റിച്ചുമോന്റെ സൈക്കിള്‍പൂതിയും ചന്ദ്രേട്ടനും.മുക്കത്ത് നിന്നൊരു നന്മയുടെ കഥ

എന്‍ ശശികുമാര്‍

കൈയ്യടിക്കെടാ……!

ഈ സിനിമാ ഡയലോഗ് കടമെടുക്കാതെ വയ്യ! പക്ഷേ, ഇത് സിനിമക്കു വേണ്ടി കൃത്രിമമായൊരുക്കിയ വികാരപ്രകടനല്ല. ഒരച്ഛനും മകനുമൊരുക്കിയ യഥാർത്ഥ വികാരപ്രകടനത്തിന് മനസ്സുകൊണ്ട് നിറഞ്ഞ കൈയ്യടി നൽകിയേ പറ്റൂ. പ്രവാസ ജീവിതത്തിനിടയിൽ നാട്ടിലെത്തിയ ഗഫൂർ ചക്കിങ്ങലിന്റെയും മകൻ റിച്ചുമോന്റെയും സ്നേഹനിർഭരവും മാതൃകാപരവുമായ സേവനത്തിനാണീ കൈയ്യടി.

വിഷയത്തിലേക്കെത്തും മുൻപേ, ഒരു ഫ്ലാഷ് ബാക്ക് അനിവാര്യമാണ്. നമുക്കൊരൽപ്പ ദിവസം പിന്നിലേക്ക് നടക്കാം…. ഈ വർഷത്തെ. റമളാൻ വ്രതത്തിന് തുടക്കമാവുകയാണ്. ഇതിനിടയിലെപ്പഴോ ഉപ്പയും മകനും നോമ്പിന്റെ മഹത്വത്തെപ്പറ്റിയും മുഴുവൻ നോമ്പനുഷ്ഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ കൂലങ്കഷമായ ചർച്ചയും ഉദ്ബോധനവുമൊക്കെ നടക്കുന്നു. ഇതിനിടയിൽ റിച്ചുമോൻ ഉപ്പയോടൊരു ഡിമാന്റ് വെക്കുന്നു: “ഞാൻ നോമ്പ് ഒരെണ്ണം പോലും ഒഴിവാക്കാതിരിക്കാം. പക്ഷേ, ഒറ്റ കണ്ടീഷനുണ്ട്. ഉപ്പ എനിക്കൊരു സൈക്കിൾ വാങ്ങി തരണം”

മകന്റേത് എളുപ്പത്തിൽ സാധിച്ചു കൊടുക്കാവുന്ന ആഗ്രഹമായതിനാലും അതിനേക്കാൾ പ്രധാനമാണ് നോമ്പുനോൽക്കുന്നതെന്നും മനസ്സിലാക്കിയ ഉപ്പ ഗഫൂർ മറുപടി കൊടുത്തതിങ്ങനെ: “ഓക്കെ. നീ ഏതായാലും നോമ്പ് മുഴുവനാക്ക്. പെരുന്നാൾ പിറ്റേ നിനക്ക് സൈക്കിൾ റെഡി”

ഉപ്പയുടെ ഉറപ്പ് ലഭിച്ചതോടെ, അത്യുത്സാഹത്തോടെ മകൻ റിച്ചു മുഴുവൻ നോമ്പുമെടുക്കുന്നു. പെരുന്നാൾ കഴിഞ്ഞാൽ സൈക്കിൾ ലഭിക്കുന്ന സുദിനമായിരുന്ന എന്റെ മനസ്സു നിറയെ…

ഇനി ഫ്ലാഷ്ബാക്കിൽ നിന്ന് ഇന്നിലേക്ക് വേഗത്തിൽ മടങ്ങി വരാം.മഴക്കെടുതിയും വെള്ളപ്പൊക്കവുമെല്ലാം മലയോര മണ്ണിന്റെ ജീവതാളം തെറ്റിച്ച വേളയിൽ എന്റെ മുക്കം സന്നദ്ധ സേനക്ക് പിടിപ്പത് പണിയായി. ( ഇവിടെ സന്നദ്ധ സേനയെ പരാമർശിക്കാനുള്ള കാരണം അഗസ്ത്യൻമുഴി ചന്ദ്രേട്ടന്റ ജീവിതവുമായി ബന്ധപ്പെട്ടാണ്. പരസഹായമില്ലാതെ എന്നെണീക്കാൻ പോലുമാവാതെ ജീവിച്ചു തീർക്കുന്ന ചന്ദ്രേട്ടന്റെ കുടുംബത്തിലേക്ക് എന്നും രാവിലെ സഹായഹസ്തവുമായി സന്നദ്ധസേനയിലെ രണ്ടു പേർ എത്തുക പതിവാണ്. ഇന്ന് പക്ഷേ ദുരിതബാധിത പ്രദേശത്ത് തിരക്കിലായ സന്നദ്ധസേനയിൽ നിന്നും ആർക്കും അവിടെയെത്തിപ്പെടാൻ സാധിച്ചില്ല )

