പ്രായത്തിന് മായ്ക്കാനായില്ല അവരുടെ പ്രണയം, മരണത്തിനും!

പ്രായത്തിന് മായ്ക്കാനായില്ല അവരുടെ പ്രണയം, മരണത്തിനും!

Bijoy K Elias

എന്റെ ഒറ്റയാൻ സഞ്ചാരത്തിനിടയിലാണ്  അവർ ഇരുവരേയും ഞാൻ ആദ്യമായും അവസാനമായും കാണുന്നത്. നല്ല ഭംഗിയുള്ള ദമ്പതികൾ. അവർക്ക് അൻപതിനും അറുപതിനും ഇടയിൽ പ്രായം ഞാൻ അനുമാനിച്ചു എങ്കിലും രണ്ടു പേരിലും യുവത്വത്തിന്റെ പ്രസരിപ്പ് നിറഞ്ഞു നിന്നിരുന്നു.

മെലിഞ്ഞ് ഉയരം കൂടിയ അദ്ദേഹത്തിന്റെ  ഇടതൂർന്ന മുടിയിഴകളിലും കട്ടിമീശയിലും ഒരു വെള്ളിവര പോലും ഇല്ലായിരുന്നു. വലിയ തിളങ്ങുന്ന കണ്ണുകളും, ഷാംപൂ ചെയ്തു തോളൊപ്പം വെട്ടിയിട്ട ബ്രൗൺ മുടിയും മെലിഞ്ഞ് കൊലുന്നനെയുള്ള ആ സ്ത്രീയുടെ അഴകിന്റെ മാറ്റു കൂട്ടി.

Image result for senior love

ഞങ്ങളുടെ ഗ്രൂപ്പിന്റെ യാത്രയിലുടനീളം അവർ രണ്ടാളും ഒരേ നിറത്തിലുള്ള ജീൻസുകളും ടീ ഷർട്ടുകളുമാണ് ധരിച്ചിരുന്നത്. എപ്പോഴും എന്തൊക്കെയോ പറഞ്ഞു ചിരിച്ചും കൈകോർത്തു പിടിച്ചും നവദമ്പതികളെപ്പോലെ അവർ ഉല്ലസിക്കുന്നത് കാണുമ്പോൾ മനസ്സിൽ അസൂയ തോന്നിയിരുന്ന സഹയാത്രികർ പലരും എന്തൊരു മുതുകൂത്താണിത് എന്നും മറ്റും അടക്കം പറഞ്ഞിരുന്നു. പക്ഷേ എന്തോ എനിക്കവരുടെ സ്നേഹപ്രകടനങ്ങളോട് ആദരവ് തോന്നി.

എന്നെ കൂടാതെ ആ യാത്രാ സംഘത്തിൽ ആ പ്രണയാതുരരായ ദമ്പതികളുടെ ഒരു സുഹൃത്തും ഒറ്റയാനായിട്ടുണ്ടായിരുന്നു. അങ്ങനെ ഒറ്റയാന്മാരായ എനിക്കും അവരുടെ സുഹൃത്തിനും ഒരു റൂം ഷെയർ ചെയ്യേണ്ടി വന്നു.

യാത്രക്കിടയിൽ സംഘാംഗങ്ങൾ എല്ലാവരുംഒത്തു കൂടി പഴയകാല പ്രണയ ഗാനങ്ങളും, കവിതകളും പങ്കുവെച്ചിരുന്നു. അപ്പോഴും കൈകോർത്തു പിടിച്ച് അവർ പാട്ടുകളും കവിതകളും ആസ്വദിച്ചിരുന്നു. ഒരു പക്ഷെ ഭക്ഷണസമയത്തൊഴികെ മറ്റെല്ലായ്പോഴും ആവർ പരസ്പരം വലതു കൈകൾ കോർത്തുപിടിച്ചാണ് നടന്നിരുന്നത്.

