ഇന്ത്യൻ ആക്രമണം: കൊല്ലപ്പെട്ടവരെത്ര? ഇന്ത്യൻ മാധ്യമങ്ങളിലെ കണക്കുകളിലെ വസ്‌തുതയെന്ത്?

ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാനിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ അവ്യക്തതകൾ. കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യമായും രണ്ടു രാജ്യങ്ങളുടെ അധികൃതരും പുറത്തുപറഞ്ഞിട്ടില്ലെന്നിരിക്കെ ദേശീയ മാധ്യമങ്ങളും മലയാള മാധ്യമങ്ങളും കൊല്ലപ്പെട്ടവരുടെ കാര്യത്തിൽ എണ്ണം ഉറപ്പിച്ചു പറയുകയാണ്.

ഇന്ത്യ-പാകിസ്ഥാൻ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ വിദ്വേഷമുളവാക്കുന്നതും മാധ്യമ ധാര്മികതക്ക് എതിരാണെന്നും വ്യാപകമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.

300 പേർ കൊല്ലപ്പെട്ടെന്ന് ‘ഇന്ത്യൻ ഗവണ്മെന്റ്’

ആക്രമണ വാർത്ത വന്നയുടനെ ‘200 മുതൽ 300 ഭീകരർ കൊല്ലപ്പെട്ടെന്ന് ഇന്ത്യ’ എന്നായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌. മലയാള മാധ്യമങ്ങൾ ഒരു പടികൂടികടന്നു ‘ ഇരുന്നൂറ് ഭീകരർ കൊല്ലപ്പെട്ടു’ എന്ന വാർത്തകൾ നൽകി.

എന്നാൽ ഇന്ത്യൻ ഗവണ്മെന്റ് ആക്രമണത്തിൽ എത്രപേർ കൊല്ലപ്പെട്ടെന്ന വിവരം ഇതുവരെയും പുറത്തുവിട്ടിട്ടില്ല. “ജനവാസമേഖലയിലല്ല ആക്രമണം. കൊടുംവനത്തില്‍ കുന്നില്‍ മുകളിലുള്ള ജയ്‌ഷെ മുഹമ്മദ് ഭീകര പരിശീലന ക്യാംപിലാണ് ആക്രമണം നടത്തിയത്. ജയ്‌ഷെ കമാന്‍ഡര്‍മാരും പരിശീലകരും ഉള്‍പ്പെടെ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു” എന്നായിരുന്നു വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പത്രസമ്മേളനത്തിൽ പറഞ്ഞത്. പത്രസമ്മേളനത്തിൽ ചോദ്യങ്ങൾ അനുവദിച്ചിരുന്നില്ല. “എത്രപേർ കൊല്ലപ്പെട്ടു? കൊല്ലപ്പെട്ടവരുടെ കണക്കുകളുണ്ടെങ്കിൽ അത് പുറത്തുവിടാത്തതെന്ത്?” എന്നീ ചോദ്യങ്ങൾ ചോദിക്കേണ്ടതായിരുന്നുവെന്നും ചോദ്യങ്ങൾ വിലക്കപ്പെട്ടതിനാൽ അവ ഇപ്പോഴും അവ്യക്തമാണെന്നും ഹഫിങ്ടൻ പോസ്റ്റ് പറയുന്നു.

300 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് മുതിർന്ന ഇന്ത്യൻ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞെന്നു പേര് വെളിപ്പെടുത്താതെ റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു.

മുന്നൂറ് ‘ഭീകരർ’ താമസിക്കുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്നും അവരെല്ലാം കൊല്ലപ്പെട്ടെന്നും ഇന്ത്യയിലെ പ്രമുഖ ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ വെളിപ്പെടുത്താത്ത ഇന്ത്യൻ ഗവണ്മെന്റ് അധികൃതരെ പരാമർശിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അവകാശവാദം തള്ളി പാകിസ്ഥാൻ

പാക്കിസ്ഥാനിലെ ഭീകരകേന്ദ്രം ആക്രമിച്ചെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ്റെ പ്രതികരണം. “ആക്രമണം നടന്നെന്ന് പറയുന്ന സ്ഥലം ആര്‍ക്കും പരിശോധിക്കാം. അന്താരാഷ്ട്ര മാധ്യമങ്ങളെ അങ്ങോട്ട് കൊണ്ടുപോകാന്‍ തയ്യാറാണ്. ഇന്ത്യന്‍ സര്‍ക്കാരിന്‍റേത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള അവകാശവാദമാണിത്.” എന്നായിരുന്നു പാകിസ്ഥാൻ വാദം.

ആക്രമണം. പരിക്ക് ഒരാൾക്ക് മാത്രമെന്ന് റോയിട്ടേഴ്‌സ് വാർത്ത

പാക്കിസ്ഥാനിലെ ഇന്ത്യൻ ആക്രമണത്തിൽ ഒരാൾക്ക് മാത്രമാണ് പരിക്കേറ്റതെന്നും മറ്റു ആളപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും വാർത്ത നൽകിയത് പ്രമുഖ വാർത്ത ഏജൻസി റോയിട്ടേഴ്‌സ് ആണ്.

ആക്രമണം നടന്ന ബാലാകോട്ട് സ്വദേശികളെ പരാമർശിച്ച് റോയിട്ടേഴ്‌സ് നൽകിയ വാർത്തയിൽ ഒരു വീട് തകർന്നെന്നും ഒരാൾക്ക് പരിക്ക് പറ്റിയെന്നുമാണ് വിവരങ്ങൾ.

Be the first to comment on "ഇന്ത്യൻ ആക്രമണം: കൊല്ലപ്പെട്ടവരെത്ര? ഇന്ത്യൻ മാധ്യമങ്ങളിലെ കണക്കുകളിലെ വസ്‌തുതയെന്ത്?"

Leave a comment

Your email address will not be published.


*