നീതിയുടെ വിജയം: പാനായിക്കുളം കേസിലെ അഞ്ചു പേരെയും കുറ്റവിമുക്തരാക്കി കോടതി

പാനായിക്കുളം സിമി ക്യാമ്പ് കേസിൽ എൻ.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍.ഐ.എ നൽകിയ അപ്പീൽ ഇന്ന് കോടതി തള്ളുകയായിരുന്നു.

പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി.

2006 ൽ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരസ്യമായി പരിപാടി സംഘടിപ്പിച്ച ഈരാറ്റുപേട്ട സ്വദേശികളായ പി.എ. ഷാദുലി, അബ്ദുല്‍ റാസിക്, ഷമ്മാസ് ,ആലുവ സ്വദേശി അന്‍സാര്‍ നദ് വി, പാനായിക്കുളം സ്വദേശി നിസാമുദ്ദീന്‍ എന്ന നിസുമോന്‍ എന്നിവരെയാണ് സിമി ക്യാമ്പ് നടത്തിയെന്ന കുറ്റം ചുമത്തി എന്‍.ഐ.എ കോടതി ശിക്ഷിച്ചത്.

റാസിഖിനും ശാദുലിക്കും 14 വർഷം തടവ് ശിക്ഷയായിരുന്നു എന്‍.ഐ.എ കോടതി വിധിച്ചത്. മറ്റുള്ളവര്‍ക്ക് 12 വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുൽ റാസിഖ്, അൻസാർ നദ് വി എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി.എ. ഷാദുലി, നിസാമുദ്ദീൻ, ഷംനാസ് എന്നിവർക്കെതിരെ യു.എ.പി.എ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു.

യാതൊരു തെളിവുകളുടെയും സത്യത്തിന്റെയും പിന്‍ബലമില്ലാതെ എന്‍.ഐ.എ കെട്ടിച്ചമച്ച കേസില്‍ ജുഡീഷ്യറിയുടെ അന്തസ്സത്തയ്ക്കും വിശ്വാസ്യതയ്ക്കും നിരക്കാത്ത വിധിയാണ് വിചാരണക്കോടതിയില്‍ നിന്നുണ്ടായതെന്ന് അപ്പീലില്‍ പറയുന്നു. 2006 ആഗസ്ത് 15ന് സ്വാതന്ത്ര്യദിനത്തില്‍ പരസ്യമായി നടന്ന പരിപാടി രഹസ്യ ദേശവിരുദ്ധ ഗൂഢാലോചനയായി ചിത്രീകരിക്കപ്പെടുകയാണ് ചെയ്തത്. “ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ മുസ്‌ലിംകളുടെ പങ്ക്” എന്ന പേരിലായിരുന്നു പരിപാടി. ജനങ്ങള്‍ തടിച്ചുകൂടുന്ന സ്ഥലത്ത് നേരത്തെ ഓഡിറ്റോറിയം ബുക്ക്ചെയ്ത് നടത്തിയ പരിപാടി രഹസ്യക്യാമ്പായി ചിത്രീകരിച്ചതും ശിക്ഷിച്ചതും തെളിവുകളുടെ വിശ്വസനീയമായ പിന്‍ബലമില്ലാതെയാണെന്നാണ് അപ്പീല്‍ ഹരജിയിലെ വാദം. പ്രസംഗത്തിന്റെ പേരിലാണ് തീവ്രവാദമാരോപിച്ച് കേസെടുത്തത്. പോലീസിനെയും സര്‍ക്കാര്‍ ജീവനക്കാരെയും സാക്ഷിയാക്കിയായിരുന്നു പരിപാടി നടന്നിരുന്നത്. നിരോധിതസംഘടനയിലെ അംഗങ്ങളാണെന്ന കണ്ടെത്തല്‍ പോലിസ് ഏകപക്ഷീയമായി തയ്യാറാക്കിയതാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. തെളിവായി മൂന്നുവര്‍ഷത്തിനുശേഷം കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ക്ക് യാതൊരു പിന്‍ബലവുമില്ല. നിയമവിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന കോടതിയുടെ കണ്ടെത്തല്‍ വസ്തുനിഷ്ഠമല്ലെന്നും പ്രതികളില്‍നിന്നു കണ്ടെടുത്ത തൊണ്ടിമുതലുകള്‍ അറസ്റ്റിനു മുമ്പുതന്നെ സംഘടിപ്പിച്ചതാണെന്നും പോലിസ് രേഖകളില്‍ നിന്നു വ്യക്തമാണെന്നും അപ്പീല്‍ ഹരജിയില്‍ ആരോപിക്കുന്നു.

നേരത്തെ പാനായിക്കുളം കേസിൽ രാജ്യ ദ്രോഹ കുറ്റം ചുമത്തി കോടതി ശിക്ഷിച്ച യുവാക്കളോട് ഐക്യദാർഡം പ്രഖ്യാപിച്ചു ലോക പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ചിന്തകനുമായ നോം ചോംസ്കി രംഗത്ത് വന്നിരുന്നു. പൊതുപരിപാടി നടത്തുന്നവരെ രഹസ്യയോഗം കൂടുന്നവരാക്കി ചിത്രീകരിക്കുക , ഒരു മതവിഭാഗത്തെ തെരഞ്ഞു പിടിച്ചു ആക്രമിക്കുക , ഇപ്പോഴും ഭീകര നിയമങ്ങൾ പിന്തുടരുക , പബ്ലിക് ലൈബ്രറിയിൽ നിന്ന് നിരോധിക്കപെടാത്ത ഒരു പുസ്തകം വായിച്ചതിനു അതിന്റെ ഉള്ളടക്കത്തിന്റെ പേരില് വ്യക്തികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയവ ഒരു ജനാധിപത്യ രാജ്യത്ത് നിന്നും കേൾക്കുന്നു എന്നത് തന്നെ ഏറെ ഞെട്ടിപ്പിക്കുന്നു എന്ന് മക്തൂബ് മീഡിയ പ്രതിനിധിയുടെ ചോദ്യത്തിനു നോം ചോംസ്കി 2015 ൽ മറുപടി പറഞ്ഞു. പൊതുസമൂഹം ഇതിൽ കാര്യമായി ഇടപെടുന്നില്ല എന്നത് ലജ്ജാവഹമായ ഒരു കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Be the first to comment on "നീതിയുടെ വിജയം: പാനായിക്കുളം കേസിലെ അഞ്ചു പേരെയും കുറ്റവിമുക്തരാക്കി കോടതി"

Leave a comment

Your email address will not be published.


*