Image result for old couple

യാത്രയുടെ അവസാനദിവസം രാത്രി അവരുടെ സുഹൃത്ത് എന്നെയും അവരുടെ റൂമിലേക്ക് ക്ഷണിച്ചു. പക്ഷേ ഒരു നിർദ്ദേശം അയാൾ എനിക്ക് നൽകി. അവരുടെ വ്യക്തിപരമായ യാതൊരു കാര്യവും ചോദിക്കരുത് എന്ന്. 

ഞങ്ങൾ ഇരുവരും അവരുടെ റൂമിൽ ചെന്നു. വളരെ സന്തോഷത്തോടെ അവർ ഞങ്ങളെ സ്വീകരിച്ചു. പാട്ടുകളേയും കവിതകളേയും കുറിച്ച് എന്തൊക്കെയോ സംസാരിച്ചു. അവർ ഇരുവരും ചേർന്ന് ചില പഴയകാല ഹിന്ദി, മലയാളം യുഗ്മ ഗാനങ്ങൾ പാടി. രണ്ടു പേരും നന്നായി പാടുന്നുണ്ടായിരുന്നു. അപ്പോഴും കട്ടിലിന്റെ തലഭാഗത്ത് ഭിത്തിയിൽ ചാരി കൈകൾ കോർത്തുപിടിച്ചാണ് അവർ ഇരുന്നത്. റൂമിൽ ഒരു ഭാഗത്ത് വിദേശത്ത് നിന്നും വരുന്നവരുടെ ബാഗുകളിൽ പതിക്കുന്നത് പോലുള്ള ടാഗുകളും മറ്റുമുള്ള ഒരു ട്രോളി ബാഗ് വച്ചിരുന്നു. സുഹൃത്തിന്റെ നിർദ്ദേശം മാനിച്ച് ഞാൻ ഒന്നും ചോദിച്ചില്ല. ശ്രീ മുരുകൻ കാട്ടാക്കട എഴുതിയ രേണുക എന്ന കവിതയും ചൊല്ലി യാത്ര പറഞ്ഞ് ഞങ്ങൾ റൂമിലേക്ക് മടങ്ങി.

ഒരാഴ്ച മുൻപത്തെ പത്രത്തിന്റെ ചരമകോളത്തിൽ അദ്ദേഹത്തിന്റെ ചിത്രം കണ്ടു. എൺപത് വയസിനോടടുത്ത പ്രായം എന്നാണ് പത്രത്തിൽ എഴുതിയിരിക്കുന്നത്.  എന്റെ റൂം മേറ്റ് ആയിരുന്ന സുഹൃത്തിനെ ഫോണിൽ വിളിച്ചു. അവർ അയൽവാസികളാണത്രേ. രാത്രിയിൽ എപ്പോഴോ ഉറക്കത്തിൽ…. ഹാർട്ട് അറ്റാക്ക് ആയിരുന്നു….. രാവിലെ ഉറക്കമുണർന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ എങ്ങനെ ദുഖം സഹിക്കുമോ ആവോ..?…സുഹൃത്തിനോട് അവരുടെ ലൊക്കേഷൻ ചോദിച്ചു. നൂറ്റൻപത് കിലോമീറ്റർ ഡൈവുണ്ട്. ഒരാഴ്ച കഴിയട്ടെ…എന്നിട്ട് പോകാം… അപ്പോഴേക്കും ആ സ്ത്രീയും യാഥാർത്ഥ്യം ഉൾക്കൊണ്ടേക്കാം.

ഒരാഴ്ചക്ക് ശേഷം ഒരു ദിവസം രാവിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു. സുഹൃത്തിനെ സ്ഥലത്തെത്തിയിട്ട് വിളിക്കാം. വണ്ടി വഴിയരികിൽ പാർക്ക് ചെയ്ത് ഞാൻ സുഹൃത്തിനെ ഫോണിൽ വിളിച്ചു. ഒട്ടൊരമ്പരപ്പോടെ അയാൾ ഓടിവന്നു.
അവരുടെ വീട്ടിൽ പോയി വരാം എന്ന് പറഞ്ഞു ഞാൻ നടന്നു തുടങ്ങി. അപ്പോൾ സുഹൃത്ത് പറഞ്ഞു, ” അവരുടെ വീട്ടിൽ ചെന്ന് ഭാര്യയോടോ മക്കളോടോ ഒന്നും ചോദിക്കരുത്.” 
‘ഒരു പക്ഷേ അദ്ദേഹത്തിന്റെ വേർപാട് അവർ ഉൾക്കൊണ്ടിട്ടുണ്ടാവില്ല’… ഞാൻ മനസ്സിൽ പറഞ്ഞു.