ഈ ദൗത്യം  എന്റെ മുക്കത്തിന്റെ പ്രവാസിയംഗവും സജീവ പ്രവർത്തകനുമായ ഗഫൂർ ചക്കിങ്ങൽ  ഒരു വെല്ലുവിളി പോലെ ഏറ്റെടുത്തു. ചന്ദ്രേട്ടനെ പല്ല് തേപ്പിക്കാനും കിടക്കയിൽ നിന്നെണീപ്പിച്ച് മാറ്റി കിടത്താനും ഭക്ഷണം വാരി കൊടുക്കാനും കുളിപ്പിക്കാനുമൊക്കെ രണ്ട് പേർ നിർബന്ധമാണ്. ഗഫൂറാകട്ടെ സഹായത്തിന് ആറാം തരത്തിൽ പഠിക്കുന്ന തന്റെ മകൻ റിച്ചുമോനെ (ഇത് വിളിപ്പേരാണ്) കൂടെക്കൂട്ടി. പിതാവും മകനും ചന്ദ്രേട്ടനെ ശുശ്രൂഷിച്ച ചാരിതാർത്ഥ്യത്തോടെ വീട്ടിലേക്ക് തിരിക്കുകയാണ്.

ഇടയ്ക്കെപ്പഴോ ഒരാളെ സേവിച്ച കൃതാർത്ഥതയോടെ എന്റെ മുക്കത്തിന് നന്ദിയർപ്പിച്ച് ചില ഫോട്ടോയും ഗ്രൂപ്പിലേക്ക് വിട്ടു. (ചന്ദ്രേട്ടനെ പരിപാലിക്കുന്ന ഉപ്പയുടെയും മകന്റെയും ഓർമ്മക്കുറിപ്പു നിറഞ്ഞ ഫോട്ടോ )

ഇനി ക്ലൈമാക്സിലേക്ക് …..

പെരുന്നാൾ കഴിഞ്ഞ് പിറ്റേന്നായതിനാൽ മകന് നൽകിയ വാക്കു പാലിക്കാമെന്ന പിതാവിന്റെ ദൃഢനിശ്ചയത്തോടെയാണ് ഗഫൂർ ചന്ദ്രേട്ടന്റെ വീട്ടിൽ നിന്നിറങ്ങിയത്. മുക്കത്തെത്തും മുൻപേ, വാഹനത്തിൽ വെച്ച് മകനോട് സൈക്കിളിന്റെ കാര്യം ഓർമ്മിപ്പിച്ചു. പക്ഷേ റിച്ചുമോൻ മറ്റേതോ ഒരു ലോകത്തായിരുന്നു. ചന്ദ്രേട്ടന്റെ ജീവിതം ആ കുഞ്ഞു മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു. അവനപ്പോഴും ആ കുടുംബത്തിന്റെ നിസ്സഹായാവസ്ഥയിൽ നെടുവീർപ്പിടുകയായിരുന്നു. കരുണാർദ്ര മനസ്സിന്റെ ആദ്ധ്യാത്മിക അലിവിലേതോ സമയത്ത് അവൻ ഉപ്പയോടിങ്ങനെ പറഞ്ഞു: ” ഉപ്പാ എനിക്കിനി സൈക്കിൾ വേണ്ട. പകരം സൈക്കിൾ വാങ്ങാൻ വെച്ച കാശ് ആ ചന്ദ്രേട്ടന്റെ കുടുംബത്തിന് നൽകണം. അവർക്കൽപ്പമെങ്കിലും ആശ്വാസമാവട്ടെ ”

മകന്റെ ഏറ്റവും ഉദാത്തമായ ഈ ചിന്തയ്ക്കപ്പുറം ഒരു പിതാവെന്ന നിലയിൽ അഭിമാനിക്കാൻ ഈ രക്ഷിതാവിനിനി എന്തു വേണം? തന്റെ മകന്റെ ദയാസ്നേഹവായ്പ്പുകൾക്ക് മുന്നിൽ സന്തോഷാശ്രു പൊഴിക്കുകയല്ലാതെന്ത് ചെയ്യാൻ …? സന്തോഷനിർവൃതിയാൽ മകനെ ചേർത്തു നിർത്തി ആ പിതാവ് വികാരാധീനനായി.

ഇതുപോലെയൊരു പിതാവിനെയും മകനേയും മറ്റെവിടെ കാണാനാവും. സത്യത്തിൽ എന്റെ മുക്കത്തിന്റെ അഭിമാന കുടുംബാംഗമായി മാറിയ ഗഫൂറിനും റിച്ചുമോനും നമുക്കെല്ലാവിധ ഭാവുകങ്ങളുമർപ്പിക്കാം. റിച്ചുമോനെ പോലുള്ള മക്കളും ഗഫൂറിനെപ്പോലുള്ള പിതാക്കന്മാരും നാളെയുടെ  നന്മകളാവട്ടെ! അതിനായി നമുക്ക് പ്രാർത്ഥിക്കാം…

ഇനി നിറഞ്ഞ മനസ്സോടെ, അഭിമാനത്തോടെ എണീറ്റ് നിന്ന് കൈയ്യടിക്കെടാ!

അഭിനന്ദന പ്രവാഹങ്ങളോടെ,

 

Be the first to comment on "റിച്ചുമോന്റെ സൈക്കിള്‍പൂതിയും ചന്ദ്രേട്ടനും.മുക്കത്ത് നിന്നൊരു നന്മയുടെ കഥ"

Leave a comment

Your email address will not be published.


*