Friday, March 29, 2024

ഷിറീൻ അബു അഖ്ലേ; എന്റെ സൂപ്പർ ഹീറോ

ജലാൽ അബ്ദുൽ ഖാദർ

ഫോണിൽ നിന്നുള്ള ബീപ് ശബ്ദം കേട്ടാണ് 8 മണിക്ക് തന്നെ ഞാൻ ഇന്ന് ഉണർന്നത്. പലസ്തീനിന്റെ രക്തസാക്ഷികൾ എന്ന ഒരു ടെലഗ്രാം ചാനലിൽ നിന്നുള്ള സന്ദേശമായിരുന്നു അത്. എനിക്കത്ര ഞെട്ടൽ ഒന്നും തോന്നിയില്ല. അല്ലെങ്കിലും ഇസ്രായേലി അധിനിവേശ സൈന്യത്തിന്റെ റെയ്ഡുകളിൽ കൊല്ലപ്പെടുന്ന പ്രിയപ്പെട്ടവരെ കുറിച്ചുള്ള വാർത്ത കേട്ട് ഉണരുന്നത് ഞങ്ങൾ പലസ്‌തീനുകാർക്ക് അപൂർവ്വമായ അനുഭവം ഒന്നും അല്ല. ഇത്തരം റെയ്ഡുകളാണ് വെസ്റ്റ് ബാങ്കിൽ എന്നും നേരം വെളുപ്പിക്കുന്നത് തന്നെ.

പക്ഷേ, ഈ മെസ്സേജ് വായിച്ച് ഞാൻ മരവിച്ച് പോയി. “ഷിറീൻ അബു അഖ്‌ലേ- 51 വയസ്സ് – 11/05/2022 – ജെനിൻ അഭയാർത്ഥി ക്യാമ്പ്”. എനിക്കുറപ്പായിരുന്നു, ഇതാർക്കോ തെറ്റ് പറ്റിയതാണ്. അറിയാതെ അയക്കപ്പെട്ട ഒരു മെസ്സേജ്.

അപ്പോഴേക്കും, ഷിറീന്റെ വാർത്തകളും, ചിത്രങ്ങളും, വീഡിയോകളും കൊണ്ടെന്റെ ട്വിറ്ററും, വാട്സപ്പും എല്ലാം നിറഞ്ഞിരുന്നു. ആ സന്ദേശം ശരിയാണ്. ഷിറീൻ മരണപ്പെട്ടിരിക്കുന്നു; അല്ല അതൊരു കൊലപാതകാമാണ്. എന്റെ കവിളുകളിലൂടെ കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. മണിക്കൂറുകൾക്ക് ശേഷം, ഇത് എഴുതുന്നത് വരെ ഞാൻ കരയുകയാണ്.

പലസ്തീനിലും അറബ് ലോകത്തും ഒരു ഐക്കൺ ആയിരുന്നു ഷിറീൻ അബു അഖ്ലേ. എല്ലാവരും അവരെ ബഹുമാനിച്ചു, ഇഷ്ടപ്പെട്ടു. സത്യസന്ധമായ മാധ്യമപ്രവർത്തനം അവരുടെ ഖ്യാതി ഉയർത്തി.
അവരുടെ മുഖവും ശബ്ദവും ഞങ്ങളുടെ വീട്ടകങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു. പലസ്തീനിൽ നിന്ന് സംസാരിച്ച ഷിറീനെ ലോകം മുഴുവൻ കേട്ടു. ശബ്ദമില്ലാത്തവർക്ക് അവർ ശബ്ദമായി. ഒരു കാരണവശാലും തന്റെ ജോലിയോടുള്ള ആത്മാർത്ഥതയിൽ നിന്നും അവർ പിന്മാറിയില്ല.

