എംഎസ് ബാബുരാജിന് മസൂറിയിൽ നിന്നും കൊച്ചുമകളുടെ ജന്മദിനസമ്മാനം

അനശ്വര സംഗീതസംവിധായകന്‍ എംഎസ് ബാബുരാജിനെ തൊണ്ണൂറാം ജന്മദിനവാർഷികത്തിൽ ഓർത്ത് കൊച്ചുമകളും ഗായികയുമായ നിമിഷ സലീം

ഉപ്പൂപ്പായുടെ സംഗീതം എല്ലാകാലത്തും എന്നെ വിസ്‌മയിപ്പിച്ചിട്ടേയുള്ളൂ. അദ്ദേഹത്തിൻറെ ചിന്തകൾ ശ്രോതാക്കളുടെ ഹൃദയങ്ങളിലേക്ക് നേരെ കടന്നുചെല്ലുന്നു. ഹൃദയസ്പർശിയായ അവ എന്നും നിലനിൽക്കുന്നു. ഉപ്പൂപ്പയുടെ ജന്മദിനത്തിൽ ഞങ്ങൾ മസൂറിയിലെ അതിശൈത്യത്തിൽ അദ്ദേഹത്തിൻ്റെ ഗാനങ്ങൾ ആസ്വദിക്കുകയും മൂളുകയും ചെയ്യുകയാണ്. എൻ്റെ പനിക്കോളുള്ള, ഇടറിയ ശബ്ദത്തിന് ക്ഷമിക്കൂ.

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർത്ഥിയായ നിമിഷ സലീം ഫേസ്‌ബുക്കിൽ എഴുതി.

എം എസ് ബാബുരാജ് എന്ന ബാബുക്കയുടെ കുടുംബത്തിലെ നാലാംതലമുറക്കാരിയാണ് നിമിഷ. ബാബുരാജിന്റെ മൂത്ത മകള്‍ സാബിറ ഇബ്രാഹിമിന്റെ മകള്‍ ഫെമിനയുടെ മകൾ. നേരില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ബാബുക്കയെന്ന ഉപ്പൂപ്പയുടെ വിശേഷങ്ങള്‍ക്കൊപ്പമാണ് നിമിഷ വളര്‍ന്നത്.

തൃപ്പൂണിത്തുറ ഭാരതീയ സംഗീതവിദ്യാലയത്തിലെ ഉസ്താദ് ഫയാസ് അഹമ്മദ് ഖാൻ്റെ ശിക്ഷണത്തിലാണ് നിമിഷ സംഗീതം പഠിച്ചത്. ബാബുരാജ് ഈണം നല്‍കിയ പത്ത് പ്രശസ്തഗാനങ്ങള്‍ ചേര്‍ത്തുകൊണ്ട് ‘ട്രിബ്യൂട്ട് ടു ഉപ്പൂപ്പ’ എന്ന സിഡി പുറത്തിറക്കിയിട്ടുണ്ട്.. ഹിന്ദി സിനിമാപ്പാട്ട് പ്രതിഭകള്‍ക്ക് ശ്രദ്ധാഞ്ജലിയായി ‘ട്രിബ്യൂട്ട് ടു ദ ലജന്റ്സ്’ എന്നൊരു സിഡിയും നിമിഷയുടെതായിട്ടുണ്ട്.

Image result for നിമിഷ സലീം

മുഹമ്മദ് സബീർ ബാബുരാജ് എന്ന എംഎസ് ബാബുരാജിൻ്റെ ഗാനങ്ങൾ വിസ്മരിക്കാതെ മലയാളികൾ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി ചേർത്തു തുടങ്ങിയതു ബാബുരാജായിരുന്നു. ഹിന്ദുസ്ഥാനി രാഗങ്ങൾ അന്യമായിരുന്ന ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ മലയാളചലച്ചിത്രരംഗം പുതിയ ഭാവുകത്വത്തിലെത്തിച്ചു. ബാബുരാജിൻ്റെ പുതിയസംഗീതലോകം വയലാർ രാമവർമ്മ, പി. ഭാസ്കരൻ തുടങ്ങിയ മലയാളസിനിമയിലെ മഹാരഥന്മാരായ ഗാനരചയിതാക്കൾക്ക് പ്രചോദനമായിട്ടുണ്ട്.

Image result for ബാബുരാജ്

ബാബുരാജും എസ് ജാനകിയും ഒരു റെക്കോര്‍ഡിംഗ് വേളയില്‍

പി. ഭാസ്കരന്റെ തിരമാല (1950) എന്ന ചിത്രത്തിൽ വിമൽകുമാർ എന്ന സംഗീതസംവിധായകന്റെ സഹായിയായിട്ടാണ് ‘ബാബു ഭായ്” എന്നും ”ബാവുക്ക’ എന്നും വിളിക്കപ്പെടുന്ന ബാബുരാജ് സിനിമയിൽ എത്തിയത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെയാണ് (1957) സ്വതന്ത്ര സംഗീത സംവിധായകനായി മാറിയത്. തുടർന്ന് രണ്ടു പതിറ്റാണ്ടു കാലം മലയാള സിനിമാ സംഗീത ലോകത്ത്‌ മികച്ച സംഭാവനകൾ കാഴ്ചവെച്ചു ഈ സംഗീതമാന്ത്രികൻ. ഈ കാലയളവിൽ ആ അനുഗൃഹതീനിൽ നിന്നും മലയാളിക്ക് ലഭിച്ച ഈണങ്ങൾ നിത്യ ഹരിതങ്ങളാണ്. യേശുദാസിനെക്കൊണ്ട് ആദ്യമായി ഒരു ഹിറ്റ് ഗാനം പാടിച്ചതും എസ്. ജാനകിയുടെ ശബ്ദത്തിന്റെ തരളിത കണ്ടെത്തിയതും ബാബുരാജാണ്. അവസാനത്തെ ഗാനം ദ്വീപ് എന്ന ചിത്രത്തിലെ ‘കടലേ… നീലക്കടലേ’ എന്നതായിരുന്നു. നൂറിലധികം ചിത്രങ്ങളിലായി അറുനൂറോളം ഗാനങ്ങൾക്ക് ഈണം പകർന്നു

Be the first to comment on "എംഎസ് ബാബുരാജിന് മസൂറിയിൽ നിന്നും കൊച്ചുമകളുടെ ജന്മദിനസമ്മാനം"

Leave a comment

Your email address will not be published.


*