Image result for old couple

ഞങ്ങൾ അവരുടെ വീട്ടിൽ ചെന്നു. വരാന്തയിൽ അദ്ദേഹത്തിന്റെ വിദൂരഛായയുള്ള ഒരു ചെറുപ്പക്കാരൻ നിന്നിരുന്നു. ‘മകനാണ്’, സുഹൃത്ത് പരിചയപ്പെടുത്തി. ‘ഞങ്ങളോടൊപ്പം കഴിഞ്ഞ ട്രിപ്പിൽ ഉണ്ടായിരുന്നു’, എന്നെ അയാൾക്കും പരിചയപ്പെടുത്തി. വിഷാദഭാവത്തിൽ ആ ചെറുപ്പക്കാരൻ ചിരിച്ചു. ‘ഇത്തവണ അഛൻ ആരോടും പറയാതെ തനിയെ പോയി’, അയാൾ പറഞ്ഞു. ആ സ്വീകരണ മുറിയിൽ ഒരു മേശമേൽ അദ്ദേഹത്തിന്റെ ചിത്രം മുല്ലമാലയിട്ട് മുൻപിൽ ഒരു ചെറിയ നിലവിളക്കും കത്തിച്ചു വെച്ചിരിക്കുന്നു. ആ മുഖത്തെ പ്രസന്നഭാവം നിലവിളക്കിനേക്കാൾ പ്രകാശം പരത്തുന്നുണ്ടായിരുന്നു. മറ്റാരേയും കാണാതിരുന്നതിനാൽ ഞാൻ സുഹൃത്തിന്റെ കാതിൽ മുരണ്ടു, ‘ എവിടെ ചേച്ചി ? ‘ എന്റെ ചോദ്യം കേട്ടിട്ടാവാം ആ ചെറുപ്പക്കാരൻ അകത്തേക്ക് പോയി. സ്വീകരണ മുറിയിലേക്ക് വളരെ വിഷാദഭാവത്തിൽ കടന്നു വന്ന ഉയരം കുറഞ്ഞ് വെളുത്ത് ശോഷിച്ച സ്ത്രീയെ ഞാൻ അപരിചിതഭാവത്തിൽ നോക്കി. അവർ ദുഖഭാവത്തിൽ ചിരിച്ചു. ‘ കഴിഞ്ഞ യാത്രയിൽ ഞങ്ങളോടൊപ്പം’…… സുഹൃത്ത് എന്നെ പരിചയപ്പെടുത്തി. ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവരെ നോക്കി കൈകൂപ്പിക്കൊണ്ട് ഞാൻ യാത്ര പറഞ്ഞിറങ്ങി.

സുഹൃത്ത് എന്റെ കൈപിടിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടു പോയി.’നിങ്ങൾ ഒന്നും ചോദിക്കാതിരുന്നത് നന്നായി’, അയാൾ പറഞ്ഞു.

എന്റെ ക്ഷമ നശിച്ചു. “അപ്പോൾ അന്ന് അയാളുടെ കൂടെയുണ്ടായിരുന്ന സ്ത്രീ ഏതാ?” ഞാൻ തെല്ലുറക്കെ ചോദിച്ചു. അയാൾ രണ്ട് ദിവസം മുൻപത്തെ മാതൃഭൂമി പത്രത്തിലെ ചരമവാർത്തകൾ എന്റെ നേരെ നീട്ടി. അതേ വലിയ കണ്ണുകൾ. ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനും അവരുടെ പ്രസരിപ്പിന് കോട്ടം വരുത്താനായില്ല. അതവർ തന്നെ. പക്ഷേ വാർത്ത ജർമ്മനിയിൽ നിന്ന്. സംസ്കാരം അവിടെ നടത്തിയത്രെ.