എന്റെ തലമുറയിൽ നിന്നും എത്രയോ മാധ്യമ പ്രവർത്തകർ (ഞങ്ങളെക്കാൾ മുതിർന്നവരും), കണ്ണാടിക്ക് മുൻപിൽ “ഷിറീൻ അബു അഖ്ലേ- അൽ ജസീറ – ഫലസ്‌തീൻ” എന്ന പ്രശസ്തമായ സൈൻ ഓഫ് വാചകം പറഞ്ഞ്‌ പരിശീലനം ചെയ്തു.

ഒരു പ്രൊഫഷണൽ റോൾ മോഡൽ എന്നതിനേക്കാൾ എത്രയോ മുകളിൽ ആയിരുന്നു ഷിറീൻ എനിക്ക്. കുഞ്ഞായിരിക്കുമ്പോൾ (പിന്നെയും ഒരുപാട് കാലം) പേര് അറിയാവുന്ന ഒരേ ഒരു സെലിബ്രിറ്റി അവർ മാത്രമായിരുന്നു.

എന്റെ കുട്ടി കാലത്താണ് രണ്ടാം ഇൻതിഫാദ (ഫലസ്തീനിലെ അധിനിവേശ വിരുദ്ധ ജനകീയ പോരാട്ടം) സംഭവിക്കുന്നത്. 7 വയസ്സ് മാത്രമായിരുന്നു അപ്പോൾ എന്റെ പ്രായം. ഇസ്രായേലി പട്ടാളത്തിന്റെ വെസ്റ്റ് ബാങ്കിലെ കയ്യേറ്റങ്ങൾക്കിടയിലൂടെ ആണ് ഞാൻ വളർന്നത്. താഴെ തെരുവികളിലൂടെ ടാങ്കറുകൾ നീങ്ങുന്നതും, ഹെലികോപ്റ്ററുകൾ തീ തുപ്പുന്നതും, വ്യോമാക്രമങ്ങളുടെ പ്രകമ്പനത്തിൽ ജനലുകൾ കൂട്ടി ഇടിക്കുന്നതും ഞാൻ കണ്ടു.

അധിക ദിവസങ്ങളിലും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ, ടിവി മാത്രമായിരുന്നു പുറം ലോകത്തേക്കുള്ള ജാലകം. ഷിറീനും ചില സഹപ്രവർത്തകരും നിരന്തരം ടിവി സ്‌ക്രീനിൽ വന്ന് കൊണ്ടിരുന്നു. “ഇവർക്ക് ക്ഷീണമില്ലേ? ഭയം തോന്നുന്നില്ലേ?” എന്നൊക്കെ ഞാൻ അത്ഭുതപ്പെട്ടു. അവരെ ആരാധനയോടെ നോക്കി നിന്നു.

ആ ഇടക്കാണ് ഞാൻ സ്ക്രാപ്പ്-ബുക്ക് (വാർത്താ നുറുങ്ങുകൾ വെട്ടി ഒട്ടിക്കുന്ന പുസ്തകം) ഉണ്ടാക്കാൻ തുടങ്ങുന്നത്. ഓരോ ദിവസവും ഉപ്പയുടെ പത്രം വായന കഴിഞ്ഞാൽ, ചിത്രങ്ങൾ വെട്ടി എടുത്ത് അതിൽ ഒട്ടിച്ച് കൊണ്ടിരുന്നു. ഷിറീന്റെ ഫോട്ടോ ഒരു മാഗസിനിൽ നിന്നാണ് ഒരിക്കൽ എനിക്ക് കിട്ടുന്നത്. സ്ക്രാപ്പ് ബുക്കിന്റെ പുറം ചട്ടക്കകത്ത് ഞാൻ അത് ഒട്ടിച്ച് വെച്ചു. ഷിറീന്റെ ചിത്രം ആദ്യത്തെ പേജിൽ തന്നെ വേണം. അത്ര വലിയ ഒരു ആരാധകൻ ആയിരുന്നു ഞാൻ. എന്റെ സൂപ്പർ ഹീറോ.

