടക്കൊരു വലിയ വിടവ് കാണാം. ഒരു മധ്യവയസ്കനാണ് ഞാനിപ്പോൾ. കൂടുതൽ പക്വതയും ജീവിതാനുഭവവങ്ങളും ആർജ്ജിച്ചിരിക്കുന്നു. എങ്ങനെയാണ് ഞാനീ വിടവ് നികത്താൻ പോകുന്നത്? അറിയില്ല. മൂന്ന് പതിറ്റാണ്ടു മുൻപ് ഞാൻ വിട്ട് പോയ ആ കുഞ്ഞ് കിളിക്കൂടല്ല ഇന്നെന്റെ നാട്.

(1991 ജൂണ് 11, രാജീവ് ഗാന്ധി കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചെന്നൈ ലെ ദ്രാവിഡ-കഴകത്തിന്റ കാര്യാലയത്തിൽ (പെരിയാർ തിടൽ) നിന്ന് സി.ബി.ഐ, പേരറിവാളനെ കസ്റ്റഡിയിൽ എടുക്കുന്നത്. 1998 ൽ ടാഡ കോടതി അദേഹത്തെ വധശിക്ഷക്ക് വിധിച്ചു. 1999ൽ സുപ്രീം കോടതി അത് ശരി വെച്ചു. 2014ൽ സുപ്രീം കോടതി ഈ വിധി പുനഃപരിശോധനക്ക് വിധേയമാക്കി. വധശിക്ഷ ജീവ പര്യന്തമായി. 2017 ൽ അദ്ദേഹം ആദ്യമായി പരോളിൽ ഇറങ്ങി.)

ഇന്ത്യൻ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ച ലേഖനം പരിഭാഷപ്പെടുത്തിയത് സുഹൈൽ അബ്ദുൽ ഹമീദ്.

spot_img

Don't Miss

Related Articles