Bijoy K Alias

ചോദ്യഭാവത്തിൽ ഞാൻ സുഹൃത്തിനെ നോക്കി. ചുണ്ടുകോട്ടി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു തുടങ്ങി.
” അവർ രണ്ടുപേരും പോയി. സ്കൂൾ കാലം മുതൽ മനസുകൊണ്ടെങ്കിലും അവർ ഒരുമിച്ചായിരുന്നു. അയൽവാസികൾ. നന്നായി പഠിക്കുന്നവർ. ഒരേപോലെ ഭംഗിയുള്ളവർ. സമാനതകളേറെയായിരുന്നു. പക്ഷേ പണ്ടൊക്കെ പ്രണയം മോശമായതെന്തോ ആണെന്ന് എല്ലാവരും വിചാരിച്ചിരുന്നതു പോലെ അവരുടെ വീട്ടുകാരും ചിന്തിച്ചു. എതിർപ്പുകൾ ശക്തമായി. അവൻ മാസ്റ്റർ ഡിഗ്രിക്ക് പഠിക്കാൻ പോയപ്പോൾ അവളെ ജർമ്മനിയിലുള്ള ഒരു ഡോക്ടർക്ക് വീട്ടുകാർ വിവാഹം ചെയ്തു കൊടുത്തു. അവനും പഠനം കഴിഞ്ഞ് ജോലിയും മറ്റൊരു കുടുംബവും ഒക്കെയായി ഇവിടെ സ്ഥിരമായി. 

പക്ഷേ കുട്ടികൾ ഒക്കെ വളർന്നതിനു ശേഷം, കഴിവതും എല്ലാം വർഷവും ഒരാഴ്ച അവർ ഒരുമിച്ച് കഴിഞ്ഞിരുന്നു. അവൾ വിദേശത്ത് നിന്നും വരും. ഏതെങ്കിലും ടൂർപാക്കേജിൽ ഇന്ത്യയിൽ എവിടെയെങ്കിലും ഒരാഴ്ച അവരുടെ ലോകത്തിൽ അവർ മാത്രം. 

“ഇവിടുള്ളവരുടെ ധാരണ ഞാനും അവനും ഒരുമിച്ച് പോകുന്നു എന്നാണ്.”

“നമ്മൾ പരിചയപ്പെട്ടത് അവർ ഒരുമിച്ചുള്ള അവസാനയാത്രയിലായിരുന്നു.”

“അവൻപോയി അഞ്ചാം ദിവസം അവളും പോയി.” 

“ഇനിയിപ്പോൾ എന്റെ കാവലില്ലാതെ ഒരുമിച്ച് കൈകോർത്തു പിടിച്ച് എവിടെയും അവർക്ക് പോകാം.”

അയാൾ പറഞ്ഞു നിർത്തി. അയാളുടെ കണ്ണുകളും നിറഞ്ഞു വരുന്നുണ്ടായിരുന്നു.

ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു പുറത്തേക്ക് നടന്നു. തിരിച്ചു ഡ്രൈവ് ചെയ്യുമ്പോൾ രേണുകയിലെ വരികൾ കാതിൽ…..
‘അകലേക്ക് മറയുന്ന ക്ഷണഭംഗികൾ’….

(അനുഭവവും ഭാവനയും ചേര്‍ന്ന കുറിപ്പ്. അവസാന ഭാഗങ്ങളിലെ സംഭവങ്ങള്‍ സാങ്കല്‍പ്പികമാണ്. പൂര്‍ണമായും യാഥാര്‍ഥ്യമല്ല.)

Be the first to comment on "പ്രായത്തിന് മായ്ക്കാനായില്ല അവരുടെ പ്രണയം, മരണത്തിനും!"

Leave a comment

Your email address will not be published.


*