ആ വർഷം ഷിറീനെ ആദ്യമായി കണ്ടു മുട്ടുവാൻ ഉള്ള ഭാഗ്യവും എനിക്ക് ഉണ്ടായി. ഒരു ദിവസം അൽ-മുഖത്ത’അ (യാസിർ അറഫാത്തിന്റെ ഓഫീസ്) യിലേക്ക് പോകുകയായിരുന്ന ഉപ്പയുടെ കൂടെ പോകണം എന്ന് ഞാൻ വാശി പിടിച്ചു. അദ്ദേഹവും ഒരു മാധ്യമപ്രവർത്തകൻ ആയിരുന്നു.

അൽ-മുഖത്ത’അ പൂർണമായും തരിപ്പണമാക്കപ്പെട്ടിരുന്നു. ബോംബാക്രമണത്തിന്റെ തെളിവുകൾ ഞങ്ങൾക്ക് ചുറ്റും ഉണ്ടായിരുന്നു. തകർക്കപ്പെട്ട വാഹനങ്ങൾ ഒരു ഭാഗത്ത് കൂട്ടി ഇട്ടിരിക്കുന്നു. ടിവി യിൽ കണ്ട് കൊണ്ടിരുന്ന കാര്യങ്ങൾ ഇതാ എന്റെ കാലിന് ചുവട്ടിൽ. ഉപ്പാക്ക് ഷിറീനെ പരിചയം ഉണ്ടായിരുന്നു. അദ്ദേഹം എന്റെ സ്ക്രാപ്പ് ബുക്കിലെ കവർ ചിത്രത്തെ കുറിച്ച് അവരോട് പറഞ്ഞു. നാണം കൊണ്ട് ഞാൻ ഇല്ലാതായി. ധീരനായ ഒരു മാധ്യമ പ്രവർത്തകൻ ആകാൻ അവർ അന്ന് എനിക്ക് ആശംസകൾ നേർന്നു.

വർഷങ്ങളും, സമയവും, ഒരുപാട് കടന്ന് പോയി. സധൈര്യത്തോടെ റിപ്പോർട്ട് ചെയ്യുന്ന പലസ്തീനിയൻ മാധ്യമ പ്രവർത്തകരെ കൊണ്ട് ടിവി സ്ക്രീനുകളും നിറഞ്ഞു. പക്ഷെ, ഷിറീന്റെ സ്ഥാനം എന്നും ഉയർന്ന് തന്നെ നിന്നു.

പലസ്തീനിലെ വാർത്തകൾ പുറം ലോകത്തെ അറിയിച്ച ആദ്യ മാധ്യമപ്രവർത്തകരിൽ ഒരാൾ ആയിരുന്നു ഷിറീൻ. ഈ വർഷങ്ങൾ അത്രയും ഏറ്റവും ആത്മാർഥമായി ആ ജോലിയിൽ അവർ തുടർന്നു.

പലസ്തീനിലെ ഓരോ പുതിയ മാധ്യമ പ്രവർത്തകരും അവരെ ആരാധനയോടെ നോക്കി കണ്ടു. ഇവിടുത്തെ മാധ്യമ പ്രവർത്തകർക്കിടയിൽ അവരുടെ മഹത്വം നിറഞ്ഞ് നിന്നു.

കഴിഞ്ഞ രണ്ട് വർഷത്തോളമായി ജറുസലേമിൽ അവരുടെ കൂടെ ജോലി ചെയ്യാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായി. ഇസ്രയേൽ സൈന്യത്തിന്റെ ക്രൂരതകൾ ഞങ്ങൾ ഒരുമിച്ച് നേരിട്ടു. അവരുടെ കൂടെ ഞാൻ സുരക്ഷിതൻ ആയിരുന്നു. ആ ഉന്നതമായ ശിക്ഷണത്താൽ ഞാൻ അനുഗ്രഹീതനായി.

ഷിറീൻ തന്റെ തൊഴിലിനോടോ, ജറുസലേം നഗരത്തോടോ, ഫലസ്തീൻ ജനതയോടോ ഒരിക്കൽ പോലും മുഖം തിരിച്ചില്ല. അവരെ അറിയാവുന്നവർ എല്ലാം ആ ഊർജ്ജത്തെ കുറിച്ചും, ഹൃദയ വിശാലതയെ കുറിച്ചും, ജോലിസ്ഥലത്തെ അചഞ്ചലമായ ധൈര്യത്തെ കുറിച്ചും സംസാരിച്ചു.

