സ്ഥാനാർഥിപട്ടികയിൽ മുസ്‌ലിംകളെ പൂർണമായും തഴഞ്ഞു തമിഴ്നാട്ടിലെ പ്രധാനകക്ഷികൾ

ഏഴു ശതമാനത്തോളം മുസ്‌ലിം ജനസംഖ്യയുള്ള തമിഴ്നാട്ടിൽ ഒറ്റ മുസ്‌ലിം സ്ഥാനാർത്ഥിയെ പോലും മത്സരിപ്പിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവുന്നില്ല. ഡി.എം.കെ, എ.ഡി.എം.കെ സഖ്യങ്ങൾ തമ്മിലാണ് തമിഴ്നാട്ടിൽ പ്രധാനമായും മത്സരം. ഇരു മുന്നണികളും പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിൽ രാമനാഥപുരം മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാർഥി നവാസ് ഗനി മാത്രമേ മുസ്‌ലിം സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായിട്ടുള്ളൂ.

തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ പാർട്ടികളായ ഡി.എം.കെ, എ.ഡി.എം കെ, കോൺഗ്രസ്, ബി.ജെ.പി, ഡി.എം.ഡി.കെ തുടങ്ങിയ പാർട്ടികൾ പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിൽ ഒരു മുസ്‌ലിം സ്ഥാനാർഥി പോലുമില്ല. കമൽ ഹാസന്റെ മക്കൾ നീതി മയ്യം മാത്രമാണ് രണ്ട് മുസ്‌ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ തയ്യാറായ പാർട്ടി. ചെന്നൈ സെൻട്രലിൽ നിന്നുള്ള സ്ഥാനാർത്ഥിയും തമിഴ് താരം നാസറിന്റെ ഭാര്യയുമായ കമീല നാസറും മയിലടുതുറയിൽ നിന്ന് മത്സരിക്കുന്ന എം. രിഫായുദ്ധീനുമാണ് മക്കൾ നീതി മയ്യം മത്സരിപ്പിക്കുന്ന മുസ്‌ലിം സ്ഥാനാർത്ഥികൾ.

ഡി.എം.കെ മുന്നണിയിൽ 20 സീറ്റിൽ മത്സരിക്കുന്ന ഡി.എം.കെയും 10 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ്സും രണ്ടു സീറ്റുകളിൽ വീതം മത്സരിക്കുന്ന ഇടതുപാർട്ടികളും തങ്ങളുടെ സ്ഥാനാർത്ഥിപട്ടികയിൽ മുസ്‌ലിംകളെ ഉൾപ്പെടുത്തിയില്ല.

തമിഴ്‌നാട്ടിലെ രാമനാഥപുരം ലോകസഭ മണ്ഡലത്തിൽ നിന്നാണ് ഇത്തവണ മുസ്‌ലിം ലീഗ് മത്സരിക്കുന്നത്. ഡി.എം.കെ മുന്നണിയുടെ ഭാഗമായ മുസ്‌ലിം ലീഗ് മുന്‍കാലങ്ങളില്‍ വെല്ലൂരിലാണ് മത്സരിച്ചിരുന്നത്. മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ കെ.എം ഖാദർ മൊയ്‌തീൻ ഉൾപ്പടെയുള്ളവർ വിജയിച്ച മണ്ഡലം 2014 ൽ എ.ഡി.എം.കെ പിടിച്ചെടുക്കുകയായിരുന്നു.

നിലവിൽ എ.ഡി.എം.കെയുടെ മുസ്‌ലിം മുഖമായ അൻവർ രാജയാണ് രാമനാഥപുരം മണ്ഡലത്തിലെ ലോകസഭാംഗം. ലോക്സഭയിൽ മുത്തലാഖ് ബില് വിഷയങ്ങളിലടക്കം ബിജെപി സർക്കാരിനെതിരെ വളരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച അൻവർ രാജക്ക് ഇത്തവണ സീറ്റ് നിഷേധിക്കപെടുകയായിരുന്നു. അൻവർ രാജയുടെ രാമനാഥപുരം സീറ്റ് എ.ഡി.എം കെ-ബി.ജെ.പി സഖ്യധാരണയിൽ ബി.ജെ.പി ക്ക് കൈമാറുകയായിരുന്നു.

മുസ്‌ലിം ലീഗ് കാലങ്ങളായി വിജയിച്ചിരുന്ന വെല്ലൂരിൽ ഇത്തവണ ഇരു മുന്നണികളും മുസ്‌ലിം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തയ്യാറായില്ല. എ.ഡി.എം.കെയുടെ എ.സി ഷണ്മുഖനും ഡി.എം.കെയുടെ കാത്തിർ ആനന്തും തമ്മിലാണ് ഇത്തവണ വെല്ലൂരിൽ പ്രധാന മത്സരം.

എസ്.ഡി.പി.ഐയുടെ ദേശീയ വൈസ് പ്രസിഡന്റ് തെഹ്‌ലാൻ ബാഖവി മദ്യചെന്നൈ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ സഖ്യകക്ഷിയാണ് ഇത്തവണ എസ്.ഡി.പി.ഐ, ‘നാം തമിഴർ കക്ഷി’യുടെ ടിക്കറ്റിൽ ഡിണ്ടുഗൽ മണ്ഡലത്തിൽ നിന്നും സിനിമാതാരം മൻസൂർ അലിഖാനും മത്സരിക്കുന്നു.

തമിഴ്‌നാട്ടിലെ ആകെയുള്ള 39 മണ്ഡലങ്ങളിലേക്ക് ഏപ്രിൽ 18 നാണു തെരഞ്ഞെടുപ്പ് നടക്കുക.

Be the first to comment on "സ്ഥാനാർഥിപട്ടികയിൽ മുസ്‌ലിംകളെ പൂർണമായും തഴഞ്ഞു തമിഴ്നാട്ടിലെ പ്രധാനകക്ഷികൾ"

Leave a comment

Your email address will not be published.


*