ജെനിൻ അഭയാർത്ഥി ക്യാമ്പിലെ ഇസ്രായേൽ കൂട്ടക്കൊലക്ക്
കഴിഞ്ഞ മാസം, 20 വർഷം തികഞ്ഞിരിക്കുന്നു. ജെനിൻ യുദ്ധം കവർ ചെയ്ത ചെറുപ്പക്കാരിയായ ഷിറീനെ നമുക്ക് കാണാം. എനിക്കതെല്ലാം ഓർമ്മയുണ്ട്. ടിവി സ്‌ക്രീനിൽ റിപ്പോർട്ടർക്ക് പിറകിൽ ഇസ്രായേലി ടാങ്കുകളും തകർക്കപ്പെട്ട വീടുകളും കാണാം. 2002 ൽ ആയിരുന്നു അത്.

ഇരുപത് വർഷം കഴിഞ്ഞു. ഇപ്പോൾ നമുക്ക് ഷിറീനെയും നഷ്ടപ്പെട്ടിരിക്കുന്നു. അധിനിവേശ സൈന്യം ഷിറീനേയും കൊല ചെയ്തിരിക്കുന്നു. അതേ അഭയാർത്ഥി ക്യാമ്പിൽ വെച്ച്.

ഇന്ന്, ഫലസ്തീനിലെ എല്ലാ വീട്ടകങ്ങളും കണ്ണീരിലാണ്. ഓരോ പലസ്തീനിയും ഈ വിയോഗത്തിൽ തകർന്ന് പോയിരിക്കുന്നു. ഞങ്ങൾ പലസ്തീനുകാർക്ക് മരണം പുതുമയല്ല, ഞങ്ങൾക്കത് നന്നായി അറിയാം. അധിനിവേശ ശക്തികളാൽ കൊല്ലപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ, ആരാധ്യ പാത്രങ്ങളുടെ, ഭാവിയുടെ, നേതാക്കളുടെ മരണത്തിന്റെ വേദനയിൽ ഞങ്ങൾ മരവിച്ച് പോകുകയും ഇല്ല. ഓരോ തവണയും ആ വേദനയിൽ ഞങ്ങൾ അമരും, കണ്ണീരുവാർക്കും, പക്ഷെ അവിടെ നിന്നും കൂടുതൽ ദൃഢനിശ്ചയത്തോടെ ഞങ്ങൾ മുന്നോട്ടു പോകുക തന്നെ ചെയ്യും.

ഷിറീൻ ഒരിക്കൽ പറഞ്ഞു ” നമുക്ക് മുന്നിൽ നടന്ന് കൊണ്ടിരിക്കുന്ന യാഥാർഥ്യത്തെ പെട്ടന്ന് തന്നെ മാറ്റി മറിക്കാൻ എനിക്ക് ആകില്ല, പക്ഷെ കുറഞ്ഞ പക്ഷം നമ്മുടെ ശബ്ദം ലോകത്തിന് മുന്നിൽ എത്തിക്കാൻ എനിക്ക് കഴിയും”. തന്റെ ജീവിതം കൊണ്ട് ഷിറീൻ മർദ്ദിതന്റെ ശബ്ദമായി. ആ ദൗത്യം ഞങ്ങൾ തുടരും. പലസ്തീൻ സ്വതന്ത്രമാകും.

ഫലസ്തീനിലെ യുവ മാധ്യമപ്രവർത്തകനാണ് ജലാൽ അബ്ദുൽ ഖാദർ. അൽ ജസീറയിൽ പ്രസിദ്ധീകരിച്ച ലേഖനം പരിഭാഷപ്പെടുത്തിയത് സുഹൈൽ അബ്ദുൽ ഹമീദ്.

spot_img

Don't Miss

Related Articles